• HOME
 • »
 • NEWS
 • »
 • opinion
 • »
 • ചരിത്ര പരാജയത്തിന് കോൺഗ്രസിന്റെ മരുന്ന്; തൽക്കാലം ചർച്ചകൾ മാത്രം മതി

ചരിത്ര പരാജയത്തിന് കോൺഗ്രസിന്റെ മരുന്ന്; തൽക്കാലം ചർച്ചകൾ മാത്രം മതി

റിപ്പോർട്ടിൽ നിറുത്തുക എന്നതാണ് പതിവ് നടപടി. ഇത്തവണ ഒരു പടി കൂടി കടന്നു. അണികളുടെ രോഷം തിരിച്ചറിഞ്ഞ് എന്താണ് വേണ്ടത് എന്ന് കൂടി പ്രഖ്യാപിച്ചു. താഴെ തട്ടുമുതൽ കെപിസിസി പ്രസിഡന്റ് സ്ഥാനം വരെ അഴിച്ചുപണി.  എപ്പോഴാകും ഇതൊക്കെ ചെയ്യുക എന്ന ചോദ്യമുയരുമെന്ന് തിരിച്ചറിഞ്ഞ്  അതിനും മുൻകൂട്ടി തടയിട്ടു. ഇക്കാര്യങ്ങൾ നടപ്പിലാക്കാൻ കർമ്മപദ്ധതി തയ്യാറാക്കും.

News18 Malayalam

News18 Malayalam

 • Share this:
  കോൺഗ്രസിന്റെ തന്ത്രങ്ങൾ പ്രവചനാതീതമാണ്. അത് കരുത്തോടെ നിൽക്കുമ്പോഴായാലും വീണു കിടക്കുമ്പോഴായാലും. ആരും പ്രതീക്ഷിക്കാത്തതാകും നേതാക്കളുടെ നീക്കം. സ്വന്തം നിലനിൽപ്പിനെ ബാധിക്കുന്നതാണെങ്കിൽ അതിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകുകയുമില്ല. ചരിത്ര പരാജയത്തിന് ശേഷം കോൺഗ്രസ് നേതാക്കളുടെ നടപടികൾ സൂചിപ്പിക്കുന്നതും അതാണ്.

  വലിയ കൂടി ആലോചനകൾ നടന്നു. പക്ഷെ നടപടിയൊന്നുമില്ല. എന്താണ് പരാജയ കാരണം എന്നതിന്റെ പ്രാഥമിക പരിശോധനയെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം  നടന്ന ആദ്യ ഉന്നതതലയോഗത്തിൽ നടന്നതായി സൂചനയില്ല. അത്തരമൊരു ആലോചനയുടെ ആവശ്യം  ഉന്നതാധികാര സമിതിയിലുള്ള നേതാക്കൾക്കില്ല എന്നത് സത്യം തന്നെ. അവർക്കറിയാത്ത കാരണമൊന്നുമല്ല പരാജയത്തിന് പിന്നിൽ. എങ്കിലും അണികളെ തൃപ്തിപ്പെടുത്താനെങ്കിലും ചില ആലോചനകൾ ആകാമായിരുന്നു. അതെല്ലാം മാറ്റിവച്ച് കർമ്മപദ്ധതി തയ്യാറാക്കാൻ തീരുമാനിച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ വിജയ പാതയിലെത്തിക്കാനുള്ള കർമ്മ പദ്ധതി.

  കർമ്മപദ്ധതി

  താഴെ തട്ടുമുതൽ കെപിസിസി വരെയുള്ള തലങ്ങളിൽ അടിമുടി മാറ്റം. ഇതിനാണ് കർമ്മ പദ്ധതി തയ്യാറാക്കുന്നത്. കനത്ത പരാജയത്തിന് പിന്നാലെ പാർട്ടി അടിമുടി ഉടച്ചു വാർക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. ആരു കേട്ടാലും തെറ്റു പറയാത്ത തീരുമാനം തന്നെയാണിത്. അതിൽ തർക്കമേയില്ലെന്ന് മാത്രമല്ല അതു തന്നെയാണ് വേണ്ടത്. പക്ഷെ ഇത്ര വലിയ പരാജയം ഏറ്റുവാങ്ങി അതിൽ അമർഷം കൊണ്ട അണികൾ നേതൃത്വത്തെ കടുത്ത ഭാഷയിൽ പ്രതിഷേധിക്കുന്നതിനിടെയാണ് ഈ തീരുമാനം എന്നത് മറക്കരുത്.

  ചരിത്ര പരാജയത്തിന് ശേഷം ആടിയുലയുകയാണ് കോൺഗ്രസ്. അണികൾക്ക് ആത്മവിശ്വാസം പകരേണ്ട സമയമാണിത്. അത്തരമൊരു സാഹചര്യത്തിൽ പോലും നടത്താത്ത ശുദ്ധീകരണം ഇനി എപ്പോൾ നടത്താനാണ്. ഈ പ്രതിഷേധമെല്ലാം ആറിതണുത്ത ശേഷമോ? അങ്ങനെ കോൺഗ്രസ് പാർട്ടിയിൽ ഇതുവരെ ഉണ്ടായിട്ടുണ്ട്?  പറയുന്നത് മൂന്നോ നാലോ തലങ്ങളിലെ അഴിച്ചു പണി. ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ത്? ബൂത്ത് തലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്താൻ നടപടി. ഇതാണ് ആദ്യ പടി. പിന്നാലെ ഡിസിസി പ്രസിഡന്റുമാരെ മാറ്റി ശുദ്ധീകരണം. അതു കഴിഞ്ഞാൽ കെപിസിസി ജംബോ കമ്മിറ്റികൾ പൊളിച്ചടുക്കി ചെറിയ കമ്മിറ്റിയാക്കും. അതും കഴിഞ്ഞ് കെപിസിസി പ്രസിഡന്റ്.

  ഇതിൽ ഏതൊക്കെ നടക്കും. ബൂത്ത് തലം തൊട്ടുള്ള ശക്തിപ്പെടുത്തൽ നടക്കണമെങ്കിൽ ഡിസിസി തലത്തിൽ അഴിച്ചു പണി നടക്കണം. ഡിസിസി തലത്തിൽ അഴിച്ചു പണി നടക്കണമെങ്കിൽ ഗ്രൂപ്പ്തലത്തിൽ സമവായത്തിലെത്തണം. അത് എത്ര എളുപ്പമാണെന്ന് മുമ്പ് പലപ്പോഴും കണ്ടതുമാണ്. ഇതുകഴിഞ്ഞ് വേണം കെപിസിസിയിലേക്ക് കടക്കാൻ. ജംബോകമ്മിറ്റിയാണ് കോൺഗ്രസിന്റെ പ്രതിസന്ധിക്കും പരാജയത്തിനും കാരണമെന്നാണ് ഇപ്പോഴത്തെ കുറ്റപ്പെടുത്തൽ. ആരാണ് ജംബോ കമ്മിറ്റികൾ രൂപീകരിച്ചത്. ഇപ്പോൾ കുറ്റംപറയുന്ന നേതാക്കളടക്കമുള്ളവർ തന്നെയാണ് അതിന് പിന്നിൽ. അന്ന് ഗ്രൂപ്പ് നേതാക്കളെ, ചെറുപ്പക്കാർ മുതൽ വടി ഊന്നി നടക്കുന്നവർ വരെയുള്ള ഗ്രൂപ്പ് നേതാക്കളുടെ അന്തസ്സ് കാക്കാൻ വേണ്ടി നടത്തിയ പോരാട്ടത്തിന്റെ ഭാഗമാണ് ജംബോ കമ്മിറ്റികൾ. അത് ആര് പൊളിക്കും. അതിൽ നിന്ന് ആര് ആരെ പിൻവലിക്കും. ആ പോര് ഉടനെ കാണാം..

  പ്രതിപക്ഷ നേതാവ്

  ഭരണമില്ലെങ്കിൽ ഏറ്റവും ഗ്ലാമർ പദവി പ്രതിപക്ഷ നേതൃസ്ഥാനമാണ്. ക്യാബിനറ്റ് പദവി, പൈലറ്റും എസ്കോട്ടുമുള്ള യാത്ര. ഇതിനെല്ലാം പുറമേ രണ്ട് ഡസനിലേറെ, കൃത്യമായി പറഞ്ഞാൽ 28 പഴ്സണൽ സ്റ്റാഫുകൾ. ഇങ്ങനെ ആ പദവിയുടെ ഗ്ലാമർ കൂട്ടുന്ന ഘടകങ്ങൾ ഏറെയാണ്. ഈ ഗ്ലാമറില്ലെങ്കിലും പ്രധാന പ്രതിപക്ഷ പാർട്ടിയുടെ അധ്യക്ഷൻ എന്ന പദവിയും അത്ര മോശമുള്ളതല്ല. അതുകൊണ്ടാണ് തൊറ്റതിന് പിന്നാലെ ഈ രണ്ട് പദവികളിലിരിക്കുന്നവർക്കെതിരെ കോൺഗ്രസിൽ കല്ലേറുണ്ടായത്.

  പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല മികച്ച പ്രകടനമാണ് കാഴ്ച വച്ചതെന്ന് അദ്ദേഹത്തോടൊപ്പമുള്ള ഐ ഗ്രൂപ്പ് നേതാക്കൾ അവകാശപ്പെടുന്നു. അദ്ദേഹത്തോട് ഒപ്പമുള്ള ഐ ഗ്രൂപ്പ് നേതാക്കൾ എന്ന് പറയാൻ കാരണം രമേശ് ഒഴിഞ്ഞാൽ ആ പദവി ഐ ഗ്രൂപ്പിന് തന്നെ ലഭിക്കുമെന്ന വിശ്വാസത്തിൽ അടുത്ത സാധ്യതയുള്ള നേതാവിനൊപ്പം ഇപ്പോഴേ ചില ഗ്രൂപ്പ് നേതാക്കൾ ചേക്കേറിയിട്ടുണ്ട് എന്നത് കൊണ്ടാണ്. രമേശ് ചെന്നിത്തല തുടരണമെന്ന് ആവശ്യപ്പെടുന്നതിന് കാരണവും ഇവർ നിരത്തുന്നുണ്ട്. കുഞ്ഞാലികുട്ടിയും പി.ജെ.ജോസഫും അടക്കമുള്ള ഘടകകക്ഷികളെ കൂടി ഒപ്പം നിറുത്തി സഭയിലും പുറത്തും മുന്നണിയെ ഒന്നിച്ച് കൊണ്ട് പോകേണ്ട നേതാവാണ് വേണ്ടത്. അതിന് പകരക്കാരായി കേൾക്കുന്ന പേരുകാർക്ക് സാധിക്കില്ല. അതുകൊണ്ട് നിലവിലെ പ്രതിപക്ഷ നേതാവ് തുടരണം. ഇതാണ് വാദം.

  എ ഗ്രൂപ്പിലെ ചില നേതാക്കളും ഈ നിർദ്ദേശത്തെ പിന്തുണയ്ക്കുന്നുണ്ട്. അതിനുമുണ്ട് കാരണം. സത്യപ്രതിജ്ഞ വൈകിയത് ഇവർക്ക് വലിയ അനുഗ്രഹമായിരിക്കുകയാണ്. സർക്കാർ രൂപീകരിച്ച് കഴിഞ്ഞു മതി പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നത്. അതുവരെ അനുനയിപ്പിക്കാനും ചരട് വലിക്കാനും സാവകാശമുണ്ട്.

  കെപിസിസി പ്രസിഡ‍ന്റ്

  തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തന്നെ മുല്ലപ്പള്ളി രാമചന്ദ്രന് കാര്യം പിടികിട്ടിയിരുന്നു. പണി വരുന്നത് തനിക്കാണ്. അത് തിരിച്ചറിഞ്ഞ് തന്നെയാണ് പരാജയത്തിന് കൂട്ട ഉത്തരവാദിത്തമുണ്ടെന്നും തന്നെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നുമൊക്കെയുള്ള പ്രസ്താവനകൾ അദ്ദേഹം നടത്തിയതും. എന്നിട്ടും വിടുന്നമട്ടില്ല. കെപിസിസി പ്രസിഡന്റിന് പിന്നാലെയാണ് എല്ലാ ഗ്രൂപ്പുകളും. അദ്ദേഹത്തിന് പ്രത്യേകിച്ച് ഗ്രൂപ്പില്ലാത്തത് കൊണ്ട് തന്നെ.

  ജംബോ കമ്മിറ്റികൾ ഉടച്ചു വാർത്താലുമില്ലെങ്കിലും, ഡിസിസികൾ അഴിച്ചു പണിഞ്ഞാലും ഇല്ലെങ്കിലും കെപിസിസി പ്രസിഡന്റ് മാറും. മാറണം. എല്ലാ ഗ്രൂപ്പ് നേതാക്കളും ഒരേ സ്വരത്തിൽ ഉറപ്പിച്ച് പറയുന്നകാര്യം ഇതാണ്. എന്നാൽ പിന്നെ അണികളെ തൃപ്തിപ്പെടുത്താൻ അതങ്ങ് നടത്തികൂടെയെന്ന് ചോദിക്കരുത്. അതിനും വേണം സാവകാശം. അണികളുടെ രോഷം ഭയന്നൊന്നുമല്ല സാവകാശം ചോദിക്കുന്നത്. അതിന്റെ കാരണം വേറെയാണ്. ഇന്നത്തെ അവസ്ഥയിൽ കെപിസിസി പ്രസി‍ഡന്റിനെ മാറ്റാൻ ഇറങ്ങിപുറപ്പെട്ടാൽ അത് ചെന്നെത്തുക കെ. സുധാകരനിലായിരിക്കും. ഇനി വേണ്ടത് കെ.സുധാകരനെ പോലെയുള്ള നേതാവാണെന്ന് അരിശം മൂത്ത് പ്രവർത്തകരിൽ പലരും ഈ ആവശ്യം പരസ്യമായി ഉന്നയിച്ചു കഴിഞ്ഞു. കെ.സുധാകരൻ ഐ ഗ്രൂപ്പിന്റെ ഭാഗമാണെന്നാണ്  പുറത്തറിയപ്പെടുന്നതെങ്കിലും അവർക്കിടയിൽ നിന്ന് പോലും ഇക്കാര്യത്തിൽ അദ്ദേഹത്തിന് ഉറച്ച പിന്തുണയില്ല.

  പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പിനെങ്കിൽ കെപിസിസി പ്രസിഡ‍ന്റ് സ്ഥാനം എ ഗ്രൂപ്പിനെന്ന കരുണാകര - എ.കെ.ആന്റണി ഫോർമുലയിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്ന ഇരുഗ്രൂപ്പുകളും  ഇതിൽ വിട്ടുവീഴ്ച നടത്താൻ തയ്യാറുമല്ല. അതുകൊണ്ട് അവർക്കും വേണം സാവകാശം.

  ഹൈക്കമാൻഡ് 

  ചരിത്ര പരാജയത്തെ കുറിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് റിപ്പോർട്ട് തേടി. കേരളത്തിന്റെ ചുമതലയുള്ള ജനറ ൽ സെക്രട്ടറി താരിഖ് അൻവറിനോടാണ് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിരിക്കുന്നത്. രണ്ട് ദിവസം മാധ്യമങ്ങളിലെ തലക്കെട്ടായിരുന്നു ഇത്. ഏത് തെരഞ്ഞെടുപ്പ് തോറ്റാലും ഉണ്ടാകുന്ന ഹൈക്കമാൻഡ് നടപടിയാണിത്. അതുകൊണ്ട് എപ്പോൾ വേണമെങ്കിലും എടുത്ത് പ്രയോഗിക്കാവുന്ന തലവാചകവുമാണിത്. ആ പ്രയോഗം ഇത്തവണയുമുണ്ടായി. ഇങ്ങനെ രാജ്യത്താകെ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ പരിശോധിക്കാൻ തന്നെ ഹൈക്കമാൻഡിന് പുതിയ സമിതിയെ വയ്ക്കേണ്ട അവസ്ഥയിലുണ്ട്. എന്നാൽ കേരളത്തിന്റെ കാര്യത്തിൽ  അതിന്റെ ആവശ്യമില്ല. എങ്കിലും ഒരു ഭംഗിക്ക് ആവശ്യപ്പെട്ടുവെന്ന് മാത്രം.

  കേരളത്തിൻെറ കാര്യത്തിൽ  പരാജയ കാരണം കണ്ടെത്താൻ ഒരു റിപ്പോർട്ടിന്റെയും ആവശ്യമില്ലെന്ന് വെറുതെ പറഞ്ഞതല്ല. ഹൈക്കമാൻഡ് റിപ്പോർട്ട് ആവശ്യപ്പെട്ടത് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരീഖ് അൻവറിനോട്. താരീഖ് അൻവർ നൽകുന്ന ഈ റിപ്പോർട്ട് പരിശോധിക്കേണ്ടത് സംഘടനയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്. സംഘടനയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് കോൺഗ്രസ് പ്രസിഡന്റിന് കാരണവും തിരുത്തൽ നടപടിയും സംബന്ധിച്ച ശുപാർശ നൽകേണ്ടത്. കേരളത്തിലെ രാഷ്ട്രീയവും ഗ്രൂപ്പ് പോരും നന്നായിട്ടറിയാവുന്ന ഇതിന്റെയെല്ലാം ഭാഗം കൂടിയായ കെ.സി.വേണുഗോപാലാണ് സംഘടനയുടെ ചുമതലയുള്ള ജനറൽസെക്രട്ടറി എന്ന നിലയ്ക്ക്  താരീഖ് അൻവറിന്റെ റിപ്പോർട്ട് പരിശോധിച്ച് കോൺഗ്രസ് പ്രസിഡന്റിന് ശുപാർശ നൽകേണ്ടത്. അതായത്  തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ മുതൽ സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രചാരണത്തിലുമെല്ലാം സജീവമായിരുന്ന, കേരളത്തിലെ ഒരോ ചലനവും വ്യക്തമായി അറിയുന്ന നേതാവിനാണ് വല്ലപ്പോഴും മാത്രമെത്തി നിർദ്ദേശം നൽകി മടങ്ങുന്ന ചുമതലക്കാരനായ ജനറൽ സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കേണ്ടത്.

  പതിവ് തെറ്റിച്ചില്ല. ഒരു നടപടി കൂടി കണ്ടെത്തുകയും ചെയ്തു.
  റിപ്പോർട്ടിൽ നിറുത്തുക എന്നതാണ് പതിവ് നടപടി. ഇത്തവണ ഒരു പടി കൂടി കടന്നു. അണികളുടെ രോഷം തിരിച്ചറിഞ്ഞ് എന്താണ് വേണ്ടത് എന്ന് കൂടി പ്രഖ്യാപിച്ചു. താഴെ തട്ടുമുതൽ കെപിസിസി പ്രസിഡന്റ് സ്ഥാനം വരെ അഴിച്ചുപണി.  എപ്പോഴാകും ഇതൊക്കെ ചെയ്യുക എന്ന ചോദ്യമുയരുമെന്ന് തിരിച്ചറിഞ്ഞ്  അതിനും മുൻകൂട്ടി തടയിട്ടു. ഇക്കാര്യങ്ങൾ നടപ്പിലാക്കാൻ കർമ്മപദ്ധതി തയ്യാറാക്കും. മാസങ്ങൾ ചർച്ച ചെയ്തിട്ടും എങ്ങുമെത്താതെ ഒടുവിൽ  ഗ്രൂപ്പ് നേതാക്കൾ ചൂണ്ടികാട്ടിയവർക്കൊക്കെ പദവി നൽകിയാണ് കഴിഞ്ഞ തവണ പാർട്ടി പുനഃസംഘടിപ്പിച്ചത്. ആ പാർട്ടിയിലാണ് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം കെട്ടി ഏൽപ്പിച്ച് ചിലരെ മാറ്റി നിറുത്താൻ കർമ്മ പദ്ധതി തയ്യാറാക്കുന്നത്. ഇതൊക്കെ എന്ന് നടക്കും.
  Published by:Rajesh V
  First published: