നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • opinion
  • »
  • 'വീട്.. ഒരുക്കൂട്ടി വച്ച സമ്പാദ്യം... സ്ഥലം.... പ്രിയപ്പെട്ട മക്കൾ... എല്ലാം മണ്ണെടുത്തു; ഇനി അറിയില്ല.. എങ്ങനെയെന്ന് ?'

  'വീട്.. ഒരുക്കൂട്ടി വച്ച സമ്പാദ്യം... സ്ഥലം.... പ്രിയപ്പെട്ട മക്കൾ... എല്ലാം മണ്ണെടുത്തു; ഇനി അറിയില്ല.. എങ്ങനെയെന്ന് ?'

  'അപ്രതീക്ഷിതമായാണ് കവളപ്പാറയിലെ മണ്ണിടിച്ചിലിനെക്കുറിച്ച് കേൾക്കുന്നതും ഏറെ ശ്രമപ്പെട്ട് അവിടെ എത്തുന്നതും. അവിടെ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു' മലപ്പുറം ഭൂദാനം ദുരന്തം റിപ്പോർട്ട് ചെയ്ത ന്യൂസ് 18 കേരളം സ്പെഷൽ കറസ്‌പോണ്ടന്റ് സി.വി.അനുമോദ് എഴുതുന്നു.

  • Share this:
   "എനിക്ക് അവരെ മാത്രം രക്ഷിക്കാൻ പറ്റിയില്ല...എന്റെ പൊന്നു മക്കളെ മാത്രം" എന്റെ അച്ഛനേക്കൾ പ്രായമുള്ള വെട്ടുപറമ്പിൽ ജോയി എന്ന മനുഷ്യന്റെ കണ്ണീർ എന്റെ നെഞ്ചിലും ആണ് വീണത് എങ്കിലും പൊള്ളിയത് എന്റെ ഉള്ളായിരുന്നു..ഭൂ ദാനത്ത് മണ്ണിടിച്ചിലിൽ വീട്ടിനുള്ളിൽ പെട്ട് മരിച്ച അനഘ യുടേയും അലീനയുടേയും മുത്തച്ഛനാണ് ആണ് ജോയി. നിലമ്പൂർ വനത്തിനോട് ചേർന്നുള്ള മരുതയിലെ ബന്ധുവീട്ടിലിരുന്നു ജോയിയും മക്കളും നടന്ന കാര്യങ്ങൾ ഇടറിയ ശബ്ദത്തോടെ പറയുമ്പോൾ കാതുകളിലൂടെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു മനസിലേക്ക്.

   ഭൂദാനത്തെ മലമുകളിലുള്ള സെന്റ് ജോർജ് പള്ളി വക സെമിത്തേരിയിൽ ഒരു കല്ലറക്കകത്ത് , ഒന്നുമറിയാതെ, ഒരുമിച്ച് ഉറങ്ങുകയാണ് അലീനയും അനഘയും.ദുരന്ത രാത്രിയിൽ കട്ടിലിൽ കെട്ടിപ്പിടിച് കിടന്നതു പോലെ.ഒരിക്കലും ഉണരാത്ത നിത്യനിദ്ര.

   ആ പള്ളി മുറ്റത്ത് വച്ച് അനഘയുടെ അച്ഛൻ വിനോജിന്റെ സുഹൃത്ത് ഷിജോയാണ് ഞങ്ങൾക്ക് ദുരന്തത്തിന്റെ ചിത്രം വാക്കുകളാൽ വരച്ചു തന്നത്. വ്യാഴാഴ്ച രാത്രി തന്നെ അനഘയെ ജോയിച്ചേട്ടൻ ഇടിഞ്ഞു വീണ കല്ലുകൾക്കിടയിൽ നിന്ന് പുറത്തെടുത്തുവെങ്കിലും മറുകരയിലെത്തിക്കാനായില്ല. പന്ത്രണ്ട് മണിക്കൂറിന് ശേഷമാണ് ഇവരെ സുരക്ഷിത സ്ഥാനത്ത് കൊണ്ടുവരാൻ നാട്ടുകാർക്ക് സാധിച്ചത്. അനഘയെ അൽപ സമയം മുമ്പ് ആശുപത്രിയിലെത്തിക്കാനായെങ്കിൽ ഒരു പക്ഷേ.... ഷിജോയ്ക്ക് അത് പറഞ്ഞവസാനിക്കാനായില്ല.

   വിക്ടറും അനുജൻ വിനോജും അവരുടെ ഭാര്യമാരും അച്ഛൻ ജോയിയും അമ്മ എൽസമ്മയും അമ്മമ്മ ഏലിയാമ്മയും വിക്ടറിന്റെ മക്കളായ അലീനയും അഞ്ജനയും അമലും വിനോജിന്റെ മക്കൾ അനഘയും അലോനയും .. ആ രണ്ടു മുറി വീടിന്റെ ചുമരുകളേക്കാൾ ഉറപ്പും വിസ്തൃതിയേക്കാൾ വിശാലതയും ഉണ്ട് ഈ കുടുംബത്തിന്. ദുരന്തം നടന്ന രാത്രി വിക്ടറും വിനോജും മാത്രമാണ് ഇവിടെ ഉണ്ടാകാതിരുന്നത്. മണ്ണിടിച്ചിലിൽ ആദ്യം വീണത് തൊട്ടടുത്ത വീട്ടിലെ സ്ലാബാണ്. അലീനയും അനഘയും ഒരുമിച്ച് കട്ടിലിൽ ഉറങ്ങാൻ കിടന്നിരുന്നു. വിക്ടറിന്റേയും വിനോജിന്റേയും മൂത്ത കുട്ടികളാണ് ഇവർ. ഓർമ വച്ച കാലം മുതൽ ഒരുമിച്ചാണ് ഇരുവരും. കല്ലുകൾ ആദ്യം വീണത് ഈ കട്ടിലിന് മുകളിലേക്ക് ആയിരുന്നു. മറ്റുളവരെ വീടിന് പുറത്തെത്തിക്കാൻ കഴിഞ്ഞെങ്കിലും ഇവരെ മാത്രം ജോയി ചേട്ടന് സാധിച്ചില്ല. അനഘയെ ഒരു വിധത്തിൽ ഒരു പാട് സമയത്തിന് ശേഷം പുറത്തെടുത്തുവെങ്കിലും
   സ്ലാബുകൾക്ക് ഇടയിൽ കുടുങ്ങിയ അലീനയെ കണ്ടെത്താനായില്ല.പിന്നെ മൂന്നു ദിവസം കഴിഞ്ഞാണ് അലീനയുടെ മൃതദേഹം ലഭിച്ചത്. മകളെത്തേടി വീട് നിന്നിടത്ത് ഒറ്റക്ക് മൺവെട്ടിയുമായി തെരഞ്ഞ് തളർന്നു കരഞ്ഞിരുന്നു വിക്ടറെന്ന് പ്രദേശവാസികൾ.

       Also Read- 'മണ്ണിനടിയിലേക്ക് മടങ്ങിപ്പോയ ഒരാളെ പോലും ഞാന്‍ കണ്ടിട്ടില്ല; പക്ഷേ അവരെല്ലാം എന്‍റെ ആരൊക്കെയോ ആണെന്ന് തോന്നുന്നു'

   ആ വിക്ടറാണ് ഞങ്ങൾക്ക് മുമ്പിലിരുന്ന് സംസാരിക്കുന്നത്. ഇനി എല്ലാം പൂജ്യത്തിൽ നിന്നു തുടങ്ങണം... വീട് , ഒരുക്കൂട്ടി വച്ച സമ്പാദ്യം... സ്ഥലം .... പ്രിയപ്പെട്ട മക്കൾ... എല്ലാം മണ്ണെടുത്തു.... ഇനി അറിയില്ല....എങ്ങനെയെന്ന്???? ആശ്വസിപ്പിക്കാൻ പോലും കഴിയാതെ ഇരുന്ന ഞങ്ങളെ ഉണർത്തിയത് വിക്ടറിന്റെ അമ്മ എൽസമ്മ.

   " ഞങ്ങടെ കൂടെയിരുന്ന് അൽപം കഞ്ഞി കുടിക്കണം , കഴിക്കാതെ പോകരുത്".... ആ കുടുംബത്തിന്റെ ക്ഷണം നിരസിക്കാനായില്ല... അതായിരുന്നു ആ ഒരാഴ്ചക്കുള്ളിൽ ഞങ്ങൾ കഴിച്ച ഏറ്റവും രുചികരമായ ഭക്ഷണം. കണ്ണീരുപ്പ് കലർന്നിരുന്നു ആ കഞ്ഞിയിൽ. ഇപ്പോഴും തൊണ്ടയിൽ നിറയുന്നുണ്ട് ആ ഉപ്പുരസം.
   ഒപ്പം നിലാവിൽ കുളിച്ച് നിൽക്കുന്ന മലമുകളിൽ ഒരു കല്ലറക്ക് മുകളിലെ കുറച്ചു വെളുത്ത പൂക്കളും.

   First published: