Opinion| ഖജനാവ് കാലിയായ കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ പൊള്ളയോ? എഐസിസി ആസ്ഥാനത്തെ നൂറിലേറെ ജീവനക്കാരുടെ ഭാവി തുലാസിൽ

Last Updated:

പാർട്ടിയുടെ ആസ്ഥാനം അക്ബർ റോഡിലെ 24-ാം നമ്പറിൽ നിന്നും കോട്ലാ മാർഗിലെ ഇന്ദിരാഭവനിലേക്ക് മാറ്റാനുള്ള തീരുമാനമാണ് ഈ അവസ്ഥയ്ക്ക് പിന്നിൽ

(AP Photo)
(AP Photo)
റഷീദ് കിദ്വായ്
"രാഹുൽജി എപ്പോഴാണ് ഞങ്ങളുടെ അടുത്തേക്ക് വരുന്നത്?" രാഹുൽ ഗാന്ധി ഓരോ തവണയും ചുമട്ടുകാരുമായും ചെരുപ്പ്കുത്തികളുമായും ഡ്രൈവർമാരുമായും പച്ചക്കറി വ്യാപാരികളും അതുപോലെയുള്ള മറ്റുള്ളവരുമായുമൊക്കെ സംവദിക്കുന്നത് ടിവി ചാനലുകളുടെയും സോഷ്യൽ മീഡിയയിലൂടെയും ഉത്സാഹത്തോടെ കണ്ടുകൊണ്ടിരിക്കുന്ന ഡൽഹി അക്ബർ റോഡിലെ 24-ാം നമ്പർ വസതിയായ കോൺഗ്രസ് ആസ്ഥാനത്തെ നിരവധി ജീവനക്കാരുടെ ചുണ്ടിലേക്ക് അറിയാതെ വരുന്ന ചോദ്യമാണിത്.
കാരണം ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി ( എ ഐ സി സി) യിലെ ഏതാണ്ട് നൂറിലേറെ ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ഇതിൽ മുഴുവൻ സമയം ജോലി ചെയ്യുന്നവരും പുനർ നിയമനം കിട്ടിയവരും താൽക്കാലിക ജീവനക്കാരുമുണ്ട്. പാർട്ടിയുടെ ആസ്ഥാനം അക്ബർ റോഡിലെ 24-ാം നമ്പറിൽ നിന്നും കോട്ലാ മാർഗിലെ ഇന്ദിരാഭവനിലേക്ക് മാറ്റാനുള്ള തീരുമാനമാണ് ഈ അവസ്ഥയ്ക്ക് പിന്നിൽ.
advertisement
എഐസിസി പ്രസിഡണ്ട് മല്ലികാർജുൻ ഖാർഗേ മുതൽ നിരവധി ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, വകുപ്പ് തലവന്മാർ എന്നിങ്ങനെയുള്ള പാർട്ടി ഭാരവാഹികൾക്ക് അക്ബർ റോഡിൽ നിന്നും 4.4 കിലോമീറ്റർ ദൂരത്തുള്ള കോട്ലാ മാർഗ്ഗിലേക്ക് ഏറെ അകലമില്ല. എന്നാൽ 1978 ജനുവരി മുതൽ പാർട്ടിയെ സേവിക്കുന്ന ജീവനക്കാരും ഉന്നത നേതൃത്വവും തമ്മിലുള്ള മാനസികമായ അകലം എത്രയോ മടങ്ങ് വർധിച്ചുകഴിഞ്ഞു.
കാരണം എഐസിസി ഭാരവാഹികളുമായും അവരുടെ ഓഫീസുകളും വകുപ്പുകളുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള ക്ലെറിക്കൽ ജോലികൾ ചെയ്തു വരുന്ന ഈ ജീവനക്കാരോട് 2025 ജനുവരി 15 മുതൽ പുതിയ ഇന്ദിരാഭവനിലേക്ക് വരാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. സ്വയം പിരിഞ്ഞു പോകുമ്പോൾ നൽകുന്ന വമ്പൻ തുക അല്ലെങ്കിൽ സാമ്പത്തികമായി എന്തെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരം എന്നിവയുടെ സൂചനകൾ ഒന്നുമില്ല താനും.
advertisement
വലിയൊരു സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോൺഗ്രസിന്റെ കയ്യിൽ ജീവനക്കാർക്ക് കൊടുക്കാനൊന്നുമില്ല എന്ന് തന്നെയാണ് ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹറാവു, സീതാറാം കേസരി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗേ എന്നിവരുടെയൊക്കെ കീഴിൽ ജോലി ചെയ്ത ഇവരിൽ ചിലർ മനസ്സിലാക്കുന്നത്. ഇത് അവരെ പൂർണ്ണമായും നിരാശരാക്കുന്നു. ഇത് സംബന്ധിച്ച് യാതൊരു ആശയവിനിമയവും ഇല്ലാത്തത് അവരുടെ ആശങ്ക വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒരുകാലത്ത് ജീവനക്കാരെ കരുതുന്നതിലും സംരക്ഷിക്കുന്നതിലും ഖ്യാതി നേടിയിരുന്ന കോൺഗ്രസ് നേതൃത്വം ഇപ്പോൾ ഏതെങ്കിലും തരത്തിലുള്ള ഗൗരവമായ ചർച്ചയ്‌ക്കോ സംഭാഷണത്തിനോ സാധിക്കുന്ന അവസ്ഥയിലല്ല.
advertisement
ഈ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകൾ നോക്കിയാൽ ഏതാണ്ട് വിരോധാഭാസം എന്ന് തന്നെ പറയാം. ഗാന്ധി കുടുംബത്തിലെ ത്രിമൂർത്തികളിൽ, സോണിയ, രാഹുൽ, പ്രിയങ്ക എന്നീ മൂന്നുപേരിൽ, വിശ്വാസം അർപ്പിക്കുന്ന കുറച്ച് സ്റ്റാഫ് അംഗങ്ങൾ ലോക്സഭാ പ്രതിപക്ഷ നേതാവ് അവരുടെ വിഷയം കൈകാര്യം ചെയ്യുമെന്നും അവരുടെ അവകാശത്തിനു വേണ്ടി പോരാടുമെന്നും കരുതുന്നു. തങ്ങളുടെ വിഷയത്തെ അനുഭാവപൂർവം പിന്തുണയ്ക്കാൻ കഴിയുന്ന ഉറച്ച ന്യായബോധമുള്ള ഒരു വ്യക്തിയായാണ് എഐസിസിയിലെ ജീവനക്കാർ രാഹുലിനെ കാണുന്നത്.
advertisement
"രാഹുൽജി എപ്പോഴും ദിവസ വേതനക്കാരുടെയും കർഷകരുടെയും വ്യാവസായിക തൊഴിലാളികളുടെയും ഡ്രൈവർമാരുടെയും ചെരുപ്പ് കുത്തികളുടെയും ജീവിതത്തിൽ ശ്രദ്ധ ചെലുത്താറുണ്ട്. അദ്ദേഹം ഞങ്ങൾക്ക് ഗുണകരമായ ഒരു തീരുമാനമെടുക്കും. കോൺഗ്രസ് അധികാരത്തിൽനിന്ന് പുറത്തുപോയി ഇതേ പോലെ തന്നെയുള്ള അനിശ്ചിതത്വം നേരിട്ട 1978 മുതൽ ഞങ്ങൾ കോൺഗ്രസിനു നൽകിയിട്ടുള്ള സംഭാവനകളെ അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും അംഗീകരിക്കുന്നുണ്ട്," പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മുതിർന്ന എഐസിസി ജീവനക്കാരൻ പറഞ്ഞു.
ഇനി എന്തു ജോലി ആയിരിക്കും, അത് എങ്ങനെയായിരിക്കും എന്നതിനുള്ള ആശയക്കുഴപ്പത്തിനപ്പുറം എ ഐ സി സി ജീവനക്കാർക്ക് അവരുടെ വീടും താമസസ്ഥലവും നഷ്ടപ്പെടും എന്നതും ഉറപ്പായി. കാരണം കേന്ദ്ര നഗര വികസന മന്ത്രാലയത്തിന് അക്ബർ റോഡിലെ 24-ാം നമ്പർ വസതി തിരികെ നൽകേണ്ടി വരും.
advertisement
ല്യൂട്ടൻസ് ഡൽഹിയിലെ ടൈപ്പ് 8 പ്രകാരമുള്ള ഒരു ബംഗ്ലാവ് ആണ് അക്ബർ റോഡിലെ 24-ാം നമ്പർ വസതി. ഇവിടെ പാർട്ടിയിലെ ജീവനക്കാരും അവരുടെ കുടുംബങ്ങളും താമസിക്കുന്ന നിരവധി ഔട്ട് ഹൗസുകളും ചെറിയ വീടുകളും ഉണ്ട്. ഈ വീടുകളിലെല്ലാം ഇപ്പോൾ വൈദ്യുതി, സാറ്റലൈറ്റ് ഡിഷ്, ഫ്രിഡ്ജ്, എയർകണ്ടീഷണർ അല്ലെങ്കിൽ എയർ കൂളർ എന്നിവയുണ്ട്. തുടക്കം മുതൽ ഈ കെട്ടിടങ്ങളിൽ ഭൂരിഭാഗവും അനധികൃതമാണ്. എന്നാൽ രാഷ്ട്രീയ ഭരണകൂടങ്ങൾ തുടർച്ചയായി കണ്ണടച്ചു. ശരിക്ക് പറഞ്ഞാൽ ഓരോ തവണയും കോൺഗ്രസ് ഡൽഹി ഭരിക്കുമ്പോൾ നഗരവികസന അല്ലെങ്കിൽ ഭവനനിർമാണ മന്ത്രി പാർട്ടിയോടുള്ള അവരുടെ കൂറ് തെളിയിക്കുന്നതിനായി ചെയ്യുന്ന ഒരു മാർഗമായിരുന്നു അക്ബർ റോഡിലെ 24-ാം നമ്പർ വസതിയിൽ വികസനത്തിന് അനുമതി നൽകുക എന്നത്.
advertisement
പലതവണ ഉയർച്ചകൾക്കും താഴ്ചകൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട് എഐസിസി യിലെ ഈ സെക്രട്ടറി സ്റ്റാഫ് അംഗങ്ങൾ. ദ്വിഗ് വിജയ്സിംഗ് 1998ൽ മധ്യപ്രദേശ് മുഖ്യമന്ത്രിയായി അധികാരത്തിലേക്ക് തിരിച്ചു വന്നപ്പോൾ അദ്ദേഹം എഐസിസി യിലെ ഓരോ ജീവനക്കാരനും വിലപിടിച്ച ഒരു ഡിന്നർ സെറ്റാണ് സമ്മാനമായി നൽകിയത്. സോണിയാ ഗാന്ധി ഈ ജീവനക്കാരിൽ ആരുടെയെങ്കിലും മകനോ മകളോ വിവാഹിതരാകുമ്പോൾ അവരുടെ വിലയേറിയ കൈത്തറിയിലും പട്ടിലുമുള്ള സാരീ ശേഖരത്തിൽ നിന്നും ഉദാരമായി സമ്മാനം നൽകാറുണ്ട്. ഒപ്പം അക്ബർ റോഡിലെ 24-ാം നമ്പർ വസതിയിലെ വിശാലമായ പുൽത്തകിടി വിവാഹ സൽക്കാരങ്ങൾക്ക് സൗജന്യമായി നൽകുകയും ചെയ്യും.
ഇന്ദിര, രാജീവ്, സഞ്ജയ്, സോണിയ, രാഹുൽ, നരസിംഹറാവു, സീതാറാം കേസരി, അഹമ്മദ് പട്ടേൽ, ജിതേന്ദ്രപ്രസാദ്, ഗുലാം നബി ആസാദ്, മൊഹ്‌സീന കിദ്വായി, അംബികാ സോണി, പ്രണബ് മുഖർജി, നട് വർ സിങ്, മൻമോഹൻ സിങ്, മോട്ടിലാൽ വോറ, മാധവ് റാവു സിന്ധ്യ എന്നിവരുമായി അടുത്തിടപഴകിയ ഇവർക്കെല്ലാം അവരുമായി ബന്ധപ്പെട്ട എണ്ണമറ്റ കഥകളും അനുഭവങ്ങളും പറയാനുണ്ട്.
ജീവനക്കാരിൽ ഒരാളായിരുന്ന അന്തരിച്ച ശോഭൻ സിംഗ് എന്നയാൾ ഈ ബംഗ്ലാവ് 1978 ജനുവരി ഒന്നിന് പാർട്ടിയുടെ ആസ്ഥാനമായി മാറ്റിയപ്പോൾ എങ്ങനെയാണ് അവിടെ ചേർന്നത് എന്നത് ചിലരെങ്കിലും ഇപ്പോഴും ഓർക്കുന്നുണ്ട്. എ ആർ ആന്തുലെ, ഭുട്ടാ സിങ്, എ പി സിങ്, ബിപി മൗര്യ, ട്രഷറർ പ്രണബ് മുഖർജി എന്നിവർ ചേർന്ന് മുൻപ് ലിവിങ് ഡൈനിങ് ഹാൾ ആയി ഉപയോഗിച്ചിരുന്ന ഏറ്റവും വലിയ മുറി കോൺഗ്രസ് പ്രസിഡന്റിന്റെ ഓഫീസായി മാറ്റി. ഒരു ചൂരൽ കസേരയും ഒരു ചെറിയ മേശയും ശരിയാക്കി. പക്ഷേ ചുവരുകൾ ചുവരുകളിൽ ഒന്നുമുണ്ടായിരുന്നില്ല. ഒരു കാർപെറ്റോ ചവിട്ടിയോ പോലും ഉണ്ടായിരുന്നില്ല. ഒരു ബെഡ്റൂമിൽ ഇരുന്നാണ് ബൂട്ടാ സിങ് ഓഫീസ് ജീവനക്കാരാക്കായുള്ള ഇന്റർവ്യൂ ആരംഭിച്ചത്.
"അന്ന് ഞാൻ 800 രൂപ മാസശമ്പളം വാങ്ങിച്ചു കൊണ്ടിരുന്ന കാലമാണ്. അതു തരാൻ പറ്റുന്ന അവസ്ഥയിലല്ല പാർട്ടി എന്ന് ഭൂട്ടാസിങ് എന്നോട് പറഞ്ഞു. എന്നാൽ ശമ്പളമില്ലാതെ ജോലി ചെയ്യാം എന്ന് ഞാൻ മറുപടി പറഞ്ഞു'- 2009 ആയപ്പോഴേക്കും 52 വർഷം ഇടവേളകളില്ലാതെ കോൺഗ്രസിനൊപ്പം ജോലി ചെയ്ത ശോഭൻ സിംഗ് ഒരിക്കൽ ഇങ്ങനെ പറഞ്ഞു.
പാർട്ടിക്ക് ഒന്നും വാഗ്ദാനം നൽകാനില്ല എന്ന് തങ്ങളെ അറിയിക്കാൻപോലും ആരും വരുന്നില്ല എന്നതാണ് എഐസിസിയിലെ ജീവനക്കാരുടെ 2025 മാർച്ചിലെ സങ്കടം. വി ആർ എസ് കിട്ടുമെന്ന് അതിൽ ചിലർക്ക് പ്രത്യാശയുണ്ട്. എന്നാൽ തങ്ങളില്ലാതെ പുതിയ പാർട്ടി ഓഫീസിലെ ഒരു ഫയലും ചലിക്കില്ല എന്ന് വിചാരിക്കുന്നവരുമുണ്ട്.
(രാഷ്ട്രീയ വിശകലന വിദഗ്ധനായ ലേഖകൻ 24 അക്ബർ റോഡ്, സോണിയ: ഒരു ജീവചരിത്രം എന്നിവയടക്കം നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനിലെ വിസിറ്റിങ് ഫെല്ലോയായ ലേഖകന്റെ വ്യക്തിപരമായ കാഴ്ചപാടുകളാണ് ലേഖനത്തിൽ. അത് ന്യൂസ് 18ന്റെ കാഴ്ചപ്പാടാകണമെന്നില്ല)
മലയാളം വാർത്തകൾ/ വാർത്ത/Opinion/
Opinion| ഖജനാവ് കാലിയായ കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ പൊള്ളയോ? എഐസിസി ആസ്ഥാനത്തെ നൂറിലേറെ ജീവനക്കാരുടെ ഭാവി തുലാസിൽ
Next Article
advertisement
'ധർമസ്ഥല കേസിൽ സമർപ്പിച്ച മൊഴികളും തെളിവുകളും കൃത്രിമം'; അന്വേഷണ സംഘത്തിന് മനാഫ് മൊഴി നൽകി
'ധർമസ്ഥല കേസിൽ സമർപ്പിച്ച മൊഴികളും തെളിവുകളും കൃത്രിമം'; അന്വേഷണ സംഘത്തിന് മനാഫ് മൊഴി നൽകി
  • ധർമസ്ഥല കേസിലെ മൊഴികളും തെളിവുകളും കൃത്രിമമാണെന്ന് ലോറി ഡ്രൈവർ മനാഫ്

  • മനാഫിനെതിരെ 299-ാം വകുപ്പ് ചുമത്തി ഉഡുപ്പി ടൗൺ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

  • ചിലർ നടത്തിയ നാടകം കേസിനെ ബാധിക്കുമെന്ന് ആശങ്കയുണ്ടെന്നും മനാഫ്

View All
advertisement