റഷീദ് ക്വിദായിദേശീയ പൗരത്വ രജിസ്ട്രേഷനും പൗരത്വ നിയമഭേദഗതിക്കും എതിരായി ഇപ്പോൾ നടന്നുവരുന്ന പ്രതിഷേധങ്ങൾ മുസ്ലിങ്ങൾക്ക് അവരുടെ ഇന്ത്യൻ സ്വത്വം മുറുകെ പിടിക്കാനും മികച്ച രീതിയിൽ ഉറപ്പിക്കാനുമുള്ള അവസരം നൽകിയിരിക്കുകയാണ്. ഹിന്ദു-സിഖ്-ക്രിസ്ത്യൻ-പാർസി-ജെയിൻ സാഹോദരങ്ങളും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളും കലാകാരന്മാരും ബുദ്ധിജീവികളും ബോളിവുഡ് താരങ്ങളും എഴുത്തുകാരും എല്ലാം അവർക്ക് പിന്തുണയുമായുണ്ട്.
ത്രിവർണ പതാക, അഹിംസ, ജനഗണമന എന്നിവയെ മുറുകെ പിടിച്ചാണ് മുസ്ലിങ്ങൾ ഇന്ത്യൻ സ്വത്വം ഉറപ്പിക്കുന്നത്. മുസ്ലിം പുരോഹിതന്മാരെയും രാഷ്ട്രീയക്കാരെയും ബുദ്ധിജീവികളെയും പതിറ്റാണ്ടുകളായി മുസ്ലിം സമുദായത്തിന്റെ ‘യഥാർത്ഥ’ പ്രതിനിധികളായി സ്വയം പ്രകടിപ്പിക്കാൻ ശ്രമിച്ചവരെയും നിരാകരിച്ചുകൊണ്ടാണ് പ്രതിഷേധം മുന്നോട്ടുപോകുന്നത്. ഇപ്പോഴത്തെ പ്രതിഷേധങ്ങൾ ഏത് വഴിക്കാണ് മുന്നോട്ടുപോവുക എന്നത് ഇപ്പോഴും വ്യക്തമല്ലെങ്കിലും, മുസ്ലിം ജനത അവരുടെ ഹൃദയത്തെയും ആത്മാവിനെയും അതിൽ അർപ്പിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്.
അതിനും പ്രത്യേകമായ കാരണങ്ങളുണ്ട്. മുത്തലാഖ്, ആർട്ടിക്കിൾ 370, അയോധ്യ വിധി എന്നിവയിൽ നിന്നെല്ലാം വ്യത്യസ്തമായി, എൻആർസി- സിഎഎ എന്നിവയിലെ രാഷ്ട്രീയ ചുവ ഓരോ മുസ്ലീമിനെയും പ്രാദേശികവും ഭാഷാപരവും വിഭാഗീയവും സാമ്പത്തികവുമായ വേർതിരിവുകളെയൊക്കെ മറികടന്ന് ഒരുമിച്ചിരിക്കാൻ പ്രേരിപ്പിച്ചു. ഇന്ത്യക്കാരെന്ന അവരുടെ സ്വത്വബോധം ചോദ്യം ചെയ്യപ്പെടുന്നുവെന്നും ഒരു കൂട്ടായ, സമാധാനപരമായ, സഹകരണപരമായ പ്രതികരണം ആവശ്യമാണെന്നുമുള്ള ഒരു ബോധ്യം അവരിൽ ഉടലെടുത്തു.
Also Read- പ്രതിഷേധങ്ങളിൽ കോൺഗ്രസിനെ കാണാനില്ലെന്ന് പ്രശാന്ത് കിഷോർഈ സാഹചര്യത്തിൽ, CAA-NRC പ്രതിഷേധം മറ്റ് പ്രശ്നങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കണം.
മുത്തലാഖ് വിഷയത്തിൽ ഇന്ത്യയിലെ മുസ്ലിങ്ങൾക്കിടയിൽ ലിംഗപരമായും വിഭാഗീയവുമായ രീതിയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായി. ആർട്ടിക്കിൾ 370ൽ, കശ്മീർ വിഷയവുമായി മാനസിക അകലം ഉണ്ടായിരുന്നു. രാമ ജന്മഭൂമി-ബാബറി മസ്ജിദ് തർക്കത്തിന്റെ കാര്യത്തിൽ, ധാരാളം മുസ്‌ലിംകൾ അത് നടന്നുകഴിഞ്ഞ കാര്യമെന്ന നിലയ്ക്കാണ് കണ്ടത്. നവംബർ 9 ലെ സുപ്രീം കോടതി വിധിക്ക് ശേഷം, ഒരു ആശ്വാസമുണ്ടായിരുന്നു. ഒരു പുനരവലോകന ഹർജി നൽകണമെന്നതിന് പിന്തുണ ലഭിച്ചില്ല.
ഇന്ത്യൻ മുസ്ലിങ്ങൾക്ക് അവരുടെ മാതൃരാജ്യത്താണ് തങ്ങൾ നിലകൊള്ളുന്നതെന്ന അഗാധമായ ബോധമുണ്ട്. അവരുടെ വിശ്വാസത്തിലും മനസ്സിലും ആഴത്തിലുള്ള വേരുകളുണ്ട്. വിവേകമുള്ള ഏതൊരു നിരീക്ഷകനും, ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയും അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയും (എഎംയു) ഒരേലക്ഷ്യത്തിന് വേണ്ടി ഒരുമിച്ച് നിൽക്കുന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണ്.
സ്വതന്ത്രത്തിനു മുമ്പുള്ള ഇന്ത്യയിൽ പാകിസ്ഥാൻ അനുകൂല ഘടകങ്ങളുള്ള എഎംയുവിനുള്ള ദേശീയവാദ ഉത്തരമെന്ന നിലയിൽ മഹാത്മാഗാന്ധിയുടെ ആഹ്വാനത്തിലാണ് ജാമിയ ജനിച്ചത്. സാക്കിർ ഹുസൈനും, അന്ന് ജർമ്മനിയിൽ ജോലി ചെയ്തിരുന്ന രണ്ട് വിശിഷ്ട വ്യക്തികളായ ഡോ. ആബിദ് ഹുസൈനും മുഹമ്മദ് മുജീബും ജാമിയയിൽ ജോലി ചെയ്യുന്നതിനായി ഇന്ത്യയിലേക്ക് മടങ്ങി. 1926 നും 1948 നും ഇടയിൽ 20 വർഷത്തിലേറെയായി ഇവർ മൂവരും ശമ്പളം വാങ്ങാതെ അവരുടെ സമ്പാദ്യവും സമ്പത്തും ചെലവഴിച്ചത് പ്രത്യയശാസ്ത്രപരമായ പ്രശ്നങ്ങളെ ചെറുക്കുന്നതിനും ആധുനിക വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിനായിരുന്നു. സിഎഎ-എൻആർസി പ്രതിഷേധ സമയത്ത് ആ സക്കിർ സാഹിബിന്റെ ചെറുമകൻ സൽമാൻ ഖുർഷിദ് വേണ്ടവിധത്തിൽ സംസാരിക്കുന്നതിൽ പരാജയപ്പെട്ടു.
Also Read- പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം: റെയിൽവേക്ക് 90 കോടി രൂപയുടെ നഷ്ടംഇന്ന് അവതരിപ്പിച്ച തെറ്റായതും കൃത്യതയില്ലാത്തതുമായ വിവരണത്തിന് വിരുദ്ധമായി, സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയിലെ ഭൂരിപക്ഷം മുസ്‌ലിങ്ങളും ദ്വിരാഷ്ട്ര സിദ്ധാന്തത്തെയും പാകിസ്ഥാന്റെ സൃഷ്ടിയെയും എതിർത്തവരാണ്. അഖിലേന്ത്യാ മോമിൻ കോൺഫറൻസിന്റെ 1943 ലെ പ്രമേയം മുസ്ലിങ്ങൾക്കിടയിലെ പിന്നോക്ക ജാതിക്കാരെ പ്രതിനിധീകരിക്കുന്നു. “ഇന്ത്യൻ മുസൽമാൻമാരുടെ ദേശസ്‌നേഹവും ദേശീയതയും ഒരിക്കലും നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തെ നിരവധി ശത്രുരാജ്യങ്ങളാക്കി മാറ്റുന്നത് ഒരിക്കലും അനുവദിക്കില്ല.”- പ്രമേയത്തിൽ പറഞ്ഞത് ഇതാണ്.
മൗലാന ഹുസൈൻ അഹമ്മദ് മദനിയുടെ സംയോജിത ദേശീയതയെക്കുറിച്ചുള്ള ആശയം ഖുറാനും ഹദീസും അടിസ്ഥാനമാക്കിയുള്ളതാണ്. മൗലാന മദനി 'പ്രവിശ്യാ ദേശീയ സിദ്ധാന്തം' മുന്നോട്ടുവച്ചു. “ഒരു രാഷ്ട്രം, ഒരു രാഷ്ട്രമാകണമെങ്കിൽ, ഒരേ മതവും സംസ്കാരവും പങ്കിടേണ്ടത് ആവശ്യമില്ല”, ബഹുസ്വര സമൂഹത്തിൽ അവർ സ്വതന്ത്രവും മതേതരവുമായ ഇന്ത്യയുടെ മുഴുവൻ പൗരന്മാരാകും. മുസ്ലീം ഇതര ഇന്ത്യക്കാരിൽ നിന്ന് വേറിട്ട ഒരു രാഷ്ട്രം മുസ്‌ലിംകള്‍ക്ക് സ്ഥാപിക്കാനാകില്ല എന്ന അദ്ദേഹത്തിന്റെ അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ദ്വിരാഷ്ട്ര സിദ്ധാന്തത്തെ മദനി വിമർശിച്ചത്. ഖുറാനിലും മുഹമ്മദ് നബിയുടെ ആചാരക്രമത്തിലും ക്വാം (രാഷ്ട്രം) എന്ന പദത്തിന് മതേതര അർത്ഥമുണ്ടെന്ന് അദ്ദേഹം വാദിച്ചു.
എഴുത്തുകാരനും പണ്ഡിതനുമായ ഷംസുൽ ഇസ്‌ലാം 'മുസ്ലിങ്ങൾ വിഭജനത്തിന് എതിരാണ്' എന്ന തന്റെ പുസ്തകത്തിൽ പരാമർശിച്ചതുപോലെ, സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യ കർഷകർ, സ്ത്രീകൾ, ചെറുകിട കച്ചവടക്കാർ, നികുതിദായകരല്ലാത്ത വ്യാപാരികൾ, സ്വത്ത് ഉടമസ്ഥതയിലുള്ളവർ അല്ലെങ്കിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ എന്നിവരെ പൗരാവകാശങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. 1946 ലെ പ്രവിശ്യാ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവിശ്യകളിലെ മുതിർന്നവരുടെ ജനസംഖ്യയുടെ 28.5 ശതമാനം പേർക്ക് മാത്രമേ വോട്ടുചെയ്യാൻ കഴിയൂ. സാമ്പത്തികമായും സാമൂഹികമായും തകർന്ന വിഭാഗങ്ങൾക്ക് ഫലത്തിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്… ഉദാഹരണത്തിന് ബീഹാറിൽ വോട്ടർമാർ മൊത്തം ജനസംഖ്യയുടെ 7.8 ശതമാനം മാത്രമാണ്, ”-ഇസ്ലാം എഴുതി.
ജനങ്ങളെ സംഘടിപ്പിക്കാനുള്ള കഴിവില്ലായ്മ, ബ്രിട്ടീഷുകാരുടെ നിരന്തരമായ ഗൂഢാലോചന, ഒരു വിഭാഗം കോൺഗ്രസുകാരുടെയും ആർഎസ്‌എസ്, ഹിന്ദു മഹാസഭ തുടങ്ങിയ വലതുപക്ഷ ഹിന്ദു തീവ്രവാദ സംഘടനകളുടെയും നീക്കം, മുസ്ലീം ലീഗിന്റെ ഭീകരഭരണം എന്നിവ കാരണം സംഖ്യാശക്തി ഉണ്ടായിരുന്നിട്ടും ദേശസ്‌നേഹികളായ മുസ്‌ലിംകൾക്ക് വിഭജനത്തെ തടയാനായില്ല. 1931 ൽ 3,00,000ത്തിലധികം വരുന്ന മുസ്ലീം നാഷണൽ ഗാർഡ്സ് എന്ന പേരിൽ മുസ്ലീം ലീഗ് മറ്റുള്ളവരിൽ ഒഭയം ജനിപ്പിച്ചു. ഈ “സന്നദ്ധപ്രവർത്തകർ” മൗലാന അബുൽ കലാം ആസാദ്, ഡോ. സൈഫുദ്ദീൻ കിച്ച്ലെവ്, മൗലാന ഹുസൈൻ അഹ്മദ് മദാനി, മൗലാന ഹിഫ്സുർ റഹ്മാൻ തുടങ്ങി നിരവധി പേരെ ശാരീരികമായി ആക്രമിച്ചു.
മുസ്ലീങ്ങളുടെ ശബ്ദത്തിന്റെ ഏക പ്രതിനിധി എന്ന മട്ടിൽ മുസ്ലീം ലീഗുമായി ഇന്ത്യ വിഭജനത്തെക്കുറിച്ച് ചർച്ച ചെയ്തതിന് കോൺഗ്രസിനെ കുറ്റക്കാരനാക്കാം. മുസ്ലീം ലീഗ് നേതാവുമായുള്ള കത്തിടപാടുകളിൽ ജിന്നയെ “ഖായിദ്-ഇ-ആസാം” എന്ന് അഭിസംബോധന ചെയ്തപ്പോൾ മഹാത്മാഗാന്ധിയും ഒരുതരം അബദ്ധം കാണിച്ചു. ഈ പശ്ചാത്തലത്തിൽ, ഇന്നത്തെ ഇന്ത്യയിലെ മുസ്‌ലിംകൾ തങ്ങൾക്കുവേണ്ടി സ്വയം സംസാരിക്കാനും വിഭജനത്തിന്റെ വിഡ്ഢിത്വം ആവർത്തിക്കാതിരിക്കാനും തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് മനസിലാക്കണം.
ഇന്ത്യൻ മുസ്ലിങ്ങൾക്കിടയിൽ പ്രകടമായ ഇന്ത്യ എന്ന വികാരം അവസരമായി കണ്ട് എല്ലാ രാഷ്ട്രീയക്കാർക്കും രാഷ്ട്രീയ പാർട്ടികള്‍ക്കും പഴയ മാതൃകയെ കുഴിച്ചിടാനും പരസ്പര വിശ്വാസം, ഭരണഘടനാ ജനാധിപത്യം, സമത്വം എന്നിവ അടിസ്ഥാനമാക്കി ഒരു പുതിയ തുടക്കം കുറിക്കാനും അവസരമൊരുക്കുന്നു.
(രചയിതാവ് ഒബ്സർവർ റിസർച്ച് ഫൗണ്ടേഷന്റെ ഒരു വിസിറ്റർ ഫെലോ ആണ്)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.