• HOME
  • »
  • NEWS
  • »
  • sports
  • »
  • വീണ്ടും ജഡേജയും അശ്വിനും; ഓസീസ് തകർന്നടിഞ്ഞു; ആറ് വിക്കറ്റ് ജയത്തോടെ ഇന്ത്യയ്ക്ക് ബോർഡർ-ഗാവസ്ക്കർ ട്രോഫി

വീണ്ടും ജഡേജയും അശ്വിനും; ഓസീസ് തകർന്നടിഞ്ഞു; ആറ് വിക്കറ്റ് ജയത്തോടെ ഇന്ത്യയ്ക്ക് ബോർഡർ-ഗാവസ്ക്കർ ട്രോഫി

രണ്ടാം ഇന്നിംഗ്സിൽ ജയിക്കാൻ ആവശ്യമായിരുന്ന 115 റൺസ് ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു

  • Share this:

    ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്പിൻ മാജിക്കിന് മുന്നിൽ ഒരിക്കൽക്കൂടി അടിപതറി ഓസ്ട്രേലിയ. രണ്ടാം ടെസ്റ്റിൽ രണ്ടു ദിവസം ശേഷിക്കെ ഇന്ത്യ ആറു വിക്കറ്റ് ജയം സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സിൽ ജയിക്കാൻ ആവശ്യമായിരുന്ന 115 റൺസ് ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇതോടെ 4 കളികൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി. പരമ്പര തോൽക്കില്ലെന്ന് ഉറപ്പാക്കിയതോടെ 2023-ലെ ബോർഡർ-ഗാവസ്ക്കർ ട്രോഫി ഇന്ത്യ സ്വന്തമാക്കി.

    ആദ്യ ഇന്നിംഗ്സിൽ ഒരു റൺസ് ലീഡ് നേടിയ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു. വെറും 113 റൺസ് മാത്രമായിരുന്നു ഓസീസിന് നേടാനായത്. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 115 റൺസായി. നാല് വിക്കറ്റ് നഷ്ടപ്പെടുത്തിയെങ്കിലും 118 റൺസെടുത്ത് ഇന്ത്യ വിജയതീരമണയുകയായിരുന്നു.

    നൂറാം ടെസ്റ്റ് കളിച്ച ചേതേശ്വർ പൂജാര 31 റൺസുമായി പുറത്താകാതെ നിന്നതോടെയാണ് ഇന്ത്യയുടെ ജയം എളുപ്പമായത്. 74 പന്തുകള്‍ നേരിട്ട് പൂജാര നാല് ഫോറുകള്‍ അടിച്ചു. 22 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും എഉൾപ്പടെ 22 റണ്‍സെടുത്ത ശ്രീകര്‍ ഭരതും പുറത്താകാതെ നിന്നു.

    ഓപ്പണര്‍ കെഎല്‍ രാഹുല്‍ ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. മൂന്ന് റൺസ് മാത്രമെടുത്ത രാഹുൽ നതാന്‍ ലിയോണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിക്ക് ക്യാച്ച് നൽകിയാണ് പവലിയനിലേക്ക് മടങ്ങിയത്. മൂന്നാമായി ക്രീസിലെത്തിയ പൂജാര ഒരറ്റത്ത് ഉറച്ചു നിന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (31), മുന്‍ നായകന്‍ വിരാട് കോഹ്‌ലി (20), ശ്രേയസ് അയ്യര്‍ (12) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഓസീസിനായി നതാന്‍ ലിയോണ്‍ രണ്ട് വിക്കറ്റും ടോഡ് മര്‍ഫി ഒരു വിക്കറ്റും വീഴ്ത്തി. രോഹിത് ശര്‍മ റണ്ണൗട്ടായി മടങ്ങുകയായിരുന്നു.

    നേരത്തെ ജഡേജയുടെയും അശ്വിന്‍റെ കുത്തിത്തിരിയുന്ന പന്തുകൾക്ക് മുന്നിൽ ഓസീസ് ബാറ്റർമാർ തീർത്തും നിഷ്പ്രഭരാകുകയായിരുന്നു. ജഡേജ ഏഴ് വിക്കറ്റും അശ്വിൻ മൂന്ന് വിക്കറ്റും സ്വന്തമാക്കിയതോടെ ഓസ്ട്രേലിയ 113 റൺസിന് കൂടാരം കയറി. മൽസരത്തിൽ ഇരു ഇന്നിംഗ്സുകളിൽനിന്നായി ജഡേജ 10 വിക്കറ്റ് സ്വന്തമാക്കി. അശ്വിൻ മത്സരത്തിൽ ആറ് വിക്കറ്റ് നേടി. ഓസീസ് നിരയിൽ 43 റൺസെടുത്ത ട്രവിസ് ഹെഡും 35 റൺസെടുത്ത മാഗ്നസ് ലാബുഷാഗ്നെയും മാത്രമാണ് രണ്ടക്കം കണ്ടത്.

    Published by:Anuraj GR
    First published: