ഇന്റർഫേസ് /വാർത്ത /Sports / T20 World Cup| സെമിയിൽ എതിരാളികളായി പാകിസ്ഥാൻ വേണ്ട; വേറെ ആരാണെങ്കിലും ഓക്കേ - മൈക്കൽ വോൺ

T20 World Cup| സെമിയിൽ എതിരാളികളായി പാകിസ്ഥാൻ വേണ്ട; വേറെ ആരാണെങ്കിലും ഓക്കേ - മൈക്കൽ വോൺ

Michael Vaughan

Michael Vaughan

സൂപ്പർ 12 ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് സെമി ഫൈനൽ ബെർത്ത് ഏറെക്കുറെ ഉറപ്പാക്കിയ പാകിസ്ഥാന്റെ പ്രകടനത്തെ വിലയിരുത്തി സംസാരിക്കുകയായിരുന്നു വോൺ.

  • Share this:

യുഎഇയിൽ നടക്കുന്ന ടി20 ലോകകപ്പിലെ (ICC T20 World Cup) ഏറ്റവും അപകടകാരികളായ ടീം പാകിസ്ഥാൻ (Pakistan) ആണെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ (Michael Vaughan). ലോകകപ്പിൽ ഇംഗ്ലണ്ട് (England) സെമി ഫൈനലിൽ (Semi-final) എത്തിയാൽ പാകിസ്ഥാനെ എതിരാളികളായി കിട്ടരുതെന്നന്നാണ് ആഗ്രഹമെന്നും വോൺ വ്യക്തമാക്കി. യുഎഇയിലെ ലോകകപ്പിൽ സൂപ്പർ 12 ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് സെമി ഫൈനൽ ബെർത്ത് ഏറെക്കുറെ ഉറപ്പാക്കിയ പാകിസ്ഥാന്റെ പ്രകടനത്തെ വിലയിരുത്തി സംസാരിക്കുകയായിരുന്നു വോൺ.

ലോകകപ്പിൽ ചിരവൈരികളായ ഇന്ത്യയെ 10 വിക്കറ്റിന് തകർത്തുവിട്ടാണ് പാകിസ്ഥാൻ അവരുടെ ലോകകപ്പ് യാത്രയ്ക്ക് തുടക്കമിട്ടത്. ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ ആദ്യ ജയം കൂടിയാണ് അന്നത്തെ മത്സരത്തിൽ പിറന്നത്. ഇതിന് പിന്നാലെ കരുത്തരായ ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച അവർ ഇന്നലെ അഫ്ഗാനിസ്ഥാനെതിരെയും അഞ്ച് വിക്കറ്റ് ജയം നേടിയിരുന്നു. ആഴമേറിയ ബാറ്റിംഗ് നിരയും കരുത്തുറ്റ ബൗളിംഗ് നിരയുമാണ് പാകിസ്ഥാനെ ടൂർണമെന്റിലെ അപകടകാരികളായ ടീം ആക്കുന്നത്. യുഎഇയിലെ സാഹചര്യങ്ങളിൽ കളിച്ചുള്ള പരിചയവും അവർക്ക് ടൂർണമെന്റിൽ മുതൽക്കൂട്ടാവുന്നുണ്ട്.

സൂപ്പർ 12ൽ ഇന്ന് വമ്പൻ പോരാട്ടങ്ങൾ

ലോകകപ്പിൽ സൂപ്പർ 12 ഘട്ടത്തിൽ ഇന്ന് രണ്ട് വമ്പൻ പോരാട്ടങ്ങളാണ് അരങ്ങേറുന്നത് ആദ്യത്തെ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടുമ്പോൾ രണ്ടാമത്തെ മത്സരത്തിൽ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണ് കൊമ്പുകോർക്കുന്നത്. ഗ്രൂപ്പ് ഒന്നിൽ രണ്ട് മത്സരങ്ങളിലും ജയിച്ചു നിൽക്കുന്ന ടീമുകളാണ് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും. മത്സരത്തിൽ ജയിക്കുന്ന ടീമിന് ഗ്രൂപ്പിലെ ചാമ്പ്യന്മാർ ആവാനുള്ള സാധ്യത ഏറെയാണ്.

ഇംഗ്ലണ്ട് ജയിക്കണം

ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള മല്‍സരം വളരെ നിര്‍ണായകമാണെന്ന് വോൺ അഭിപ്രായപ്പെട്ടു. ഇന്നത്തെ മത്സരത്തിലെ ഫലം ഗ്രൂപ്പിലെ ചാമ്പ്യന്മാർ ആരായിരിക്കും എന്നത് നിശ്ചയിക്കും. ഗ്രൂപ്പ് രണ്ടിൽ നിന്നും ഗ്രൂപ്പ് ചാമ്പ്യന്മാരായി പാകിസ്ഥാൻ മുന്നേറുമെന്നതിനാൽ ഇന്നത്തെ മത്സരം ഇംഗ്ലണ്ടിന് ജയിക്കണം, മറിച്ചായാൽ പാകിസ്ഥാനെ സെമിയിൽ നേരിടേണ്ടി വരുമെന്നും അത് താൻ ആഗ്രഹിക്കുന്നില്ലെന്നും വോൺ വ്യക്തമാക്കി

പാകിസ്ഥാനെ സെമിയിൽ എതിരാളികളായി ലഭിക്കാത്ത പക്ഷം താൻ സന്തോഷവാനായിരിക്കും. ഒപ്പം സെമിയിൽ പാകിസ്ഥാന് എതിരായി വരുന്ന ടീം അവരെ തോൽപ്പിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വോൺ കൂട്ടിച്ചേർത്തു.

പാകിസ്ഥാന്റെ ബാറ്റിംഗ് ലൈനപ്പ് പെർഫെക്റ്റ് ഓക്കേ

ലോകകപ്പിൽ പാകിസ്ഥാൻ അവർക്ക് ഉതകുന്ന ബാറ്റിംഗ് നിരയെ കണ്ടെത്തിക്കഴിഞ്ഞു. തീർത്തും സന്തുലിതമാണ് അവരുടെ ബാറ്റിംഗ് ലൈനപ്പ്. മികച്ച പ്രകടനങ്ങളാണ് അവരുടെ ബാറ്റർമാർ പുറത്തെടുക്കുന്നത്. യുഎഇയിലെ പിച്ചുകളിൽ താളം കണ്ടെത്തിക്കഴിഞ്ഞ അവരെ തടയുക എളുപ്പമല്ലെന്ന് പാകിസ്ഥാന്റെ ബാറ്റിംഗ് നിരയെ പ്രശംസിച്ചുകൊണ്ട് വോൺ പറഞ്ഞു.

പാകിസ്ഥാൻ ടീമിന്റെ കാര്യമെടുക്കുമ്പോൾ, ഓപ്പണിങ്ങിൽ മികച്ച പ്രകടനമാണ് ബാബർ അസമും മുഹമ്മദ് റിസ്വാനും ചേർന്ന് നടത്തുന്നത്. മധ്യനിരയിലേക്ക് വരികയാണെങ്കിൽ മുഹമ്മദ് ഹഫീസ്, ഫഖർ സമാൻ, ഷോയിബ് മാലിക് എന്നിങ്ങനെ അനുഭവസമ്പത്തുള്ള കളിക്കാർ അടങ്ങുന്നു എന്നതാണ് സവിശേഷത. ഇതിന് പുറമെ മത്സരം ഫിനിഷ് ചെയ്യാൻ കെൽപ്പുള്ള താരങ്ങളെയും അവർ കണ്ടെത്തിക്കഴിഞ്ഞു. ഇതിനെല്ലാം പുറമെ കരുത്തുറ്റ ബൗളിംഗ് നിര കൂടി ചേരുമ്പോൾ അവർ തീർത്തും ശക്തരായ ഒരു ടീമായി മാറിക്കഴിഞ്ഞു.

അഫ്ഗാനിസ്ഥാനെതിരായ പാക് വിജയം മറ്റ് ടീമുകൾക്കുള്ള സന്ദേശം

അഫ്ഗാനിസ്ഥാനെതിരെ കഴിഞ്ഞ മത്സരത്തിൽ ജയം സ്വന്തമാക്കിയ പാകിസ്ഥാന്റെ പ്രകടനത്തെ കുറിച്ചും വോൺ വാചാലനായി. ടൂർണമെന്റിൽ മത്സരിക്കുന്ന മറ്റ് ടീമുകൾക്ക് ശക്തമായ സന്ദേശമാണ് ഇതിലൂടെ പാകിസ്ഥാൻ നല്‍കിയിരിക്കുന്നതെന്നും വോൺ പറഞ്ഞു. "ഇത്തരമൊരു രീതിയില്‍ മല്‍സരം ഫിനിഷ് ചെയ്യുകയെന്നത് എളുപ്പമല്ല. ഇതു എല്ലാവര്‍ക്കുമുള്ള പാക് ടീമിന്റെ ശക്തമായ സന്ദേശം കൂടിയാണ്. വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റ് ചെയ്യവേ അഫ്ഗാനിസ്ഥാൻ പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കിയിരിരുന്നു. പക്ഷെ അതിനെ മറികടന്ന് ഉജ്ജ്വലമായി അവര്‍ വിജയം നേടിയെടുത്തു. ഇതിനു കാരണം അവരുടെ ടീം കോമ്പിനേഷൻ തന്നെയാണ്. ടൂര്‍ണമെന്റിലെ മറ്റെല്ലാ ടീമുകള്‍ക്കും ഇത് ആശങ്കയുണ്ടാക്കുന്നുണ്ടാകും." വോൺ പറഞ്ഞു.

അഫ്ഗാന്റെ അട്ടിമറി സ്വപ്നങ്ങളെ തല്ലിക്കെടുത്തി ആസിഫ്

മത്സരത്തിൽ അഫ്ഗാനിസ്ഥാൻ അട്ടിമറി ജയം സ്വന്തമാക്കുമെന്ന് ഉറപ്പിച്ച ഘട്ടത്തിൽ നിന്നും വമ്പൻ തിരിച്ചുവരവ് നടത്തിയാണ് പാകിസ്ഥാൻ ജയം നേടിയെടുത്തത്. അവസാന രണ്ടോവറിൽ പാകിസ്ഥാന് ജയിക്കാൻ 24 റൺസ് വേണമായിരുന്നു. അഫ്ഗാനിസ്ഥാൻ മേൽക്കൈ നേടിനിൽക്കുകയായിരുന്ന ഘട്ടത്തിൽ 19ാ൦ ഓവർ എറിയാനെത്തിയ കരിം ജന്നത്തിനെതിരെ നാല് സിക്സുകൾ നേടി ആസിഫ് അലി അഫ്ഗാന്റെ അട്ടിമറി മോഹം പൊളിച്ചെഴുതുകയായിരുന്നു. വെറും ഏഴ് പന്തുകളിൽ നിന്നും 25 റൺസാണ് ആസിഫ് നേടിയത്.

First published:

Tags: England Cricket team, ICC T20 World Cup, Michael Vaughan, Pakistan Cricket team