• HOME
  • »
  • NEWS
  • »
  • sports
  • »
  • ഇനി ഔട്ടിന് മാത്രമല്ല, വൈഡിനും നോബോളിനും റിവ്യൂ; തുടക്കം വനിതാ പ്രീമിയർ ലീഗിൽ

ഇനി ഔട്ടിന് മാത്രമല്ല, വൈഡിനും നോബോളിനും റിവ്യൂ; തുടക്കം വനിതാ പ്രീമിയർ ലീഗിൽ

പുതിയ ഡിആർഎസ് നിയമം അടുത്തു തന്നെ തുടങ്ങാനിരിക്കുന്ന ഐപിഎല്ലിന്റെ പതിനാറാം സീസണിലും നടപ്പാക്കിയേക്കുമെന്നാണ് റിപ്പോർട്ട്

  • Share this:

    മുംബൈ: ഒട്ടേറെ പ്രത്യേകതകളുമായാണ് വനിതാ പ്രീമിയർ ലീഗ് ആരംഭിച്ചിരിക്കുന്നത്. വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് കൈനിറയെ കാശ് ലഭിക്കുമെന്നതിന് പുറമെ മത്സര നിയമങ്ങളിൽ ചില പരിഷ്ക്കാരങ്ങളും വനിതാ പ്രീമിയർ ലീഗിൽ കാണാം. അതിൽ പ്രധാനം ഡിവിഷൻ റിവ്യൂ സിസ്റ്റം അഥവാ ഡിആർഎസിൽ വരുത്തിയ മാറ്റമാണ്. ഇനി മുതൽ ഔട്ടിന് മാത്രമല്ല, വൈഡ്, നോബോൾ എന്നിവയ്ക്കും റിവ്യൂ നൽകാം.

    കളിക്കിടെ ഫീൽഡ് അംപയർ നോബോള്‍, വൈഡ് എന്നിവ വിളിക്കുമ്പോള്‍ അതില്‍ സംശയമുണ്ടെങ്കില്‍ ടീമുകൾക്ക് ഡിആർഎസ് ആവശ്യപ്പെടാം. ടി20 ടൂര്‍ണമെന്റില്‍ (അന്താരാഷ്ട്ര, ഡൊമസ്റ്റിക്ക്) ആദ്യമായാണ് ഇത്തരമൊരു നിയമം നടപ്പാക്കുന്നത്.

    പുതിയ ഡിആർഎസ് നിയമം അടുത്തു തന്നെ തുടങ്ങാനിരിക്കുന്ന ഐപിഎല്ലിന്റെ പതിനാറാം സീസണിലും നടപ്പാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. ഇനി മുതല്‍ വനിതാ പ്രീമിയര്‍ ലീഗിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഔട്ട് സംബന്ധിച്ച് മാത്രമായിരിക്കില്ല ഡിആര്‍എസ്. അത് വൈഡിനും നോബോളിനും ബാധകമാകും.

    വനിതാ പ്രീമിയര്‍ ലീഗില്‍ ഇതുവരെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും പുതിയ ഡിആർഎസ് ഉപയോഗിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് വൈഡ്, നോബോള്‍ റിവ്യു ആദ്യമായി ആവശ്യപ്പെട്ടത്. മുംബൈ താരം സൈക ഇഷ്ഹാഖ് എറിഞ്ഞ ഒരു പന്ത് അമ്പയര്‍ വൈഡ് വിളിച്ചപ്പോഴാണ് ഹര്‍മന്‍പ്രീത് റിവ്യു ആവശ്യപ്പെട്ടത്. ബോള്‍ ബാറ്ററുടെ ഗ്ലൗവില്‍ തട്ടിയെന്ന് അവകാശപ്പെട്ടായിരുന്നു റിവ്യു. ഡല്‍ഹി താരം ജെമിമ റോഡ്രിഗസും ബാറ്റിങിനിടെ നോബോള്‍ വിളിക്കാത്തതിന് റിവ്യു ആവശ്യപ്പെട്ടു. എന്നാല്‍ പരിശോധനയില്‍ അത് നോബോള്‍ അല്ലെന്ന് കണ്ടെത്തിയിരുന്നു.

    Published by:Anuraj GR
    First published: