കെ.എം.ബി എന്ന മൂന്നക്ഷരം; സൗഹൃദങ്ങളിലേക്ക് വലിച്ചടുപ്പിച്ച കാന്തികവലയം: ഒരു ഓർമക്കുറിപ്പ്

Last Updated:

ചെറു പുഞ്ചിരിയോടല്ലാതെ ബഷീറിനെ കാണാനേ സാധിക്കില്ല. അടുത്ത സുഹൃത്തുക്കൾക്കൊപ്പം ചേർന്നാൽ അത് പൊട്ടിച്ചിരിയാകും

രാജേഷ് വെമ്പായം 
കെ എം ബി എന്ന മൂന്നക്ഷരം എന്നും തലസ്ഥാനത്തെ മാധ്യമ പ്രവർത്തകരുടെ ഊർജമായിരുന്നു. മനോരമയിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ സോമേട്ടൻ (ഇ. സോമനാഥ്) മുതൽ ഏതെങ്കിലും ഒരു കുഞ്ഞു പത്രത്തിൽ ഇന്നലെ വന്ന ട്രെയിനി വരെയുള്ളവരുടെ തോളിൽ കൈയിട്ട് അത്രമേൽ ഇഷ്ടത്തോടെ സംസാരിക്കുന്ന കെ എം ബി യെ ആണ് ഞങ്ങളെല്ലാം കണ്ടിട്ടുള്ളത്. മലപ്പുറം സിറാജ് പത്രത്തിൽ ഒരു റിപ്പോർട്ടറായി തുടങ്ങി, വളരെ ചെറിയ പ്രായത്തിൽ തന്നെ തലസ്ഥാന ബ്യൂറോയുടെ ചുമതലക്കാരനായി ബഷീർ മാറിയത് സ്ഥിരോത്സാഹവും കഠിനാധ്വാനവും ഒന്നുകൊണ്ട് മാത്രമാണ്.
advertisement
ചിലരുടെ ഒരു പുഞ്ചിരിയോ ഒരു സ്പർശനമോ നമുക്ക് തരുന്ന പോസിറ്റീവ് എനർജി വളരെ വലുതായിരിക്കും. അങ്ങനെ കെ എം ബി യുടെ ചിരിയും തോളിൽ തട്ടും കൊണ്ട് തലസ്ഥാനത്തെ മാധ്യമ പ്രവർത്തകരുടെ എത്രയെത്ര ദിനങ്ങളാണ് മനോഹരങ്ങളായത്. ചെറു പുഞ്ചിരിയോടല്ലാതെ ബഷീറിനെ കാണാനേ സാധിക്കില്ല. അടുത്ത സുഹൃത്തുക്കൾക്കൊപ്പം ചേർന്നാൽ അത് പൊട്ടിച്ചിരിയാകും. അതിൽ അലിയാത്തവരായി, ആ സ്നേഹ സ്പർശം ഏൽക്കാത്തവരായി ഒരു മാധ്യമപ്രവർത്തകനും തിരുവനന്തപുരത്തുണ്ടാകില്ല.
advertisement
മാധ്യമ പ്രവർത്തകനായി ജോലി തുടങ്ങിയ കാലത്ത് ആദ്യം കേട്ട പേരുകളിലൊന്നാണ് കെ എം ബി. തലമുതിർന്ന മാധ്യമ പ്രവർത്തകരൊക്കെ ആ മൂന്നക്ഷരം ഉച്ചരിക്കുന്നത് കേട്ടപ്പോൾ ഈ പേരുകാരൻ ആരാണെന്നറിയാൻ കൗതുകമായി. ആളെ അടുത്തു കണ്ടപ്പോൾ വാസ്തവത്തിൽ ഞെട്ടിപ്പോയി. ഒരു കോളജ് വിദ്യാർത്ഥിയുടെ രൂപം. സീനിയർ ജേണലിസ്റ്റുകൾക്കിടയിലെ കെ എം ബി യുടെ പോപ്പുലാരിറ്റി എന്നിലും അസൂയ ഉയർത്തി. പക്ഷെ അടുത്തിടപഴകി തുടങ്ങിയതോടെ വളരെ പെട്ടെന്നാണ് ഒരു സുഹൃത്തായി, സഹോദരനായി, അതിലുമുപരി മറ്റെന്തെക്കയോ ആയി മാറി.
advertisement
നിയമസഭാ റിപ്പോർട്ടിങ്ങിനിടെയാണ് കൂടുതൽ അടുത്തത്. അതിവേഗത്തിൽ വാർത്ത തയാറാക്കാനുള്ള പ്രത്യേക കഴിവു തന്നെ കെ എം ബി ക്കുണ്ടായിരുന്നു. നിയമസഭാ നടപടികൾ പുരോഗമിക്കുന്നതിനിടെ തന്നെ മീഡിയാ റൂമിലിരുന്ന് ലാപ്ടോപ്പിൽ വാർത്ത തയാറാക്കും. മിക്ക ദിവസങ്ങളിലും ദൂരദർശനും ഓൾ ഇന്ത്യ റേഡിയോക്കും അവലോകനം തയാറാക്കി നൽകിയിരുന്നതും കെ എം ബിയാണ്. അച്ചടി മാധ്യമത്തിലാണെങ്കിലും ടി.വി റിപ്പോർട്ടർമാരോടെല്ലാം അത്രയേറെ അടുപ്പം പുലർത്തിയിരുന്നു. മീഡിയാ റൂമിലേക്ക് കെ എം ബി കടന്നു വന്നാൽ അവിടത്തെ അന്തരീക്ഷമാകെ മാറും. പിന്നെ കളിയും ചിരിയും.....
advertisement
പത്രപ്രവർത്തകൻ മാത്രമല്ല, മികച്ച സംഘാടകൻ കൂടിയായിരുന്നു. പത്രപ്രവർത്തക യൂണിയനിലും പ്രസ് ക്ലബ്ബിലും ഭാരവാഹിയായിരിക്കെ ആ മികവ് കണ്ടതാണ്. കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി സിറാജ് തിരുവനന്തപുരം യൂണിറ്റിന്റെ ഭരണച്ചുമതലയും വഹിച്ചിരുന്നു. ചെറു പത്രങ്ങൾ കടുത്ത പ്രതിസന്ധി നേരിടുന്ന ഈ സമയത്തും ബഷീറിന്റെ മികവിൽ യൂണിറ്റ് നല്ല രീതിയിൽ മുന്നോട്ടു പോയി. ഞങ്ങൾക്ക് മാത്രമല്ല, യൂണിറ്റിലെ ജീവനക്കാർക്കു കൂടിയാണ് നാഥനെ നഷ്ടമായിരിക്കുന്നത്.
advertisement
കഴിഞ്ഞ ഏതാനും വർഷങ്ങളായി നാട്ടിൽ (തിരൂരിൽ) സ്വന്തമായി ഒരു വീട് വെയ്ക്കുന്ന തിരക്കിലായിരുന്നു. മാസങ്ങൾക്ക് മുൻപ് പാലുകാച്ചൽ നടന്നു. ക്ഷണിച്ചെങ്കിലും ഞാനുൾപ്പെടെ കുറച്ചു പേർക്ക് ജോലിത്തിരക്ക് കാരണം പോകാൻ കഴിഞ്ഞില്ല. ഒട്ടേറെ പേർ തിരക്കുകൾക്കിടയിലും തിരൂരിലെത്തി. ഞങ്ങൾക്കിടയിലെ ഏതു കൂട്ടയ്മകൾക്കും മുന്നിൽ കെ എം ബി ഉണ്ടായിരുന്നു. കുടുംബ മേളകളിൽ നിറസാന്നിധ്യമായിരുന്നു. മദ്യപിക്കില്ലെങ്കിലും മദ്യപാന സദസ്സുകളിൽ പോലും സൊറ പറയാൻ, തമാശ പറയാൻ അവനുണ്ടായിരുന്നു.
കെ എം ബി ഇല്ലാത്ത പ്രസ് ക്ലബിനെക്കുറിച്ചും കേസരി ഹാളിനെക്കുറിച്ചും .... എന്തിന് തിരുവനന്തപുരത്തെ കുറിച്ച് പോലും ചിന്തിക്കാൻ ഞങ്ങൾക്കാവുന്നില്ല. മുന്നിൽ ശൂന്യത മാത്രം.... ആ ചിരിക്കുന്ന മുഖം മാത്രമാണ് മനസ്സിൽ ....
advertisement
(ബഷീറിന്റെ സഹപ്രവർത്തകനും സുഹൃത്തുമാണ് ലേഖകൻ )
മലയാളം വാർത്തകൾ/ വാർത്ത/Opinion/
കെ.എം.ബി എന്ന മൂന്നക്ഷരം; സൗഹൃദങ്ങളിലേക്ക് വലിച്ചടുപ്പിച്ച കാന്തികവലയം: ഒരു ഓർമക്കുറിപ്പ്
Next Article
advertisement
റെയിൽവേ ചരിത്രം കുറിച്ച് ഏഴിമല പാലം; 6.5 മണിക്കൂർ കൊണ്ട് 2 കിലോമീറ്റർ പാത നിർമിച്ച് ട്രെയിൻ ഗതാഗതത്തിന് തുറന്നു
റെയിൽവേ ചരിത്രം കുറിച്ച് ഏഴിമല പാലം; 6.5 മണിക്കൂർ കൊണ്ട് 2 കിലോമീറ്റർ പാത നിർമിച്ച് ട്രെയിൻ ഗതാഗതത്തിന് തുറന്നു
  • 6.5 മണിക്കൂറിനുള്ളിൽ 2 കിലോമീറ്റർ പാത നിർമിച്ച് ഏഴിമല പാലം തുറന്നു.

  • പുലർച്ചെ 4.56-ന് ആദ്യ ഗുഡ്സ് ട്രെയിൻ പുതിയ ഏഴിമല പാലത്തിലൂടെ കടന്നു.

  • ചങ്കുരിച്ചാൽ പാലം ബലക്ഷയം സംഭവിച്ചതിനെ തുടർന്ന് പുതിയ പാലം നിർമിച്ചു

View All
advertisement