• HOME
 • »
 • NEWS
 • »
 • opinion
 • »
 • Nagaland | നാഗാലാൻഡ് വീണ്ടും കലാപഭൂമിയാകുമോ? വിഘടനവാദികൾ ഒന്നിക്കുമെന്ന് ആശങ്ക

Nagaland | നാഗാലാൻഡ് വീണ്ടും കലാപഭൂമിയാകുമോ? വിഘടനവാദികൾ ഒന്നിക്കുമെന്ന് ആശങ്ക

ഇന്ത്യയിൽനിന്നും വേറിട്ട് മ്യാൻമറിന്റെ ചില ഭാഗങ്ങൾ കൂടി ചേർത്ത് നാഗാരാജ്യം വേണമെന്ന വിഘടനവാദികളുടെ ശബ്ദം മറ്റുചിലർ കൂടി ഏറ്റപിടിക്കാനും സൈന്യത്തിന്റെ ഗുരുതര വീഴ്ച വഴിയൊരുക്കി

Nagaland Firing

Nagaland Firing

 • Last Updated :
 • Share this:
  സുരേഷ് വെള്ളിമുറ്റം

  ''ഇതൊരു പൊലീസ് നടപടിയല്ല. സൈന്യത്തിന്റെ നരനായാട്ടാണ്. നാഗാ ജനതയ്ക്കെതിരായ സൈന്യത്തിന്റ മനോഭാവം വെളിപ്പെടുത്തുന്ന നീതിയില്ലായ്മ'' മോൺ ജില്ലയിലെ ഓടിംഗ് ഗ്രാമവാസിയുടെ ഈ വാക്കുകളിലുണ്ട് സൈനിക നടപടിക്കെതിരെ നാഗാലാൻഡിൽ പുകയുന്ന പ്രതിഷേധത്തിന്റെ കനലും കാറ്റും. പതിറ്റാണ്ടുകളായി തുടരന്ന നാഗാ സമാധാന ചർച്ചകൾ എങ്ങുമെത്തിയില്ലെന്നും ഈ വാക്കുകൾ ഓർമ്മപ്പെടുത്തുന്നു. ഇന്ത്യയിൽനിന്നും വേറിട്ട് മ്യാൻമറിന്റെ ചില ഭാഗങ്ങൾ കൂടി ചേർത്ത് നാഗാരാജ്യം വേണമെന്ന വിഘടനവാദികളുടെ ശബ്ദം മറ്റുചിലർ കൂടി ഏറ്റപിടിക്കാനും സൈന്യത്തിന്റെ ഗുരുതര വീഴ്ച വഴിയൊരുക്കി.

  പ്രത്യേക പതാകയും ഭരണഘടനയും

  രാജ്യത്തെ പതിനാറാമത് സംസ്ഥാനമായി 58 വർഷം മുമ്പ് പിറന്നതാണ് നാഗാലാൻഡ്, പ്രത്യേക പതാകയും പ്രത്യേക ഭരണഘടനയും സ്വയംഭരണവാദവുമൊക്കെയായി അന്നുമുതൽതന്നെ രാജ്യത്തിനെതിരായ പോരാട്ടവും പിറവിയെടുത്തു. സായുധ കലാപത്തില്‍ ഇരുപക്ഷത്തും കനത്ത ആൾനാശമുണ്ടായി. 2015-നാണ് ഒരു സമാധാന കരാറുണ്ടാകുന്നത്. നാട്ടുകാരും സൈനികരും നുഴഞ്ഞുകയറ്റക്കാരും അടക്കം 46 പേർ കൊല്ലപ്പെട്ട കലാപത്തിന് ശേഷമായിരുന്നു ഇത്. അകമെ പുകയുന്നുണ്ടെങ്കിലും പുറമെ നാഗാലാൻഡ് ശാന്തമായിരുന്നു. 2019ൽ സമാധാന കരാറിന്റെ ലംഘനം ഉണ്ടായപ്പോഴും സ്ഥിതിഗതികൾ കൈവിട്ടുപോയില്ല. പക്ഷേ ഇപ്പോൾ സ്ഥിതി അങ്ങനെയല്ല. 2015 ൽ ഇന്ത്യ ഭീകര സംഘടനയായി പ്രഖ്യാപിച്ച എൻഎസ്‍സിഎൻ - കെ എന്ന സായുധ സംഘമാണ് കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന സംഘർത്തിന് ചുക്കാൻ പിടിക്കുന്നത്. വെടിവയ്പിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കൊന്യാക് ഗോത്രവർഗത്തിൽപെട്ടവരും. എൻഎസ്‍സിഎൻ - കെ പലയിടത്തും പ്രവർത്തിക്കുന്നത് ഈ ഗോത്രവർഗത്തിന്റെയും മ്യാൻമറിന്റെയും പിന്തുണയോടെയാണ്. മാത്രമല്ല, എൻഎസ്‍സിഎൻ അംഗമായ നാഷണൽ സോഷ്യലിസ്റ്റ് കൗണ്‍സിൽ ഓഫ് നാഗാലാൻഡിലെ അഞ്ച് ഗ്രൂപ്പുകൾ കൂടുതൽ ശക്തിപകരുന്നതാണ് സൈനിക നടപടി. നാഗാലാൻഡിന് പുറമെ അസം, മണിപൂർ എന്നിവിടങ്ങളിലും മ്യാൻമറിലും വേരുകളുള്ള സംഘടന. സ്വയം ഭരണം, സ്വന്തം പതാക, സൈന്യത്തെ പിൻവലിക്കുക തുടങ്ങിയ ഇവരുടെ പ്രഖ്യാപിത നിലപാടിന് ഇപ്പോൾ കൂടുതൽ പിന്തുണ ലഭിക്കുകയും ചെയ്യുന്നു. ഇത് അപകടകരമാണ്.

  വിഘടനവാദികൾ ഒന്നിക്കുന്നു

  വെടിവയ്പ് ഉയർത്തുന്ന മറ്റൊരു വെല്ലുവിളി കൂടിയുണ്ട്. സായുധ വിപ്ലവത്തിന് തയ്യാറാകാതെ, സമാധാനത്തിനും ചർച്ചയ്ക്കും തയ്യാറായിരുന്ന പല പ്രാദേശിക സംഘടനകളും പ്രഖ്യാപിത നിലപാടിൽനിന്നും പിന്നോട്ട് പോകേണ്ടി വരുന്നു. നാഗാ നാഷണൽ പൊളിറ്റിക്കൽ ഗ്രൂപ്പിന്റെ (NNPG) ഭാഗമായുള്ള കക്ഷികളും ഇപ്പോൾ വീണ്ടുവിചാരത്തിലോ പ്രതിസന്ധിയിലോ ആണ്. സൈന്യത്തെ എതിർക്കാതെ, ആളിക്കത്തുന്ന പൊതുവികാരത്തിനൊപ്പം നിൽക്കാതെ പിന്തിരിഞ്ഞാൽ, അടിത്തറ ഇളകും എന്നതാണ് ഇവരുടെ ആശങ്ക. കഴിഞ്ഞ സെപ്തംബർ 20-ന് NNPG പുറത്തിറക്കിയ വാർത്താ കുറിപ്പുകൂടി ഇവിടെ ഓർക്കണം. മ്യാൻമറിൽ നിന്നും NSCN ഗ്രൂപ്പുകൾ ആയുധം വാങ്ങുന്നുവെന്ന കേന്ദ്രത്തിന്റെ പ്രസ്താവന അസ്വസ്ഥത സൃഷ്ടിക്കുന്നു എന്നതായിരുന്നു വാർത്താക്കുറിപ്പ്.. ഇല്ലാക്കഥകൾ കേന്ദ്രം മെനഞ്ഞെടുക്കുന്നു എന്ന വിമർശനവും. ഫലത്തിൽ എല്ലാ വിഭാഗങ്ങളും സൈന്യത്തിനും കേന്ദ്രത്തിനും എതിരെ തിരിയുന്ന ദുരവസ്ഥ.

  സൈന്യത്തിനെതിരെ പൊലീസും

  നാഗാലാൻഡിൽ, പ്രത്യേകിച്ച് മോൺ പോലുള്ള അതിർത്തി ജില്ലകളിൽ നാട്ടുകാർ മാത്രമല്ല പൊലീസും സൈന്യത്തിനെതിരെയാണ്. സേനയെ പിൻവലിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പൊലീസിന്റെ പിന്തുണയുണ്ട്. വെടിവയ്പുണ്ടായ ഉടൻ സൈനികർക്കെതിരെ പൊലീസ് കേസെടുത്തതും ഇതുകൊണ്ടുതന്നെ. എഫ്ഐആർ വിവരങ്ങൾ പരിശോധിച്ചാലും പൊലീസിന്റെ ഈ അനിഷ്ടം വ്യക്തമാകും.

  Also Read- Nagaland Operation | നാഗാലാന്‍ഡ് വെടിവെപ്പ്: ക്ഷുഭിതരായ ജനക്കൂട്ടം അസം റൈഫിള്‍സ് ക്യാമ്പ് തകര്‍ത്തു; ഇന്ന് ബന്ദിന് ആഹ്വാനം

  മുറിവുണക്കൽ എളുപ്പമാകില്ല

  പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ഖേദപ്രകടനവും ഒരുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റകാർക്കെതിരെ നടപടിയെടുക്കുമെന്ന ഉറപ്പും നാഗാലാൻഡിലെ പ്രതിഷേധത്തിന് നേരിയ ആശ്വാസമാണ്. പക്ഷേ ഇതിനപ്പുറം ജനവികാരം തണുപ്പിക്കാനുള്ള രാഷ്ട്രീയ നീക്കവും പ്രാദേശിക സംഘടനകൾ ഒരുമിക്കാതിരിക്കാനുള്ള തന്ത്രപരമായ നീക്കവും പ്രശ്ന പരിഹാരത്തിനുള്ള നയതന്ത്ര ഇടപെടലും ആവശ്യമാണ്. 30 ലക്ഷം ജനങ്ങളുള്ള ഒരു സംസ്ഥാനം മാത്രമല്ല നാഗാലാൻഡ്. ഗോത്ര വൈവിധ്യത്തിലും സാംസ്കാരിക സമ്പന്നതയിലും ജൈവ വൈവിധ്യത്തിലും നാഗാലാൻഡിന്റെ പ്രാധാന്യം ഭൂമിശാസ്ത്രപരമായ അതിർത്തിയിൽ തീരില്ല. ഗോത്ര വിഭാഗങ്ങളുടെ ജീവിത രീതികൾക്കും തനത് സംസ്കാരത്തിനും പരിഗണന നൽകണം. കശ്മീരിൻറെ പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോൾ നാഗര്‍ക്കും മനസ്സിലായിട്ടുണ്ട്, പ്രത്യേക നാഗരാജ്യം നടക്കില്ലെന്ന്. അത് അവരെ കുറേക്കൂടി ബോധ്യപ്പെടുത്തണം. വിഘടനവാദികൾക്ക് നുഴഞ്ഞുകയറാൻ സ്വയം വഴിയൊരുക്കരുത്.
  Published by:Anuraj GR
  First published: