ഡോ ബി ഇക്ബാൽ
രാജ്യം വനിതാദിനം ആചരിക്കുന്ന സാഹചര്യത്തിൽ സ്തീകൾ നേരിട്ടുവരുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നത്തെക്കുറിച്ച് സൂചിപ്പിക്കട്ടെ. രാജ്യത്താകെയും കേരളത്തിലും വർധിച്ച് വരുന്ന കാൻസറുകളിൽ പ്രധാനപ്പെട്ടതാണ് സ്തനാർബുദം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ദേശീയ കാൻസർ റജിസ്റ്ററി പ്രോഗ്രാമും പ്രസിദ്ധീകരിച്ച കണക്കുകളനുസരിച്ച് ഇന്ത്യയിലെ 14 ലക്ഷം കാൻസർ രോഗികളിൽ രണ്ട് ലക്ഷത്തോളം പേർ സ്തനാർബുദം ബാധിച്ചവരാണ്. ഇതനുസരിച്ച് രാജ്യത്ത് 22 സ്തീകളിൽ ഒരാൾക്ക് സ്തനാർബുദം ബാധിക്കുകയും രോഗമുള്ള രണ്ടുപേരിലൊരാൾ മരണമടയുകയും ചെയ്യുന്നുണ്ട്.
സ്തനാർബുദ രോഗനിർണ്ണയവും ചികിത്സയും വളരെയേറെ മുന്നോട്ട് പോയിട്ടുള്ള സാഹചര്യത്തിൽ വികസിതരാജ്യങ്ങളിൽ 90 ശതമാനം പേരിൽ രോഗം ഫലവത്തായി നിയന്ത്രിച്ച് നിർത്തി അവർക്ക് ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാൻ കഴിയുന്നുണ്ട്. സ്തനാർബുദ ചികിത്സക്കാവശ്യമായ മരുന്നുകളുടെ അമിതവിലയാണ് ഇന്ത്യയും പലവികസ്വരരാജ്യങ്ങളും കാൻസർ ചികിത്സയിൽ നേരിടേണ്ടിവരുന്ന പ്രധാന പ്രശ്നം.
ഹോർമോൺ ഗ്രാഹികളുടെ (Hormone Receptors) സാന്നിദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ എച്ച് ആർ (HR ) പോസിറ്റീവ്, ഏച്ച് ഇ ആർ 2 നെഗറ്റീവ് എന്നീ വിഭാഗത്തിൽ പെട്ട സ്താനാർബുദമാണ് ഏറ്റവും ഗുരുതര സ്വഭാവത്തിലുള്ളത്. ഇത്തരം കാൻസർ ചികിത്സിക്കുന്നതിനായി റിബോസിക്ളിബ് (നൊവാർട്ടിസ്), പാൽബോസിക്ളീബ് (ഫൈസർ), അബിമാസിക്ളിബ് (എലി ലില്ലി) എന്നീ മൂന്നുതരം മരുന്നുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ഇവ ഉപയോഗിച്ച് കൊണ്ടുള്ള ചികിത്സക്ക് മാസം തോറും 48,000 മുതൽ 95, 000 രൂപ വരെ ചെലവിടേണ്ടിവരും.
Also Read- ചെറുധാന്യങ്ങളുടെ വലിയ ഗുണങ്ങൾ; ഗോത്രസമൂഹത്തിന് പിന്തുണയുമായി ബിന്ദു ഗൗരി
മാത്രമല്ല ജീവിതാവസാനം വരെ മരുന്ന് തുടരുകയും വേണം. സാമ്പത്തികശേഷിയുള്ളവർക്ക് പോലും ഇത്രഭീമമായതുക ചെലവാക്കി ചികിത്സനടത്തുക ഏതാണ്ടസാധ്യമാണെന്ന് കാണാം. രാജ്യസഭാആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ സ്താനാർബുദ രോഗികൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് വിശദീകരിച്ചിട്ടുണ്ട്. കൊള്ളപ്പലിശക്ക് പണം കടം വാങ്ങിയും പരിമിതമായ സ്വത്ത് വിറ്റും, ബന്ധുക്കളൂടെയും സുഹൃത്തുക്കളും നൽകുന്ന സാമ്പത്തിക സഹായത്ത് ആശ്രയിച്ചുമാണ് കാൻസർ രോഗികൾ മരുന്ന് വാങ്ങാൻ പണം കണ്ടെത്തുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
പേറ്റന്റ് സംരക്ഷണമുള്ളതിനാൽ മറ്റ് കമ്പനികൾക്ക് പേറ്റന്റ് കാലാവധി കഴിയുന്നത് വരെ കുറഞ്ഞ വിലക്ക് ഇത്തരം മരുന്നുകൾ ഉല്പാദിപ്പിച്ച് മാർക്കറ്റ് ചെയ്യാനാവില്ല. നൊവർട്ടിസ്, എലി ലില്ലി, ഫൈസർ കമ്പനികളുടെ മരുന്നുകളുടെ പേറ്റന്റ് കാലാവധി യഥാക്രമ, 2027, 2029, 2023 എന്നീ വർഷങ്ങളിൽ മാത്രമാണ് അവസാനിക്കുക മാത്രമല്ല പേറ്റന്റ് കാലാവധി അവസാനിക്കാറുവുമ്പോൾ മരുന്നുകളുടെ രാസഘടനയിൽ നേരിയ മാറ്റംവരുത്തി കൂടുതൽ ഫലപ്രദമായ മരുന്നെന്ന് അവകാശപ്പെട്ട് പുതിയ മരുന്നുകൾ കമ്പനികൾ പേറ്റന്റ് ചെയ്ത് മാർക്കറ്റ് ചെയ്യും.
ഇതിനെ പേറ്റന്റുകളുടെ ഹരിതവൽക്കരണം (Greening of Patents), സുസ്ഥിരവൽക്കരണം (Perpetual Patenting)എന്നെല്ലാം വിശേഷിപ്പിക്കാറുണ്ട്. പുതിയ മരുന്നിന്റെ വില കുറേക്കൂടി വർധിപ്പിക്കാനും സാധ്യതയുണ്ട്. ഡോക്ടർമാർ തുടർന്ന് ഇത്തരം പുതിയ മരുന്നുകളായിരിക്കും രോഗികൾക്ക് നിർദ്ദേശിക്കുക. ചുരുക്കത്തിൽ രോഗികളുടെ സാമ്പത്തിക പ്രതിസന്ധി അനന്തമായി നീണ്ടു പോവും. നവീന ഔഷധങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണത്തിനയി വൻതുക ചെലവാക്കേണ്ടിവരും എന്നവകാശപ്പെട്ടാണ് വൻകിട കമ്പനികൾ ആധുനിക മരുന്നുകൾക്ക് വൻവിലയീടാക്കുന്നത്. എന്നാൽ ഔഷധ ഗവേഷണത്തിനായി അമേരിക്കയിൽ പോലും സർക്കാർ വലിയതോതിൽ സാമ്പത്തികസഹായം നൽകിവരുന്നുണ്ട്.
Also Read- അന്താരാഷ്ട്ര വനിതാ ദിനം: ഈ വർഷത്തെ തീം
മാത്രമല്ല, പല മരുന്നുകളും പൊതുഗവേഷണ സ്ഥാപനങ്ങളും സർവകലാശാലയും മറ്റുമായി ചേർന്ന് സ്വകാര്യകമ്പനികൾ നടത്തുന്ന സംയുക്തഗവേഷണത്തെ തുടർന്ന് പേറ്റന്റ് ചെയ്യപ്പെട്ടവയുമാണ്. മരുന്ന് കമ്പനികൾ ഗവേഷണചെലവ് പെരുപ്പിച്ച് കാട്ടുന്നുണ്ടെന്ന് പലപഠനങ്ങളും വെളിപ്പെടുത്തിയിട്ടുമുണ്ട്. മാത്രമല്ല അതിഭീമമായ ലാഭം നേടിയശേഷവും പഴയത്പോലെ വൻതുകക്ക് തന്നെയാണ് മരുന്നുകമ്പനികൾ രോഗികളുടെ സാമ്പത്തികബുദ്ധിമുട്ട് പൂർണ്ണമായും അവഗണിച്ച് കൊണ്ട് തങ്ങളൂടെ മരുന്നുകൾ മാർക്കറ്റ് ചെയ്ത് വരുന്നത്. 2018-2020 വരെയുള്ള മൂന്നു വർഷങ്ങളിൽ റിബോസിക്ളിബ് വിറ്റതിലൂടെ നൊവാർട്ടിസ് കമ്പനിക്ക് ലഭിച്ചത് 98 കോടി 83 ലക്ഷം രൂപയായിരുന്നെങ്കിൽ 2018-19 വർഷങ്ങളിൽ പാൽബോസിക്ളീബ് വിറ്റവഴിക്ക് ഫൈസറിനു ലഭിച്ചത് 192 കോടി 13 ലക്ഷം രൂപയായിരുന്നു.
നിർബന്ധിത ലൈസൻസിംഗ്
ഈ സാഹചര്യത്തിൽ ഇന്ത്യൻ പേറ്റന്റ് നിയമത്തിലെ 84, 92 വകുപ്പുകൾ അനുസരിച്ചുള്ള നിർബന്ധിത ലൈസൻസിംഗ് (Compulsory Licensing) വകുപ്പ് പ്രയോഗിച്ച് സ്തനാർബുദമരുന്നുകൾ കുറഞ്ഞ വിലക്ക് ഉല്പാദിപ്പിക്കാൻ തയ്യാറുള്ള കമ്പനിക്ക് അതിനുള്ള അവകാശം നൽകണമെന്ന ആവശ്യം ഉയർന്നു വന്നിട്ടുണ്ട്. ഔഷധങ്ങളുടെ അമിതവില, ഔഷധദൗർലഭ്യം, രാജ്യത്തിന്റെ ആവശ്യാനുസരണം അളവിൽ മരുന്നുല്പാദിപ്പിക്കാൻ കമ്പനികൾക്ക് കഴിയാത്ത അവസ്ഥ, പേറ്റന്റ് അനുവദിച്ച് നിശ്ചിത കാലയളവിനുള്ളിൽ മരുന്നുല്പാദിപ്പിക്കാതിരിക്കൽ തുടങ്ങിയ സാഹചര്യങ്ങളിൽ നിർബന്ധിത ലൈസൻസ് പ്രകാരം പേറ്റന്റ് എടുക്കാത്ത കമ്പനികൾക്ക് മരുന്നുല്പാദിപ്പിക്കാനുള്ള അവകാശം പേറ്റന്റ് ഓഫീസിനു നൽകാനാവും. മാത്രമല്ല 92 എ വകുപ്പ് കൂടി പ്രയോഗിച്ചാൽ മറ്റ് രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റ്മതിചെയ്യാൻ ഇന്ത്യൻകമ്പനികൾക്ക് അവകാശം ലഭിക്കയും ചെയ്യും.
Also Read- പഞ്ചായത്ത് അംഗമായ ഭാര്യ കരൾ പകുത്തുനൽകി; അനിലിന് ഇത് പുതുജീവൻ
84, 92 വകുപ്പൂകൾക്ക് പുറമേ 100 ആം വകുപ്പ് പ്രകാരം സർക്കാർമേഖലയിൽ സൌജന്യമായി വിതരണചെയ്യുന്നതിനു മരുന്നുലഭ്യമാക്കാനായും നിർബന്ധിതലൈസൻസിംഗ് പ്രയോഗിക്കാം. ഇതനുസരിച്ച് സർക്കാരിന് താത്പര്യമുള്ള ഏത് കമ്പനിക്കും പേറ്റന്റ് മരുന്നുകൾ ഉല്പാദിപ്പിക്കാനുള്ള അവകാശം നൽകാവുന്നതാണ്. തുടർന്ന് ദേശീയ കാൻസർ നിയന്ത്രണ പദ്ധതിയിൽ (National Cancer Control Programme) പെടുത്തി സർക്കാർ ആശുപത്രികളിലൂടെ മരുന്നുകൾ സൗജന്യമായി അവശ്യക്കാർക്ക് നൽകാവുന്നതാണ്.
ജർമ്മൻ കമ്പനിയായ ബേയർ കോർപ്പറേഷൻ നെക്സാവർ (Nexavar) എന്ന കമ്പനി നാമത്തിൽ വിറ്റുവന്നിരുന്ന സൊറാഫെനിബ് റ്റൊസിലേറ്റ് (Sorafenib tosylate) എന്ന മരുന്നുല്പദിപ്പിക്കാനുള്ള അവകാശം നാറ്റ്കോ എന്ന ഇന്ത്യൻ കമ്പനിക്കു നൽകികൊണ്ടാണ് 2013 ൽ അന്ന് പേറ്റന്റ് കൺ ട്രോളറായിരുന്ന ശ്രീ പി എച്ച് കുര്യൻ ഉത്തരവിറക്കി ചരിത്രം സൃഷ്ടിച്ചിരുന്നു. വൃക്ക, കരൾ കാൻസർ ചികിത്സക്കാണ് നെക്സാവർ ഉപയോഗിച്ചിരുന്നത്. കാൻസർ ചികിത്സക്ക് നെക്സാവർഉപയോഗിക്കുമ്പോൾ ഒരുമാസത്തെ ചികിത്സക്ക് 2,80,428 രൂപ ചെലവു വരുംമായിരുന്നു. ഇന്ത്യൻ കമ്പനിക്ക് പേറ്റന്റ് അനുവദിച്ചതിനെ തുടർന്ന് ഇതേ മരുന്ന് ഒരു മാസത്തേക്ക് കേവലം 4400 രൂപക്ക് ലഭ്യമാണ്. എന്നാൽ പിന്നീട് പല കമ്പനികളും മുന്നോട്ട് വന്നിരുന്നെങ്കിലും അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് മറ്റൊരു മരുന്ന് ഉല്പാദിപ്പിക്കാനും ഇന്ത്യൻ സർക്കാർ നിർബന്ധിത ലൈസൻസ് നൽകിയിട്ടില്ല.
നെക്സാവറിൻ്റെ കാര്യത്തിലെന്നത് പോലെ ലോകവ്യാപാരസംഘടന അംഗീകരിച്ചിട്ടുള്ള നിർബന്ധിതലൈസൻസിംഗ് പ്രയോഗിച്ച് സ്തനാർബുദമരുന്നുകൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്താൻ വനിത ദീനാഘോഷത്തിന്റെ ഭാഗമായി എല്ലാ വനിതാസംഘടനകളും ബഹുനപ്രസ്ഥാനങ്ങളും മുന്നോട്ട് വരേണ്ടതാണ്.
(പൊതുജനാരോഗ്യപ്രവർത്തകനും കേരള സർവകലാശാല മുൻ വൈസ് ചാൻസിലറുമാണ് ലേഖകൻ )
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.