യുഎഇ കോൺസുലേറ്റിലെ അറ്റാഷെ റാഷിദ് ഖാമിസ് അലി അൽ ഷമേലി രാജ്യം വിട്ടു. അതല്ലെങ്കിൽ അറ്റാഷെ മടങ്ങിപ്പോയി. അതുമല്ലെങ്കിൽ അറ്റാഷെയെ തിരിച്ചു വിളിച്ചു. ഇങ്ങനെ പലതാണ് വ്യാഖ്യാനം. ഇതിൽ ഏതാണ് യഥാർത്ഥം. യാഥാർത്ഥ്യം എന്തായാലും അറ്റാഷെ ഇപ്പോൾ ഇന്ത്യയിൽ ഇല്ല. അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് ഡെല്‍ഹിയിലെത്തി അവിടെ നിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങി. സ്വന്തം അറ്റാഷെയെ എപ്പോൾ വേണമെങ്കിലും തിരികെ വിളിക്കാനുള്ള അധികാരം അതാത് രാജ്യത്തിനുണ്ട്. സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ അറ്റാഷെയ്ക്കും അധികാരമുണ്ട്. ഒരു വിലക്കും നിലവിലില്ല എന്നുള്ളത് കൊണ്ട് തന്നെ റാഷിദ് ഖാമിസ് അൽ ഷമേലിയുടെ കാര്യത്തിൽ ഇതിന് രണ്ടിനും തടസവുമില്ല.
ഇനി റാഷിദ് ഖാമിസ് അലി അൽ ഷമേലി തിരുവനന്തപുരത്തെ കോൺസുലേറ്റലുണ്ടായാലും രാജ്യത്തെ ഒരു അന്വേഷണ ഏജൻസിക്കും, എൻഐഎക്ക് പോലും പ്രത്യേകിച്ച് ഒന്നും ചെയ്യാനുമാകില്ല. ചോദ്യം ചെയ്യാൻ പോയിട്ട് സ്വന്തം നിലയ്ക്ക് ഒരു സൗഹൃദ കൂടികാഴ്ചയ്ക്ക് പോലും സാധിക്കില്ല. കൂടികാഴ്ചയ്ക്ക് അറ്റാഷെയുടെ സമ്മതം മതി പക്ഷെ ചോദ്യം ചെയ്യാൻ യുഎഇ അധികൃതരുടേയും വിദേശകാര്യമന്ത്രാലയത്തിന്റെയും സമ്മതം വേണം.
തിരികെ പറന്നത് തിരിച്ചടിയാകുംചോദ്യം ചെയ്യുന്നതും കൂടിക്കാഴ്ച നടത്തുന്നതും എളുപ്പമല്ലെങ്കിലും അറ്റാഷെ തിരികെ പറന്നത് എൻഐഎക്ക് തിരിച്ചടി തന്നെയാണ്. രാജ്യദ്രോഹ കുറ്റമാണ് സ്വർണക്കടത്ത് കേസിൽ എൻഐഎ ചുമത്തിയിരിക്കുന്നത്. സ്വർണം കടത്തി അതിലൂടെ ലഭിക്കുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചു. ഇതാണ് ആരോപണം. ഈ രാജ്യദ്രോഹത്തിലെ പ്രധാന കണ്ണിയാണ് അറ്റാഷെ. ഈ അറ്റാഷെയുടെ പേരിലാണ് സ്വർണം കടത്തി കൊണ്ടു വന്നത്. അതിൽ അറ്റാഷെയ്ക്ക് പങ്കുണ്ടോയെന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടുമില്ല.
പക്ഷേ സംശയത്തിന്റെ കരിനിഴലിലാണ്. സ്വർണ്ണം കടത്തിയ കേസിലെ പ്രധാന പ്രതികളുമായെല്ലാം അറ്റാഷെ സംസാരിച്ചതിന് തെളിവായി ഫോൺകോൾ രേഖകളുണ്ട്. പ്രധാന പ്രതികളിൽ ഒരാളായ സ്വപ്നയുമായി സ്വർണ്ണം പിടിച്ച ശേഷവും സംസാരിച്ചതായി രേഖ പറയുന്നു. ഫോൺ വിളിച്ചത് താനല്ലെന്ന് വാദിച്ചാലും കസ്റ്റംസ് അധികൃതർ തടഞ്ഞ സ്വർണ്ണം വാങ്ങാൻ നേരിട്ടെത്തിയതിന് എന്ത് ന്യായം പറയും. TRENDING: യുഎഇ ആക്ടിങ് കോൺസൽ ജനറൽ ഇന്ത്യ വിട്ടു [NEWS]'നിയമസഭാ സ്പീക്കറെ നീക്കണം'; ചട്ടം 65 പ്രകാരം എം ഉമ്മര്‍ നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി [NEWS]എം ശിവശങ്കറിനെ സസ്പെന്റ് ചെയ്തു; സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് മുഖ്യമന്ത്രി [NEWS]അതുമാത്രവുമല്ല ആ സ്വർണപ്പെട്ടി തിരികെ അയക്കാൻ കസ്റ്റംസിന് രേഖാമൂലം കത്ത് നൽകിയത് എന്തിനായിരുന്നു. ഇക്കാര്യങ്ങൾ തെളിയിക്കണമെങ്കിൽ അറ്റാഷെയെ ചോദ്യം ചെയ്യണം. ഇനിയും അത് സാധിക്കുമെന്നാണ് എൻഐഎ അവകാശപ്പെടുന്നത്. കണ്ടുതന്നെ അറിയണം. യുഎഇ അനുവദിച്ചാലും റാഷിദ് ഖാമിസിന്റെ സ്വന്തം തട്ടകത്തിൽ വച്ചു വേണം ചോദ്യം ചെയ്യാൻ. അദ്ദേഹത്തിൻറെ സമയവും സൗകര്യവും അനുസരിച്ചാകും ആ ചോദ്യം ചെയ്യൽ. അത്തരമൊരു സാഹചര്യത്തിൽ ലഭിക്കാൻ സാധ്യതയുള്ള വിവരങ്ങൾ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. അതുകൊണ്ട് തന്നെ അറ്റാഷെ തിരികെ പറന്നത് രാജ്യദ്രോഹ കുറ്റം മാത്രമല്ല ഈ സ്വർണക്കടത്ത് കേസിലെ യഥാർത്ഥ പ്രതികളെ പിടിക്കുന്നതിന് പോലും തിരിച്ചടിയായേക്കും.രാജ്യദ്രോഹ കുറ്റംസ്വന്തം പൗരനെ അന്യരാജ്യത്ത് രാജ്യദ്രോഹകുറ്റത്തിന് വിചാരണയ്ക്ക് വിട്ടുകൊടുക്കാൻ ഒരു രാജ്യവും തയ്യാറാകില്ല. പാകിസ്താൻ ജയിലിൽ കഴിയുന്ന സരബ്‌ജിത് സിങിന് വേണ്ടി രാജ്യാന്തര നീതിന്യായ കോടതിയിൽ വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ പോരാടുന്നതും ഇതേ കാരണം കൊണ്ട് തന്നെയാണ്.
തിരുവനന്തപുരത്തെ കോൺസുലേറ്റിലെ അറ്റാഷെ തിരികെ പറന്നതിന് പിന്നിലും കാരണം ഇതു തന്നെ. ആ മടങ്ങിപ്പോക്കിനെ യുഎഇ അധികാരികൾ എതിർക്കാതിരുന്നതും അതുകൊണ്ട് തന്നെ. റാഷിദ് ഖാമിസ് അലി അൽ ഷമേലി ഇന്ത്യയിലുണ്ടായിരുന്നപ്പോൾ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴി എൻഐഎ ശ്രമിക്കാതിരുന്നത് എന്തുകൊണ്ടാണ്. ഇന്ത്യയും യുഎഇയും തമ്മിലുള്ള നല്ല ബന്ധം ഇതിനായി പ്രയോജനപ്പെടുത്താമായിരുന്നു. ഒരു അറ്റാഷെയ്ക്ക് വേണ്ടി ആ നല്ല ബന്ധത്തിൽ വിള്ളൽ വീഴാതിരിക്കാൻ യുഎഇക്ക് മേൽകേന്ദ്രസർക്കാരിന് സമ്മർദ്ദം ചെലുത്താനാകുമായിരുന്നു.
പക്ഷേ തുടക്കത്തിലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്വീകരിച്ച നിലപാട് വ്യത്യസ്തമയിരുന്നു. സ്വർണ്ണം കടത്തിയത് ഡിപ്ലോമാറ്റിക് ചാനലിലൂടെയല്ലെന്ന വാദമാണ് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉയർത്തിയത്. കേന്ദ്രസഹമന്ത്രിയുടെ നിലപാടാണ് എൻഐഎക്കും. യുഎഇ കോൺസുലേറ്റിനും നയതന്ത്ര പ്രതിനിധികൾക്കും ഈ കടത്തിൽ ബന്ധമില്ലെന്നാണ് എൻഐഎയുടെ വാദം.
രേഖകളെല്ലാം കൃത്രിമമായി ഉണ്ടാക്കിയത്. ആ വാദം പക്ഷേ തൽക്കാലം കസ്റ്റംസ് അംഗീകരിക്കുന്നില്ല. അറ്റാഷെയുടെ പേരിൽ സ്വർണ്ണം വന്നത് നയതന്ത്ര ബാഗേജിൽ തന്നെയാണെന്നാണ് കസ്റ്റംസ് ഇപ്പോഴും വാദിക്കുന്നത്. സീലുകൾ വ്യാജമായിരുന്നില്ല. അറ്റാഷെ സ്വന്തം കൈപ്പടയിലാണ് കത്ത് ഒപ്പിട്ട് നൽകിയത്. ഇതിലും വലിയ തെളിവ് വേറെ വേണ്ടെന്നും അവർ വാദിക്കുന്നു. രണ്ടും കേന്ദ്ര ഏജൻസികൾ. അവർ പിന്നീട് ഒരേ സ്വരത്തില്‍ സംസാരിക്കുമായിരിക്കും. അപ്പേഴേക്കും അറ്റാഷെയും കോൺസുലേറ്റുമെല്ലാം ഒരുപക്ഷെ അപ്രസക്തവുമാകും. കാരണം രാജ്യദ്രോഹം ഇതിനെക്കാളൊക്കെ പ്രാധാന്യം നൽകേണ്ട, പ്രാധാന്യം അർഹിക്കുന്ന വലിയ കുറ്റമാണ്. അത് ചെയ്തവരെ അപ്പോഴേക്കും എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുമുണ്ടാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.