Asian Champions Trophy | പിന്നിൽ നിന്നും പൊരുതിക്കയറി ഇന്ത്യ; പാകിസ്ഥാനെ തോൽപ്പിച്ച് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ വെങ്കലം
- Published by:Naveen
- news18-malayalam
Last Updated:
ഏഴ് ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്.
ധാക്ക: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ (Asian Champions Trophy) വെങ്കലം (Bronze) സ്വന്തമാക്കി ഇന്ത്യ (Indian Hockey Team). വെങ്കല മെഡൽ പോരാട്ടത്തിൽ ചിരവൈരികളായ പാകിസ്ഥാനെ (Pakistan Hockey Team) തോൽപ്പിച്ചാണ് ഇന്ത്യ മെഡൽ സ്വന്തമാക്കിയത്. ഏഴ് ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം പൊരുതിക്കയറിയാണ് ഇന്ത്യ പാക് പടയിൽ നിന്നും വിജയം പിടിച്ചെടുത്തത്. സെമിയിൽ ജപ്പാനെതിരെ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയ ശേഷം പാകിസ്ഥാനെതിരെ ജയിച്ച് മെഡൽ നേടാനായത് ഇന്ത്യക്ക് ആശ്വാസം നൽകുന്നുണ്ടാകും. ടോക്യോ ഒളിമ്പിക്സിൽ (Tokyo Olympics) വെങ്കല മെഡൽ നേടി ചരിത്രം കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലെയും വെങ്കല മെഡൽ നേട്ടം.
മത്സരത്തിൽ ഇന്ത്യക്കായി ഹർമൻപ്രീത് സിംഗ്, സുമിത്, വരുൺ കുമാർ, ആകാശ്ദീപ് സിംഗ് എന്നിവർ ഗോളുകൾ നേടിയപ്പോൾ അർഫ്രാസ്, അബ്ദുൾ റാണ, നദീം എന്നിവരാണ് പാകിസ്ഥാന്റെ ഗോൾ സ്കോറർമാർ. ഇന്ത്യയുടെ ക്യാപ്റ്റൻ മൻപ്രീത് സിങാണ് കളിയിലെ താരം.
Congratulations to the #MenInBlue for clinching the 3rd place in the Hero Men’s Asian Champions Trophy Dhaka 2021. 🏆
Well played, team 🇮🇳.👏🤩#IndiaKaGame #HeroACT2021 pic.twitter.com/j7UDwYoins
— Hockey India (@TheHockeyIndia) December 22, 2021
advertisement
പാകിസ്ഥാനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ ജയിച്ചതിൻറെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഇന്ത്യ മികച്ച തുടക്കമാണ് ഇന്നത്തെ മത്സരത്തിൽ നേടിയത്. ഹർമൻപ്രീത് സിങ് ടൂർണമെന്റിലെ തന്റെ എട്ടാമത്തെ ഗോൾ നേടിക്കൊണ്ട് ഇന്ത്യയെ കളിയുടെ ഒന്നാം മിനിറ്റിൽ തന്നെ മുന്നിൽ എത്തിക്കുകയായിരുന്നു. എന്നാൽ 11-ാം മിനിറ്റിൽ ഇന്ത്യയുടെ പ്രതിരോധത്തിലെ വീഴ്ച മുതലാക്കി പാകിസ്ഥാൻ അർഫ്രാസിലൂടെ സമനില ഗോൾ നേടി. പിന്നാലെ 33-ാം മിനിറ്റിൽ അബ്ദുൾ റാണയിലൂടെ പാകിസ്ഥാൻ മത്സരത്തിൽ ലീഡ് നേടുകയും ചെയ്തു.
advertisement
എന്നാൽ പാകിസ്ഥാന് മുന്നിൽ മത്സരം അടിയറവ് വെക്കാൻ ഇന്ത്യ ഒരുക്കമായിരുന്നില്ല. 45-ാം മിനിറ്റിൽ സുമിത്തിലൂടെ ഇന്ത്യ പാകിസ്ഥാനെ സമനിലയിൽ പിടിച്ചു. ഇതിന് പിന്നാലെ ആക്രമണം ശക്തമാക്കിയ ഇന്ത്യൻ സംഘം നാല് മിനിറ്റുകൾക്കുള്ളിൽ മത്സരത്തിൽ വീണ്ടും ലീഡ് നേടിയെടുത്തു. 53-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണർ ഗോളാക്കി വരുൺ കുമാറാണ് ഇന്ത്യക്ക് ലീഡ് നൽകിയത്. പിന്നീട് 57-ാം മിനിറ്റിൽ ആകാശ്ദീപ് സിങ്ങിലൂടെ ഇന്ത്യ തങ്ങളുടെ ലീഡ് വീണ്ടും ഉയർത്തി. നദീമിലൂടെ പാകിസ്ഥാൻ തിരിച്ചടിക്ക് ശ്രമിച്ചെങ്കിലും പിന്നീട് അവർക്ക് കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ വന്നതോടെ ടൂർണമെന്റിൽ അവർ ഇന്ത്യക്കെതിരെ രണ്ടാമത്തെ മത്സരത്തിലും തോൽവി വഴങ്ങുകയായിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 22, 2021 6:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Asian Champions Trophy | പിന്നിൽ നിന്നും പൊരുതിക്കയറി ഇന്ത്യ; പാകിസ്ഥാനെ തോൽപ്പിച്ച് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ വെങ്കലം