കലാപത്തെക്കുറിച്ച് പിന്നെയും പിന്നെയും പുസ്തകങ്ങൾ; '1921 മലബാർ സമരം' പരമ്പരയിലെ ആദ്യ വാള്യം പറയുന്നത്

Last Updated:

ചരിത്രം മാത്രമല്ല ചരിത്രരചനയും ധർമസമരമാണെന്നു പ്രഖ്യാപിച്ചെഴുതുന്ന പുസ്തകത്തിനു മുന്നിൽ എപ്പോഴും ഒരു ശത്രുവുണ്ടാകും. ആ ശത്രുവിനെക്കൂടി മുന്നിൽ കണ്ട് വായിക്കാൻ നിർബന്ധിതനാവുകയാണ് വായനക്കാരൻ.

HISTORY IS MOSTLY GUESSING; THE REST IS PREJUDICE - WILL DURANT.  11 വാള്യങ്ങളിലായി വിൽ ഡൂറന്റ് (Will Durant) എഴുതിയ സ്‌റ്റോറി ഓഫ് സിവിലൈസേഷൻ (The Story of Civilization) ആണ് മാനവ സംസ്‌കാരത്തെക്കുറിച്ച് ലഭ്യമായ ഏറ്റവും പ്രധാനപ്പെട്ട സംശോധനാ ഗ്രന്ഥം. ആ പുസ്തകമെഴുതിയ ഡൂറന്റാണ് പറഞ്ഞത് ചരിത്രമെന്നാൽ ഏറെയും ഊഹമാണ്, ശേഷിക്കുന്നത് മുൻവിധിയും എന്ന്.
മലബാർ കലാപത്തെക്കുറിച്ചുള്ള അസംഖ്യമസംഖ്യം പുസ്തകങ്ങൾക്കു പിന്നാലെ കോഴിക്കോട് യുവത ബുക്‌സും ഇറക്കുകയാണ് '1921 മലബാർ സമരം' എന്ന ആറു വാള്യങ്ങളുടെ പരമ്പര. അതിൽ പുറത്തിറങ്ങിക്കഴിഞ്ഞ ഒന്നാം വാള്യത്തിനു മുൻപിൽ ഇരിക്കുമ്പോൾ ഒരു കാര്യം സുവ്യക്തമാണ്. ഇതു ചില ചോദ്യങ്ങൾക്കും ആരോപണങ്ങൾക്കും മറുപടി പറയാനുള്ള നീക്കമാണ്. ചരിത്രരചന രാഷ്ട്രീയ മറുപടി പറയാനുള്ള ഉപകരണമാണോ അതോ ഗവേഷണം നടത്തി കണ്ടെത്തലുകൾ അവതരിപ്പിക്കാനുള്ള ഉപാധിയാണോ എന്ന സംശയത്തിന്റെ മുന്നിലിരുന്നു തന്നെ വേണം ഈ പുസ്തകവും വായിക്കാൻ.
advertisement
ഇങ്ങനെ ഒരു മുൻകുറിപ്പിനു കാരണമുണ്ട്. പുസ്തകത്തിന്റെ ആമുഖക്കുറിപ്പ് തന്നെ ഇങ്ങനെയാണ് അവസാനിക്കുന്നത്. 'രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത പോരാളികളെ തേച്ചുമായ്ച്ചു കളയാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് കാലത്ത്, സത്യസന്ധമായ ചരിത്ര ആഖ്യാനം ധർമ സമരമായി യുവത കാണുകയാണ്.' ചരിത്രം മാത്രമല്ല ചരിത്രരചനയും ധർമസമരമാണെന്നു പ്രഖ്യാപിച്ചെഴുതുന്ന പുസ്തകത്തിനു മുന്നിൽ എപ്പോഴും ഒരു ശത്രുവുണ്ടാകും. ആ ശത്രുവിനെക്കൂടി മുന്നിൽ കണ്ട് വായിക്കാൻ നിർബന്ധിതരാവുകയാണ് വായനക്കാരൻ.
അങ്ങനെയെങ്കിൽ ഇതു ചരിത്രമാണോ, ആഖ്യാനമാണോ? പുസ്തകത്തിന്റെ ജനറൽ എഡിറ്റർ കെ കെ എൻ കുറുപ്പ് മുഖലേഖനത്തിൽ തന്നെ അതിനുള്ള ഉത്തരം തരുന്നുണ്ട്.  മലബാർ 'കലാപം' എന്ന് കെ. മാധവൻ നായർ വിശേഷിപ്പിച്ചത് 'ഹിന്ദുത്വവാദത്തിന്റെ ചിന്താരീതി' പിന്തുടർന്നാണെന്ന് പറയുകയാണ് കെകെഎൻ കുറുപ്പ്. കലാപം എന്ന വാക്കിന് വർഗീയ-വംശീയ കലാപം എന്നാണ് അർത്ഥം. മലബാറിൽ കലാപം നടന്നിട്ടില്ല. അതുകൊണ്ട് 'സമരം' എന്നാണ് യോജിക്കുന്ന വിശേഷണമെന്നുമാണ് ഡോ. കുറുപ്പ് നടത്തുന്ന തിരുത്ത്.
advertisement
വലിയൊരു ചിന്താസാധ്യതയാണ് ഈ തലക്കെട്ടു മാറ്റം തന്നെ മുന്നോട്ടുവയ്ക്കുന്നത്. കലാപം എന്നാൽ riot എന്ന ഇംഗ്‌ളീഷ് വാക്കിന്റെ നേർ പരിഭാഷയായി ഉപയോഗിക്കുന്നതാണ്. സമരം എന്നാൽ struggle എന്നതിന്റെ പരിഭാഷയും. അങ്ങനെ സ്വാതന്ത്ര്യ 'സമരം' എന്ന freedom struggle പോലെ മലബാർ 'സമര'ം എന്ന  Malabar struggle-നെ അവതരിപ്പിക്കുകയാണ് പുസ്തകത്തിൽ. ആ ആഖ്യാനത്തിൽ തന്നെ ആരംഭിക്കുകയാണ് നിലപാട് പ്രഖ്യാപനം.
advertisement
അങ്ങനെയെങ്കിൽ ചില ചോദ്യങ്ങൾക്ക് സ്വാഭാവികമായ ഉത്തരവും കിട്ടേണ്ടിവരും. സമരമാണെങ്കിൽ അത്് ആർക്കെതിരേയാണ്? ബ്രട്ടീഷുകാർക്കെതിരേ ആണെങ്കിൽ കൊല്ലപ്പെട്ടത് ബ്രട്ടീഷുകാർ മാത്രമാണോ? ഇനി ജന്മമാർക്കും കൂടി എതിരായിരുന്നെങ്കിൽ കൊല്ലപ്പെട്ടത് ബ്രട്ടീഷുകാരും ജന്മിമാരും മാത്രമാണോ? ശത്രുപക്ഷത്തുള്ള ഈ രണ്ടുകൂട്ടർ മാത്രമല്ലാതെ അവരുടെ ആശ്രിതരും ജോലിക്കാലും സിൽബന്തികളുമായ അനേകം സാധാരണക്കാരും കൊല്ലപ്പെട്ടില്ലേ? അങ്ങനെ ശത്രുപക്ഷത്തില്ലാത്തവരും കൊല്ലപ്പെടുന്നതിനല്ലേ കലാപം അഥവാ riot എന്നു പറയുന്നത്? അങ്ങനെ ഒരു കലാപം ഉണ്ടായിട്ടില്ലേ എന്ന ചോദ്യത്തിന് പുസ്തകത്തിന്റെ ആദ്യ വോള്യം ഉത്തരം നൽകുന്നില്ല. ശേഷിക്കുന്ന അഞ്ച് വോള്യങ്ങൾ കൂടി എത്തുമ്പോൾ മറുപടി ഉണ്ടാകും എന്ന് കരുതാം.
advertisement
സൈനുദ്ദീൻ രണ്ടാമന്റെ 'ജിഹാദ്'
1921ലെ മലബാർ സമരത്തിലേക്കുള്ള യാത്ര ഈ പുസ്തകത്തിൽ ആരംഭിക്കുന്നത് 1591ൽ നിന്നാണ്. അതിനു മുൻപുള്ള കാലം പലവിധത്തിൽ പിന്നീടു വരുന്നുണ്ടെങ്കിലും സൈനുദ്ദീൻ മഖ്ദും രണ്ടാമൻ എഴുതിയ തുഹ്ഫത്തുൽ മുജാഹിദ്ദീൻ പരാമർശിച്ചാണ് തുടക്കംതന്നെ. അഹ്കാമൂൽ ജിഹാദ് എന്ന പേരിൽ ജിഹാദിനുള്ള പ്രചോദനങ്ങളും നിർദേശങ്ങളും സൈനൂദ്ദീൻ രണ്ടാമൻ നൽകിയതിന്റെ വിവർത്തനം പുസ്തകം ആദ്യം തന്നെ മുന്നോട്ടുവയ്ക്കുന്നു.
'വിശുദ്ധ യുദ്ധത്തിൽ പങ്കെടുക്കുന്ന പോരാളികളുടെ അവസ്ഥ ഒരു ഹജ്ജ് കർമ്മം ചെയ്യുന്ന ആളിൽ നിന്നു വ്യത്യസ്തമാണ്. ഒരു പോരാളി തന്റെ ജീവനും ധനവും അല്ലാഹുവിൽ അർപ്പിച്ച് യാത്ര ചെയ്യുന്നു. അയാളുടെ യുദ്ധത്തിലെ പങ്കാളിത്തം സമൂഹത്തിന് മൊത്തത്തിൽ ഗുണകരമാണ്. ഇതുകൊണ്ടാണ് പതിനഞ്ചു തവണ നടത്തുന്ന ഹജ്ജിനേക്കാൾ ദൈവമാർഗത്തിലുള്ള യുദ്ധം കൂടുതൽ ഗുണകരവും വ്യത്യസ്തവുമാകുന്നത്.'
advertisement
ഹജ്ജിന്റെ 15 ഇരട്ടി മൂല്യമുള്ളതാണ് വിശുദ്ധ യുദ്ധം അഥവാ ജിഹാദ് എന്ന തുഹ്ഫത്തുൽ മുജാഹിദ്ദീൻ പരാമർശം മാത്രമല്ല ഈ പുസ്തകത്തിന്റെ ഗതി നിർണയിക്കുന്നത്. സൈനുദ്ദീൻ ഒന്നാമൻ വിശ്വാസികളോടു 'കുരിശുപൂജകരോട് പോരാടൂ' എന്നു പറയുന്നതും നിർണായകമായി കടന്നുവരികയാണ്. അധിനിവേശ ശക്തികളോടല്ല, മറ്റൊരു മതത്തിന്റെ ആചാരത്തോടാണ് ആ രണ്ടു സമര പ്രഖ്യാപനവും. അക്രമരാഹിത്യത്തിന്റേയും മാനവികതയുടേയും മൂല്യങ്ങൾ ഇന്നു മുറുകെപ്പിടിക്കുന്നവർക്കു സമരങ്ങളുടെ ഈ പശ്ചാത്തലം ശക്തമായ ഒരു പഠന വിഷയമാണ്.
advertisement
കർഷകരും ഹൈദറും ടിപ്പുവും
'മൈസൂർ ഭരണം മലബാറിൽ: ആധുനികവത്കരണവും പ്രതിരോധവും (1766-1792)' എന്നാണ് ഒരദ്ധ്യായത്തിന്റെ തലക്കെട്ടു തന്നെ. ഹൈദറും ടിപ്പുവും നടത്തിയ ഭരണപരിഷ്‌കാരങ്ങൾ കേരളത്തിന്റെ ആധുനികീകരണത്തിനു വഴിതെളിച്ചു എന്നാണ് വിശദീകരണം. അതിനു പ്രധാനമായും രണ്ടു മൂന്നു കാര്യങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. ഒന്ന് ഹൈദർ കാർഷിക നികുതി ഏർപ്പെടുത്തിയത്. രണ്ട് നായന്മാർക്ക് ആയുധം ഏന്താനുള്ള അവകാശം എടുത്തുകളഞ്ഞത്. മൂന്ന് നായർ സ്ത്രീകൾ മാറുമറയ്ക്കണം എന്ന് ടിപ്പു ഉത്തരവിട്ടത്. ഉത്തരവിടുക മാത്രമല്ല ചേല നൽകുകയും ചെയ്ത ടിപ്പുവിനെക്കുറിച്ചും പുസ്തകം പറയുന്നുണ്ട്. ആ ചേലക്കെതിരേ നായർ പടയാളികൾ നടത്തിയ പോരാട്ടത്തെയാണ് ചേലക്കലാപം എന്നു പറയുന്നത്. ഈ ചേലക്കലാപമാണ് ടിപ്പുവിന്റെ ഭരണം കൊണ്ടുണ്ടായ ഏക കാര്യം എന്ന് മാധവൻ നായരുടെ പുസ്തകത്തിൽ പറയുന്നതിനെയാണ് ഇതിൽ തിരുത്തുന്നത്.
അപ്പോൾ ഈ പുസ്തകത്തിന്റെ വായനക്കാരൻ എന്തുചെയ്യണം? സ്വന്തം ചിന്താശേഷിയെ നേരത്തെ കേട്ടിട്ടുള്ള മറ്റ് ചരിത്ര ആഖ്യാനങ്ങളിലേക്കു കൂടി കൊണ്ടുപോകണം. എന്തുകൊണ്ടെന്നാൽ ഹൈദർ നടപ്പാക്കിയ കാർഷിക നികുതി തന്നെയാണ് കേണൽ ജോൺ മൺട്രോ റയത് വാരി എന്ന പേരിൽ ആദ്യം തിരുവിതാംകൂറിൽ നടപ്പാക്കിയത്. അതാണ് പിന്നീട് മദിരാശിയിലേക്കും അങ്ങനെ മലബാറിലേക്കും വന്നത്. ശമ്പളം നൽകി ഉദ്യോഗസ്ഥരെ വച്ച് ഹൈദർ നടത്തിയ ആ പിരിവു തന്നെയാണ് ബ്രിട്ടീഷുകാരും പകർത്തിയത്. ഹൈദറിൽ നിന്നു പകർത്തിയതാണ് ഇതെന്ന് പുസ്തകം പറയുകയും ചെയ്യുന്നുണ്ട്.
വലിയ ജന്മിമാർക്കു മാത്രമേ ആ നികുതി നൽകാൻ കെൽപുണ്ടായിരുന്നുള്ളു. എല്ലാ മതവിഭാഗത്തിലേയും സാധാരണ കർഷകരെ ബ്രട്ടീഷ് സർക്കാരിന് എതിരേ തിരിച്ചുവിട്ടത് ആ നികുതി പിരിവാണ്. മലബാർ കലാപത്തിന് അതും ഒരു കാരണമാണ്. അങ്ങനെയെങ്കിൽ ഹൈദർ നടത്തിയ ആ നീക്കത്തെ നിങ്ങൾക്ക് എങ്ങനെ അനുകൂലിക്കാൻ കഴിയും? അതിനെ ഭരണപരിഷ്‌കാരം എന്ന് എങ്ങനെ വിളിക്കാൻ കഴിയും? അതു തന്നെയല്ലേ ബ്രട്ടീഷുകാരും ചെയ്തത്?
എളമ്പുലാശ്ശേരി ഉണ്ണി മൂസ മൂപ്പൻ  എന്ന ടിപ്പുവിന്റെ സൈന്യാധിപനെ കുറിച്ചു പറയുമ്പോഴും ചരിത്രത്തിലെ ഈ ആഖ്യാനവൈരുദ്ധ്യം കടന്നുവരും. ഈ ഉണ്ണിമൂസ മൂപ്പൻ തന്നെയാണ് തിരുവിതാംകൂറിനെ ആക്രമിക്കാനുള്ള പട നയിച്ചത്. അങ്ങനെ എങ്കിൽ ഉണ്ണി മൂസ മൂപ്പന്റെ ആ സമരം അധികാരത്തിനും സ്വത്തിനും വേണ്ടിയായിരുന്നില്ലേ? അതെങ്ങനെ ബ്രട്ടീഷുകാർക്ക് ഏതിരേ ആകും? പണ്ടു കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചുള്ള ഇത്തരം ചോദ്യങ്ങൾ പോലും അനവസരത്തിലുള്ളതാണ്. പക്ഷേ, മുന്നിൽ വ്യാഖ്യാനങ്ങൾ മാത്രമാണ് വരുന്നതെങ്കിൽ സ്വാഭാവികമായും ചോദിക്കേണ്ടി വരും.
പടയോട്ടങ്ങളൊന്നും മഹത്വവൽക്കരിക്കാനുള്ളതല്ല എന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ചരിത്രത്തിനു മുന്നിൽ ഇരിക്കുമ്പോൾ ഉണ്ടാകേണ്ട പ്രാഥമിക പാഠം. ചോരയൊഴുക്കിയും തലകൊയ്തും ആരെന്തു നേടിയിട്ടുണ്ടെങ്കിലും അതൊന്നും മഹത്തരമല്ല എന്നു സ്വയം വിശ്വസിച്ചുവേണം ചരിത്രം പറയാനും വായിക്കാനും.
എഴുത്തുകൊണ്ടുള്ള കലാപങ്ങൾ
മലബാർ കലാപത്തെക്കുറിച്ച് ഇംഗ്‌ളീഷിലും മലയാളത്തിലും ഇറങ്ങിയിട്ടുള്ള പുസ്തകങ്ങളുടെ എണ്ണം എടുക്കുക അസാധ്യമായിരിക്കും. ഡസൻകണക്കിനു പുസ്തകങ്ങൾ രണ്ടാമതൊരു എഡിഷൻ ഇല്ലാതെ അവസാനിച്ചു. ആഴ്ചയിൽ ഒന്ന് എന്ന മട്ടിൽ ഇപ്പോഴും പുതിയതു വന്നുകൊണ്ടിരിക്കുന്നു. ഈ പുസ്തക പ്രപഞ്ചത്തിൽ നിന്ന് ഏതു തെരഞ്ഞെടുക്കും? 'ക്രൂര മുഹമ്മദർ ചിന്തുന്ന ചോരയാൽ' എന്നു മാത്രമല്ല, 'ഭള്ളാർന്ന ദുഷ്ട മുഹമ്മദന്മാർ കേറി കൊള്ളയിട്ടാർത്തഹോ തീ കൊളുത്തി' എന്നും കുമാരനാശാൻ ദുരവസ്ഥയിൽ എഴുതിയിട്ടുണ്ട്. പക്ഷേ, അത് ആശാന്റെ പറച്ചിലല്ല. നമ്പൂതിരി ഇല്ലത്തു നിന്ന് ഇറങ്ങി ഓടേണ്ടി വന്ന സാവിത്രിയുടെ  ആഖ്യാനമാണ്. പക്ഷേ, സാവിത്രിയുടെ നാവിലൂടെ ആശാൻ പറഞ്ഞ ആ ചരിത്രവും ഉണ്ട് ഒരുവശത്ത്. ഖിലാഫത്ത് സ്ഥാപിക്കാൻ നോക്കി എന്നു കെ. മാധവൻ നായർ പറഞ്ഞ ആഖ്യാനവും ഉണ്ട് അതിനടുത്ത്. അതെല്ലാം വ്യാഖ്യാനങ്ങളാണ്. പക്ഷേ, അതുപോലൊരു വ്യാഖ്യാനമായി ഈ പുസ്തകവും അവസാനിക്കും എന്നതാണ് ആദ്യ വോള്യത്തിന്റെ സമീപന രീതി നൽകുന്ന മുന്നറിയിപ്പ്.
ഇത്തരം പുസ്തകങ്ങളെ വിശകലനം ചെയ്യാൻ ഇറങ്ങുമ്പോൾ തന്നെ ഒരു വലിയ ഭീഷണി മുന്നിൽ ഉണ്ട്. ഈ പുസ്തകം ശത്രുപക്ഷത്തു നിർത്തുന്നവരുടെ ഇടയിലേക്കു പുസ്തകത്തെ വിമർശിക്കുന്നവരേയും കൊണ്ടുപോയി നിർത്തും. അതോടെ പുസ്തകം മഹത്വവൽക്കരിക്കപ്പെടുകയും വിമർശകർ 1921 കാലത്തെന്നതുപോലെ വേട്ടയാടപ്പെടുകയും ചെയ്യും. ആ ഒരു ഭീഷണി അവിടെ നിൽക്കട്ടെ.
ഏതെങ്കിലും ഒരു വിഭാഗത്തെ മഹത്വ വൽക്കരിക്കുകയോ തള്ളിപ്പറയുകയോ ചെയ്യാതെ അപ്പോൾ പുസ്തകം എഴുതാൻ കഴിയുമോ? അല്ലെങ്കിൽ ശരി എന്നു തോന്നുന്ന ഭാഗത്ത് ഉറച്ചു നിൽക്കേണ്ടേ? ഇങ്ങനെയൊക്കെയാവുമല്ലോ ഇതിന് സാധാരണ ഉയരുന്ന മറുചോദ്യങ്ങൾ. അതിനുള്ള ഉത്തരമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെങ്കിലും ഉണ്ടാകേണ്ട മൂല്യബോധം എന്നത്.
ഇക്കാലത്ത് ജീവിക്കേണ്ടതും പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും വിശാല മാനവികതയെക്കുറിച്ചാണ്. അപരന്മാരേയും ശത്രുക്കളേയും കുറിച്ചല്ല ഓർമിക്കേണ്ടത്. കലാപങ്ങളെക്കുറിച്ചല്ല, ലയനങ്ങളെക്കുറിച്ചാണ് കണക്കൂകൂട്ടലുകൾ വേണ്ടത്. അത്തരമൊരു ചിന്തയിൽ നിന്ന് ചരിത്രത്തെ കാണുമ്പോൾ പിന്നിലൊഴുക്കിയ ചോരപ്പുഴകളെ ചോരപ്പുഴകൾ എന്നു തന്നെ വിളിക്കാൻ കഴിയും. കലാപത്തെ കലാപമെന്നും സമരത്തെ സമരമെന്നും വിളിക്കാൻ കഴിയും. ഇന്നു കലാപം ഉണ്ടാക്കാൻ ഇറങ്ങുന്നവരോട് പോരടിക്കാനായി പഴയ ചോരപ്പുഴകൾ തേനരുവിയാണെന്നു പറഞ്ഞാൽ മതിയോ? നമുക്ക് വേണ്ടത് കലാപങ്ങളല്ലല്ലോ; ആയുധം കൊണ്ടുള്ളതാണെങ്കിലും അക്ഷരം കൊണ്ടുള്ളതാണെങ്കിലും.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
കലാപത്തെക്കുറിച്ച് പിന്നെയും പിന്നെയും പുസ്തകങ്ങൾ; '1921 മലബാർ സമരം' പരമ്പരയിലെ ആദ്യ വാള്യം പറയുന്നത്
Next Article
advertisement
ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളെന്ന് മോദി; വ്യാപാര ചർച്ചകൾ തുടരുമെന്ന് ഇരു നേതാക്കളും
ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളെന്ന് മോദി; വ്യാപാര ചർച്ചകൾ തുടരുമെന്ന് ഇരു നേതാക്കളും
  • ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചർച്ചകൾ തുടരുമെന്ന് മോദിയും ട്രംപും സ്ഥിരീകരിച്ചു.

  • ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകള്‍ തുറക്കുമെന്ന് മോദി വ്യക്തമാക്കി.

  • ഇന്ത്യയുമായുള്ള വ്യാപാര തടസങ്ങള്‍ പരിഹരിക്കുന്നതിനായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് ട്രംപ് പറഞ്ഞു.

View All
advertisement