വി. ശിവൻകുട്ടി
കേരള സർക്കാർ തുറന്ന മനസ്സോടെയാണ് പാഠ്യപദ്ധതി പരിഷ്കരണത്തിന് തയ്യാറെടുപ്പുകൾ നടത്തിവരുന്നത്. മികച്ച ഭാവി തലമുറയെ രൂപപ്പെടുത്തുവാനുള്ള പാഠ്യപദ്ധതി രൂപീകരിക്കുന്നതിന് ഒരേ മനസ്സോടെ കേരളം മുന്നിട്ടിറങ്ങേണ്ട കാലമാണ്. കുട്ടികളുടെ ഭാവിക്ക് ഏറ്റവും ഉചിതമായത് നിശ്ചയിക്കുക എന്ന സമീപനമാണ് സർക്കാരിനുള്ളത്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ഏറ്റവും ശാസ്ത്രീയമായ പാഠ്യപദ്ധതി കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ദേശീയപാഠ്യപദ്ധതി ചട്ടക്കൂട് ( എൻ.സി.എഫ്.) 2005 ന്റെ ചുവടുപിടിച്ച് കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007 രൂപപ്പെടുത്തിയതിനു ശേഷം സമഗ്രമായി പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനാണ് കേരളം ഒരുങ്ങുന്നത്. പന്ത്രണ്ടാം ക്ലാസുവരെ സ്കൂൾ പ്രായത്തിലുള്ള കേരളത്തിലെ 64.23 ലക്ഷം കുട്ടികളിൽ 46.29 ലക്ഷം കുട്ടികൾ (72.06 %) പഠിക്കുന്ന പൊതുവിദ്യാലയങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടാണ് സമഗ്രമായ പരിഷ്കരണം നടപ്പിലാക്കുന്നത്. അൺ എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങളിൽ നിശ്ചിത ശതമാനമെങ്കിലും കേരള സിലബസാണ് പിന്തുടരുന്നത്. ചുരുക്കത്തിൽ കേരളത്തിലെ വലിയൊരു വിഭാഗം കുട്ടികൾക്ക് മികച്ച ഭാവി ഉറപ്പാക്കുന്നതിനാണ് പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ കേരള സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
കേന്ദ്രസർക്കാർ 2020 ൽ പ്രസിദ്ധീകരിച്ച ദേശീയവിദ്യാഭ്യാസ നയത്തിന്റെ തുടർച്ചയായി സംസ്ഥാനങ്ങളോട് പാഠ്യപദ്ധതി ചട്ടക്കൂടുകൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രീസ്കൂൾ വിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ നാല് മേഖലകളിലായി സംസ്ഥാനം പാഠ്യപദ്ധതി ചട്ടക്കൂടുകൾ വികസിപ്പിക്കേണ്ടതുണ്ട്. ജനകീയ സംവാദങ്ങളിലൂടെ 2007 ൽ തയാറാക്കിയ പാഠ്യപദ്ധതിയാണ് ഇപ്പോഴും പിന്തുടരുന്നത്. 2013 ൽ പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. കഴിഞ്ഞ 10 വർഷക്കാലമായി വൈജ്ഞാനിക മേഖലയിലും സാങ്കേതിക രംഗത്തും ബോധനശാസ്ത്ര രംഗത്തും ഉണ്ടായ മാറ്റങ്ങളെ നമ്മുടെ പാഠ്യപദ്ധതി ഉൾക്കൊള്ളുന്നില്ല എന്നതാണ് പാഠ്യപദ്ധതി പരിഷ്കരണം അനിവാര്യമാക്കുന്നത്. തൊഴിൽ മേഖലകളിൽ ആത്മവിശ്വാസത്തോടെ ഇടപെടുന്നതിന് അറിവ്, കഴിവ്, നൈപുണി എന്നിവ ആവശ്യമാണ്. തൊഴിൽ വിദ്യാഭ്യാസത്തെ സ്കൂൾ പാഠ്യപദ്ധതിയുമായി ശാസ്ത്രീയമായി ഉൾച്ചേർക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ക്ലാസ് മുറികളെല്ലാം സാങ്കേതികവിദ്യാ സൗഹൃദമായെങ്കിലും ആധുനിക സാങ്കേതികവിദ്യ അനിവാര്യമായ തരത്തിലല്ല പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും നിലവിലുള്ളത്. കാലാവസ്ഥാ വ്യതിയാനം കേരളത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട് . അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും പ്രകൃതി ദുരന്തങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എന്ന കാര്യവും സ്കൂൾ ഘട്ടത്തിൽ കുട്ടികൾ അറിയേണ്ടതുണ്ട്. സാമൂഹ്യമായി സ്വീകരിക്കപ്പെട്ടിട്ടുള്ള വിജ്ഞാന സമൂഹത്തെ സൃഷ്ടിക്കൽ, പ്രാദേശിക സമ്പദ്ഘടന ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് അനുസൃതമായും സ്കൂൾ പാഠ്യപദ്ധതിയെ പരിവർത്തിപ്പിക്കേണ്ടതുണ്ട്. ഇത്തരമൊരു സന്ദർഭത്തിൽ നടക്കുന്ന പാഠ്യപദ്ധതി പരിഷ്കരണത്തിൽ സമൂഹത്തിലെ എല്ലാ തുറകളിൽ നിന്നുള്ളവരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ജനകീയമായ പാഠ്യപദ്ധതി രൂപീകരണത്തെ സഹായിക്കും.
ഇത്തരം ജനകീയ ചർച്ചകളിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത നിരവധിപ്പേരുണ്ടാകുമെന്ന് അറിയാം. അതുകൊണ്ടുതന്നെ അവരുടെ അഭിപ്രായങ്ങൾ പരിഗണിക്കുന്നതിന് വേണ്ടിയാണ് ടെക് പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്. ലോകത്തിന്റെ ഏത് കോണിൽ നിന്നും ഏതൊരാൾക്കും വ്യക്തിഗതമായി കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരണത്തിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള അവസരമാണ് തുറന്ന് കൊടുത്തിരിക്കുന്നത്.
പരിഷ്കരണത്തിന് ആധാരമായ 26 ഫോക്കസ് ഗ്രൂപ്പുകളുടെ നിലപാട് രേഖകൾ തയാറാക്കുന്നതിന് നേതൃത്വം നൽകുന്നത് അക്കാദമിക് വിദഗ്ധർ ഉൾപ്പെടുന്ന ഫോക്കസ് ഗ്രൂപ്പുകൾ ആണ്. ഫോക്കസ് ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ജനകീയ ചർച്ചകൾക്കൊപ്പം തന്നെ വ്യത്യസ്തങ്ങളായ സെമിനാറുകൾ, ചർച്ചകൾ, പഠനങ്ങൾ, സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകരുമായുള്ള അഭിമുഖങ്ങൾ, വിവിധ രാജ്യങ്ങളിലെ പാഠ്യപദ്ധതികളുടെ പരിശോധന എന്നിങ്ങനെ വിപുലമായ പഠനപരിപാടികൾ നടന്നുവരുന്നു. ജനകീയ ചർച്ചകളുടെയും ഫോക്കസ് ഗ്രൂപ്പ് പഠനങ്ങളുടെയും അടിസ്ഥാനത്തിൽ തയാറാക്കുന്ന വ്യത്യസ്ത വിഷയങ്ങളുടെ നിലപാട് രേഖകളിലെ പ്രധാന ശുപാർശകൾ ഉൾപ്പെടുത്തിയാണ് കരട് പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കുന്നത്.
ഇത്തരത്തിൽ ഏറെ ജനകീയമായ പ്രവർത്തനങ്ങളിലൂടെയാണ് സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന് സർക്കാർ ആഗ്രഹിക്കുന്നത്. പൊതുസമൂഹത്തിന്റെ അഭിപ്രായം സ്വരൂപിക്കുന്നതിന് തയാറാക്കിയ ചർച്ചാകുറിപ്പുകൾ അടങ്ങിയ കൈപ്പുസ്തകത്തിലെ സ്കൂൾ സമയമാറ്റം, ജൻഡർ എഡ്യൂക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളെ സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂടിലെ തീരുമാനമായും സർക്കാർ നയമായും തെറ്റായി വ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് നടത്തുന്ന ശ്രമങ്ങൾ ദൗർഭാഗ്യകരമാണ്. എല്ലാവിഭാഗം ജനങ്ങളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷകളും ആശങ്കകളും പരിഗണിച്ച് ഏറെ സുതാര്യമായി ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനാണ് കേരള സർക്കാർ ശ്രമിക്കുന്നത്.
‘വിവാദങ്ങളെ സർക്കാർ ഭയക്കുന്നില്ല. സംവാദങ്ങൾക്ക് അവസരം ഒരുക്കുന്നതിൽ സംസ്ഥാന സർക്കാരിന് യാതൊരു മടിയുമില്ല. സംവാദങ്ങളും ചർച്ചകളും കേരളത്തിന് അനുകൂലമായ പാഠ്യപദ്ധതി രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തിൽ മാത്രമാണെങ്കിൽ ആവശ്യമായ എല്ലാ അവസരങ്ങളും സർക്കാർ ഒരുക്കും, സംശയം വേണ്ട. ഒരു മികച്ച ഭാവിതലമുറയെ രൂപപ്പെടുത്തുന്നതിനുള്ള ചരിത്ര ദൗത്യത്തിൽ നമുക്ക് കൂട്ടായി അണിചേരാം.
(ലേഖകൻ, സംസ്ഥാന പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രിയാണ്)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.