• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

'നോട്ട് നിരോധനം- പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് നടത്തിയ തുഗ്ളക്ക് പരിഷ്കാരം'

News18 Malayalam
Updated: December 28, 2018, 2:00 PM IST
'നോട്ട് നിരോധനം- പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് നടത്തിയ തുഗ്ളക്ക് പരിഷ്കാരം'
News18 Malayalam
Updated: December 28, 2018, 2:00 PM IST
ബോളിവുഡിലെ താരപ്പൊലിമയിൽനിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ ആളാണ് ശത്രുഘ്നൻ സിൻഹ. രാഷ്ട്രീയത്തിൽ ശത്രുഘ്നൻ സിൻഹയ്ക്ക് ബിജെപി വലിയ അവസരങ്ങൾ നൽകിയെങ്കിലും ഇന്ന് പാർട്ടിയുടെയും മോദി സർക്കാരിന്‍റെയും പ്രധാന വിമർശകനാണ് ഇദ്ദേഹം. നോട്ട് നിരോധനം, സർക്കാരിന്‍റെ കർഷകനയം തുടങ്ങിയ വിഷയങ്ങളിൽ വിമർശനവുമായി ശത്രുഘ്നൻ പിള്ള രംഗത്തെത്തിയിരുന്നു. ഏറ്റവുമൊടുവിൽ കോൺഗ്രസ് എം.പി ശശി തരൂരിന്‍റെ പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുത്ത് ബിജെപിയെയും മോദി സർക്കാരിനെയും രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിർമശിച്ചത്.

ശത്രുസംസാരം: ശത്രുഘ്നൻ സിൻഹയുമായി ന്യൂസ്18 കേരളം, പൊളിറ്റിക്കൽ എഡിറ്റർ പ്രദീപ് പിള്ള നടത്തിയ അഭിമുഖത്തിന്‍റെ പൂർണരൂപം...

വെള്ളിത്തിരയിൽ വില്ലനായി, നായകനായി, ആക്ഷൻ ഹീറോ ആയി. ജീവിതത്തിൽ താങ്കൾ ആരാണ്?

വെള്ളിത്തിരയിലും യഥാർഥ ജീവിതത്തിലും ഞാൻ ജനങ്ങളുടെ നായകനായിരുന്നു. ഇപ്പോൾ യഥാർഥ ജനപ്രതിനിധി. വ്യക്തിക്ക് അതീതമാണ് പാർട്ടിയെന്നും പാർട്ടിക്ക് അതീതമാണ് രാഷ്ട്രമെന്നും തിരിച്ചറിയുന്നു, ദേശതാൽപര്യം മുൻനിർത്തി സംസാരിക്കുന്നു.

ബി ജെ പി താങ്കൾക്ക് രാഷ്ട്രീയവേദി തന്നു, എം പിയാക്കി, മന്ത്രിയാക്കി. പക്ഷേ ഇന്നു താങ്കൾ പാർട്ടി നേതൃത്വത്തിനു നേരെ തോക്കു ചൂണ്ടി നിൽക്കുന്നു. ഇതെങ്ങനെ സംഭവിച്ചു?

അതിലെന്താണു കുഴപ്പം? ഇതൊരു ജനാധിപത്യ രാഷ്ട്രമല്ലേ. ജനങ്ങൾക്കു വേണ്ടിയും രാജ്യത്തിനു വേണ്ടിയും സംസാരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ജനകീയപ്രശ്നങ്ങൾക്കു വേണ്ടി ശബ്ദമുയർത്താനുള്ള വേദി എനിക്കു ലഭിക്കാതെ വരുമ്പോൾ ഞാൻ മാധ്യമങ്ങൾക്കു മുന്നിലേക്കു വരുന്നു. പക്ഷേ ഒന്നോർക്കണം. എനിക്ക് അഴിമതി വിഹിതവും ഫാക്ടറിയും ഇടപാടുകളും വേണ്ട. എനിക്ക് വ്യക്തിപരമായ മോഹങ്ങളില്ല. പ്രതീക്ഷകളുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി സുഹൃത്താണ്, സഹപ്രവർത്തകനാണ്. പക്ഷേ ഞാൻ ജനങ്ങളിലേക്ക് കണ്ണാടി തിരിച്ചു വച്ചില്ലെങ്കിൽ ആരു ചെയ്യും? കാര്യങ്ങൾ തുറന്നു പറയേണ്ടവർക്ക് ഭയമായിരിക്കാം, അല്ലെങ്കിൽ സ്ഥാനമോഹമുണ്ടാവാം. എന്റെ മോഹങ്ങൾ ജനങ്ങളുടെ മോഹങ്ങളും അവരുടെ ക്ഷേമവും മാത്രം. അതു കൊണ്ടു തന്നെ എനിക്കൊന്നും നഷ്ടപ്പെടാനില്ല. എനിക്കാരെയും ഭയവുമില്ല.

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക വിദഗ്ധർ പറഞ്ഞതു തന്നെയാണ് എനിക്കും പറയാനുള്ളത്. നോട്ട് നിരോധനം പരിഹാരമായിരുന്നില്ല, മറിച്ച് അതായിരുന്നു ഏറ്റവും വലിയ പ്രശ്നം. സാമ്പത്തിക വിദഗ്ധരോടോ മുതിർന്ന നേതാവ് എൽ കെ അദ്വാനിയോടോ എന്തിന് ധനമന്ത്രിയോടോ പോലും ചർച്ച ചെയ്യാതെ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് നടത്തിയ തുഗ്ളക്ക് പരിഷ്കാരമാണ് നോട്ട് നിരോധനം. പിന്നാലെ കുഴച്ചു മറിച്ച് പകുതി വെന്ത സങ്കീർണമായ ജി എസ് ടിയും. അതിന് ഇതു വരെ 360ൽ അധികം ഭേദഗതികൾ വരുത്തിക്കഴിഞ്ഞു. 'നീം പേ കരേല' (വേപ്പിലയക്കു മേൽ പാവയ്ക്ക അഥവാ കൂനിൻമേൽ കുരു) പോലെയായി കാര്യങ്ങൾ. അധികാരം ജനസേവനത്തിനാണ്. അഴിമതി നടത്തി പണമുണ്ടാക്കാനല്ല. ഞാൻ ചെയ്തതും പറഞ്ഞതും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒന്നു സമ്മതിച്ചേ പറ്റൂ - എനിക്കെതിരെ ചെറിയൊരു അഴിമതി ആരോപണം പോലും ഉയർന്നിട്ടില്ല എന്നത്.

രാഷ്ട്രീയത്തിൽ വന്നപ്പോൾ ഗുരുക്കൻമാരായ അദ്വാനി, വാജ്പേയി, നാനാജി ദേശ്മുഖ് തുടങ്ങിയവരിൽ നിന്നു ഞാൻ പഠിച്ചത് ജനാധിപത്യമാണ്. ഇന്നു പലപ്പോഴും കാണുന്നത് സ്വേച്ഛാധിപത്യമാണ്. തുഗ്ളക്ക് മോഡൽ പ്രഖ്യാപനങ്ങളും സ്വേച്ഛാധിപത്യവും. ഇന്നലെകളിൽ ബി ജെ പി സർക്കാരായിരുന്നു. ഇന്ന് മോദി സർക്കാരാണ്. ഞങ്ങളുടെ ആൾക്കാർ ചിലരെ പറ്റി കുടുംബവാഴ്ച എന്നു വിമർശിക്കുമ്പോൾ ഞാൻ പറയുക ജനപിന്തുണയുള്ള കുടുംബവാഴ്ചയാണെങ്കിൽ ആ കുടുംബം നൽകിയ സംഭാവനകളെ വന്ദിക്കണം. സ്വേച്ഛാധിപത്യത്തെക്കാൾ ഭേദമാണ് കുടുംബാധിപത്യം.

അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന് പറയാനാകില്ലെന്ന് ബാബാ രാംദേവ്

മുൻ സർക്കാരിന്റെ അഴിമതിക്കെതിരെ ആക്രമണം അഴിച്ചുവിട്ടും ഒട്ടേറെ വാഗ്ദാനങ്ങൾ നൽകിയുമാണ് ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വന്നത്. ആ വാഗ്ദാനങ്ങൾ ജനം വിശ്വസിച്ചു. മൂന്നു പതിറ്റാണ്ടിനു ശേഷം ഒരു പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷവും കിട്ടി. പക്ഷേ എന്താണ് നടപ്പാക്കിയത്?

വാഗ്ദാനങ്ങൾ വെറും വാചകമടിയായി മാറി. സ്വപ്നങ്ങൾ വിറ്റ് വിജയം നേടിയവർക്ക് പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ലെങ്കിൽ ആത്മാർഥതയെങ്കിലും കാണിക്കണം.

നാം വികസനത്തിന്റെ പുതിയ പാത തേടുകയല്ലേ? പുതുതലമുറ വികസനം, ബുള്ളറ്റ് ട്രെയിൻ കള്ളപ്പണം ഇല്ലാതാക്കൽ തുടങ്ങിയവ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ ഒരു അവസരം നൽകണ്ടേ?

നിങ്ങളുടെ ചോദ്യത്തിൽ തന്നെ ഉത്തരമുണ്ട്. അവസരം നൽകണം. കർഷകർക്ക് അവസരം നൽകണം. വോട്ടർമാരുടെയും അനുഭാവികളുടെയും ഏറ്റവും വലിയ കുടുംബമായ കർഷകരെ മറന്നതെന്തിന്? അവരുടെ രോദനമല്ലേ എങ്ങും? അവർ നീതി തേടുന്നു, ന്യായവില തേടുന്നു, ഇൻഷുറൻസ് പരിരക്ഷ തേടുന്നു… കോടിക്കണക്കിന് യുവജനങ്ങളുടെ കാര്യമോ? യാഥാർഥ്യം തിരിച്ചറിയാത്തതെന്തേ? ചുമരെഴുത്ത് എന്തു കൊണ്ട് വായിക്കാനാവുന്നില്ല? ആത്മാർഥതയില്ലാത്ത സമീപനത്തിന്റെ ഫലം കണ്ടില്ലേ? ഹിന്ദി ഹൃദയമേഖലയിൽ സുപ്രധാനമായ മൂന്നു സംസ്ഥാനങ്ങളിൽ മാത്രമല്ല തോൽവി. 5 – 0 എന്ന സ്കോറിനു തോറ്റു എന്നതല്ലേ വാസ്തവം.

മനസിലാകാത്ത ഒരു കാര്യമുണ്ട്. ബി ജെ പി ഇന്നലെ പൊട്ടിമുളച്ച പാർട്ടിയല്ല. നേതാക്കൾ അനുഭവജ്ഞാനമില്ലാത്തവരുമല്ല. അഞ്ചു വർഷം കഴിഞ്ഞാൽ ജനങ്ങളുടെ മുന്നിലേക്കു വോട്ടു തേടി വീണ്ടും പോകണം എന്നറിയാത്തവരുമല്ല. ജനങ്ങൾ കുപിതരാണെന്നും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും നേതൃത്വത്തെ ആരും അറിയിച്ചില്ലേ? അതോ അറിയിച്ചിട്ടും അവഗണിച്ചതാണോ?

ആ അർഥത്തിൽ ഞങ്ങളുടെ നേതാക്കൾ വളരെ പക്വതയുള്ളവരാണ്. അവർക്ക് കാര്യമൊക്കെയറിയാം. ചിലർ പറഞ്ഞിട്ടുമുണ്ട്. ചിലർ നിസഹായരാണ്. പലതും കാര്യമായെടുത്തില്ല. അതു കൊണ്ടാണ് പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമങ്ങൾ നടക്കുന്നത്. മറ്റു പ്രശ്നങ്ങൾ ഉന്നയിക്കുക, വർഗീയ വിഷയങ്ങൾ ഉയർത്തുക. എല്ലാവരുമല്ല. ചിലർ. ഇതു വിജയിക്കില്ല. ഇതിനു വലിയ വില കൊടുക്കേണ്ടി വരും. ജനങ്ങൾ എല്ലാം തിരിച്ചറിയും. ഏതു ക്ഷേത്രത്തോടും ഏത് പള്ളിയോടും നമുക്ക് വലിയ ബഹുമാനമാണ്. നാം ഇന്ത്യക്കാരാണ്. പലരും വികാരജീവികളാണ്. ഭഗവാൻ രാമനോടും തികഞ്ഞ ബഹുമാനമാണ്. പക്ഷേ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോൾ രണ്ടു വഴികളേയുള്ളൂ. ഒന്നുകിൽ ചർച്ചയിലൂടെ സമവായത്തിന്റെ പാത തേടുക, അല്ലെങ്കിൽ കോടതിവിധിക്കായി കാത്തിരിക്കുക. തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം എന്തിന് ഇതു കുത്തിപ്പൊക്കുന്നു? എന്നെ സംബന്ധിച്ച് ഏതു പള്ളിയെക്കാളും ക്ഷേത്രത്തെക്കാളും താൽപര്യം ഒരു മാനവക്ഷേത്രം പടുത്തുയർത്തുക എന്നതാണ്. മാനവികത, വികസനം, പുരോഗതി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് പ്രാധാന്യമുള്ള മാനവക്ഷേത്രം.

ഒഡീഷയ്ക്ക് 14,500 കോടി രൂപയുടെ പദ്ധതികൾ വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ?

കഴിഞ്ഞ തവണയും ഞങ്ങൾ ഒട്ടേറെ പദ്ധതികൾ വാഗ്ദാനം ചെയ്തു. തുടങ്ങിക്കഴിഞ്ഞതും പണി പുരോഗമിക്കുന്നതുമായ പദ്ധതികളടക്കം. ഉദാഹരണം ഈയിടെ ഉദ്ഘാടനം ചെയ്ത ഏറ്റവും നീളം കൂടിയ റോഡ് – റെയിൽ പാലം. പക്ഷേ ഒന്നോർക്കണം, ഈ പദ്ധതിക്കു തുടക്കം കുറിച്ചത് കർഷകനായ മുൻ പ്രധാനമന്ത്രി ദേവെഗൗഡയാണ്. പിന്നാലെ വന്ന വാജ്പേയ് അതു മുന്നോട്ടു കൊണ്ടു പോയി. അതിനു ശേഷം മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സർക്കാരുകൾ അതിനെ പരിപോഷിപ്പിച്ചു. ഇപ്പോൾ അതിന്റെ ഫലം കൊയ്യുന്നു. പൊതുവായ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും കൊണ്ടു കാര്യമില്ല, വളരെ വൈകിപ്പോയി. ഒരു ചൊല്ലുണ്ട് – എല്ലാവരെയും എല്ലാക്കാലത്തും കബളിപ്പിക്കാനാവില്ല…

2019ൽ എന്തു സംഭവിക്കും?

ഞങ്ങളുടെ ആളുകൾ വോട്ടിനായി പിന്തുണ തേടി നടക്കുകയാണ്. സമർഥൻ. ഇത് സമർഥൻ തേടേണ്ട സമയമല്ല. മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഏതാണ്ട് നെറ്റിക്കൊപ്പം വെള്ളം കയറിക്കഴിഞ്ഞു. ഇനി സമർപ്പണത്തിന്റെ സമയമാണ്. ഈ പാർട്ടിക്ക് രൂപം കൊടുത്തവരെവിടെ? നിങ്ങളെ രക്ഷിച്ചവരെവിടെ? നിങ്ങളെ വളർത്തി വലുതാക്കിയവരെവിടെ? പാർട്ടിയുടെ ഇത്രയും വലിയ വളർച്ചയ്ക്ക് കാരണക്കാരായവർ? അഹംഭാവവും ധാർഷ്ട്യവും മാറ്റി വയ്ക്കണം. പൂച്ച ഇപ്പോൾ ചാടി വീഴും എന്ന അപകടം മുന്നിൽ കാണുമ്പോൾ കണ്ണടച്ചിരിക്കുന്ന പ്രാവിന്റെ അവസ്ഥയിലല്ലേ നമ്മൾ. സമർപ്പണത്തിനു സമയമായി. ജനങ്ങളുടെ അടുത്തേക്കു പോവുക. അവരെ മാറോടണയ്ക്കുക. അവരുടെ കാൽ തൊട്ടു വന്ദിക്കുക. അവരോടു ക്ഷമ ചോദിക്കുക. ഇതൊക്കെ ചെയ്താലും കാര്യമുണ്ടെന്നു തോന്നുന്നില്ല. കുറഞ്ഞ പക്ഷം പരാജയത്തിന്റെ ഭാരം കുറയ്ക്കാം. നാശത്തിന്റെ തോതു നിയന്ത്രിക്കാം.

ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ഇലക്ഷന്‍ കമ്മീഷന്‍

ശത്രുഘ്നൻ സിൻഹയെ പരമനീചനായ വില്ലനായി അംഗീകരിക്കാൻ ആരാധകർ തയാറാവില്ലെന്നു ഭയന്ന് ‘ഭായി ഹോ തോ ഐസാ’ എന്ന സിനിമയുടെ ചില ഭാഗങ്ങൾ വീണ്ടും ചിത്രീകരിക്കാനും വില്ലൻ മാനസാന്തരപ്പെട്ട് നല്ലവനാകുന്നതുമായി കാണിക്കാൻ സാക്ഷാൽ മൻമോഹൻ ദേശായി നിർബന്ധിതനായി എന്നു കേട്ടിട്ടുണ്ട്. പട്നാ സാഹിബ് മണ്ഡലത്തിൽ കഴിഞ്ഞ തവണ കണ്ടതും സമാനമായ ദൃശ്യങ്ങളായിരുന്നില്ലേ. പാർട്ടി ടിക്കറ്റ് നൽകില്ലെന്ന ഊഹാപോഹങ്ങൾക്കൊടുവിൽ ജനപിന്തുണ കണ്ട് ടിക്കറ്റ് നൽകാൻ പാർട്ടി നിർബന്ധിതമായോ?

തീർച്ചയായും. മഹാനായ മൻമോഹൻ ദേശായ് ചില രംഗങ്ങൾ പുതുതായി ചിത്രീകരിച്ചു. ‘രാംപൂർ കാ ലക്ഷ്മൺ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലും ഇത് ആവർത്തിച്ചു. വെറും ഒരു വില്ലന്റെ മരണം എനിക്കു നൽകാനാവാതെ മാറ്റി ചിത്രീകരിച്ചു. എന്താണെന്നറിയില്ല, സിറ്റിംഗ് എം പിമാർക്ക് മുൻഗണന നൽകുമെന്നു പറഞ്ഞിട്ടും എന്റെ കാര്യത്തിൽ തീരുമാനം പറഞ്ഞില്ല. ഒടുവിൽ എനിക്ക് സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിക്കേണ്ടി വന്നു. രണ്ടു വട്ടവും ഇതു തന്നെ സംഭവിച്ചു. പട്ന എന്റെ ജൻമനാടാണ്. അവിടം വിട്ട് എനിക്ക് മറ്റൊരിടത്തേക്കു പോകാനാവില്ല. രണ്ടു വട്ടം രാജ്യസഭാംഗമായിരുന്നു ഞാൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ മറ്റൊരു മണ്ഡലം തേടിയാൽ ഞാൻ പേടിച്ചോടിയെന്ന് ജനം കരുതില്ലേ? ആദ്യവട്ടം ഞാൻ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു. രണ്ടാം വട്ടം രാജ്യത്ത് ഏറ്റവും കൂടുതൽ വോട്ടു വിഹിതം വാങ്ങി വിജയം ആവർത്തിച്ചു. ഇത്തവണ എന്തും സംഭവിക്കാം.

2019ൽ? 

എന്തും സംഭവിക്കാം.

താങ്കൾ മൽസരിക്കുമോ?

ഞാൻ മൽസരിക്കുമോ ഇല്ലയോ എന്നു പിന്നെ പറയാം. ഏതു സാഹചര്യവും നേരിടാൻ ഞാൻ തയാർ. ഒന്നു മാത്രം പറയാം. സാഹചര്യം മാറിയേക്കാം. ലൊക്കേഷൻ മാറില്ല!

ഡോ. ശശി തരൂർ താങ്കളെ കോൺഗ്രസിലേക്ക് ക്ഷണിച്ചല്ലോ? എന്താണ് പ്രതികരണം?

വലിയ അംഗീകാരമാണ്. എന്റെ ഹൃദയത്തെ സ്പർശിച്ചു. ഞാൻ വളരെ ബഹുമാനത്തോടെ കാണുന്നയാളാണ് ശശി തരൂർ. എന്റെ സുഹൃത്തും മികച്ച എംപിയും ബുദ്ധിജീവിയും മാത്രമല്ല അദ്ദേഹം. രാജ്യം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച പാർലമെന്റേറിയൻമാരിൽ ഒരാൾ കൂടിയാണ്. അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കുന്നതും പുസ്തകം വായിക്കുന്നതും മനോഹരമായ അനുഭവമാണ്. അദ്ദേഹം എന്നെ ക്ഷണിച്ചു. അതു വലിയൊരു കാര്യമാണ്. അദ്ദേഹം മാത്രമല്ല, കോൺഗ്രസിലെയും ആർ ജെ ഡിയിലെയും സുഹൃത്തുക്കൾ, മമതാ ബാനർജി നേരിട്ട്, മറ്റു കക്ഷികളിലുള്ളവർ… അവരോടെല്ലാം ഞാൻ കടപ്പെട്ടിരിക്കുന്നു. അവരെ ഞാൻ വന്ദിക്കുന്നു. പക്ഷേ ഇപ്പോൾ 'പിതൃ പക്ഷമാണെന്ന് എന്റെ കുടുംബാംഗങ്ങൾ പറയുന്നു. പിതൃക്കൾക്ക് തർപ്പണം ചെയ്യുന്ന വേളയാണിത്. (പിതൃപക്ഷം - ശുഭകാര്യങ്ങൾക്ക് നന്നല്ലെന്നു വിശ്വാസം) ജനുവരി 14ന് ഇതു കഴിയും. അതു കഴിഞ്ഞ് നമുക്കു സംസാരിക്കാം.

കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ബി ജെ പി പ്രധാനമായി ലക്ഷ്യം വച്ചത് രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയുമായിരുന്നു. രാഹുൽ ഗാന്ധി എന്ന രാഷ്ട്രീയക്കാരനെയും പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടപ്പെടുന്ന നേതാവിനെയും കുറിച്ച് അങ്ങയുടെ അഭിപ്രായം?

അദ്ദേഹമൊരു ഗംഭീര മനുഷ്യനാണ്. അദ്ദേഹത്തിനറെ കുടുംബത്തിന്റെ സംഭാവനകൾ അതുല്യമാണ്. എന്തിനാണ് രാഹുൽ ഗാന്ധിയെ മാത്രം ഇങ്ങനെ അപഹസിക്കുന്നത്? കുടുംബാധിപത്യത്തിന്റെ സൃഷ്ടിയാണെന്ന് ആക്ഷേപിക്കുന്നത്? രാഹുൽ ഗാന്ധി മഹാനായ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ പ്രപൗത്രനാണ്. ഡാമുകളും ഐഐടികളും വ്യവസായവത്കരണവുമൊക്കെ നെഹ്റുവിന്റെ സംഭാവനകളാണ്. ലോകം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളായ ഇന്ദിരാഗാന്ധിയുടെ പൗത്രനാണ്. ഇന്നു കാണുന്ന ടെലിഫോൺ വിപ്ളവം തുടങ്ങി വച്ചത് രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി കൊണ്ടു വന്ന സാം പിത്രോ‍ഡയാണ്. ഇന്ത്യയുടെ വികസനത്തിനും പുരോഗതിക്കും തിളക്കത്തിനും കീർത്തിക്കും വലിയ സംഭാവനകൾ നൽകിയവരാണ് ഇവരൊക്കെ. രാഹുൽ ഗാന്ധിയെ മാത്രമല്ല ആ കുടുംബത്തെ ഒട്ടാകെ വലിയ ആദരവോടെയാണ് നാം കാണുന്നത്. ‘എനിത്തിംഗ് ബട്ട് ഖാമോശ്’ – ‘മൗനം ഒഴികെ എന്തും’ എന്ന എന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട ജീവചരിത്രത്തിൽ ഞാൻ ഒരു കാര്യം പറയുന്നുണ്ട്. അടിയന്തരാവസ്ഥയെ തുറന്ന് എതിർത്തയാളാണ് ഞാൻ. പക്ഷേ പിന്നീട് ഇന്ദിരാഗാന്ധിയുടെ സ്നേഹവും അനുഗ്രഹാശിസുകളും എനിക്കു ലഭിച്ചു. അവർ ജീവിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഞാൻ കോൺഗ്രസിൽ ചേർന്നേനെ എന്ന്. രാഹുൽ ഗാന്ധി ഇന്ന് വളരെയധികം പക്വതയാർജിച്ച നേതാവാണ്. അദ്ദേഹം നല്ല അർഥത്തിൽ ഒറ്റയാൾ പട്ടാളമാണ്. ഞങ്ങളുടെ പാർട്ടിയിലാകട്ടെ ‘വൺ മാൻ ഷോയും’ ‘ടു മെൻ ആർമിയും’ എന്ന രോഗത്തിന്റെ പീഠ അനുഭവിക്കുന്നവരാണ് ഞങ്ങൾ. അദ്ദേഹത്തിന്റെ സംഭാഷണം, പ്രവർത്തനശൈലി, പക്വത ഒക്കെ ശ്ളാഘനീയം, പ്രത്യേകിച്ച് പ്രസിഡന്റായ ശേഷം വന്ന തിളക്കം. അതു മാത്രമല്ല, പ്രസിഡന്റായി ഒരു വർഷത്തിനുളളിൽ മൂന്നു പ്രധാന സംസ്ഥാനങ്ങളാണ് അദ്ദേഹം ഒരു താലത്തിൽ വച്ച് പാർട്ടിക്കു നൽകിയത്. ഞാൻ അദ്ദേഹത്തെ സല്യൂട്ട് ചെയ്യുന്നു, എന്റെ സ്നേഹവും അനുഗ്രഹവും ആശംസകളും അദ്ദേഹത്തിന് ആവോളമുണ്ടാവും.

ഡി എം കെ തലവൻ എം കെ സ്റ്റാലിൻ രാഹുലിനെ നമ്മുടെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന് പ്രഖ്യാപിച്ചല്ലോ?

രാഹുൽ ഗാന്ധി നല്ല കഴിവും ആർജവവുമുളള നേതാവാണ്. അത് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. അതു കൊണ്ടു തന്നെ ചടുലതയുള്ള നേതാവായ സ്റ്റാലിൻ അദ്ദേഹത്തെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. സ്റ്റാലിൻ ഭാവിയുടെ നേതാവാണ് എന്ന സൂചന നൽകുന്നു. ദക്ഷിണേന്ത്യയുടെ നേതാവാണ് ഉറ്റു നോക്കേണ്ട നേതാവാണ്. അദ്ദേഹമാണ് ഇതു പറഞ്ഞത്. ആരുടെയെങ്കിലും നിർബന്ധം കൊണ്ടല്ല ഈ പ്രഖ്യാപനം. മറിച്ച് സ്റ്റാലിന്റെ രാഷ്ട്രീയ വിവേകമാണ് ഇതു കാണിക്കുന്നത്. അതേ സമയം എല്ലാവരെയും ഒരുമിച്ചു കൊണ്ടു പോകേണ്ടതു കൊണ്ട് നമുക്കും 'സബ് കാ സാത്ത്, സബ് കാ വികാസ്' (എല്ലാവരുടെയും പുരോഗതിക്കായി എല്ലാവർക്കുമൊത്ത്)എന്ന മുദ്രാവാക്യം സ്വീകരിക്കാം.

സിനിമ മിസ് ചെയ്യുന്നുണ്ടോ?

ചിലപ്പോഴൊക്കെ… പക്ഷേ താരശോഭയുടെ പേരിൽ ജനക്കൂട്ടത്തെ ആകർഷിക്കാൻ നാഗാലാൻഡ് മുതൽ കോയമ്പത്തൂർ വരെ രാജ്യത്ത് എവിടെയും എന്നെ ക്ഷണിക്കുന്നു. മുൻ പ്രധാനമന്ത്രി പിതൃതുല്യനായ വാജ്പേയി എന്നോട് ഒരു കാര്യം പറഞ്ഞിട്ടുണ്ട്. പോകുന്നിടത്ത് സിനിമാ ഡയലോഗ് പറയാൻ ജനം നിർബന്ധിക്കുന്നത് എന്ന് അവസാനിക്കുന്നുവോ അന്ന് നിങ്ങൾ ഒരു യഥാർഥ നേതാവായി അംഗീകരിക്കപ്പെടും. ഭാഗ്യവശാൽ വെളളിത്തിരയിലെ സാന്നിധ്യത്തിന്റെയും ഡയലോഗിന്റെയും പേരിൽ ജനം എന്നെ ഇന്നും അംഗീകരിക്കുന്നു.

പാരമ്പര്യം മകൾ സോനാക്ഷി പിന്തുടരുന്നു. മാതാപിതാക്കൾക്ക് അഭിമാനമല്ലേ?

തീർച്ചയായും. പിതാവ് സബ് ഇൻസ്പെക്ടറാണെങ്കിൽ മക്കൾ കലക്ടറാവണമെന്ന് ആഗ്രഹിക്കും. കലക്ടറാണെങ്കിൽ മക്കൾ ഗവർണറാകണമെന്ന് ആഗ്രഹിക്കും. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് മക്കൾ ഉയരുന്നതു കാണുമ്പോൾ ഏതു രക്ഷകർത്താവും അഭിമാനിക്കും. ഞാനിന്നും ശത്രുഘ്നൻ സിൻഹ എന്നാണ് അറിയപ്പെടുന്നതെങ്കിലും ചിലരെങ്കിലും എന്നെ കാണുന്നത് സോനാക്ഷി സിൻഹയുടെ പിതാവായാണ്…

അഭിമാനനിമിഷം?

ഉറപ്പായും. പ്രത്യേകിച്ചും അവൾ ഇത്രയും നല്ലൊരു പ്രതിച്ഛായ നേടിയത് കാണുമ്പോൾ…
First published: December 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...