വിഡി പ്രതിപക്ഷ നേതാവ്; ഐയും എയും ചേര്‍ന്ന് ഇനി 'ഐഎ' ഗ്രൂപ്പ്
- Published by:Rajesh V
- news18-malayalam
Last Updated:
ഉമ്മന്‍ ചാണ്ടിയുടെ ചാണക്യ തന്ത്രങ്ങള്‍ക്ക് പോലും പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തലയെ ഉറപ്പിച്ചിരുത്താനായില്ല. കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് കൂടി കഴിയുന്നതോടെ ഈ രണ്ട് നേതാക്കളും അവര്‍ക്കൊപ്പം നില്‍ക്കുന്ന നേതാക്കളും കൂടുതല്‍ ഒറ്റപ്പെടുമെന്നാണ് സതീശന്‍, സുധാകരന്‍, കെ സി വേണുഗോപാല്‍ ക്യാമ്പുകളിലെ സംസാരം.
ഇരുപത്തിയൊന്ന് എംഎല്‍എമാരെ ആര് നയിക്കുമെന്ന് കണ്ടെത്താന്‍ കോണ്‍ഗ്രസ് എടുത്തത് ഇരുപത് ദിവസം. തൊണ്ണൂറ്റി ഒന്‍പത് എംഎല്‍എമാരുള്ള ഇടത് മുന്നണി മന്ത്രിമാരെ തീരുമാനിച്ച് സര്‍ക്കാരുണ്ടാക്കി നിയമസഭ സമ്മേളനം വിളിക്കുന്നത് വരെ കാത്തിരിക്കേണ്ടി വന്നു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഇതറിയാന്‍. സംസ്ഥാന നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തി. കേന്ദ്രനേതാക്കളുടമായി ചര്‍ച്ച നടത്തി. കേന്ദ്രനിരീക്ഷകര്‍ നാട്ടിലെത്തി ചര്‍ച്ച നടത്തി. പരസ്യമായി പോര് നടത്തി. ഇതിനെല്ലാമൊടുവിലാണ് പുതിയ പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചത്.
എന്തായിരുന്നു ഈ പ്രഹസനങ്ങളുടെയെല്ലാം ആവശ്യം. ആദ്യം മുതല്‍ രണ്ട് പേരുകളാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉര്‍ന്നത്. പഴയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടരണം. അതല്ല പുതിയ, കുറേകൂടി ചെറുപ്പക്കാരനായ നേതാവ് വരണം. വി ഡി സതീശന്റെ പേരാണ് ചെറുപ്പക്കാര്‍ ഇതിനായി ഉയര്‍ത്തിയത്. ഗ്രൂപ്പ് വേര്‍തിരിവില്ലാതെ ചെറുപ്പക്കാരായ എംഎല്‍എമാര്‍ വി ഡി സതീശനൊപ്പം നിന്നു. ഒടുവില്‍ അവര്‍ വിജയിക്കുകയും ചെയ്തു. വി ഡി സതീശന്റെ വരവ് ഒരു തുടക്കമാണ്. അത് പുതിയ തലമുറയുടെ വരവിന്റെ തുടക്കം മാത്രമല്ല. അത് കേരളത്തില്‍ കോണ്‍ഗ്രസില്‍ കാലങ്ങളായി നില്‍ക്കുന്ന ഗ്രൂപ്പുകളെ നയിക്കുന്ന തലമുറയുടെ കൂടി മാറ്റമാണ്.
advertisement
വി.ഡിയുടെ ഗ്രൂപ്പ്
ഗ്രൂപ്പുകള്‍ കോണ്‍ഗ്രസില്‍ നിഷേധിക്കാനോ ഇല്ലാതാക്കാനോ കഴിയാത്ത യാഥാര്‍ത്ഥ്യമാണ്. വി ഡി സതീശന്‍ പ്രതിപക്ഷ നേതാവാകുന്നത് കൊണ്ട് അത് അവസാനിക്കുന്നില്ല. ആദ്യ വാര്‍ത്തസമ്മേളത്തില്‍ സതീശന്‍ അങ്ങനെ അവകാശപ്പെട്ടെങ്കിലും. ചരിത്രം തിരുത്തി ഇടത് മുന്നണി അധികാരത്തിലെത്തുന്നത് വരെയും വി ഡി സതീശനും ഒരു ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. ഐ ഗ്രൂപ്പിന്റെ. ആ ഗ്രൂപ്പിനെ നയിച്ച രമേശ് ചെന്നിത്തല നടത്തിയ ചില കരുനീക്കങ്ങള്‍ക്ക് പിന്നിലെങ്കിലും വി ഡിയുടെ ബുദ്ധിയുമായിരുന്നു.
രമേശ് ചെന്നിത്തലയ്‌ക്കൊപ്പം ഉറച്ച് നിന്നിരുന്ന കെ സുധാകരന്‍ ഐ ഗ്രൂപ്പിലെ ഉപഗ്രൂപ്പ് നേതാവായതും പിന്നെ ഗ്രൂപ്പിന് അപ്പുറത്തായതുമെല്ലാം ഇക്കാലത്താണ്. ഐ ഗ്രൂപ്പിന്റെ തീരുമാനങ്ങള്‍ അറിയാന്‍ വി ഡി സതീശനോട് ചോദിച്ചാലും മതിയെന്ന് രമേശ് ചെന്നിത്തല തന്നെ ഗ്രൂപ്പുകാരോട് പറഞ്ഞിരുന്ന കാലവുമുണ്ടായിരുന്നു. അവിടെ നിന്നാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരസ്പരം മത്സരിക്കുന്ന തലത്തിലേക്ക് ഇരുവരും എത്തിയതും വി ഡി സതീശന്‍ പഴയ നേതാവിനെ മലര്‍ത്തിയടിച്ചതും. ഐ ഗ്രൂപ്പില്‍ ഒപ്പമുണ്ടായിരുന്നവരില്‍ ചിലരാണ് വി ഡിക്ക് വേണ്ടി ചരട് വലിച്ചത്. അവരാണ് മറ്റു ഗ്രൂപ്പുകളിലെ ചെറുപ്പക്കാരെ ഒന്നിപ്പിച്ച് ഹൈക്കമാൻഡിന് മുന്നില്‍ അണിനിരത്തിയതും.
advertisement
ഭാവി ഗ്രൂപ്പ്
നേതൃത്വത്തിലേക്കുള്ള ചവിട്ടുപടിയാണ് കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍. അല്ലാതെ എത്തിവര്‍ എത്തിയവര്‍ അതിന് ശേഷം ഗ്രൂപ്പുണ്ടാക്കി. ഇവര്‍ അധികാരത്തില്‍ നിന്ന് പുറത്തായപ്പോള്‍ ആ ഗ്രൂപ്പുകളുടെ പ്രസക്തിയും നഷ്ടപ്പെട്ടു. ചിലര്‍ പഴയ ഗ്രൂപ്പിലേക്ക് ചേക്കേറി മറ്റുള്ളവര്‍ ഗ്രൂപ്പില്ലാത്ത പുതിയ നേതാവ് എത്താന്‍ കാത്തിരുന്നു. ഗ്രൂപ്പില്ലാതെ ഹൈക്കമാൻഡ് ബലത്തില്‍ കെപിസിസി പ്രസിഡന്റായ വി എം സുധീരന്റെ പേരില്‍ ചില സംസ്ഥാന നേതാക്കള്‍ ഹൈക്കമാൻഡ് ഗ്രൂപ്പുണ്ടാക്കി. സുധീരന്‍ പോയപ്പോള്‍ ആ ഗ്രൂപ്പും തണുത്തു. പിന്നീട് മുല്ലപ്പള്ളി രാമചന്ദ്രന്‍ എത്തിയപ്പോള്‍ വീണ്ടും തിളിര്‍ത്തു.
advertisement
വയലാര്‍ രവി കത്തിനിന്നപ്പോള്‍ ഉണ്ടായ ഗ്രൂപ്പ് ഇപ്പോഴില്ല. അദ്ദേഹത്തെ പിന്തുണച്ച് അന്ന് ഒപ്പമുണ്ടായിരുന്നവര്‍ ഇന്ന് മുതിര്‍ന്ന നേതാക്കളായി. അതുകൊണ്ട് അവര്‍ മാറി നിന്ന് ചര്‍ച്ചകളില്‍ കുറ്റവും കുറവും നിരത്തുന്നു. ഇങ്ങനെ എല്ലാകാലത്തും ഗ്രൂപ്പ് തന്നെയാണ് കോണ്‍ഗ്രസിനെ വളര്‍ത്തിയതും തളര്‍ത്തിയതും. എന്നാല്‍ ഇത്തവണ അതല്ല കഥ. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിലനിറുത്താനും നീക്കാനും ഗ്രൂപ്പ് മറന്നുള്ള ശ്രമങ്ങളുണ്ടായി. കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളികളുടെ തമ്പുരാന്‍ സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി തന്നെ രമേശ് ചെന്നിത്തലയ്ക്ക് അനുകൂലമായി രംഗത്തിറങ്ങി. ഹൈക്കമാൻഡ് വൃത്തങ്ങളെ പതിവ് പോലെ വരും വരായ്കകള്‍ പറഞ്ഞ് ഭയപ്പെടുത്തി. ഘടകകക്ഷികളെ ഒപ്പം നിറുത്തി എല്ലാ അടവുകളും പയറ്റി. ചെറുപ്പക്കാരായ എംഎല്‍എമാരെ രംഗത്തിറക്കി മറുഭാഗം അതിലും വലിയ കളികളിച്ചു. ഒടുവില്‍ ചെറുപ്പക്കാര്‍ വിജയിച്ചു. ചുവരെഴുത്ത് വായിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയക്കും ഒപ്പം നിന്ന എ, ഐ ഗ്രൂപ്പ് നേതാക്കള്‍ക്കും കഴിഞ്ഞില്ല. പക്ഷെ കളി അവസാനിക്കുന്നില്ല.
advertisement
ഗ്രൂപ്പ് ഭാവി
അത് ശോഭനം തന്നെയാണ്. ഒരു സംശയവും വേണ്ട. പക്ഷെ ഇനി കാണാന്‍ പോകുന്നത് ചില പുതിയ കളികളാണ്. തെരഞ്ഞെടുക്കപ്പെട്ട 21 എംഎല്‍എമാരില്‍ ചിലരുടെ പിന്തുണ മാത്രമല്ല വി ഡി സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തിച്ചത്. അതില്‍ ചില മുതിര്‍ന്ന നേതാക്കളുടെ കളികളുമുണ്ട്. കെ സുധാകരന്‍ തന്നെ പ്രധാനം. ഐ ഗ്രൂപ്പില്‍ ഒപ്പമുണ്ടായിരുന്നപ്പോഴുള്ള പരിഭവങ്ങ്ള്‍ മറന്ന് വി ഡി സതീശനെ കെ.സുധാകരന്‍ പിന്തുണച്ചതിന് കാരണം വേറെയുണ്ട്. അത് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചുള്ള പിന്തുണ പ്രതീക്ഷിച്ച് തന്നെയാണ്. ചെറുപ്പക്കാരുടെ വീര്യം ചോരുന്നതിന് മുമ്പ് അത് നടത്തിയെടുക്കുകയെന്നതാണ് ഇനി കെ സുധാകരന്റെ മുന്നിലുള്ള വെല്ലുവിളി.
advertisement
മറുഭാഗത്ത് ഗ്രൂപ്പ് തര്‍ക്കം അവസാനിപ്പിച്ചല്ല ഐയും എയും കൈകോര്‍ത്തതും. പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തലയെ നിലനിറുത്തിയാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ലഭിക്കുമെന്ന് എ ഗ്രൂപ്പ് കണക്ക് കൂട്ടി. എന്നാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടിയുടെ മനസിലുള്ള പേരു കേട്ട പല യുവ എ ഗ്രൂപ്പ് നേതാക്കളും ഞെട്ടി. അങ്ങനെയാണ് അവര്‍ വി ഡി സതീശനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത് എന്നാണ് കെപിസിസിയിലെ അടക്കം പറച്ചില്‍.
ഇനി ഐഎ ഗ്രൂപ്പ് ?
ഐ,എ ഗ്രൂപ്പുകള്‍ കോര്‍ക്കുന്നത് ഇത് ആദ്യമായിട്ടല്ല. ഇവരുടെ പരസ്യപോരുകളുടെയെല്ലാം അവസാനം പരസ്പരം കൈകോര്‍ത്ത് വീതം വച്ച് പിരിഞ്ഞിട്ടേയുള്ളു. മിക്കപ്പോഴും അത്തരം വീതം വയ്പുകള്‍ അവസാനിക്കുക ഉമ്മന്‍ ചാണ്ടി നിർദേശിക്കുന്ന ഫോര്‍മുലയുടെ അടിസ്ഥാനത്തിലുമാകും. അത് നടക്കാതിരുന്നത് വി എം സുധീരന്‍ കെപിസിസി പ്രസിഡന്റായിരുന്നപ്പോഴുള്ള നിയമസഭ സ്ഥാനാര്‍ത്ഥി ചര്‍ച്ച പോലുള്ള ചില അവസരങ്ങളില്‍ മാത്രം. ഗ്രൂപ്പിലെ പ്രമുഖന്‍ ബെന്നി ബഹനാനെ മാറ്റാന്‍ സമ്മതിച്ച് അന്ന് ഉമ്മന്‍ചാണ്ടിക്ക് ഒത്തുതീര്‍പ്പിന് വഴങ്ങേണ്ടി വന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പുളള ചര്‍ച്ചകളില്‍ പോലും ആഗ്രഹിച്ചതെല്ലാം നേടിയെടുത്തു ഉമ്മന്‍ചാണ്ടി. കെ ബാബുവിന് സീറ്റ് ഉറപ്പാക്കുന്നതില്‍ വരെ അദ്ദേഹം തന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് മയപ്പെടുത്തിയില്ല.
advertisement
ആ ഉമ്മന്‍ ചാണ്ടിയുടെ ചാണക്യ തന്ത്രങ്ങള്‍ക്ക് പോലും പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തലയെ ഉറപ്പിച്ചിരുത്താനായില്ല. കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് കൂടി കഴിയുന്നതോടെ ഈ രണ്ട് നേതാക്കളും അവര്‍ക്കൊപ്പം നില്‍ക്കുന്ന നേതാക്കളും കൂടുതല്‍ ഒറ്റപ്പെടുമെന്നാണ് സതീശന്‍, സുധാകരന്‍, കെ സി വേണുഗോപാല്‍ ക്യാമ്പുകളിലെ സംസാരം. ഐ, എ ഗ്രൂപ്പുകളില്‍ ഇവരെ പിന്തുണയ്ക്കുന്നവര്‍ ചേർന്ന 'അയ്യേ' ഗ്രൂപ്പാകുമെന്നാണ് ഇവരുടെ പരിഹാസം. പ്രസക്തി നഷ്ടപ്പെടുന്ന നേതാക്കളായി മാറുകയാണോ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും? ചാവേറുകളെ പോലെ ഗ്രൂപ്പ് ഉമ്മന്‍ചാണ്ടിക്കൊപ്പം ഉറച്ച് നിന്ന കാലമൊക്കെ കടന്നുപോയി. ആ പ്രതാപം തിരിച്ചു പിടിക്കാനുള്ള ആരോഗ്യവും അദ്ദേഹത്തിന് ഇന്നില്ല. അതേസമയം കേരളത്തില്‍ നിന്ന് ഡല്‍ഹിക്ക് വിമാനം പിടിച്ച നേതാക്കളുടെ വഴി രമേശ് ചെന്നിത്തലയ്ക്ക് മുന്നില്‍ ഇപ്പോഴും തുറന്ന് തന്നെ കിടക്കുകയാണ്.
Location :
First Published :
May 22, 2021 6:57 PM IST