പ്രശാന്ത് കിഷോറും സോണിയ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ത്? പ്രശാന്ത് കിഷോർ കോൺഗ്രസിന് ഗുണമോ?
- Published by:Rajesh V
- news18-malayalam
Last Updated:
എഐസിസി ഭാരവാഹികളും പ്രാദേശിക നേതാക്കളും യുവനേതാക്കളുമായ നിരവധി കോൺഗ്രസ് പ്രവർത്തകരെ പ്രശാന്ത് കിഷോർ നേരിട്ട് കണ്ട് ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. അവരിൽ പത്തിൽ എട്ട് പേരും കിഷോർ കോൺഗ്രസിന് ഒരു മുതൽക്കൂട്ടാകുമെന്ന് കരുതുന്നു എന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തിയാവില്ല.
റഷീദ് കിദ്വായി
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ ഉപദേശക സ്ഥാനത്ത് നിന്ന് പ്രശാന്ത് കിഷോർ ഒഴിഞ്ഞത് ഒരു 'സ്വതന്ത്ര ഏജന്റ്' ആയി തുടരാൻ ഇനി അദ്ദേഹത്തിന് താത്പര്യമില്ല എന്നതിന്റെ സൂചനയാണ് നൽകുന്നത്. അതിനു പകരം ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി 2024ൽ വരാൻ പോകുന്ന പൊതുതെരഞ്ഞെടുപ്പിൽ നേരിട്ടുള്ള ഇടപെടൽ നടത്താനാകും അദ്ദേഹത്തിന്റെ നീക്കമെന്ന് റിപ്പോർട്ടുകൾ. 2022 ഫെബ്രുവരിയിൽ പഞ്ചാബിൽ നടക്കാൻ പോകുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സാധ്യതകൾക്ക് മങ്ങലേൽക്കുന്നതിന്റെ സൂചനയായും പഞ്ചാബിൽ നിന്ന് വിട്ടുനിൽക്കാനുള്ള പ്രശാന്ത് കിഷോറിന്റെ തീരുമാനത്തെ കാണുന്നവരുണ്ട്.
advertisement
കോൺഗ്രസിന്റെ ആഭ്യന്തര സ്രോതസുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ വിശ്വാസയോഗ്യമാണെങ്കിൽ 2022ൽ ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മെനയാൻ പ്രശാന്ത് കിഷോർ ഉണ്ടാകില്ല. കഴിഞ്ഞ ഒരു വർഷക്കാലമായി കോൺഗ്രസ് നേതാവായ സോണിയ ഗാന്ധിയുമായി പ്രശാന്ത് കിഷോർ കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്. പൊതുവെ ധരിക്കപ്പെട്ടതുപോലെ സോണിയ ഗാന്ധി-പ്രശാന്ത് കിഷോർ കൂടിക്കാഴ്ചകൾ തെരഞ്ഞെടുപ്പുകളെ കേന്ദ്രീകരിച്ചുള്ളവയായിരുന്നില്ല. മറിച്ച് അവ കോൺഗ്രസിന്റെ പുനരുജ്ജീവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളായിരുന്നു. തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നതിലാവരുത് മറിച്ച് കോൺഗ്രസിനെ നവീകരിക്കുന്നതിലാകണം ശ്രദ്ധ ചെലുത്തേണ്ടതെന്ന് പ്രശാന്ത് കിഷോർ ഗാന്ധി കുടുംബത്തെ ഉപദേശിച്ചതായും അഭ്യൂഹങ്ങൾ പുറത്തു വന്നു. കഴിഞ്ഞ 136 വർഷക്കാലമായി കോൺഗ്രസ് നിലനിന്നത് അതിന്റെ പ്രത്യയശാസ്ത്രത്തിന്റെയും സംഘടനയുടെയും പ്രവർത്തകരുടെയും പിൻബലത്തിലാണ്. വരാൻ പോകുന്ന പതിറ്റാണ്ടുകൾ മുന്നിൽ കണ്ടുകൊണ്ട് അവ പുനർനിർമിക്കപ്പെടേണ്ടതുണ്ട്.
advertisement
സംഘടനാതലത്തിൽ വിപുലമായ ഒരു അഴിച്ചുപണിയിലാണ് പ്രശാന്ത് കിഷോർ ഉന്നം വെയ്ക്കുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. തെരഞ്ഞെടുപ്പിനായുള്ള സഖ്യരൂപീകരണം, ധനസമാഹരണം, സ്ഥാനാർത്ഥികളെ നിർണയിക്കുന്ന സംവിധാനം എന്നിവയെക്കുറിച്ചെല്ലാം പ്രശാന്ത് കിഷോർ വലിയ ചർച്ചകൾ നടത്തിക്കഴിഞ്ഞുവെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കോൺഗ്രസിന്റെ മധ്യപ്രദേശ് ഘടകത്തിന്റെ അധ്യക്ഷനായ കമൽനാഥിനും ഈ ചർച്ചകളെക്കുറിച്ച് അറിവുണ്ടെന്ന് വേണം കരുതാൻ. അദ്ദേഹത്തിന് ദേശീയതലത്തിൽ പ്രധാന ഉത്തരവാദിത്തം നൽകുന്ന കാര്യവും പരിഗണനയിലുണ്ട്.
advertisement
എഐസിസി ഭാരവാഹികളും പ്രാദേശിക നേതാക്കളും യുവനേതാക്കളുമായ നിരവധി കോൺഗ്രസ് പ്രവർത്തകരെ പ്രശാന്ത് കിഷോർ നേരിട്ട് കണ്ട് ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. അവരിൽ പത്തിൽ എട്ട് പേരും കിഷോർ കോൺഗ്രസിന് ഒരു മുതൽക്കൂട്ടാകുമെന്ന് കരുതുന്നു എന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തിയാവില്ല. പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത് പ്രകാരം, കോൺഗ്രസിൽ പ്രശാന്ത് കിഷോറിന്റെ ഇടപെടലുകളെ സംബന്ധിച്ച് രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളുമായി ഇതിനകം ചർച്ച നടത്തിയിട്ടുണ്ട്. എ കെ ആന്റണി, മല്ലികാർജുൻ ഖാർഗെ, അംബിക സോണി എന്നിവർ മുതൽ യുവാക്കളായ നിരവധി നേതാക്കൾ ഉൾപ്പെടെയുള്ളവർ പ്രശാന്ത് കിഷോറിന്റെ കോൺഗ്രസിലേക്കുള്ള പ്രവേശനത്തെ സ്വാഗതം ചെയ്യുന്നവരാണ്.
advertisement
വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖ നേതാക്കളുമായെല്ലാം അടുത്ത ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ് പ്രശാന്ത് കിഷോർ. കോൺഗ്രസിന്റെ ഭാഗമായി മാറുന്നതോടെ ഇവരെയെല്ലാം ഒന്നിച്ച് കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം. മാറ്റത്തോട് എന്നും മുഖം തിരിച്ചിട്ടുള്ള കോൺഗ്രസിന് പുതിയൊരു ശക്തിയായി ഉയരാൻ കഴിയുമോ എന്നതും കാത്തിരുന്നു കാണേണ്ടതുണ്ട്.
( മുതിർന്ന പത്രപ്രവർത്തകനാണ് ലേഖകൻ. ഈ ലേഖനത്തിൽ പ്രകടിപ്പിച്ചിരിക്കുന്ന അഭിപ്രായങ്ങൾ വ്യക്തിപരമാണ്, അവ ഈ പ്രസിദ്ധീകരണത്തിന്റെ നിലപാടിനെ പ്രതിനിധാനം ചെയ്യുന്നില്ല)
Location :
First Published :
August 05, 2021 4:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
പ്രശാന്ത് കിഷോറും സോണിയ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ത്? പ്രശാന്ത് കിഷോർ കോൺഗ്രസിന് ഗുണമോ?