ലണ്ടൻ: യുവേഫാ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. സിറ്റിയുടെ തട്ടകമായ എത്തിഹാദിൽ നടന്ന ആദ്യപാദ മൽസരത്തിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇംഗ്ലീഷ് ക്ലബ് ജയിച്ചുകയറിയത്. സീസണിലെ 45-ാം ഗോൾ നേടുകയും മറ്റൊരു ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്ത എർലിങ് ഹാലണ്ടാണ് സിറ്റിയുടെ വിജയത്തിന് അടിത്തറ പാകിയത്. സ്പാനിഷ് യുവതാരം റോഡ്രിയും ബെർണാഡോ സിൽവയും ഇംഗ്ലീഷ് ചാമ്പ്യൻമാർക്കായി ലക്ഷ്യം കണ്ടു, ഒടുവിൽ യൂറോപ്പ് കീഴടക്കാനുള്ള ഭീമാകാരമായ മുന്നേറ്റം.
ഹാലണ്ടിന്‍റെ മികവിൽ സീസണിൽ വൻ കുതിപ്പ് നടത്തുന്ന സിറ്റിക്ക് കൂടുതൽ ഊർജം പകരുന്നതാണ് ബയേണിനെതിരായ ജയം. നേരത്തെ ഹാലണ്ടിനെ സ്വന്തമാക്കാൻ സിറ്റിക്ക് കനത്ത വെല്ലുവിളി ഉയർത്തിയത് ബയേൺ ആയിരുന്നു. അന്ന് ബയേണിനെ മറികടന്ന് നോർവെയുടെ സൂപ്പർതാരത്തെ സിറ്റി സ്വന്തം കൂടാരത്തിലെത്തിക്കുകയായിരുന്നു.
കനത്ത പോരാട്ടമാണ് എത്തിഹാദിൽ ഇരു ടീമുകളും നടത്തിയത്. ഗോൾകീപ്പർ റൂബൻ ഡയസിന്റെ മികച്ച പ്രകടനം സിറ്റിക്ക് തുണയായി. മത്സരത്തിന്‍റെ 22-ാം മിനിട്ടിൽ സിൽവയുടെ പാസിൽ റോഡ്രിയാണ് സിറ്റിയെ മുന്നിലെത്തിച്ചത്. ആദ്യ പകുതി ഒരു ഗോൾ ലീഡിൽ സിറ്റി അവസാനിപ്പിച്ചു. രണ്ടാം പകുതിയിലെ 70-ാം മിനിട്ടിലാണ് സിറ്റി ലീഡ് വർദ്ധിപ്പിച്ചത്. ഹാലണ്ടിന്‍റെ പാസിൽ സിൽവയാണ് സ്കോർ ചെയ്തത്. ആറു മിനിട്ടിന് ശേഷമായിരുന്നു ഹാലണ്ടിന്‍റെ ഗോൾ പിറന്നത്. സ്റ്റോൺസിന്‍റെ പാസിൽനിന്നാണ് ഹാലണ്ട് ലക്ഷ്യം കണ്ടത്. അവസാന നിമിഷങ്ങളിൽ തിരിച്ചടിക്കാൻ ബയേൺ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അതെല്ലാം സിറ്റിയുടെ പ്രതിരോധത്തിൽ തട്ടിത്തെറിക്കുകയായിരുന്നു.
ചാംപ്യൻസ് ലീഗിൽ മറ്റൊരു മൽസരത്തിൽ ഇറ്റാലിയൻ ക്ലബായ ഇന്‍റർമിലാൻ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബെനഫിക്കയെ തോൽപ്പിച്ചു. ഇന്‍റർ മിലാന് വേണ്ടി രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ റൊമേലു ലുകാകുവും മധ്യനിരതാരം നികോളോ ബാരെല്ലയും ഗോളുകൾ നേടി. പെനാൽറ്റിയിലൂടെയായിരുന്നു ലൂകാകു സ്കോർ ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.