വിനോദ് മാത്യു
പത്തനംതിട്ടക്കാരനാണ് ജോജി (പേര് സാങ്കൽപികം). വയസ് 50. കോൺഗ്രസ് പാർട്ടിയെ (Congress Party) പിന്തുണയ്ക്കുന്ന, കുടുംബത്തിലെ മുതിർന്ന അംഗങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടും ആരോടും രാഷ്ട്രീയ ചായ്‌വ് പ്രകടിപ്പിക്കാത്ത പതിവ് സ്വഭാവം ഉപേക്ഷിക്കാൻ തീരുമാനിച്ചതിനാലും 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനു (Local Body Polls) മുന്നോടിയായി കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം സ്വീകരിക്കാൻ ജോജി തീരുമാനിച്ചു.
തനിക്കും ഭാര്യക്കും മകനും മകൾക്കും പാർട്ടി അംഗത്വം വേണമെന്ന ആവശ്യവുമായി കോൺഗ്രസിന്റെ വാർഡ് സെക്രട്ടറിയെയാണ് ജോജി സമീപിച്ചത്. സ്വന്തം വാർഡിൽ സിപിഐഎമ്മിന്റെയും ബിജെപിയുടെയും സ്വാധീനം വർധിക്കുന്നത് പ്രതിരോധിക്കാൻ തന്നാലാകുന്നത് ചെയ്യുക എന്ന ആഗ്രഹവും ജോജിയ്ക്കുണ്ടായിരുന്നു. നിർഭാഗ്യവശാൽ പതിവു പ്രതികരണം തന്നെയാണ് ജോജിയ്ക്ക് പാർട്ടിയിൽ നിന്ന് ലഭിച്ചത്. തനിക്കും കുടുംബത്തിനും വളരെ എളുപ്പത്തിൽ ലഭിക്കേണ്ടിയിരുന്ന അംഗത്വത്തിനായി അദ്ദേഹത്തിന് അങ്ങോട്ടുമിങ്ങോട്ടും ഓടേണ്ടി വന്നു. ഇന്ന്, 18 മാസങ്ങൾ പിന്നിട്ടിട്ടും കോൺഗ്രസ് പോലെ ബൃഹത്തായ പാരമ്പര്യം പേറുന്ന പാർട്ടിയുടെ അംഗത്വം ലഭിക്കാനുള്ള ജോജിയുടെ കാത്തിരിപ്പ് തുടരുകയാണ്.
ഇതുപോലുള്ള നിരവധി ജോജിമാർ കേരളത്തിൽ അങ്ങോളമിങ്ങോളം ഉണ്ടാകും. കോൺഗ്രസ് പാർട്ടി അതിന്റെ സംസ്ഥാന ഘടകത്തിലേക്ക് 50 ലക്ഷം പുതിയ അംഗങ്ങളെ ചേർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അരയും തലയും മുറുക്കി ഇറങ്ങുന്ന സമയത്താണ് ഇതൊക്കെ സംഭവിക്കുന്നതും.
2021 നവംബർ 17 നാണ് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (KPCC ) പ്രസിഡന്റ് കെ സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ഓൺലൈൻ അംഗത്വ കാമ്പെയിൻ ആരംഭിച്ചത്. മാർച്ച് 31ന് അവസാനിക്കാനിരുന്ന കാമ്പെയ്ൻ, ഓഫ്‌ലൈൻ അംഗത്വങ്ങൾ കൂടി ഉൾപ്പെടുത്തുന്നതിനായി ഏപ്രിൽ 15 വരെ നീട്ടി. 50 ലക്ഷം പുതിയ അംഗങ്ങൾ എന്നായിരുന്നു പ്രഖ്യാപിത ലക്ഷ്യമെങ്കിലും മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് പാർട്ടിക്ക് 5 ലക്ഷം പുതിയ അംഗങ്ങളെ മാത്രമേ കണ്ടെത്താനായുള്ളൂ.
Also Read-
Congress| സിപിഎം സെമിനാറിൽ പങ്കെടുത്താൽ കെ.വി. തോമസ് പാർട്ടിക്ക് പുറത്ത്; മുന്നറിയിപ്പുമായി കെ. സുധാകരൻ
നേരത്തെ, പാർട്ടി അംഗത്വം വർധിപ്പിക്കാൻ രണ്ട് തവണ മെമ്പർഷിപ്പ് ക്യാമ്പയിനുകൾ നടന്നത് മുൻ പ്രസിഡന്റുമാരായ രമേശ് ചെന്നിത്തലയുടെയും എംഎം ഹസ്സന്റെയും നേതൃത്വത്തിലായിരുന്നു. 2010 ൽ ചെന്നിത്തലയുടെ നേതൃത്വത്തിൽ നടന്ന അംഗത്വ ക്യാമ്പെയ്നിൽ 14.88 ലക്ഷം പുതിയ അംഗങ്ങളെയാണ് ചേർത്തതെന്നും അതേസമയം 2017ൽ എംഎം ഹസ്സന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പെയ്ൻ വലിയ മുന്നേറ്റം ഉണ്ടാക്കുകയും അംഗങ്ങളുടെ എണ്ണം 33.79 ലക്ഷമായി ഉയർത്തുകയും ചെയ്തതായും പാർട്ടി അവകാശപ്പെടുന്നു.
എന്നാൽ തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ ഈ നമ്പറുകളൊന്നും വോട്ടുകളായി മാറിയില്ല. നേതാക്കൾ പറയുന്ന ഈ കണക്കുകൾ സംസ്ഥാന കോൺഗ്രസിനകത്തെ രണ്ട് പ്രബല വിഭാഗങ്ങൾ തമ്മിലുള്ള കിടമത്സരത്തിന്റെ ഭാഗമായുള്ളതാണെന്ന് അതേക്കുറിച്ച് അറിയാവുന്നവർ സ്വകാര്യമായി സമ്മതിക്കുന്നുമുണ്ട്. പുതിയ അംഗങ്ങളുടെ പട്ടികയിൽ നിലവിലുള്ള അംഗങ്ങളും ഉൾപ്പെടുന്നുണ്ട് എന്നതാണ് വസ്തുത. ഒരു തരത്തിൽ ഇത് സ്വയം ബലി നൽകുന്നതിന് തുല്യമാണ്.
Also Read-
‘പ്രണയമഭിനയിച്ച് അടുത്തുകൂടി രക്തം ഊറ്റിക്കുടിച്ച് വലിച്ചെറിയുന്ന രക്തരക്ഷസാണ് CPM’; കെ വി തോമസിന് ചെറിയാൻ ഫിലിപ്പിന്റെ ഉപദേശം
മറ്റൊരു ചോദ്യം കൂടി ഇവിടെ ഉയരുന്നുണ്ട്. കേരളത്തിലെ കോൺഗ്രസിന് അതിന്റെ യഥാർത്ഥ അംഗസംഖ്യ എത്രയാണെന്ന് കൃത്യമായി അറിയാമോ? ഇല്ല എന്നതാണ് യാഥാർഥ്യം.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എവിടെ നിൽക്കുന്നു എന്നതിന്റെ യഥാർഥ ചിത്രം ലഭിക്കാൻ കോൺഗ്രസ് സ്വയം ഒരു ഓഡിറ്റ് നടത്തുന്നത് നന്നായിരിക്കും. പതിറ്റാണ്ടുകളായി സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ പാടുപെടുന്ന പാർട്ടിക്ക് അത് വലിയൊരു ഉത്തരവാദിത്തമായിരിക്കും. പാർട്ടിയെ ഭിന്നിപ്പിക്കാൻ കാരണമാകുന്ന വിഭാഗീയ പ്രവർത്തനങ്ങൾ കൂടി ചേരുമ്പോൾ തകർച്ചയുടെ ചിത്രം പൂർണമാകുന്നു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ വോട്ട് വിഹിതം 25.12 ശതമാനമായിരുന്നു. സിപിഐഎമ്മിന്റെ വോട്ട് വിഹിതമായ 25.38 ശതമാനത്തെ അപേക്ഷിച്ച് നോക്കുമ്പോൾ നേരിയ കുറവ് മാത്രമേയുള്ളൂവെന്നും 52 ലക്ഷം 'രജിസ്റ്റേർഡ് അംഗങ്ങളുടെ' പ്രതിഫലനമാണ് ഇതെന്നുമൊക്കെ കോൺഗ്രസിന്റെ തിരിച്ചുവരവിൽ അടിയുറച്ച് വിശ്വസിക്കുന്നവർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഈ യുക്തി മുഖവിലയ്‌ക്കെടുത്താൽ പോലും നിലവിലെ മെമ്പർഷിപ്പ് ഡ്രൈവിന്റെ ഭാഗമായി 50 ലക്ഷം പുതിയ അംഗങ്ങളെ ചേർക്കുക എന്ന, ഒട്ടും യാഥാർഥ്യബോധമില്ലാത്ത ലക്ഷ്യം മുന്നോട്ടു വെയ്ക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി നേടിയെടുക്കാൻ കഴിയാത്ത കാര്യം 15 ദിവസം കൊണ്ട് നേടിയെടുക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. കോൺഗ്രസ് നേതാക്കൾ ഇത്തരം ആഖ്യാനങ്ങളെ അകമഴിഞ്ഞ് വിശ്വസിക്കുന്നുണ്ടെങ്കിൽ, സംസ്ഥാന ഘടകം യാഥാർഥ്യം എന്താണെന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഹൈക്കമാൻഡിനെ കബളിപ്പിക്കാനാണ് ഇത്തരം നീക്കങ്ങളെങ്കിൽ മറ്റൊരു രീതിയിലേക്കാകും കാര്യങ്ങളുടെ പോക്ക്.
പ്രശ്നം പഠിക്കാൻ ഒരു ആഭ്യന്തര സമിതിയെ നിയോഗിക്കുന്നത് പോലെയുള്ള അർത്ഥശൂന്യമായ നടപടികൾ സ്വീകരിക്കുന്നതിന് പകരം ജോജിയെപ്പോലുള്ളവരെ ക്ഷമയോടെ കേൾക്കുകയാണ് പാർട്ടി ചെയ്യേണ്ടത്. ഇതര സംസ്ഥാനങ്ങളിൽ കോൺഗ്രസ് തകർന്നുകിടക്കുമ്പോൾ പാർട്ടിയുടെ അവസാന കോട്ടയെന്ന് കരുതപ്പെടുന്ന കേരളത്തിൽ ഇതാണോ സ്ഥിതിയെന്ന് ഡൽഹിയിലെ നേതൃത്വം ആശങ്കപ്പെടേണ്ടതുണ്ട്.
കോൺഗ്രസിന്റെ രീതികൾ മാറേണ്ടതുണ്ട്. പാർട്ടിയുടെ നേതാക്കൾ ഉന്നതങ്ങളിൽ നിന്ന് ഇറങ്ങി ജനങ്ങളുമായി കൂടുതൽ ഇടപഴകേണ്ടതുമുണ്ട്.
(മണികൺട്രോളിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ. മുതിർന്ന പത്രപ്രവർത്തകനായ ലേഖകൻ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ വ്യക്തിപരമാണ്. സ്ഥാപനത്തിന്റെ നിലപാടിനെ പ്രതിനിധീകരിക്കുന്നില്ല.) ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.