• HOME
 • »
 • NEWS
 • »
 • opinion
 • »
 • News18 Exclusive | Modi@8 : മോദി നേതൃത്വം നൽകുന്നത് ശക്തവും സ്വാശ്രയശേഷിയുള്ളതുമായ പുതിയ ഇന്ത്യക്ക്: അമിത് ഷാ

News18 Exclusive | Modi@8 : മോദി നേതൃത്വം നൽകുന്നത് ശക്തവും സ്വാശ്രയശേഷിയുള്ളതുമായ പുതിയ ഇന്ത്യക്ക്: അമിത് ഷാ

ഈ ഭരണം ശക്തവും കഴിവുള്ളതും സ്വയം പര്യാപ്തവുമായ ഒരു ‘പുതിയ ഇന്ത്യ’ കെട്ടിപ്പടുക്കാനുള്ള യാത്രയായാണ് ഞാൻ കാണുന്നത്.

 • Share this:
  അമിത് ഷാ

  നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റതു മുതലുള്ള ഇന്ത്യയുടെ വികസന അനുഭവം പരമ്പരാഗത മാതൃകകളിൽ നിന്നെല്ലാം വ്യത്യസ്തമാണ്. സാമ്പത്തികവും നയപരവുമായ പരിഷ്കാരങ്ങളുടെ വിപുലമായ ശ്രേണി പരിശോധിക്കുകയാണ് അത് തിരിച്ചറിയുന്നതിനുള്ള ഒരു മാർഗം. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ, മോദി സർക്കാർ രൂപപ്പെടുത്തിയ തീരുമാനങ്ങളും നയങ്ങളും ഇന്ത്യയിൽ സമത്വവും വിശാലവും സുസ്ഥിരവുമായ വികസനം നടപ്പിലാക്കുന്നതിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ ഭരണം ശക്തവും കഴിവുള്ളതും സ്വയം പര്യാപ്തവുമായ ഒരു ‘പുതിയ ഇന്ത്യ’ കെട്ടിപ്പടുക്കാനുള്ള യാത്രയായാണ് ഞാൻ കാണുന്നത്.

  കോവിഡ് -19 മഹാമാരി പോലുള്ള അപ്രതീക്ഷിതമായ പ്രതിസന്ധികൾക്കിടയിലും പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള യാത്രയിൽ ഉറച്ചുനിൽക്കുകയാണ് പ്രധാനമന്ത്രി. 2020ൽ കോവിഡ് മഹാമാരി ലോകത്താകെ ആഞ്ഞടിച്ചപ്പോൾ ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥകളെ അത് ബാധിച്ചു. എല്ലാ സാധ്യതകളും അനിശ്ചിതത്വത്തിലായിരുന്നു. എപ്പോൾ ഇതൊക്കെ അവസാനിക്കുമെന്നും ഇരുട്ടു നീങ്ങി പുതിയ പ്രകാശം ലോകം എപ്പോൾ കാണും എന്നുമൊക്കെയുള്ള ചോ​ദ്യങ്ങൾ എല്ലാവരുടെ ഉള്ളിലും ഉണ്ടായി.

  നിരവധി പേരുടെ ജീവിതത്തെയും ഉപജീവന മാർ​ഗങ്ങളെയും ബാധിച്ച, നിരവധി അനന്തരഫലങ്ങൾ സൃഷ്ടിച്ച, ആരും സങ്കൽപിച്ചിട്ടു പോലുമില്ലാത്ത ആരോ​ഗ്യ അടിയന്തരാവസ്ഥയാണ് ലോകമെമ്പാടും ഉണ്ടായത്. വ്യത്യസ്ത മേഖലകൾക്കും വ്യവസായങ്ങൾക്കും വ്യത്യസ്ത പരിഹാരങ്ങൾ ആയിരുന്നു ആവശ്യമായിരുന്നത്. സങ്കീർണ്ണമായ ഒരു ഉപകരണം നിർമിക്കുന്നതിനു സമാനമായിരുന്നു ഇത്.
  എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ, ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ ഇന്ത്യ മികച്ച സമീപനം തിരഞ്ഞെടുത്തു.

  ആഗോള ഉൽപ്പാദന കേന്ദ്രമായി ഇന്ത്യ ഉയർന്നുവരുന്നു എന്നതാണ് കഴിഞ്ഞ എട്ട് വർഷക്കാലത്തിനിടയിലെ മറ്റൊരു നിർണായക സവിശേഷത. 2014 വരെ, നിർമ്മാണ മേഖലയിലല്ല, സാങ്കേതിക സേവന വ്യവസായങ്ങളിലെ നിക്ഷേപത്തിന്റെ കരുത്തിലാണ് ഇന്ത്യ വളർന്നത്.

  Also Read- Modi@8 | വരുമാനം വർധിച്ചു; താങ്ങുവിലകൾ ഉയർത്തി; കർഷകർക്കിത് സുവർണ കാലഘട്ടം: നരേന്ദ്ര സിംഗ് തോമർ

  ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങൾ നിർമ്മാണ രം​ഗത്തേക്ക് കടക്കുകയോ അതിൽ തുടരുകയോ ചെയ്യുന്നത് ഒരു വെല്ലുവിളിയായിരുന്നു. എന്നാൽ, പ്രതിരോധം, ഫാർമസി, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ നിർമ്മാണ മേഖലകളിൽ സമീപകാലത്ത് ഇന്ത്യക്കുണ്ടായി വളർച്ച അവയെ എല്ലാം തിരുത്തിക്കുറിച്ചു.

  ലോകബാങ്ക് പോലുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള നയങ്ങളെ പിന്തുടർന്ന് നിന്ന് നിർമാണ രം​ഗത്തേക്ക് ഇന്ത്യ കുതിപ്പ് നടത്തി. ലോകബാങ്കിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ (Ease of Doing Business Rankings) രാജ്യം മുന്നേറി. 2014-ൽ 142 -ാം സ്ഥാനത്ത് ആയിരുന്നു ഇന്ത്യ. 2020-ൽ 63-ാം സ്ഥാനത്തേക്ക് അത് ഉയർന്നു. 'മേക്ക് ഇൻ ഇന്ത്യ' പോലുള്ള നിരവധി പദ്ധതികൾ കഴിഞ്ഞ എട്ടു വർഷത്തിനിടെ നടപ്പിലാക്കി. ഈ ശ്രമങ്ങൾ ഇന്ത്യയെ ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർത്തി.

  2014ലെ തിരഞ്ഞെടുപ്പ് വിജയം ഈ രാജ്യത്തെ പാവപ്പെട്ടവർക്കായാണ് പ്രധാനമന്ത്രി സമർപ്പിച്ചത്. സർക്കാരിന്റെ നയങ്ങളിലും ഭരണത്തിലും കൂടുതൽ ജനങ്ങളെ ഉൾക്കൊള്ളിക്കാൻ തികഞ്ഞ ശ്ര​ദ്ധ പുലർത്തുന്നുണ്ട്. 2014 ആഗസ്ത് 28-ന്, പ്രധാനമന്ത്രി ജൻധൻ യോജന (PMJDY) എന്ന മഹത്തായ പദ്ധതിക്ക് മോദി തുടക്കമിട്ടു. എൻ‌ആർ‌ഇ‌ജി‌എ പേയ്‌മെന്റുകൾ പോലുള്ള എല്ലാ ക്ഷേമ ആനുകൂല്യങ്ങളും ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. എട്ട് വർഷത്തിന് ശേഷം, പദ്ധതി വിഭാവനം ചെയ്തതിലും ഏറെ നേട്ടമുണ്ടാക്കി. 2022 മെയ് 29 വരെയുള്ള കണക്ക് അനുസരിച്ച്, ഇതുവരെ 45.47 കോടി ഗുണഭോക്താക്കൾ പദ്ധതിക്കു കീഴിലുണ്ട്. 167,406.58 കോടിയാണ് ഡെപ്പോസിറ്റ് ബാലൻസ്. രാജ്യത്തെ ദരിദ്രരായ ജനങ്ങളെ ലക്ഷ്യം വെച്ചാണ് മോദി സർക്കാർ പദ്ധതികളും ആനുകൂല്യങ്ങളും നടപ്പിലാക്കുന്നത്. ഉജ്ജ്വല, സ്വച്ഛ് ഭാരത്, ശുഭഗ്യ, ആവാസ് യോജന, കിസാൻ സമ്മാൻ നിധി, ആയുഷ്മാൻ ഭാരത് തുടങ്ങിയ പരിപാടികൾ സർക്കാരിന്റെ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി, രാജ്യത്തെ പാവപ്പെട്ട ജനങ്ങൾ ഇന്ത്യയുടെ വളർച്ചയിൽ പങ്കാളികളായി കണക്കാക്കപ്പെടുന്നു.

  ദേശീയ സുരക്ഷ സംബന്ധിച്ച് മോദി സർക്കാരിന്റെ നേട്ടം എടുത്തു പറയേണ്ടതാണ്. മുൻ കോൺഗ്രസ് സർക്കാരിന്റെ മൃദു സമീപനത്തിൽ നിന്നും വ്യത്യസ്തമായി, മിന്നലാക്രമണങ്ങളും ഭീകര ക്യാമ്പുകളിൽ വ്യോമാക്രമണങ്ങളും നടത്തി. രാഷ്ട്രീയവും രാജ്യ സുരക്ഷയും തമ്മിൽ ഒരിക്കലും സർക്കാർ ബന്ധിപ്പിച്ചു കണ്ടില്ല. പ്രതിരോധ ഉത്പാദനത്തിൽ ഇന്ത്യയുടെ സ്വാശ്രയത്വം കുതിച്ചുയർന്നു. 2015-ൽ പതിനായിരം കോടിയിലധികം മൂല്യമുള്ള പ്രതിരോധ ഉൽപ്പന്നങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്തു, 2025-ഓടെ മുപ്പത്തയ്യായിരം കോടി എന്ന ലക്ഷ്യം കൈവരിക്കാനാണ് ലക്ഷ്യം.

  ലോകം ഇപ്പോൾ ഇന്ത്യയെ കാണുന്നത് ഒരു വികസിത രാജ്യമായി മാത്രമല്ല, ആഗോള സാമ്പത്തിക കാര്യങ്ങളിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന ഒരു ശക്തിയായി കൂടിയാണ്. വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഒരു ഘടകം എന്ന എന്ന നിലയിൽ അന്താരാഷ്ട്ര വ്യാപാരത്തിന്റെ ശക്തിയെ നിഷേധിക്കാനാവില്ല. പരസ്പര ആശ്രയത്വത്തിന്റെയും കൂട്ടായ പ്രവർത്തനങ്ങളുടെയും കൂടി ഫലമാണ് ഇന്ത്യയുടെ വളർച്ച.

  പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഒരു പുതിയ യുഗത്തിലേക്ക് നയിച്ചുവെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ രാഷ്ട്രതന്ത്രവും കാഴ്ചപ്പാടും ആഗോള തലത്തിൽ തന്നെ ഇന്ത്യയുടെ അന്തസ്സും ബഹുമാനവും ഉയർത്തുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള സംരംഭങ്ങൾ മുതൽ കോവിഡ് മഹാമാരിയെ നേരിട്ട രീതി വരെ ഉദാഹരണമാണ്. മോദിയുടെ കീഴിലുള്ള ഇന്ത്യ, മറ്റു രാജ്യങ്ങൾക്ക് അനുകരിക്കാൻ ഒരു മാതൃകയായി നിലകൊള്ളുകയാണ്. പ്രധാനമന്ത്രി മോദി ആഗോള വ്യാപാര-സാമ്പത്തിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുമ്പോഴെല്ലാം, അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ഇന്ത്യയുടെ മഹത്തായ പൈതൃകവും വരാനിരിക്കുന്ന സാധ്യതകളും മുൻനിർത്തിയാണ്. ഒരു രാഷ്ട്രതന്ത്രജ്ഞനെപ്പോലെയുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ മൂലം ലോകം ഇന്ത്യയെ ഒരു പുതിയ വീക്ഷണകോണിൽ നിന്ന് കാണാൻ ആരംഭിച്ചു.

  ഇപ്പോൾ, ഒരു ആഗോള ശക്തിക്കു മുന്നിലും തലകുനിക്കാതെ, ശക്തമായും സ്വതന്ത്രമായും ‌അഭിപ്രായം പ്രകടിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുന്നു. ഐക്യരാഷ്ട്രസഭയിലും മറ്റ് അന്താരാഷ്ട്ര വേദികളിലും പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വർത്തമാന കാല സാഹചര്യത്തിൽ ഒരു പുതിയ ഇന്ത്യയെ തന്നെ മോദി രൂപപ്പെടുത്തി. ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും രാജ്യത്തെയും അതിന്റെ നേട്ടങ്ങളെയും അടയാളപ്പെടുത്തി.

  നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തി എട്ടു വർഷം പൂർത്തിയാകുമ്പോൾ രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വർഷം ആഘോഷിക്കുകയാണ്. നാം എന്തായിരുന്നുവെന്ന് തിരിഞ്ഞുനോക്കാനുള്ള ഒരു അവസരവും എന്താകും എന്നറിയാൻ മുന്നോട്ട് നോക്കേണ്ട സമയവും കൂടിയാണിത്. 2047 ലക്ഷ്യം വെച്ച്, സമാധാനത്തിന്റെയും സമൃദ്ധിയുടെയും മഹത്തായ കാലഘട്ടത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ ആ സുവർണ കാലഘട്ടത്തിലേത്ത് ജനങ്ങളെ നയിക്കുകയാണ് പ്രധാനമന്ത്രി.

  (ലേഖകൻ കേന്ദ്ര ആഭ്യന്തരമന്ത്രിയാണ്. അഭിപ്രായങ്ങൾ വ്യക്തിപരം)
  Published by:Rajesh V
  First published: