നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • opinion
  • »
  • എല്ലാം നഷ്ടപ്പെട്ടവരോട് എങ്ങനെ ചോദ്യം ചോദിക്കും... എല്ലാ മറുപടികളും അവസാനിക്കുന്നത് തേങ്ങലുകളിലും പൊട്ടിക്കരച്ചിലുകളിലുമാകും

  എല്ലാം നഷ്ടപ്പെട്ടവരോട് എങ്ങനെ ചോദ്യം ചോദിക്കും... എല്ലാ മറുപടികളും അവസാനിക്കുന്നത് തേങ്ങലുകളിലും പൊട്ടിക്കരച്ചിലുകളിലുമാകും

  'അപ്രതീക്ഷിതമായാണ് കവളപ്പാറയിലെ മണ്ണിടിച്ചിലിനെക്കുറിച്ച് കേൾക്കുന്നതും ഏറെ ശ്രമപ്പെട്ട് അവിടെ എത്തുന്നതും. അവിടെ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു' മലപ്പുറം ഭൂദാനം ദുരന്തം റിപ്പോർട്ട് ചെയ്ത ന്യൂസ് 18 കേരളം സ്പെഷൽ കറസ്‌പോണ്ടന്റ് സി.വി.അനുമോദ് എഴുതുന്നു....

  • News18
  • Last Updated :
  • Share this:
   ''ഇതാണ് എന്റെ വീടിന്റെ ഏക ശേഷിപ്പ്. എന്റെ അമ്മയുടെ കയ്യക്ഷരം ആണിത് " ചെളിയിൽ കുതിർന്നു പോയ ഒരു ടെലഫോൺ ഡയറക്ടറി നെഞ്ചത്തടുക്കി സുമോദ് തേങ്ങലുള്ളിലൊതുക്കി പറയുമ്പോൾ , മൈക്ക് താഴെ വച്ച് ചേർത്തു പിടിക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ.

   മണ്ണിടിച്ചിൽ ഉണ്ടായതിന്റെ മൂന്നാം ദിനം. മണ്ണിടിഞ്ഞ മുത്തപ്പൻ കുന്നിന്റെ താഴ്വരയിലേക്ക് പ്രദേശവാസിയായ രാജേഷ് ഡൊമനിക്കാണ് ഞങ്ങളെ കൈ പിടിച്ച് കൊണ്ടു പോയത്.
   കാൽക്കീഴിൽ എന്താണെന്ന് പോലും അറിയില്ല. വീടുകൾക്കും തോടിനും തോട്ടത്തിനും മീതെ ചെമ്മണ്ണ് ചോരക്കുഴമ്പ് പോലെ പരന്നു കിടക്കുന്നു. പലയിടത്തും മുട്ടോളം താഴ്ന്നു പോകുന്നു. ഗതി മാറി യൊഴുകിയ തോടിന് പലപ്പോഴും ഗതിവേഗം കൂടുതലാണ്. കയ്യിലെ വലിയ കുട ഊന്നുകോലാക്കി മറുകരക്ക്. മരണത്തിന്റെ താഴ്വരയിലേക്ക് ഞങ്ങൾ നടന്നെത്തി.

   Also Read- 'വീട്.. ഒരുക്കൂട്ടി വച്ച സമ്പാദ്യം... സ്ഥലം.... പ്രിയപ്പെട്ട മക്കൾ... എല്ലാം മണ്ണെടുത്തു; ഇനി അറിയില്ല.. എങ്ങനെയെന്ന് ?'

   എല്ലായിടവും ഒരുപോലെ നിരന്നു കിടക്കുന്നു. 3 ഭാഗമായി പൊട്ടിച്ചിതറിയ മുത്തപ്പൻ കുന്നിൽ അടയാളങ്ങൾ ഒന്നുമില്ല. പലരും അവിടെയിവിടെയായി ആളുകൾ നിൽക്കുന്നു. പലരും സ്ഥലകാല ബോധമില്ലാതെ എന്ന പോലെയാണ് സംസാരിക്കുന്നത്. ഇവർ മല വിഴുങ്ങിയ വീടുകൾ തേടി വന്നതാണ്. ആ വീടുകൾക്ക് ഒപ്പം കാണാതായവരെ തേടി വന്നവർ. അച്ഛൻ, അമ്മ, മക്കൾ, ഭാര്യ, സഹോദരങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ. അവരുടെ തലക്ക് മുകളിലാകാം തങ്ങൾ ചവിട്ടുന്നതെന്ന തോന്നൽ പലരെയും തളർത്തി.

   അവിടെ നിന്നാണ് സുമോദിനെ കണ്ടത്.

   "വീട്ടിൽ അച്ഛനും അമ്മയും മാത്രമായിരുന്നു. ഉച്ചക്ക് ഫോൺ ചെയ്തപ്പോൾ മഴ പെയ്യുന്നതിനെ പറ്റിയാണ് പറഞ്ഞത്. മഴ കനത്തതോടെ സുമോദിന്റെയും അനുജന്റെയും ഭാര്യയേയും മക്കളെയും ഒക്കെ അനുജൻ ബന്ധുവീട്ടിലേക്ക് മാറ്റി. പക്ഷെ അപ്പോഴും അച്ഛനും അമ്മയും ഇവിടെ നിൽക്കാമെന്ന തീരുമാനത്തിലായിരുന്നു. പിന്നെ ഫോൺ ചാർജ് കുറവാണെന്ന് പറഞ്ഞു വെച്ചു. പിന്നെ ...."

   നാടിനെ കാക്കുന്ന മുത്തപ്പൻ മലക്ക് നില തെറ്റുമെന്ന് ആരറിയാൻ.....

   news18


   "എല്ലാം പോയി.... എന്റെ അച്ഛനേയും അമ്മയേയും കണ്ടെത്താനായെങ്കിൽ....."

   സുമോദിനെ ആർക്കും ആശ്വസിപ്പിക്കാനാവില്ല. കരഞ്ഞാൽ അത്രയെങ്കിലും ആശ്വാസമാകും. പക്ഷെ ഒരു തുള്ളി കണ്ണീർ പോലും പുറത്തുവരാത്ത വിധം ഉള്ളു തകർന്നു പോയവരാണ് ഇവിടെ എല്ലാം. വേറെയും കുറേപ്പേർ അവിടെ ഉണ്ടായിരുന്നു. എല്ലാം നഷ്ടപ്പെട്ടവരോട് എങ്ങനെ ചോദ്യങ്ങൾ ചോദിക്കും. എല്ലാ മറുപടികളും അവസാനിക്കുന്നത് തേങ്ങലുകളിലും പൊട്ടിക്കരച്ചിലുകളിലും ആകും. ഉള്ളു തകർന്നവരെ ആശ്വസിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ വേദനിപ്പിക്കാതിരിക്കുക എങ്കിലും ചെയ്യാം. ഞങ്ങൾ തിരികെ മറുകരയിലേക്ക് നടക്കാൻ തുടങ്ങി.

   പാതി വഴിയെത്തിയപ്പോൾ ദുരന്ത നിവാരണ സേനക്കാർ ഹിന്ദിയിൽ എന്തോ ഉച്ചത്തിൽ പറയുന്നതു കേട്ടു. അധ്വാനം ഫലം കണ്ടതിന്റെ ഊർജം ആ ശബ്ദത്തിൽ അറിയാം. പക്ഷെ അതിന്റെ അലയൊലിയിൽ പ്രതിധ്വനിക്കുന്നത് മലയടിവാരത്തെ അടക്കിപ്പിടിച്ച തേങ്ങലുകളാണ്.....

   Also Read- 'മണ്ണിനടിയിലേക്ക് മടങ്ങിപ്പോയ ഒരാളെ പോലും ഞാന്‍ കണ്ടിട്ടില്ല; പക്ഷേ അവരെല്ലാം എന്‍റെ ആരൊക്കെയോ ആണെന്ന് തോന്നുന്നു'

   First published: