T20 World Cup| തകർത്തടിച്ച് ആസിഫ്; അഫ്ഗാന്റെ അട്ടിമറി സ്വപ്‌നങ്ങൾ പൊളിച്ചെഴുതി പാകിസ്ഥാൻ
- Published by:Naveen
- news18-malayalam
Last Updated:
19ാ൦ ഓവർ എറിയാനെത്തിയ കരിം ജന്നത്തിനെതിരെ നാല് സിക്സുകൾ നേടി ആസിഫ് അലി അഫ്ഗാന്റെ അട്ടിമറി മോഹം പൊളിച്ചെഴുതുകയായിരുന്നു. വെറും ഏഴ് പന്തുകളിൽ നിന്നും 25 റൺസാണ് ആസിഫ് നേടിയത്.
ടി20 ലോകകപ്പിൽ (ICC T20 World Cup) തേരോട്ടം തുടർന്ന് പാകിസ്ഥാൻ(Pakistan). സൂപ്പർ 12ൽ അയൽക്കാരുടെ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെ (Afghanistan) അഞ്ച് വിക്കറ്റിന് കീഴടക്കിയ പാകിസ്ഥാൻ ടി20 ലോകകപ്പിലെ തുടച്ചയായ മൂന്നാം ജയം നേടി സെമി ബെർത്ത് ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്.
മത്സരത്തിൽ അഫ്ഗാനിസ്ഥാൻ അട്ടിമറി ജയം സ്വന്തമാക്കുമെന്ന് ഉറപ്പിച്ച ഘട്ടത്തിൽ നിന്നും വമ്പൻ തിരിച്ചുവരവ് നടത്തിയാണ് പാകിസ്ഥാൻ ജയം നേടിയെടുത്തത്. അവസാന രണ്ടോവറിൽ പാകിസ്ഥാന് ജയിക്കാൻ 24 റൺസ് വേണമായിരുന്നു. അഫ്ഗാനിസ്ഥാൻ മേൽക്കൈ നേടിനിൽക്കുകയായിരുന്ന ഘട്ടത്തിൽ 19ാ൦ ഓവർ എറിയാനെത്തിയ കരിം ജന്നത്തിനെതിരെ നാല് സിക്സുകൾ നേടി ആസിഫ് അലി അഫ്ഗാന്റെ അട്ടിമറി മോഹം പൊളിച്ചെഴുതുകയായിരുന്നു. വെറും ഏഴ് പന്തുകളിൽ നിന്നും 25 റൺസാണ് ആസിഫ് നേടിയത്.
സ്കോര്‍: അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 147-8, പാകിസ്ഥാൻ 19 ഓവറില്‍ 148-5.
advertisement
ആസിഫിന്റെ വെടിക്കെട്ട് പ്രകടനത്തിന് പുറമെ പാക് ക്യാപ്റ്റൻ ബാബർ അസമിന്റെ അർധസെഞ്ചുറി പ്രകടനം കൂടി പാക് വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. തുടരെ വിക്കറ്റുകൾ നഷ്ടമായപ്പോഴും ഒരറ്റത്ത് പൊരുതി നിന്ന് പാകിസ്ഥാന്റെ സ്കോർബോർഡിലേക്ക് റൺസ് ചേർത്തത് ബാബർ ആയിരുന്നു. 47 പന്തില്‍ നിന്ന് നാലു ഫോറുകൾ സഹിതം 51 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസമാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ലോകകപ്പിലെ തുടർച്ചയായ മൂന്നാം ജയത്തിന് പുറമെ യുഎഇയിലെ മണ്ണിൽ പാകിസ്ഥാന്റെ തുടർച്ചയായ 14ാ൦ ജയം കൂടിയായിരുന്നു ഇത്. അതേസമയം, യുഎഇയിൽ കഴിഞ്ഞ 18 മത്സരങ്ങളിൽ അഫ്ഗാനിസ്ഥാന്റെ ആദ്യത്തെ തോൽവിയാണിത്.
advertisement
അഫ്ഗാനിസ്ഥാൻ ഉയർത്തിയ 148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് തുടക്കത്തില്‍ തന്നെ ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തുന്ന മുഹമ്മദ് റിസ്വാനെ നഷ്ടമായിരുന്നു. എട്ട് റണ്‍സെടുത്ത താരത്തെ മൂന്നാം ഓവറിൽ മുജീബുർ റഹ്മാൻ പുറത്താക്കുകയായിരുന്നു. റിസ്വാന് പകരം ക്രീസിലെത്തിയ ഫഖർ സമാനും ബാബർ അസമും മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ അഫ്ഗാൻ പ്രതിരോധത്തിലായി. മികച്ച രീതിയിൽ മുന്നേറിയ സഖ്യം രണ്ടാം വിക്കറ്റിൽ 63 റൺസ് ചേർത്തതിന് ശേഷമാണ് വേർപിരിഞ്ഞത്. 25 പന്തിൽ 30 റൺസ് നേടിയ ഫഖർ സമാനെ വിക്കറ്റിന് മുന്നിൽ കുടുക്കി മുഹമ്മദ് നബിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
advertisement
പിന്നാലെ ക്രീസിൽ എത്തിയ ഹഫീസ് (10 പന്തിൽ 10 റൺസ്) വേഗം തന്നെ മടങ്ങി. നാലാം വിക്കറ്റിൽ ബാബറിനൊപ്പം ഒത്തുചേർന്ന ഷോയിബ് മാലിക് പാകിസ്ഥാനെ 100 കടത്തി. ഇതിനിടയിൽ ബാബർ തന്റെ അർധസെഞ്ചുറി പൂർത്തിയാക്കി. ഇരുവരും ചേർന്ന് പാകിസ്ഥാനെ അനായാസമായി വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ ബാബർ അസമിനെ ക്ലീൻ ബൗൾഡ് ആക്കി റാഷിദ് ഖാൻ അഫ്ഗാനിസ്ഥാന് പ്രതീക്ഷ നൽകി. പിന്നാലെ 18ാ൦ ഓവറിൽ ഷോയിബ് മാലിക്കിനെ പുറത്താക്കി നവീൻ ഉൾ ഹഖ് പാകിസ്ഥാനെ സമ്മർദ്ദത്തിലാക്കി. 15 പന്തിൽ 19 റൺസ് നേടിയാണ് മാലിക് പുറത്തായത്. എന്നാൽ 19ാ൦ ഓവറിൽ ആസിഫ് ആളിക്കത്തിയതോടെ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ കൈയിൽ നിന്നും വിജയം നേടിയെടുക്കുകയായിരുന്നു.
advertisement
അഫ്ഗാനിസ്ഥാനായി റാഷിദ് ഖാന്‍ നാലോവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മുജീബ് ഉര്‍ റഹ്മാന്‍ നാലോവറില്‍ 13 റണ്‍സിന് ഒരു വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താന്‍ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണെടുത്തത്. ടോസ് നേടിയിട്ടും ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാൻ ക്യാപ്റ്റൻ നബിയുടെ തീരുമാനം ഏവരെയും ഞെട്ടിച്ചിരുന്നു.
12.5 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സെന്ന നിലയിലായിരുന്ന അഫ്ഗാനെ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മുഹമ്മദ് നബി - ഗുല്‍ബാദിന്‍ നയ്ബ് സഖ്യമാണ് 147-ല്‍ എത്തിച്ചത്. ഏഴാം വിക്കറ്റില്‍ ഒന്നിച്ച ഇരുവരും 71 റണ്‍സാണ് അഫ്ഗാന്‍ സ്‌കോറിലേക്ക് ചേര്‍ത്തത്. 32 പന്തുകള്‍ നേരിട്ട നബി അഞ്ച് ഫോറുകൾ സഹിതം 35 റൺസ് നേടി പുറത്താകാതെ നിന്നു. ഗുല്‍ബാദിന്‍ നയ്ബ് 25 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും നാലു ഫോറും സഹിതം 35 റൺസാണ് എടുത്തത്.
advertisement
തുടര്‍ച്ചയായ മൂന്നാം ജയത്തോടെ പാക്കിസ്ഥാന്‍ സെമി ഫൈനല്‍ ബര്‍ത്ത് ഏറെക്കുറെ ഉറപ്പിച്ചു. കുഞ്ഞൻ ടീമുകളായ നമീബിയയെയും സ്കോട്‌ലന്‍ഡിനെയുമാണ് ഇനി ഗ്രൂപ്പില്‍ പാക്കിസ്ഥാന് നേരിടാനുള്ളത്. ഈ മത്സരങ്ങളിൽ അട്ടിമറികൾ സംഭവിച്ചില്ലെങ്കിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ പാകിസ്ഥാൻ സെമിയിലേക്ക് കടക്കും. ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യക്കെതിരെ 10 വിക്കറ്റിനും ന്യൂസിലൻഡിനെതിരെ അഞ്ച് വിക്കറ്റിനും പാകിസ്ഥാൻ ജയം നേടിയിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 30, 2021 8:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
T20 World Cup| തകർത്തടിച്ച് ആസിഫ്; അഫ്ഗാന്റെ അട്ടിമറി സ്വപ്‌നങ്ങൾ പൊളിച്ചെഴുതി പാകിസ്ഥാൻ