അടിയോടടിയുമായി മോർഗൻ; ഇംഗ്ലണ്ടിനെതിരെ അഫ്ഗാന് 398 റൺസ് വിജയലക്ഷ്യം
Last Updated:
ആദ്യം ബെയർസ്റ്റോ തുടങ്ങിവെച്ച വെടിക്കെട്ട് മോർഗൻ ഏറ്റെടുത്തതോടെ അഫ്ഗാൻ ബൌളർമാർ തലങ്ങുംവിലങ്ങും അടിവാങ്ങി
ഓൾഡ് ട്രാഫോർഡ്: മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ തട്ടകത്തിൽ നടന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ക്യാപ്റ്റന്‍റെ കളി കെട്ടഴിച്ച് ഇയൻ മോർഗൻ. 71 പന്തിൽ 148 റൺസുമായി മോർഗൻ നിറഞ്ഞാടിയപ്പോൾ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 397 റൺസെടുത്തു. മോർഗന്‍റെ സെഞ്ച്വറിക്ക് പുറമെ 90 റൺസെടുത്ത ബെയർസ്റ്റോവും 88 റൺസെടുത്ത ജോ റൂട്ടുമാണ് ഇംഗ്ലീഷ് ഇന്നിംഗ്സിൽ മിന്നിയത്. അഫ്ഗാനിസ്ഥാനുവേണ്ടി ഗുൽബാദിൻ നയിബ്, ദവ്ലത്ത് സർദ്രാൻ എന്നിവർ മൂന്നു വിക്കറ്റ് വീതമെടുത്തു.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് തുടക്കം മന്ദഗതിയിലായിരുന്നെങ്കിലും ഇന്നിംഗ്സ് പാതി പിന്നിട്ടതോടെ കത്തിക്കയറി. ആദ്യം ബെയർസ്റ്റോ തുടങ്ങിവെച്ച വെടിക്കെട്ട് മോർഗൻ ഏറ്റെടുത്തതോടെ അഫ്ഗാൻ ബൌളർമാർ തലങ്ങുംവിലങ്ങും അടിവാങ്ങി. ഈ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും അതിവേഗ ഇന്നിംഗ്സ് പുറത്തെടുത്ത മോർഗൻ 17 സിക്സറുകളാണ് പറത്തിയത്. ഏകദിനത്തിൽ ഒരു ഇന്നിംഗ്സിൽ ഏറ്റവുമധികം സിക്സർ നേടിയ താരമെന്ന റെക്കോർഡും മോർഗൻ സ്വന്തമാക്കി. രോഹിത് ശർമ്മ, ക്രിസ് ഗെയിൽ എബി ഡിവില്ലിയേഴ്സ്(16 സിക്സറുകൾ വീതം) എന്നിവരുടെ പേരിലായിരുന്നു ഈ റെക്കോർഡ്. നാല് ബൌണ്ടറികളും മോർഗന്‍റെ ബാറ്റിൽനിന്ന് പിറന്നു. മൂന്നാം വിക്കറ്റിൽ ജോ റൂട്ടുമായി ചേർന്ന് 189 റൺസാണ് നായകൻ കൂട്ടിച്ചേർത്തത്. ഗുൽബാദിൻ നയിബ് എറിഞ്ഞ 47-ാമത്തെ ഓവറിലാണ് ഇരുവരും പുറത്തായത്.
advertisement
26 റംസെടുത്ത ജെയിംസ് വിൻസിനെ ആദ്യം നഷ്ടമായെങ്കിലും ബെയർസ്റ്റോയും റൂട്ടും ചേർന്ന് ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചു. പതിഞ്ഞ താളത്തിൽ കൊട്ടിക്കയറിയ ബെയർസ്റ്റോ പതുക്കെ ആക്രമണാത്മക ബാറ്റിങ് പുറത്തെടുക്കുകയായിരുന്നു. 99 പന്ത് നേരിട്ട ബെയ്ർസ്റ്റോർ എട്ട് ബൌണ്ടറികളും മൂന്നു സിക്സറും പറത്തി. ജോ റൂട്ടുമായി ചേർന്ന് രണ്ടാം വിക്കറ്റിൽ 120 റൺസും ബെയർസ്റ്റോ ഇംഗ്ലീഷ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തു. 82 പന്തിൽനിന്നാണ് ജോ റൂട്ട് 88 റൺസെടുത്തത്. മോർഗനും റൂട്ടും പുറത്തായതോടെ ഇംഗ്ലീഷ് സ്കോറിങ്ങിന് വേഗം കുറഞ്ഞു. ഇല്ലെങ്കിൽ 400 റൺസ് എന്ന സ്കോറിലേക്ക് അവർ എത്തുമായിരുന്നു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 18, 2019 6:34 PM IST