• HOME
 • »
 • NEWS
 • »
 • opinion
 • »
 • ITBP ഓഫീസർ നിയന്ത്രണരേഖയിൽ നിന്ന് പ്രതിശ്രുത വധുവിനായി എഴുതിയത് 60 പ്രണയലേഖനങ്ങൾ; വിമുക്തഭടന്റെ അനുഭവക്കുറിപ്പ്

ITBP ഓഫീസർ നിയന്ത്രണരേഖയിൽ നിന്ന് പ്രതിശ്രുത വധുവിനായി എഴുതിയത് 60 പ്രണയലേഖനങ്ങൾ; വിമുക്തഭടന്റെ അനുഭവക്കുറിപ്പ്

ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിലെ ഒരു യുവ ഉദ്യോഗസ്ഥൻ ഞങ്ങളുടെ അടുത്ത് എത്തി. ലേയിൽ കുറച്ച് കത്തുകൾ പോസ്റ്റ് ചെയ്യാമോ എന്ന് ആ യുവാവ് ഞങ്ങളോട് ചോദിച്ചു. കത്തുകൾ തിരികെ കൊണ്ടുപോകുന്നതും ഞങ്ങളുടെ ചുമതലയായിരുന്നു.

 • Share this:
  മൻമോഹൻ ബഹദൂർ

  ഹോട്ട് സ്പ്രിംഗ്സിലെ (Hot Springs) ഇന്ത്യൻ പോസ്റ്റാണ് ഇന്നത്തെ പ്രധാന ചർച്ചാവിഷയം. കിഴക്കൻ ലഡാക്കിലെ (Eastern Ladakh) അതിർത്തി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി ഇന്ത്യയും (India) ചൈനയും (China) തമ്മിൽ കമാൻഡർ തല ചർച്ചകൾ നടക്കുകയാണ്. 2021 ഒക്‌ടോബറിൽ നടന്ന 13-ാം ഘട്ട ചർച്ചയിൽ, “നേടിയതിൽ ഇന്ത്യ സന്തുഷ്ടരായിരിക്കണം” എന്ന് പറഞ്ഞ് കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാൻ ചൈന വിസമ്മതിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്‌ച പുറത്തു വന്ന ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നത് ചൈന പാഗോംങിന് കുറുകെ ഒരു പാലം പണിയുന്നു എന്നാണ്. ഇന്നലെ നിശ്ചയിച്ച കൂടിക്കാഴ്ച്ചയോടെ ഈ പ്രതിസന്ധിയ്ക്ക് ഒരു വഴിത്തിരിവുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ലഡാക്കിൽ കഴിഞ്ഞ 20 മാസമായി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിലവിലെ കൂടിക്കാഴ്ച്ച.

  അതെന്തായാലും ഹോട്ട് സ്പ്രിംഗ്സിന് മറ്റൊരു ചരിത്രം കൂടിയുണ്ട്. ഒക്ടോബർ 21ന് നാടിന് സുരക്ഷയൊരുക്കുന്ന പോലീസുകാർക്കായി നാം പോലീസ് അനുസ്മരണ ദിനം ആചരിക്കാറുണ്ട്. 1959 ഒക്ടോബർ 21നാണ് ലഡാക്കിൽ ചൈനയുടെ നുഴഞ്ഞു കയറ്റം തടയുന്നതിനിടെ 10 പോലീസുകാർക്ക് ജീവൻ നഷ്ടപ്പെട്ടത്. മരിച്ച ധീരരെ ആദരിക്കുന്നതിനായി ഹോട്ട് സ്പ്രിംഗ്സിൽ ഒരു സ്മാരകവും നിലകൊള്ളുന്നുണ്ട്. പോലീസുകാർ രക്തസാക്ഷിത്വം വഹിച്ച ആ ഒക്ടോബർ 21 മുതലാണ് ദേശീയ പോലീസ് അനുസ്മരണ ദിനമായി ആചരിക്കുന്നത്.

  ഈ ലേഖനത്തിൽ, കാക്കി അണിഞ്ഞ പോലീസുകാർക്കും ജീവിതത്തിന് 'സാധാരണ'മായ ചില വശങ്ങൾ കൂടിയുണ്ട് എന്ന വസ്‌തുത ചൂണ്ടിക്കാട്ടാനാണ് ശ്രമിക്കുന്നത്. 1970കളിൽ ഹോട്ട് സ്പ്രിംഗ്‌സിന് സമീപത്ത് സ്ഥിതി ചെയ്യുന്ന സോഗ്ത്സലു എന്ന ഒരു ലോജിസ്റ്റിക്‌സ് പോസ്റ്റിനെ കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്. 1970കളിൽ സ്റ്റോക്കുകൾ സൂക്ഷിക്കുകയും മറ്റ് പോസ്റ്റുകളിലേയ്ക്ക് ചരക്കുകൾ മാറ്റുകയും ചെയ്തിരുന്നത് ഇവിടെ നിന്നാണ്. ഇപ്പോഴും അങ്ങനെ തന്നെയാണെന്ന് വിശ്വസിക്കുന്നു.

  ചാങ് ചെൻമോ നദിയോട് ചേർന്നുള്ള ഈ നിരപ്പ് പ്രദേശത്തായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ പാക്കറ്റ് വിമാനങ്ങളും പിന്നീട് An-32 വിമാനങ്ങളും ഇറക്കിയിരുന്നത്. നിയന്ത്രണ രേഖയോട് (LAC) വളരെ അടുത്തായതിനാൽ വലിയ An-12s പോലുള്ള വിമാനങ്ങൾ ഇവിടെ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. മാർസിമിക് ലാ പാസ് അടയ്ക്കുകയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടുകയും ചെയ്തതിനാൽ ലേയിൽ സ്ഥിതി ചെയ്യുന്ന ഞങ്ങളെപ്പോലുള്ള ഹെലികോപ്റ്റർ പൈലറ്റുമാരാണ് സോഗ്ത്‌സലുവിലേക്ക് തപാലും റേഷനും മറ്റും എത്തിച്ചിരുന്നത്. ഇതിനായി ആഴ്ച്ചയിൽ ഒരിയ്ക്കൽ സോഗ്ത്‌സലുവിലേക്ക് പോകുമായിരുന്നു. ചേതക് ഹെലികോപ്റ്ററിലായിരുന്നു അങ്ങോട്ടേയ്ക്കുള്ള യാത്ര.

  Also Read- MP Police | വസ്ത്രത്തില്‍ ചെളി തെറിപ്പിച്ചെന്ന് ആരോപണം; യുവാവിനെക്കൊണ്ട് സ്വന്തം പാന്റ്സ് വൃത്തിയാക്കിച്ച് പോലീസ് ഉദ്യോഗസ്ഥ

  പാംഗോങ് തടാകം കടന്ന് ഫോബ്രാംഗ് എന്ന മനോഹരമായ ഗ്രാമവും കടന്നാണ് സോഗ്ത്സാലുവിലെത്തുന്നത്. നൂറ്റാണ്ടുകളായി യാത്രക്കാർ സഞ്ചരിച്ചിരിച്ചിരുന്ന മാർസിമിക് ലാ കടന്ന് ഞങ്ങൾ സോഗ്ത്സാലുവിലെ വലിയ ഹെലിപാഡിൽ ഇറങ്ങും. ഇത്തരം വലിയ ഹെലിപാഡുകൾ ലഡാക്കിൽ അപൂർവമായിരുന്നു.

  എന്നാൽ മോശം കാലാവസ്ഥ കാരണം, ഏകദേശം രണ്ട് മാസത്തോളം ഞങ്ങൾക്ക് സോഗ്ത്‌സലുവിലേക്ക് പോകാൻ കഴിഞ്ഞില്ല. അതിനാൽ സോഗ്ത്സലു, ഹോട്ട് സ്പ്രിംഗ്‌സ്, മറ്റ് പോസ്റ്റുകൾ എന്നിവിടങ്ങളിലേയ്ക്കുള്ള മെയിലുകൾ കുമിഞ്ഞുകൂടി. ഭക്ഷണം കഴിഞ്ഞാൽ ഒരുപക്ഷെ അതിർത്തിയിലെ ഒരു പട്ടാളക്കാരനെ സംബന്ധിച്ച് ഏറ്റവും വിലപിടിപ്പുള്ളത് കത്തുകൾ ആയിരുന്നു (ഇപ്പോൾ ചില അതിർത്തി പ്രദേശങ്ങളിലെങ്കിലും സെൽ ഫോൺ കണക്റ്റിവിറ്റിയുണ്ട്. എന്നാൽ അന്ന് ഒരു അതിർത്തികളിലും ഫോൺ കണക്ഷൻ ഇല്ലായിരുന്നു). പിന്നീട് കാലാവസ്ഥ തെളിഞ്ഞപ്പോൾ ഞങ്ങൾ ഹെലികോപ്റ്ററുകളിൽ ലോഡുകൾ കയറ്റി സോഗ്ത്സലുവിൽ എത്തിച്ചു. ആർമി പോസ്റ്റൽ സർവീസിന്റെ കാക്കി നിറത്തിലുള്ള ചണച്ചാക്കുകളും അതിൽ ഉണ്ടായിരുന്നു. ഹെലികോപ്റ്റർ ലാൻഡ് ചെയ്തപ്പോൾ ഒരു കൂട്ടം ജവാൻമാർ ഹെലിപാഡിൽ ഞങ്ങളെ സ്വാഗതം ചെയ്തു. തപാൽ ബാഗുകൾ വേർതിരിക്കാനും വിതരണത്തിനുമായി ഫീൽഡ് പോസ്റ്റോഫീസിലേക്ക് കൊണ്ടുപോകും.

  Also Read- Viral video | സ്‌കൂട്ടറില്‍ അമിതവേഗതയില്‍ വന്ന യുവാവ് ബസുമായി കൂട്ടിയിടിച്ചു ; രക്ഷപ്പെട്ടത് അത്ഭുതകരമായി

  ഹെലിപാഡുകളിൽ ഞങ്ങളെ എപ്പോഴും സ്വാഗതം ചെയ്യുന്ന രണ്ട് വിഭവങ്ങളായിരുന്നു നല്ല ചൂട് ചായയും പക്കോറയും. അന്നും ഇത് കഴിച്ചു കൊണ്ടിരുന്നപ്പോൾ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിലെ ഒരു യുവ ഉദ്യോഗസ്ഥൻ ഞങ്ങളുടെ അടുത്ത് എത്തി. ലേയിൽ കുറച്ച് കത്തുകൾ പോസ്റ്റ് ചെയ്യാമോ എന്ന് ആ യുവാവ് ഞങ്ങളോട് ചോദിച്ചു. കത്തുകൾ തിരികെ കൊണ്ടുപോകുന്നതും ഞങ്ങളുടെ ചുമതലയായിരുന്നു. ഞാൻ കൊണ്ടുപോകാമെന്ന് മറുപടി നൽകി. അദ്ദേഹം തന്റെ ടെന്റിലേയ്ക്ക് ഓടി. തിരികെ എത്തിയത് കത്തുകളുടെ രണ്ട് വലിയ കെട്ടുകളുമായാണ്. സൗജന്യമായി ലഭിക്കുന്ന പർപ്പിൾ നിറത്തിലുള്ള ഇൻലന്റുകളിലാണ് കത്ത് എഴുതിയിരുന്നത്.

  ഇത് ബോർഡർ പോസ്റ്റിലെ ആളുകളുടെ മുഴുവൻ കത്തുകളുമാണോയെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. എന്നാൽ അത് തന്റേത് മാത്രമാണെന്ന് ആ യുവാവ് ചമ്മലോടെ പറഞ്ഞു. ആ ചെറുപ്പക്കാരൻ തന്റെ പ്രതിശ്രുതവധുവിന് ദിവസവും ഒരു കത്ത് വീതം എഴുതുമായിരുന്നു. ഞങ്ങൾ രണ്ട് മാസത്തിന് ശേഷം വന്നതിനാൽ 60ഓളം കത്തുകൾ ഉണ്ടായിരുന്നു അക്കൂട്ടത്തിൽ. ആ കത്തുകൾ പിന്നീട് ലേയിൽ നിന്ന് യുപിയിലെ ഏതോ നഗരത്തിലേക്ക് പറന്നു.

  ഈ പ്രണയലേഖനങ്ങൾ കൈയിൽ കിട്ടുമ്പോൾ ആ പെൺകുട്ടിയുടെ മുഖത്തുണ്ടാകുന്ന സന്തോഷം നിങ്ങൾക്ക് ഊഹിക്കാനാകുമോ?

  വാസയോഗ്യമല്ലാത്ത ഇന്ത്യയുടെ അതിർത്തികൾ കാക്കുന്ന നമ്മുടെ ജവാന്മാരെ കുറിച്ചുള്ള ടെലിവിഷൻ റിപ്പോർട്ടുകൾ കാണുമ്പോഴും, വാർത്തകൾ വായിക്കുമ്പോഴും അവരുടെ മാനസികാവസ്ഥയെക്കുറിച്ചും അവരുടെ സുരക്ഷിതമായ തിരിച്ചുവരവിനായി കാത്തിരിക്കുന്ന നാട്ടിലെ കുടുംബാംഗങ്ങളെക്കുറിച്ചും ചിന്തിക്കുക. അതേസമയം നമ്മുടെ ജവാന്മാർ ഇപ്പോഴും അവിടെ കാവൽ നിൽക്കുകയാണ്.

  (എയർ വൈസ് മാർഷൽ മൻമോഹൻ ബഹദൂർ വ്യോമസേനയുടെ ഹെലികോപ്ടർ ഫ്ളീറ്റിലെ വിമുക്തഭടനാണ്. ഈ ലേഖനത്തിൽ പ്രകടിപ്പിച്ചിരിക്കുന്ന വീക്ഷണങ്ങൾ രചയിതാവിന്റേത് മാത്രമാണ്. ലേഖനം മാധ്യമത്തിന്റെ നിലപാടിനെ പ്രതിനിധീകരിക്കുന്നില്ല)
  Published by:Rajesh V
  First published: