• HOME
  • »
  • NEWS
  • »
  • opinion
  • »
  • Pension Row| ജനങ്ങൾ എന്തിന് രാഷ്ട്രീയക്കാരെ പെൻഷൻ കൊടുത്ത് തീറ്റിപ്പോറ്റണം?

Pension Row| ജനങ്ങൾ എന്തിന് രാഷ്ട്രീയക്കാരെ പെൻഷൻ കൊടുത്ത് തീറ്റിപ്പോറ്റണം?

''പൊതുപണം കൊണ്ട് രാഷ്ട്രീയക്കാരെ പോറ്റുന്ന അനാചാരം ഒഴിവാക്കുകയാണ് വേണ്ടത്. പൊതുവിൽ രാഷ്ട്രീയക്കാരാണ് ഈ പെൻഷൻ പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നതിനാൽ ഭരണപക്ഷവും പ്രതിപക്ഷവും ഗവർണർക്കെതിരെ ഒറ്റക്കെട്ടായാണ് നിൽക്കുന്നത്.''

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ശ്രീജിത്ത് പണിക്കർ

    ഇന്ത്യയിൽ സംസ്ഥാനസർക്കാരുകളും ഗവർണർമാരും തമ്മിലുള്ള തർക്കങ്ങൾ പുതുമയുള്ള ഒരു കാര്യമല്ല. സർക്കാർ രൂപീകരിക്കുന്നതിനോ അല്ലെങ്കിൽ രാഷ്ട്രീയ കാരണങ്ങളാൽ ഒരു സർക്കാരിനെ പിരിച്ചുവിടുന്നതിലോ മാത്രമാണ് സാധാരണ ഗവർണറുടെ ഇടപെടലുകൾ. പൊതുജനങ്ങൾ പൊതുവെ ഗവർണർപദവിയുടെ അധികാരങ്ങൾ തിരിച്ചറിയാറില്ല. ഗവർണർമാർ മിക്കപ്പോഴും പൊതുപ്രശ്നങ്ങളിൽ നിസംഗത പുലർത്താറാണ് പതിവ്. അതിനാൽ തന്നെ രാഷ്ട്രീയ വിവാദങ്ങളിൽ അവരുടെ അഭിപ്രായങ്ങൾ പലപ്പോഴും പുറത്തു വരാറില്ല.

    എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തനാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

    പൊതുപ്രശ്നങ്ങളിൽ, അല്ലെങ്കിൽ പൊതുതാൽപ്പര്യമുള്ള കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്ന വ്യക്തിയല്ല അദ്ദേഹം. വിഷയം തന്റെ അധികാര പരിധിയിലുള്ള സംസ്ഥാനത്തിന് പുറത്തുള്ളതായാലും അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കാറുണ്ട്.

    രാജ്യത്തിന്റെ നിയമങ്ങളെ അക്ഷരാർത്ഥത്തിൽ ‘സംരക്ഷിക്കുന്ന’, തന്റെ സംസ്ഥാനത്തെ ജനങ്ങളുടെ ’ക്ഷേമ'വുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ‘അർപ്പണ മനോഭാവം’ പുലർത്തുന്ന ഒരു ഗവർണറെ അടുത്തകാലത്തൊന്നും നാം കണ്ടിട്ടുണ്ടാകില്ല.

    പ്രതികരിക്കേണ്ട വിഷയങ്ങളുടെ തിരഞ്ഞെടുപ്പിൽ പോലും അദ്ദേഹം തന്റെ 'വിവേചനാധികാരം' യഥേഷ്ടം വിനിയോഗിക്കാറുണ്ട്. ബില്ലുകൾ, നയങ്ങൾ, അഭിപ്രായങ്ങൾ എന്നിവയെ ചൊല്ലിയുള്ള നിരവധി കലഹങ്ങൾക്കും മഞ്ഞുരുകലുകൾക്കും ശേഷം കേരള സർക്കാരും ഗവർണറും തമ്മിലുള്ള സംഘർഷം ഒരു സ്തംഭനാവസ്ഥയിലേക്ക് എത്തിയിരുന്നു. ഗവർണർക്ക് വഴങ്ങിക്കൊടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ വിമുഖത പ്രശ്നങ്ങളെ കൂടുതൽ വഷളാക്കിയിട്ടുണ്ട്.

    പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സർക്കാർ ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ ഒരു പുതിയ അംഗത്തെ നിയമിക്കുന്നതിനെക്കുറിച്ചുള്ള 'ആശങ്ക' അറിയിക്കാനായി പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയെ നിയോഗിച്ചിരുന്നു. അദ്ദേഹം ഇക്കാര്യത്തിൽ ഗവർണർക്ക്
    കത്തെഴുതി. മന്ത്രിസഭയ്ക്ക് പരിമിതമായ കുറച്ചു വിഷയങ്ങളിൽ ഗവർണറെ ഉപദേശിക്കാമെങ്കിലും അദ്ദേഹത്തിന്റെ 'അനൗചിത്യത്തെ' കുറിച്ച് സെക്രട്ടറി അദ്ദേഹത്തിന് കത്തെഴുതുന്നത് തീർത്തും അതിരുകടന്ന പ്രവർത്തി തന്നെയാണ്.

    Also Read- Governor | പെൻഷൻ വാങ്ങുന്ന പേഴ്സണൽ സ്റ്റാഫുകൾ 1223 പേർ; പെൻഷൻ നിർത്തണമെന്ന നിലപാടിലുറച്ച് ഗവർണർ

    കത്ത് വിവാദമായ ഉടനെ തന്നെ സെക്രട്ടറിയെ ആ സ്ഥാനത്തു നിന്ന് നീക്കി അന്തരീക്ഷം തണുപ്പിക്കാൻ  സർക്കാർ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല. തന്നെ വിമർശിക്കാൻ പ്രയോഗിച്ച അതേ നാണയത്തിൽ തന്നെ മറുപടി നല്കാൻ ഗവർണർ തീരുമാനിച്ചു. മന്ത്രിമാരുടെ പേഴ്‌‌സണൽ സ്റ്റാഫിലെ അംഗങ്ങൾക്ക് കേരള സർക്കാർ നൽകിവരുന്ന പെൻഷൻ ആനുകൂല്യങ്ങളെക്കുറിച്ച് ഗവർണർ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. 1994-ലെ കേരള പേഴ്‌സണൽ സ്റ്റാഫ് സർവീസ് വേതന ചട്ടങ്ങളിലെ ഭേദഗതി ചൂണ്ടിക്കാട്ടി കേരളത്തിലെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലെ അംഗങ്ങൾക്ക് പെൻഷൻ നൽകുന്നത് തെറ്റാണെന്ന് ഗവർണർ തുറന്നടിച്ചു. ഈ ഭേദഗതി പ്രകാരം മന്ത്രിമാരുടെ പേഴ്‌‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷന് അർഹത നേടാനായി രണ്ട് വർഷത്തെ സേവനം പൂർത്തിയാക്കിയാൽ മാത്രം മതി. അതായത് മന്ത്രിമാരുടെ പേഴ്‌‌സണൽ സ്റ്റാഫ് അംഗമായി രണ്ടു വര്‍ഷം പൂർത്തിയാക്കി ഇറങ്ങിയാൽ അടുത്ത മാസം മുതൽ കുറഞ്ഞത് 3550 രൂപ സർക്കാർ പെൻഷൻ നേടാം. മുപ്പത് വർഷം സർവീസ് പൂർത്തിയാക്കിയാൽ ചട്ട പ്രകാരം പെൻഷൻ തുക മുഴുവൻ ലഭിക്കുകയും ചെയ്യും.

    കേരളത്തിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കേന്ദ്രമന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണത്തേക്കാൾ ഇരട്ടിയാണ്. മാത്രവുമല്ല തങ്ങളുടെ പേഴ്‌‌സണൽ സ്റ്റാഫ് അംഗങ്ങളെ പുനർനിയമനം നടത്താനുള്ള അധികാരവും ഇവിടെ മന്ത്രിമാർക്കുണ്ട്.  ഇങ്ങനെ വരുമ്പോൾ അഞ്ച് വർഷകാലയളവിൽ ഒരു മന്ത്രിക്ക് ഒരേ തസ്തികയിൽ രണ്ട് നിയമനങ്ങൾ നടത്താൻ സാധിക്കും. പ്രത്യേകിച്ച് മാനദണ്ഡമൊന്നും ഇല്ലാത്തതിനാൽ മന്ത്രിക്കും പാര്‍ട്ടിക്കും വേണ്ടപ്പെട്ടവരെ നിയമിക്കാം. ‌അഞ്ചു വർഷത്തിനിടെ ഒരേ തസ്തികയിൽ രണ്ട് പേർക്ക് പെൻഷൻ നേടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. കൂടാതെ ശമ്പള പരിഷ്കരണ സമയത്ത് അവർക്ക് ശമ്പളത്തിലും പെൻഷനിലും വർദ്ധനവ് ലഭിക്കും. കഴിഞ്ഞ ആറു വർഷത്തിനിടെ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ ശമ്പളത്തിൽ 200 ശതമാനത്തോളം വളർച്ചയുണ്ടായി. പെൻഷൻ അർഹത നേടാനുള്ള കുറഞ്ഞ സർവീസ് കാലയളവ് ഉയർത്തണമെന്ന ശമ്പളപരിഷ്കരണ കമ്മിഷന്റെ ശുപാർശ സർക്കാർ മുഖവിലയ്ക്ക് എടുത്തതുമില്ല.

    ഒരു സാധാരണ സർക്കാർ ജീവനക്കാരന്റെ ശമ്പളവും പെൻഷൻ ആനുകൂല്യങ്ങളും പരിശോധിച്ച് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെതുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇതിന്റെ 'ഭീകരത' മനസിലാവുക. എല്ലാ വ്യവസ്ഥകളും പാലിച്ച് ജോലിക്ക് യോഗ്യത നേടുന്ന ഒരു സർക്കാർ ജീവനക്കാരൻ പെൻഷന് അർഹത നേടുണമെങ്കിൽ കുറഞ്ഞത് 10 വർഷത്തെ സർവീസ് പൂർത്തിയാക്കിയിരിക്കണം. ഇവിടെ സി ആൻഡ് എജി (C and AG) ഒഴികെ മറ്റാരും മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ യോഗ്യതയെക്കുറിച്ചുള്ള ചർച്ച നടത്തില്ല. ഔദ്യോഗിക വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഗവൺമെന്റുമായി അഭിപ്രായവ്യത്യാസത്തോടെ വിരമിച്ച ഉദ്യോഗസ്ഥർ ശേഷമുള്ള ആനുകൂല്യങ്ങൾ കൃത്യസമയത്ത് ലഭിക്കാൻ പാടുപെടുകയാണ്.

    വളരെക്കാലമായി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർച്ചയുടെ പാതയിലാണ്. വലിയ നിക്ഷേപങ്ങളൊന്നും സംസ്ഥാനത്തേക്ക് വരുന്നില്ല. ചില വ്യവസായികൾ സംസ്ഥാനം തന്നെ വിടുകയാണ്. ചെറുകിട സംരംഭകർ പോലും ട്രേഡ് യൂണിയന്റെ ഭീഷണിയിലാണ് ജീവിക്കുന്നതെന്നാണ് പുതിയ വാര്‍ത്തകൾ പോലും പറയുന്നത്.

    Also Read- Governor| പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പളവും പെൻഷനും ആയുധമാക്കി ഗവർണർ; സർക്കാരിനെയും പ്രതിപക്ഷത്തെയും ഒരുപോലെ ലക്ഷ്യമിട്ട് ആരിഫ് മുഹമ്മദ് ഖാൻ

    വായ്പയെടുക്കാനുള്ള എല്ലാ സങ്കേതങ്ങളും ഉപയോഗിച്ചു കഴിഞ്ഞശേഷം പതിവുമാർഗം വെടിഞ്ഞ് ബജറ്റിനു പുറമേയുള്ള വായ്പകൾ സ്വീകരിക്കാൻ പോലും സർക്കാർ തയ്യാറായി. അതിന്റെ ഭരണഘടനാ സാധുതയും സിഎജിയുമായുള്ള വലിയ തർക്കത്തിലേക്ക് വളരുകയാണ്.

    ഈ പശ്ചാത്തലത്തിലാണ് 'മന്ത്രിമാർക്കും പാര്‍ട്ടികൾക്കും വേണ്ടപ്പെട്ടവർക്കുള്ള' ഈ പെൻഷൻ പദ്ധതിയെ വിലയിരുത്തേണ്ടത്. പൊതുപണം കൊണ്ട് രാഷ്ട്രീയക്കാരെ പോറ്റുന്ന അനാചാരം ഒഴിവാക്കുകയാണ് വേണ്ടത്. പൊതുവെ രാഷ്ട്രീയക്കാരാണ് ഈ പെൻഷൻ പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നതിനാൽ ഭരണപക്ഷവും പ്രതിപക്ഷവും ഗവർണർക്കെതിരെ ഒറ്റക്കെട്ടായാണ് നിൽക്കുന്നത്. ജനങ്ങൾ തങ്ങൾക്കുവേണ്ടി പണം ചിലവാക്കണം എന്നാണ് അവരുടെ ആവശ്യം. ഈ പദ്ധതി പതിറ്റാണ്ടുകളായി പ്രാബല്യത്തിലുണ്ട് എന്നും അതിനാൽ ഇത് ഭേദഗതി ചെയ്യേണ്ടതില്ലെന്നുമാണ് അവരുടെ വാദം. എന്നാൽ ഇതേ ന്യായം ലോകായുക്ത ഭേദഗതിയിൽ സർക്കാർ പാലിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

    ഗവർണറുടെയും സർക്കാരിന്റെയും രാഷ്ട്രീയം മാറ്റിനിർത്തിയാൽ ഈ പെൻഷൻ പദ്ധതി കേരളത്തിന്റെ ഖജനാവ് കാലിയാക്കാൻ പോന്നതാണ് എന്നതാണ് യാഥാർഥ്യം. വരുമാനത്തിൽ വലിയ ചോർച്ച ഉണ്ടാകും. ഇത് കേരളത്തിലെ ജനങ്ങൾക്ക് വലിയ ബാധ്യതയായി മാറും.

    ഈ പ്രവണത കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ, കോവിഡ് മഹാമാരിക്ക് ശേഷം സാമ്പത്തികമായി തകര്‍ന്ന ജനങ്ങളോട് 'മുണ്ട് മുറുക്കിയുടുക്കാൻ' ആവശ്യപ്പെടുമ്പോൾ അതിന് അത്ര ആത്മാർത്ഥത ഉണ്ടെന്ന് കരുതാനാവില്ല.

    ഇപ്പോൾതന്നെ സാമ്പത്തിക അവസ്ഥ പരുങ്ങലിലായ സർക്കാരിന്റെ 'വളളം മുക്കാൻ' പര്യാപ്തമാണ് ഈ 'ചോർച്ചകൾ' ഇങ്ങനെ തുടരുന്നത് എന്ന് പറഞ്ഞാൽ അതൊരു അതിശയോക്തിയോ പ്രവചനമോ ആവില്ല. ആ ചോർച്ച തടയാനുളള നല്ല അവസരമാണ് ഇത്.‌

    (രാഷ്ട്രീയ നിരീക്ഷകനാണ് ലേഖകൻ. മണികൺട്രോളിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷയാണിത്.  ഈ ലേഖനത്തിൽ പ്രകടിപ്പിച്ച  അഭിപ്രായങ്ങൾ വ്യക്തിപരമാണ്, ഈ സ്ഥാപനത്തിന്റെ നിലപാടിനെ പ്രതിനിധീകരിക്കുന്നില്ല)
    Published by:Arun krishna
    First published: