'ചേട്ടനല്ലേ പറയുന്നത്, മോക്കെന്നെ വിശ്വാസമില്ലേ, എന്നൊക്കെ പറഞ്ഞാല്‍ അലിയാന്‍ നിക്കരുത്'; എന്ന് ഉടക്കുന്നോ, അന്ന് പണി കിട്ടും
Last Updated:
അതീവ സ്വകാര്യമായ നിമിഷങ്ങൾ മൊബൈൽ ഫോണിൽ പകർത്തപ്പെടുകയും പിന്നീട് അത് ഏതെങ്കിലും തരത്തിൽ ലീക്ക് ചെയ്ത് വൈറലാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ മാധ്യമ പ്രവർത്തകയുടെ കുറിപ്പ്
റാണി ലക്ഷ്മി
'When you have to shoot, shoot . Don't talk.' - The Good, The Bad and The Ugly(1966). അതൊക്കെ തന്നെയാ ഇവിടെയും പറയാന്‍ ഉള്ളൂ. എന്ത് ചെയ്യാന്‍ വന്നോ , അത് ചെയ്യുക അല്ലാതെ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ഡയലോഗ് അടിച്ചിട്ട് തിരുനെറ്റിയില്‍ വെടി കൊണ്ട് ചാകരുത്.
പിന്നെ ഈ ഗുഡ് , ബാഡ് , അഗ്ലി എന്നതൊക്കെ ഓരോരുത്തരുടെ കാഴ്ച്ചപ്പാടിനെ അനുസരിച്ചാണ് ഹേ. അതുകൊണ്ട് സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള സാക്ഷരതാ ക്ലാസ്സിലേയ്‌ക്കോ , സ്വഭാവശുദ്ധി / സദാചാര സെമിനാറിലേയ്ക്കോ കടന്നുകൊണ്ട് വരയ്ക്കപ്പെട്ടിട്ടുള്ള വട്ടത്തില്‍ നിന്നോണം എന്ന് പറയുന്നില്ല.
advertisement
പഴേ കാലം ഒന്നും അല്ലല്ലോ. പിള്ളേരോട് ചാനലിൽ ഉപ്പും മുളകും തുടങ്ങുന്ന സമയത്തിനു മുന്നേ വീട്ടില്‍ കേറണമെന്നോ, പ്രായമായവര്‍ കാമമോഹമൊക്കെ കുറച്ച് സെറ്റോ കാഷായമോ ഉടുത്ത് ഭസ്മമിട്ട് നാമം ചൊല്ലണമെന്നോ പറയാന്‍ ഒക്കില്ല. അത് അവരുടെ ജീവിതമാണ്. അവരുടെ ചോയിസ് ആണ്. അല്ല , പഴയ കാലത്തിന്റെ കാര്യവും കണക്കാ. അന്ന് ഫോണും നെറ്റും ഇല്ലാത്തോണ്ട് നന്നായി. അതുകൊണ്ട് ആര്‍ക്കും നാണംകെട്ടു കരഞ്ഞോണ്ട് സൈബര്‍ സെല്ലില്‍ പോകേണ്ടി വന്നിട്ടില്ല. വല്ല കണ്ണാടിയോ ബാഗോ കുടയോ ലൈറ്ററോ മൂക്കിപ്പൊടിയോ മറന്നുവെച്ചതെടുക്കാന്‍ തിരിച്ചു വരുമ്പോള്‍ എന്തെങ്കിലുമൊക്കെ കണ്ട് (ലിങ്ക്.. സോറി കതക് തുറന്നാല്‍ നിങ്ങള്‍ ഞെട്ടും), ടിയാനെ തെങ്ങില്‍ കെട്ടിയിട്ട് തല്ലി നാണക്കേടായാല്‍ ആയി.അതാ ലൊക്കാലിറ്റിയില്‍ തീരും.
advertisement
അതവിടെ നിക്കട്ടെ, നമ്മടെ പ്രധാന വിഷയം അതൊന്നും അല്ല. നിങ്ങള്‍ രതിയില്‍ ഏര്‍പ്പെടുകയാണോ, ആരോട് എപ്പോള്‍ വേണമെന്നത് നിങ്ങളുടെ താല്പര്യം ആണ്, പക്ഷെ കിടപ്പറയില്‍ നിങ്ങള്‍ റോജര്‍ ഡീകിന്‍സ് ആകേണ്ട കാര്യം എന്താണ് ? ക്യാമറ വെള്ളത്തിലേയ്ക്ക് ചാടുവല്ലേ എന്നാല്‍ പിന്നെ കൂടെ ചാടിയേക്കാം എന്ന് കരുതാന്‍ നിങ്ങളാരാ മിയ മാല്‍ക്കോവയോ അതോ ജെയിംസ് ഡീനോ? ആ നേരത്ത് ക്യാമറാ വെക്കാന്‍ നിങ്ങളാരുവാ? അല്ലേ... കുറഞ്ഞ പക്ഷം ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യത്തോട് ഒരു ആത്മാര്‍ത്ഥത വേണ്ടേ? ശ്ശെടാ!
advertisement
ഭാര്യയുടെ വാട്സാപ്പിലേക്ക് അശ്ലീല ചിത്രങ്ങളയച്ചു; അബുദാബിയിൽ യുവാവിന് 46 ലക്ഷം രൂപ പിഴ
ഇനി അങ്കവും കാണാം താളിയും ഓടിക്കാം എന്നാണെങ്കില്‍ ധര്‍മ്മനീതി ഇക്കാര്യത്തില്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ സമൂഹത്തില്‍, വേറെ പറമ്പില്‍ കേറി താളി ഒടിച്ച കുറ്റത്തിന് നിങ്ങള്‍ അകത്താകും. തോട്ടി പിടിച്ച് തന്നവന്‍ സ്‌കൂട്ടാകും. തെളിവിന് അവന്റെ മുഖം ഇല്ലല്ലോ. അവളുടെ ആണെങ്കില്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എല്ലാ തെളിവും ഉണ്ട് താനും. ഒന്നാമത് ഇത്തരം പല ബന്ധങ്ങളിലും ചതിയുടെ ഒരു എലമെന്‍റ് ഒളിഞ്ഞു കിടപ്പുണ്ടാകും. അത് കൊണ്ട് ക്യാമറാമോനെ സൂക്ഷിക്കുക.( ചിലപ്പോഴെങ്കിലും ക്യാമറാ മോളെയും).
advertisement
സ്വന്തം മുഖം പതിയാന്‍ സമ്മതിക്കുന്നത് എന്ത് ചേതോവികാരത്തിന്റെ പുറത്തുള്ള ആത്മഹത്യയാണോ?
ഒന്ന് . വിശ്വാസത്തിന്റെ പര കോടിയില്‍ നിന്നുള്ള മണ്ടത്തരം.
രണ്ട് . തന്റെ ശരീരസൗന്ദര്യവും പെര്‍ഫോമന്‍സും വീണ്ടും കാണാന്‍ ഉള്ള പോങ്ങത്തരം. ചീപ്പ് നാഴ്സിസം.
മൂന്ന് . മൊത്തത്തില്‍ ശുദ്ധ ഊളത്തരം.
സൈബറിടത്തില്‍ എന്നെങ്കിലും എന്തെങ്കിലും പതിഞ്ഞിട്ടുണ്ടെങ്കില്‍ അതിന് പെര്‍മനന്റ് ആയൊരു ഡിലീഷന്‍ ഇല്ല മക്കളേ. ചുരുക്കിപ്പറഞ്ഞാല്‍ ഇതൊന്നും ചില്ലറക്കളിയല്ല, .
'ചേട്ടനല്ലേ പറയുന്നത് , ഒറ്റ തവണ കുട്ടാപ്പീ , ജസ്റ്റ് കണ്ടിട്ട് കളഞ്ഞോളാം, മോക്കെന്നെ വിശ്വാസം ഇല്ലേ, എന്നാ പോ ഞാന്‍ പെണങ്ങി ' എന്നൊക്കെ പറഞ്ഞാല്‍ അലിയാന്‍ നിക്കരുത്. അവനോടെന്ന് ഉടക്കുന്നോ, അന്ന് പണി കിട്ടും. ഇനി വീഡിയോ എടുത്തോളാന്‍ നിര്‍ബന്ധിക്കുന്ന പെണ്‍കുട്ടികളും ഉണ്ട്, കുഴപ്പമില്ല. പിന്നെ ലീക്ക് ആയാല്‍ കരയാനോ ചാകാനോ നിക്കരുത് എന്ന് മാത്രം. ആ ബോള്‍ഡ്‌നസ് ഒക്കെ ഇങ്ങട്.. ഇങ്ങട് പോരാട്ടന്നെ .
advertisement
ഇനി മനഃപൂര്‍വം അല്ലെങ്കില്‍ കൂടിയും പല വഴി സംഭവം പ്രചരിക്കാം. അതിനുള്ള പോംവഴി സ്വയം മോഡലും സിനിമാട്ടോഗ്രാഫറും ആകാതെ ഇരിക്കുക എന്നുള്ളതാണ്.
പിന്നെ അബദ്ധങ്ങള്‍ കണ്ടും കേട്ടും പരത്തിയും രസിക്കുന്നവരോട് എന്ത് പറയാനാണ്. ആരൊക്കെ എന്തൊക്കെ ചെയ്യുന്നു, ഭാഗ്യം കൊണ്ട് ലീക്ക് ആകുന്നില്ല, ആയിനോക്കട്ടെ മരിക്കാന്‍ ശ്രമിക്കാന്‍ പോലും ഉടല്‍ അനങ്ങില്ല.
അതുകൊണ്ടെല്ലാ ഇടങ്ങളിലും സേഫ് ആകുക. ബീ പ്രാക്ടിക്കല്‍.
സൂക്ഷിച്ചാല്‍ ദു:ഖിക്കണ്ട എന്നതിനേക്കാള്‍ കക്കാന്‍ പഠിച്ചാല്‍ നിക്കാന്‍ പഠിക്കണം എന്ന് പറയുന്നതാവും കാലത്തിന് അനുയോജ്യം.
advertisement
അതു കൊണ്ട് ആക്ഷന്‍... കട്ട് .... അതൊക്കെ നിങ്ങടെ ഇഷ്ടം.
ബട്ട് ആ നേരത്ത് നോ ക്യാമറ പ്ലീസ്!
Location :
First Published :
April 11, 2019 8:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
'ചേട്ടനല്ലേ പറയുന്നത്, മോക്കെന്നെ വിശ്വാസമില്ലേ, എന്നൊക്കെ പറഞ്ഞാല്‍ അലിയാന്‍ നിക്കരുത്'; എന്ന് ഉടക്കുന്നോ, അന്ന് പണി കിട്ടും