ഭരണം നിലനിര്‍ത്തി സിദ്ദരാമയ്യ ചരിത്രമെഴുതുമോ?
Last Updated:
ഡി പി സതീഷ്
ബംഗളൂരു: തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കര്‍ണാടക പിടിക്കാനുള്ള പോരിന് ഇനി ചൂടും ചൂരുമേറും. കഴിഞ്ഞ ഒരു വര്‍ഷമായി തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലായിരുന്ന രാഷ്ട്രീയ പാര്‍ടികള്‍ക്ക് ഇനിയുള്ള ഒന്നരമാസം അധികാരം പിടിക്കുന്നതിനുള്ള അഗ്നിപരീക്ഷയായിരിക്കും.
സിദ്ദരാമയ്യ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ണാടകയില്‍ അധികാരം നിലനിര്‍ത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഒരു വര്‍ഷം മുമ്പ് തന്നെ തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ മുഖ്യ പ്രതിപക്ഷമായ ബിജെപി അല്‍പം പിന്നിലാണെന്ന് പറയേണ്ടിവരും.
പാര്‍ടിയിലേക്ക് മടങ്ങിയെത്തിയ ബി എസ് യെദ്യൂരപ്പയെയാണ് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കുന്നത്. ഇത് ദക്ഷിണ കര്‍ണാടകയില്‍ ഏറെ നിര്‍ണായകമാണ്. എന്നാല്‍ കഴിഞ്ഞ മൂന്നുമാസമായി സംസ്ഥാനത്തെ ബിജെപി രാഷ്ട്രീയം യെദ്യൂരപ്പയില്‍നിന്ന് നരേന്ദ്രമോദിയും അമിത് ഷായും ഉള്‍പ്പെടുന്ന ദേശീയ നേതാക്കളിലേക്കും കേന്ദ്രസര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങളിലേക്കും വഴിമാറിയിരിക്കുന്നു. തെരഞ്ഞെടുപ്പ് ഫല നിര്‍ണയത്തില്‍ യെദ്യൂരപ്പ ഒരു ഘടകമായി മാറാനുള്ള സാധ്യത കുറവായിരിക്കും.
advertisement
കോണ്‍ഗ്രസും ബിജെപിയും കഴിഞ്ഞാല്‍ ജനതാദള്‍ എസ് ആണ് കര്‍ണാടകയിലെ പ്രധാന രാഷ്ട്രീയകക്ഷി. കഴിഞ്ഞ 11 വര്‍ഷമായി അധികാരത്തില്‍നിന്ന് മാറിനില്‍ക്കേണ്ടിവരുന്ന ജെഡിഎസിനെ സംബന്ധിച്ച് ഇനിയുമൊരു തോല്‍വി അവരുടെ ഭാവി തന്നെ തുലാസിലാക്കുന്നു.
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ പ്രചരണ വിഷയങ്ങള്‍ കാര്യമായി മാറിയിട്ടുണ്ട്. 2008ല്‍ യെദ്യൂരപ്പയുടെ കരുത്തിലാണ് ബിജെപി, ജെഡിഎസിനെ തൂത്തെറിഞ്ഞ് അധികാരം പിടിച്ചെടുത്തത്. എന്നാല്‍ 2013ല്‍ അഴിമതി മുഖ്യവിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്നാണ് കോണ്‍ഗ്രസ്, ബിജെപിയെ പരാജയപ്പെടുത്തിയത്.
എന്നാല്‍ ഇത്തവണ പ്രചരണത്തെ ചൂടുപിടിപ്പിക്കുന്നത് പുതിയ വിഷയങ്ങളാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണനേട്ടത്തിനൊപ്പം, ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി നല്‍കുമെന്ന വാഗ്ദ്ധാനവും സിദ്ധരാമയ്യ മുന്നോട്ടുവെക്കുന്നു.
advertisement
കര്‍ണാടകയില്‍ ഭരണവിരുദ്ധ വികാരം കുറവാണെന്നാണ് ഈ ദിവസങ്ങളില്‍ പുറത്തുവന്ന ചില പ്രീ-പോള്‍ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. സിദ്ദരാമയ്യയുടെ ഭരണനേട്ടങ്ങളില്‍ ജനങ്ങള്‍ തൃപ്തരാണ്. അതുപോലെ പരമ്പരാഗത വോട്ടുബാങ്കുകളായ ദളിത്, ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങള്‍ ഇത്തവണയും സിദ്ധരാമയ്യയ്ക്കൊപ്പം നില്‍ക്കുമെന്നും പ്രീ-പോള്‍ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
സര്‍ക്കാരിനെതിരെ ചില അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും അത് ഫലപ്രദമായി പ്രചരിപ്പിക്കുന്നതിലും മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്താനുള്ള നീക്കം പാളിയതും പ്രതിപക്ഷത്തിന് തിരിച്ചടിയായി മാറി.
പിന്നാക്കവിഭാഗത്തിന്‍റെ പ്രതിനിധിയായ സിദ്ദരാമയ്യ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഹിന്ദു കാര്‍ഡ് ഇറക്കുകയാണെന്നാണ് എതിരാളികള്‍ പറയുന്നത്. ബിജെപിയുടെ വര്‍ഗീയരാഷ്ട്രീയത്തിന് തടയിടാനാണ് ഈ നീക്കമെന്ന് സിദ്ദരാമയ്യ അനുകൂലികള്‍ പറയുന്നു. സവര്‍ണവിരുദ്ധനെന്ന പ്രതിച്ഛായ മാറ്റുന്നതിന് ഇപ്പോള്‍ ക്ഷേത്രങ്ങളും മഠങ്ങളും സന്ദര്‍ശിക്കുന്ന തിരക്കിലാണ് സിദ്ദരാമയ്യ. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് അത്ര പരിചിതമല്ലാത്ത തെരഞ്ഞെടുപ്പ് അജണ്ടയാണ് ഇപ്പോള്‍ അദ്ദേഹം മുന്നോട്ടുവെക്കുന്നത്.
advertisement
കഴിഞ്ഞ കുറച്ചുകാലമായി കര്‍ണാടക രാഷ്ട്രീയത്തില്‍ ബിജെപിയ്ക്ക് അത്ര നല്ല സമയമല്ല. അവരുടെ തന്ത്രങ്ങളൊന്നും ഏശുന്നില്ല. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ച് പോലും അവര്‍ക്ക് കൃത്യമായ ധാരണയില്ല. മോദിയെയും അമിത് ഷായെയും ഉയര്‍ത്തിക്കാണിക്കുന്നത് യെദ്യൂരപ്പയുടെ അഴിമതി പ്രതിച്ഛായ കൊണ്ടാണെന്ന് കോണ്‍ഗ്രസ് പരിഹസിക്കുന്നു.
ലിംഗായത്ത് സമുദായംഗമാണെങ്കിലും യെദ്യൂരപ്പയ്ക്ക് പഴയ സ്വാധീനമില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ ലിംഗായത് മതമെന്ന കാര്‍ഡ് ഇറക്കുന്നത് തെരഞ്ഞെടുപ്പില്‍ ആ സമുദായത്തിന്‍റെ പിന്തുണ ലഭിക്കാന്‍ സഹായകരമാകുമെന്ന് ഭരണകക്ഷിയായ കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
advertisement
സിദ്ദരാമയ്യയും യെദ്യൂരപ്പയും തമ്മിലുള്ള പോരാട്ടം എന്നതിനേക്കാള്‍ സിദ്ദരാമയ്യയും മോദിയും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പെന്നാണ് ബിജെപി പറയുന്നത്.
കോണ്‍ഗ്രസിനെ നേരിടാന്‍ പ്രചരണരംഗത്ത് സാക്ഷാല്‍ നരേന്ദ്രമോദിയെ തന്നെയാണ് ബിജെപി രംഗത്തിറക്കുന്നത്. പ്രചരണ കാര്യത്തില്‍ കോണ്‍ഗ്രസ് ഒരുപടി മുന്നിലാണ്. കഴിഞ്ഞ കുറച്ചുകാലമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ സജീവമാണ്. ക്ഷേത്രങ്ങളും മഠങ്ങളും സന്ദര്‍ശിച്ചുവരുന്ന രാഹുലിന്‍റെ പൊതുപരിപാടിക്ക് നല്ല ജനപങ്കാളിത്തവുമുണ്ട്.
ഇത്തവണയും തുക്കുസഭ ഉണ്ടായില്ലെങ്കില്‍ കര്‍ണാടകയില്‍ ജനതാദളിനെ സംബന്ധിച്ചിടത്തോളം മുന്നോട്ടുപോക്ക് തികച്ചും ദുഷ്കരമായിരിക്കും. മുന്‍പ്രധാനമന്ത്രി ദേവഗൌഡയുടെയും മകനും മുന്‍മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയുടെയും രാഷ്ട്രീയഭാവി തന്നെ അനിശ്ചിതത്വത്തിലാകും. ഇത്തവണ മായാവതിയുടെ ബി എസ് പി, ശരദ് പവാറിന്‍റെ എന്‍ സി പി എന്നീ പാര്‍ടികള്‍ക്കൊപ്പം ചേര്‍ന്നാണ് ജെ ഡി എസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതിനോടകം 126 സ്ഥാനാര്‍ഥികളുടെ പട്ടിക ജെ ഡി എസ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
advertisement
ജെഡിഎസിനെതിരെ രാഹുല്‍ഗാന്ധിയും സിദ്ദരാമയ്യയും രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്. ബിജെപിയുടെ ബി ടീം ആണ് ജെഡിഎസ് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ശൈത്യകാലത്താണ് കര്‍ണാടകയില്‍ കൂടുതല്‍ തെരഞ്ഞെടുപ്പുകളും നടന്നിട്ടുള്ളത്. ആറുമാസം മുമ്പേ നിയമസഭ പിരിച്ചുവിട്ട് 2004ലെ വേനല്‍ക്കാലത്ത് തെരഞ്ഞെടുപ്പിനെ നേരിട്ട എസ് എം കൃഷ്ണയ്ക്ക് തോല്‍വിയോടെ അധികാരമൊഴിയേണ്ടിവന്നു. അതിനുശേഷവും ചൂടേറിയ മെയ് മാസത്തിലാണ് കര്‍ണാടകയിലെ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളും നടന്നത്. ജൂണിലെ മഴക്കാലമായതിനാലാണ് നിയമസഭാ തെരഞ്ഞെടുപ്പ് മെയ് മാസത്തില്‍ നടത്തുന്നത്.
1989ന് ശേഷം കര്‍ണാടകയിലെ ഓരോ തെരഞ്ഞെടുപ്പുകളിലും ഭരണമാറ്റമുണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ രാഷ്ട്രീയഗുരുവായ രാമകൃഷ്ണ ഹെഗ്ഡെയ്ക്ക് 1989ലെ തെരഞ്ഞെടുപ്പില്‍ തുടര്‍വിജയം ലഭിച്ചു. അതിനുശേഷം ഇതുവരെ കര്‍ണാടകയില്‍ ഭരണകക്ഷിയ്ക്ക് അധികാരം നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ല. ഈ രാഷ്ട്രീയ പ്രതിഭാസത്തിലാണ് ബിജെപി കണ്ണുവെയ്ക്കുന്നത്.
advertisement
എന്നാല്‍ അധികാരം നിലനിര്‍ത്തി ചരിത്രം തിരുത്തിയെഴുതാമെന്ന വിശ്വാസത്തിലാണ് സിദ്ദരാമയ്യ. ഇത്തവണത്തെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് സിദ്ദരാമയ്യയും മറ്റുള്ളവരും തമ്മിലുള്ള പോരാട്ടമായിരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
Location :
First Published :
March 27, 2018 3:04 PM IST