• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

പേപിടിച്ച പൊലീസ് കേരളത്തിന് മാനക്കേട്


Updated: April 2, 2018, 10:09 PM IST
പേപിടിച്ച പൊലീസ് കേരളത്തിന് മാനക്കേട്
representative image

Updated: April 2, 2018, 10:09 PM IST
തിരുവനന്തപുരം: ക്രമസമാധാനപാലനത്തില്‍ രാജ്യത്ത് തന്നെ ഏറ്റവും മുന്നില്‍ കേരളമാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി കേരള പൊലീസ് മാറുന്നതും നാം കണ്ടിട്ടുള്ളതാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ചില സംഭവങ്ങള്‍ പൊലീസ് സേനയ്ക്ക് ആകെ അപമാനമായി മാറിയിരിക്കുന്നു. തെറിവിളിച്ചും, മുഖത്തിടിച്ചും, വാഹനാപകടത്തില്‍പ്പെടുത്തിയും പൊലീസ് ജനങ്ങള്‍ക്ക് പേടിസ്വപ്നമായി മാറുന്നു.

കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി കൈക്കൊണ്ടെങ്കിലും, ക്രിമിനലുകളായ ഏമാന്‍മാരെ നിലയ്ക്ക് നിര്‍ത്തണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ജനമൈത്രി പൊലീസ് സംവിധാനമുള്ള കേരളത്തില്‍ സേനയെ നാണംകെടുത്തി കഴിഞ്ഞ ദിവസങ്ങളില്‍ ചില ഏമാന്‍മാര്‍ കാട്ടിക്കൂട്ടിയത് വിക്രിയകളാണെന്ന് പറയാതെ വയ്യ.

1, ജീവനെടുത്ത പൊലീസ്
Loading...

ആലപ്പുഴ മാരാരിക്കുളത്ത് രണ്ടാഴ്ച മുമ്പാണ് ഹൈവേ പൊലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് ബൈക്കുകള്‍ കൂട്ടിമുട്ടി അപകടമുണ്ടായത്. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കഞ്ഞിക്കുഴി കുത്തക്കര വീട്ടില്‍ ഷേബു ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം ബൈക്കില്‍ പോകവെ ഹൈവേ പൊലീസ് കൈകാട്ടി. നിര്‍ത്താതെ പോയപ്പോള്‍ ഹൈവേ പൊലീസ് വാഹനം പിന്തുടര്‍ന്നു കുറുകെനിര്‍ത്തി. ഈ സമയം മറ്റൊരു ബൈക്ക് ഇവരുടെ ബൈക്കുമായി കൂട്ടിയിടിച്ചു. ബൈക്ക് യാത്രക്കാരനായ പാതിരപ്പള്ളി വെളിയില്‍ ബിച്ചു തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഷേബുവിന്‍റെ ഭാര്യ സുമി ആശുപത്രിയില്‍വെച്ച് മരിച്ചു. അപകടത്തില്‍ പരിക്കേറ്റ ഷേബുവും മക്കളായ ഹര്‍ഷ, ശ്രീലക്ഷ്മി എന്നിവര്‍ ഇപ്പോഴും ചികില്‍സയിലാണ്. പൊലീസ് വാഹനം കുറുകെയിട്ടതുമൂലമുണ്ടായ അപകടത്തില്‍ പൊലീസ് കേസെടുത്തിരിക്കുന്നത് പക്ഷേ ഷേബുവിനെതിരെയാണ്.

സംഭവത്തില്‍ ജനരോഷവും മാധ്യമവാര്‍ത്തകളും ഉയര്‍ന്നതോടെ ജില്ലാ പൊലീസ് മേധാവി നടത്തിയ അന്വേഷണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കുത്തിയതോട് എസ് ഐ സോമന് വീഴ്ച പറ്റിയതായി കണ്ടെത്തി. ഇദ്ദേഹത്തെ പിന്നീട് സസ്പെന്‍ഡ് ചെയ്തു. കൂടാതെ സംഘത്തിലുണ്ടായിരുന്ന ഡി സുരേഷ് ബാബു, ടി എസ് രതീഷ് എന്നിവര്‍ക്കെതിരെ വകുപ്പ് തല നടപടി വേണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

2, മൂക്കിടിച്ച് പരത്തുന്ന പൊലീസ്

കോട്ടക്കലില്‍ ഗവര്‍ണര്‍ക്ക് വഴിയൊരുക്കുന്നതിനിടെ കാര്‍ യാത്രക്കാരനായ മധ്യവയസ്കന്‍റെ മൂക്കിനിടിച്ചതും വിവാദമായിരുന്നു. റിട്ട. റെയില്‍വേ സ്റ്റേഷന്‍മാസ്റ്റര്‍ കോളത്തൂപ്പറമ്പ് സ്വദേശി 69കാരനായ ജനാര്‍ദനനാണ് എഎസ്ഐയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കോട്ടയ്ക്കല്‍ സ്റ്റേഷനിലെ എഎസ്ഐ ബെന്നി വര്‍ഗീസാണ് പ്രതി. മലപ്പുറത്തുനിന്ന് പൊന്നാനിയിലേക്ക് ഗവര്‍ണറുടെ വാഹനവ്യൂഹം കടന്നുപോകുമ്പോഴാണ് സംഭവം. കാര്‍ റോഡില്‍നിന്ന് ഒതുക്കിനിര്‍ത്തിയില്ലെന്ന് പറഞ്ഞാമ് ബെന്നി, ജനാര്‍ദനനെ മൂക്കിനിടിട്ട് ഇടിച്ചത്. എന്നാല്‍ കാര്‍ പരമാവധി ഒഴിച്ചാണ് നിര്‍ത്തിയതെന്നും ഒരു പ്രകോപനവുമില്ലാതെ ആക്രോശിച്ചെത്തി മര്‍ദിക്കുകയായിരുന്നുവെന്ന് ജനാര്‍ദനന്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് നടത്തിയ വകുപ്പുതല അന്വേഷണത്തില്‍ ബെന്നി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതോടെ നല്ലനടപ്പിനുള്ള നിര്‍ബന്ധിത പരിശീലനത്തിനായി ബെന്നിയെ തിരുവനന്തപുരം സ്പെഷ്യല്‍ ആംഡ് പൊലീസ് ബറ്റാലിയനിലേക്ക് സ്ഥലംമാറ്റി. മൂന്നുമാസം അവധിയില്ലാതെ പരിശീലനം പൂര്‍ത്തിയാക്കണം.

3, പച്ചത്തെറി വിളിക്കുന്ന പൊലീസ്

തെറിവിളിയുടെ കാര്യത്തില്‍ പൊലീസ് ഒട്ടും പിന്നിലല്ല. എന്നാല്‍ കേട്ടാല്‍ അറയ്ക്കുന്ന തെറിയഭിഷേകം നടത്തി കുപ്രസിദ്ധനായിരിക്കുകയാണ് ഈരാറ്റുപേട്ട എസ് ഐ. ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന്‍റെ പേരില്‍ യുവാക്കളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയായിരുന്നു ഏമാന്‍റെ പരാക്രമം. മൊബൈലില്‍ പകര്‍ത്തിയ എസ് ഐയുടെ തെറിവിളി ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. ഈരാറ്റുപേട്ടയിലെ ജനമൈത്രി പൊലീസിന്‍റെ മാന്യമായ പെരുമാറ്റം എന്ന പേരിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. കോട്ടയം പൊലീസ് മേധാവി നടത്തിയ പ്രാഥമിക അന്വേഷണത്തെത്തുടര്‍ന്ന് എസ് ഐയെ സസ്പെന്‍ഡ് ചെയ്തു.

4, വാഹനപരിശോധന പരാക്രമമാക്കുന്ന പൊലീസ്

തിരുവനന്തപുരം മലയിന്‍കീഴില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസ് നടത്തിയ പരാക്രമം ജനരോഷമുണ്ടാക്കി. പൊലീസിന്‍റെ പേക്കൂത്തില്‍ നിതിന്‍ എന്ന യുവാവിന് ബൈക്കപകടത്തില്‍ സാരമായി പരിക്കേറ്റു. വാഹന പരിശോധനയ്ക്കിടെ അതിക്രമം പാടില്ലെന്ന ഡിജിപിയുടെ സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് പൊലീസ് സംഘം നിതിന്‍റെ ബൈക്ക് പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചത്. ബൈക്കില്‍നിന്ന് തെറിച്ചുവീണ നിതിന് ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സ തേടേണ്ടിവന്നു. സിഐയുടെ വാഹനത്തില്‍തന്നെയാണ് നിതിനെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന പൊലീസിന്‍റെ കള്ളക്കഥ പൊളിയുകയും ചെയ്തു. പിന്നാലെയെത്തിയ നിതിന്‍റെ സുഹൃത്തുക്കള്‍ പൊലീസ് അതിക്രമം മൊബൈലില്‍ പകര്‍ത്തിയതോടെയാണ് ഏമാന്‍മാരുടെ കള്ളക്കഥ പൊളിഞ്ഞത്. ഈ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
First published: March 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍