ഇന്റർഫേസ് /വാർത്ത /Opinion / ഏഴുമാസം; കോൺഗ്രസിൽ ആറ് പ്രമുഖരുടെ രാജി; ഇനി കാത്തിരിക്കുന്നത് കൂട്ടപ്പൊരിച്ചിലോ?

ഏഴുമാസം; കോൺഗ്രസിൽ ആറ് പ്രമുഖരുടെ രാജി; ഇനി കാത്തിരിക്കുന്നത് കൂട്ടപ്പൊരിച്ചിലോ?

ഏഴുമാസത്തിനിടെ കോൺഗ്രസ് വിട്ട മുതിർന്ന നേതാക്കൾ

ഏഴുമാസത്തിനിടെ കോൺഗ്രസ് വിട്ട മുതിർന്ന നേതാക്കൾ

കോൺഗ്രസ് വിട്ട മൂന്നുപേർ എൻസിപിയിൽ പോയപ്പോൾ രണ്ടു പേർ സിപിഎമ്മിൽ ചേർന്നു. ഒരാൾ ഇപ്പോഴും പടിക്ക് പുറത്തുനിൽക്കുന്നു.

  • Share this:

സുരേഷ് വെള്ളിമുറ്റം

ഏഴുമാസത്തിനിടെ കോൺഗ്രസ് വിടുന്ന ആറാമത്തെ മുതിർന്ന നേതാവാണ് കെ പി അനിൽകുമാർ. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസ് വിട്ട എഐസിസി വക്താവ് പി സി ചാക്കോ ഇപ്പോൾ എൻസിപിയുടെ സംസ്ഥാന അധ്യക്ഷനാണ്. കോൺഗ്രസ് വിട്ട മൂന്നുപേർ എൻസിപിയിൽ പോയപ്പോൾ രണ്ടു പേർ സിപിഎമ്മിൽ ചേർന്നു. ഒരാൾ ഇപ്പോഴും പടിക്ക് പുറത്തുനിൽക്കുന്നു.

ചാക്കോ ഒരു തുടക്കം

2021 മാർച്ച് 10. ടോം വടക്കന് ശേഷം ദേശീയ തലത്തിൽ എഐസിസിയുടെ വക്താവായി നിറഞ്ഞുനിന്നിരുന്ന പി സി ചാക്കോ കോൺഗ്രസ് വിട്ട് പുറത്തേക്ക്. ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് അടക്കമുള്ളവരോട് നേരിട്ട് പൊരുതിയ നേതാവായിരുന്നു പി സി ചാക്കോ. ദേശീയ - സംസ്ഥാന നേതൃത്വങ്ങളുടെ കഴിവില്ലായ്മയെ വിമർശിച്ചായിരുന്നു പടിയിറക്കം. പിന്നീട് എൻസിപിയുടെ സംസ്ഥാന അധ്യക്ഷനായി.

മുണ്ഡനം ചെയ്ത ലതിക

ചാക്കോയുടെ രാജിയെക്കാൾ സംസ്ഥാന കോൺഗ്രസ്സിനെ പിടിച്ചുലച്ചത് തല മുണ്ഡനം ചെയ്ത് പൊട്ടിക്കരഞ്ഞ ലതികാ സുഭാഷിന്റെ രാജിയായിരുന്നു. കെപിസിസി ആസ്ഥാനത്ത് ലതികയുടെ കണ്ണീരുവീണപ്പോൾ പല ജില്ലകളിലും പിന്തുണയുമായി മഹിളാ കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങി. ഇന്ദിരാഭവന് മുന്നിൽ തലമുണ്ഡനം ചെയ്യുന്ന ലതികയും ദൃശ്യം രാഷ്ട്രീയ കേരളം മറക്കില്ല. ഏറ്റുമാനൂരിൽ ഒറ്റയ്ക്ക് പൊരുതി തോറ്റ ലതിക മെയ് 25 ന് എൻസിപിയിലെത്തി.

സുരേഷ് ബാബുവും ഗോപിനാഥും പിന്നെ പ്രശാന്തും

തെരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന പി എം സുരേഷ് ബാബുവും കോൺഗ്രസ് വിട്ടത്. മാർച്ച് അവസാനം സുരേഷ് ബാബുവും എൻസിപിയിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപും ശേഷവും കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച നേതാവാണ് പാലക്കാട് മുൻ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ്. പാർട്ടി വിട്ടെങ്കിലും ഗോപിനാഥ് പക്ഷേ പുതിയ താവളം ഉറപ്പിച്ചിട്ടില്ല. സംസ്ഥാന നേതൃത്വത്തെയും കെ സി വേണുഗോപാലിനേയും രൂക്ഷമായി വിമർശിച്ചെങ്കിലും കെ സുധാകരനുമായുള്ള അടുപ്പമാണ് ഗോപിനാഥിനെ ഇപ്പോഴും പിടിച്ചു നിർത്തുന്നത്. മാത്രമല്ല സ്വന്തം നാടായ പെരിങ്ങോട്ടുകുറിശ്ശിയിലും സമീപ പഞ്ചായത്തുകളിലും ഗോപിനാഥിനുള്ള സ്വാധീനം കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനും അറിയാം. ഗോപിനാഥ് തിരിച്ചുവന്നാലും അത്ഭുതപ്പെടാനില്ലെന്ന് നിരീക്ഷിക്കുന്നതും ഇതുകൊണ്ടുതന്നെ.

സമീപകാലത്ത് കോൺഗ്രസ് വിട്ടവരിൽ അനിൽകുമാറിന് മുൻപെ സിപിഎമ്മിൽ ചേർന്ന നേതാവാണ് പി എസ് പ്രശാന്ത്. നെടുമങ്ങാട് മണ്ഡലത്തില്‍ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച പ്രശാന്തിന്റെ പ്രധാന ശത്രു ഡിസിസി അധ്യക്ഷനായ പാലോട് രവിയായിരുന്നു. കെ സി വേണുഗോപാൽ ബിജെപിക്കുവേണ്ടി കോൺഗ്രസ്സിനെ തകർക്കുന്നുവെന്നും പ്രശാന്ത് വിമർശിച്ചു.

മുല്ലപ്പള്ളിയുടെ മനസാക്ഷി

നാല് കെപിസിസി അധ്യക്ഷന്മാർക്കൊപ്പം പ്രവർത്തിച്ച നേതാവാണ് കെ പി അനിൽകുമാർ. രമേശ് ചെന്നിത്തല, വി എം സുധീരൻ, എം എം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, ഇവരോടൊപ്പം സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി. ഒരിക്കൽ ഐ ഗ്രൂപ്പിന്റെ മൂർച്ചയേറിയ നാവ്. ഡിസിസി പ്രസിഡന്റുമാരുടെ നിയമനം മാത്രമാണ് പൂർത്തിയായത്. ഡിസിസി- കെപിസിസി ഭാരവാഹി തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതേയുള്ളൂ. ഇനി കോൺഗ്രസിൽ പൊട്ടിത്തെറിയുടെ കൂട്ടപ്പൊരിച്ചിലുണ്ടാകുമോയെന്നാണ് കാണേണ്ടത്.

Also Read- 'പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയാറല്ല'; കോൺഗ്രസ് വിട്ട കെ പി അനിൽകുമാർ സിപിഎമ്മിൽ ചേർന്നു

First published:

Tags: Congress, Cpm, K sudhakaran, Kpcc, Lathika Subhash, PC Chacko