ശരീരഭാഗം കണ്ടതുകൊണ്ട് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ജിലു

Last Updated:
ഞാൻ ഇവിടെത്തന്നെയുണ്ട്. എനിക്കൊന്നും സംഭവിച്ചിട്ടില്ല. ശരീരഭാഗം സമൂഹം കണ്ടതുകൊണ്ട് എന്റെ മാനം ഇടിഞ്ഞു വീണില്ല- വനിതാമാസിക ഗൃഹലക്ഷ്മിയിലെ വിവാദമായ മുഖചിത്രത്തിന്റെ മോഡൽ ജിലു ജോസഫ് news18.comനോട് പറഞ്ഞു.
മുലയൂട്ടുന്ന അമ്മയുടെ മുഖചിത്രമാണ് വിവാദമായത്. മാസികകളുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു മുഖചിത്രം. മുലയൂട്ടുന്ന അമ്മമാർക്ക് പൊതുസമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന തുറിച്ചുനോട്ടങ്ങൾക്കെതിരെയുള്ള കാംപെയ്നിന്റെ ഭാഗമായിട്ടാണ് ഈ ചിത്രം. എന്നാൽ മാർക്കറ്റിങ് തന്ത്രത്തിന്റെയും അശ്ലീലതയുടെയും പേരിൽ ചിത്രം വിവാദമാക്കിയിരിക്കുകയാണ്. മുഖചിത്രത്തിന്റെ മോഡൽ ജിലു ജോസഫ് വിവാദങ്ങൾക്ക് മറുപടി പറയുന്നു.
ശരിക്കുമൊരു ബോധവത്കരണത്തിന്റെ ഭാഗമാണ് ചിത്രം എന്നാണ് ജിലു ജോസഫ് പറയുന്നത്. 'തുറിച്ചു നോക്കരുത്, ഞങ്ങൾക്ക് മുലയൂട്ടണം' എന്ന തലക്കെട്ട് ശ്രദ്ധിക്കാതെ ആ കാംപെയിനിന്റെ ഉള്ളടക്കം ശ്രദ്ധിക്കൂ എന്നാണ് ജിലുവിന് പറയാനുള്ളത്. ചിത്രം ഇത്രയും വിവാദമാക്കുന്നവർ അതിന്റെ ആശയത്തെക്കുറിച്ച് മനസിലാക്കണമെന്നും ജിലു പറയുന്നു. ഗൃഹലക്ഷ്മിയുടേത് മികച്ചൊരു ശ്രമമാണ്. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. എന്തു സംഭവിച്ചാലും രണ്ട് അഭിപ്രായം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഈ ചിത്രം കേരളത്തിൽ ഇത്രയേറെ ചർ‌ച്ചയാകുമെന്ന് കരുതിയില്ല. ചർച്ച ചെയ്യപ്പെട്ടതിൽ ഏറെ സന്തോഷം - ജിലു പറഞ്ഞു.
advertisement
എന്തിനും ഒരു പ്രയോജനം ഉണ്ടാകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഗൃഹലക്ഷ്മി ഒരു മാസികയാണ്. അത് വിൽക്കാൻ വേണ്ടി തന്നെ ഉണ്ടാക്കിയിട്ടുള്ളതാണ്. ഒരു ആശയത്തെ മുന്നോട്ടുവെച്ച് അത് വിൽപ്പനയ്ക്ക് വെയ്ക്കുന്നതിൽ എന്ത് തെറ്റാണുള്ളതെന്ന് ജിലു ചോദിക്കുന്നു. തുറിച്ചുനോട്ടങ്ങളെ ഭയപ്പെടാതെ സ്വന്തം കുഞ്ഞിനെ മുലയൂട്ടുക എന്നൊരാശയമാണ് ഇതിലൂടെ നൽകുന്നത്. അത് നല്ലതല്ലേയെന്നും ജിലു ചോദിക്കുന്നു.
ചിത്രത്തിൽ മാതൃത്വം പ്രകടമല്ലെന്നു പറയുന്നവർക്കും അവിവാഹിതയായൊരു സ്ത്രീ ഇങ്ങനെ മോഡൽ ആയതിനെ വിമർശിക്കുന്നവർക്കും ജിലു കൃത്യമായി മറുപടി നൽകുന്നു. ഇത് മാതൃത്വത്തിന്റെ കാംപെയ്ൻ അല്ല. ഇത് മുലയൂട്ടുന്നതിനു വേണ്ടിയുള്ള കാംപെയ്ൻ ആണ്. വിവാഹിതരായിട്ടു പോലും പരസ്യമായി മുല കൊടുക്കാൻ മടിക്കുന്നവരോട് അവിവാഹിതയായ തനിക്ക് പറയാനുള്ളത് ഇത്രമാത്രം - ഇത് ഇത്രയേയുള്ളു. ശരീരത്തിന്റെ ഒരു ഭാഗം കണ്ടതുകൊണ്ട് ഒന്നും സംഭവിക്കാനില്ല. അവിവാഹിതയായ എനിക്കിത് ചെയ്യാമെങ്കിൽ എന്തുകൊണ്ട് നിങ്ങൾക്കുമായിക്കൂട? മുലയൂട്ടുന്നത് ഏറ്റവും മനോഹരമായ നിമിഷമാണ്. അതുകൊണ്ട് എല്ലാ അമ്മമാരും അവർ മുലയൂട്ടുന്ന ചിത്രം ഒരെണ്ണമെങ്കിലും സൂക്ഷിക്കണമെന്ന് ജിലു പറയുന്നു.
advertisement
ജോലിപരമായി നോക്കുകയാണെങ്കിൽ താനൊരു മോഡൽ അല്ല. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു കാംപെയിനിൽ പങ്കെടുക്കുന്നത്. അതിനാൽ, അതിന്റേതായ ടെൻഷൻ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ മാതൃത്വം എന്ന വികാരം കൊണ്ടുവരാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ടാകില്ലെന്നും അവർ പറയുന്നു. മുലയൂട്ടുന്നത് പവിത്രമാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ എവിടെയിരുന്നും മുലയൂട്ടണമെന്നാണ് ജിലുവിന്റെ പക്ഷം. മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കാതിരുന്നാൽ മതി.
പ്രസവിച്ചാൽ മാത്രമെ അമ്മയാവുകയുള്ളൂ എന്നു പറയുന്നത് തെറ്റാണ്. മാതൃത്വം ഒരു വികാരമാണ്. ആ കുഞ്ഞിനെ മാറോടണച്ച് ഒരു ചിത്രമെടുത്തു എന്നത് തെറ്റാണെന്ന് തോന്നുന്നില്ല. ഇതിലൂടെ ആ കുഞ്ഞിനെ സ്നേഹിക്കുകയാണ് ചെയ്തത്. എന്റെ ശരീരത്തിന്റെ ഒരു ഭാഗം കാണിച്ചതുകൊണ്ട് എനിക്കൊന്നും സംഭവിച്ചിട്ടില്ല. തന്നെ അറിയാത്ത ചുരുക്കം ചിലരാണ് വിമർശനവുമായി എത്തിയിരിക്കുന്നത്. അറിയുന്നവർ മികച്ച പിന്തുണ നൽകുന്നുണ്ട്. നിരവധി പേർ നല്ല കമൻറുകൾ പങ്കുവെച്ചിട്ടുണ്ട്.
advertisement
മുലയൂട്ടുന്നത് അശ്ലീലമാകുന്നത് എങ്ങനെയെന്നാണ് ജിലുവിന്റെ ചോദ്യം. എന്റെ ശരീരം, എന്റെ സ്വാതന്ത്ര്യം. അടിമുതൽ മുടി വരെ എന്റെ ശരീരത്തെ ഞാൻ ബഹുമാനിക്കുന്നു. എന്റെ ശരീരത്തെ സംബന്ധിച്ച തെറ്റും ശരിയും തീരുമാനിക്കേണ്ടത് ഞാനാണ്. ആ ചിത്രം ഒരു തെറ്റായി എനിക്കു തോന്നിയില്ല. പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ് ഇതൊക്കെ. സമൂഹത്തിൽ രണ്ടുതരം ആളുകളാണുള്ളത്. ഒരു വിഭാഗം ചില വിശ്വാസങ്ങളിൽ അടിയുറച്ച് ജീവിക്കുന്നവർ. മറ്റൊരു വിഭാഗം ചിന്തിക്കുന്നവർ. ആദ്യം പറഞ്ഞ വിഭാഗക്കാരാണ് ഇപ്പോൾ വിവാദവുമായി എത്തിയിരിക്കുന്നത്. വിശ്വാസം വിട്ട് പുറത്ത് വരാൻ അവർ തയ്യാറാകുന്നില്ല. അതിനാൽ ഇങ്ങനെയൊക്കെ ചെയ്യുന്നത് തെറ്റായിട്ടാകും അവർ കാണുന്നത്.
advertisement
ഈ ചിത്രം സമൂഹത്തിന്റെ കാഴ്ചപ്പാടിൽ വലിയ മാറ്റമൊന്നും ഉണ്ടാക്കാൻ പോകുന്നില്ല. എന്നാൽ, എന്നെങ്കിലും ഒരാൾ മാറി ചിന്തിച്ചാൽ അത് തനിക്കു ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാകുമെന്നും ജിലു പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
ശരീരഭാഗം കണ്ടതുകൊണ്ട് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ജിലു
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement