IND vs ENG | ഒടുവില്‍ ഒത്തുതീര്‍പ്പായി; മുടങ്ങിപ്പോയ അവസാന ടെസ്റ്റ് 2022ല്‍ ഇംഗ്ലണ്ടില്‍ വെച്ച് നടത്തും
- Published by:Sarath Mohanan
- news18-malayalam
Last Updated:
അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീം നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 2-1ന് മുന്നിലായിരുന്നു.
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഉപേക്ഷിച്ച മാഞ്ചസ്റ്റര്‍ ടെസ്റ്റിന് പകരം എന്തെന്ന കാര്യത്തില്‍ ബിസിസിഐയും ഇസിബിയും (ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്) തമ്മില്‍ ധാരണയായെന്ന് റിപ്പോര്‍ട്ട്. പരമ്പയുടെ ഭാഗമെന്ന നിലയില്‍ ഒറ്റ ടെസ്റ്റായി തന്നെ മത്സരം നടത്താനാണ് ഇരു ബോര്‍ഡുകളുടെയും തീരുമാനം. 2022ല്‍ ഇംഗ്ലണ്ടില്‍ വെച്ച് തന്നെ കളിക്കാമെന്ന തീരുമാനത്തിലേക്കാണ് ഇരു ക്രിക്കറ്റ് ബോര്‍ഡുകളും എത്തിയിരിക്കുന്നത്.
കോവിഡ് ഭീതിമൂലം ഇന്ത്യന്‍ താരങ്ങള്‍ പിന്മാറിയതാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിക്കാന്‍ കാരണമായത്. ടെസ്റ്റ് ഉപേക്ഷിച്ചതുമൂലം 200 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഇസിബി പറഞ്ഞിരുന്നു. നഷ്ടം നികത്താന്‍ സഹായിക്കാമെന്ന് ബിസിസിഐ ഉറപ്പുനല്‍കുകയുണ്ടായി.
അടുത്ത വര്‍ഷം മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്ന പരമ്പര ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുമെന്നത് നേരത്തെ തന്നെ തീരുമാനിച്ചതാണ്. ഇതിനോടൊപ്പം ഇന്ത്യ പിന്മാറിയ ഒരു ടെസ്റ്റ് കൂടി കളിക്കുന്നതോടെ നിലവിലെ പ്രശ്നങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്. ഇന്ത്യ പെട്ടെന്ന് പിന്മാറ്റം പ്രഖ്യാപിച്ചതോടെ ടിക്കറ്റുകളുടെ പണം ഉള്‍പ്പെടെ ഇസിബിക്ക് മടക്കി നല്‍കേണ്ടതായി വന്നു. കൂടാതെ സ്പോണ്‍സര്‍മാര്‍ക്കും ഇസിബി നഷ്ടപരിഹാരം നല്‍കേണ്ട സാഹചര്യം ഉണ്ടായി. എന്നാല്‍ അടുത്ത വര്‍ഷം പരിമിത ഓവര്‍ പരമ്പരക്കൊപ്പം ഒരു ടെസ്റ്റും കളിക്കുന്നതോടെ ഈ നഷ്ടങ്ങളെല്ലാം നികത്താന്‍ ഇസിബിക്ക് സാധിച്ചേക്കും.
advertisement
അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീം നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 2-1ന് മുന്നിലായിരുന്നു. ആദ്യ മത്സരം സമനിലയായപ്പോള്‍ ലോര്‍ഡ്സിലും ഓവലിലും ചരിത്ര ജയം നേടിയെടുക്കാന്‍ ഇന്ത്യക്കായി. ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിക്കും അസിസ്റ്റന്റ് ഫിസിയോക്കും കോവിഡ് പോസിറ്റീവായ സാഹചര്യത്തിലായിരുന്നു ഇന്ത്യ അഞ്ചാം ടെസ്റ്റില്‍ നിന്ന് പിന്മാറിയത്.
മാഞ്ചസ്റ്ററില്‍ നടക്കേണ്ടിയിരുന്ന ടെസ്റ്റിന് മണിക്കൂറുകള്‍ മുമ്പാണ് മത്സരത്തില്‍ നിന്ന് പിന്മാറുകയാണെന്ന തീരുമാനത്തിലേക്ക് ഇന്ത്യന്‍ ടീം എത്തിയത്. ഇതോടെ 200 കോടിയിലധികം പണം ഇസിബിക്ക് നഷ്ടമാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ പിന്മാറ്റത്തില്‍ കടുത്ത നിരാശ ഇസിബിയും താരങ്ങളും വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഐപിഎല്ലും ടി20 ലോകകപ്പും വരാനിരിക്കുന്നത് പരിഗണിച്ച് ഇന്ത്യന്‍ ടീം പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു.
advertisement
ഐപിഎല്ലിനായി സ്വന്തം 'ഡിഎന്‍എ' വരെ മാറ്റിയവരാണ് ഓസ്ട്രേലിയന്‍ താരങ്ങള്‍; വിമര്‍ശനവുമായി റമീസ് രാജ
ബിസിസിഐയുടെ പണത്തില്‍ കണ്ണുവച്ച് ഐപിഎലില്‍ കളിക്കുന്നതിന് സ്വന്തം 'ഡിഎന്‍എ' വരെ തിരുത്തിയവരാണ് ഓസ്‌ട്രേലിയന്‍ താരങ്ങളെന്ന് റമീസ് രാജ കുറ്റപ്പെടുത്തി. ഐപിഎല്‍ കരാര്‍ സംരക്ഷിക്കുന്നതിന് ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോള്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ അവരുടെ സ്വാഭാവികമായ ആക്രമണോത്സുകത പോലും ഒളിച്ചുവയ്ക്കുകയാണെന്ന് റമീസ് രാജ കുറ്റപ്പെടുത്തി.
'അവര്‍ ആക്രമണാത്മക സമീപനമില്ലാതെ സന്തോഷത്തോടെ ഇന്ത്യക്കെതിരെ കളിക്കുന്നു. ഐപിഎല്‍ കരാറുകള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലാതിരിക്കാനാണ് ഇന്ത്യയോട് അത്തരമൊരു സമീപനം.'- റമീസ് രാജ പറഞ്ഞു. ഐപിഎല്‍ കരാറുകള്‍ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റര്‍മാര്‍ക്ക് ഇപ്പോള്‍ സമ്മര്‍ദ്ദമുണ്ടെന്നും, ഐപിഎല്ലില്‍ പങ്കെടുക്കുന്നതിലൂടെ താരങ്ങള്‍ക്ക് ധാരാളം പണവും ഒപ്പം നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്നും രാജ അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 26, 2021 11:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs ENG | ഒടുവില്‍ ഒത്തുതീര്‍പ്പായി; മുടങ്ങിപ്പോയ അവസാന ടെസ്റ്റ് 2022ല്‍ ഇംഗ്ലണ്ടില്‍ വെച്ച് നടത്തും