ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ ഭാവി തുലാസിൽ. ഇന്ത്യൻ ക്യാമ്പിൽ വീണ്ടും കോവിഡ് ബാധ റിപ്പോർട്ട് ചെയ്തതോടെയാണ് നാളെ ആരംഭിക്കാൻ ഇരിക്കുന്ന മാഞ്ചസ്റ്റർ ടെസ്റ്റിന്റെ കാര്യത്തിൽ ആശങ്ക ഉയർന്നത്. ഇന്ത്യൻ ക്യാമ്പിലെ സപ്പോർട്ട് സ്റ്റാഫിലെ ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് ഉച്ചകഴിഞ്ഞ് നടത്താനിരുന്ന പരിശീലന സെഷന്‍ ഉപേക്ഷിക്കുകയാണ് ഉണ്ടായത്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യൻ ടീം അംഗങ്ങളോട് ഹോട്ടലിൽ തന്നെ കഴിയാൻ നിർദേശം നൽകിയതായാണ് നിർദേശം എന്ന് ഇഎസ്പിഎൻ ക്രിക്ഇൻഫൊ റിപ്പോർട്ട് ചെയ്തു.
ബുധനാഴ്ച വൈകുന്നേരം നടത്തിയ പരിശോധനകളുടെ ഫലം പുറത്തുവന്നപ്പോഴാണ് ഇന്ത്യൻ ക്യാമ്പിലെ ഒരാൾക്ക് കൂടി കോവിഡ് പിടിപെട്ടതായി തെളിഞ്ഞത്. അന്നേദിവസം ഇന്ത്യൻ സംഘം നേരത്തെ നിശ്ചയിച്ചത് പ്രകാരമുള്ള പരിശീലന സെഷനിൽ ഏർപ്പെട്ടിരുന്നു. ഇന്ത്യൻ ക്യാമ്പിലെ സപ്പോർട്ട് സ്റ്റാഫിന് രോഗം പിടിപെട്ട വിവരം സ്ഥിരീകരിച്ചതോടെ ഇന്ത്യൻ ടീമിലെ മുഴുവൻ താരങ്ങളെയും വീണ്ടും പരിശോധനയ്ക്ക് വിധേയരാക്കി. ഇതിന്റെ ഫലം ഇതുവരെ വന്നിട്ടില്ല.
ഇതിൽ ഏതെങ്കിലും താരത്തിന്റെ ഫലം പോസിറ്റീവ് ആവുകയാണെങ്കിൽ അത് നാളെ ആരംഭിക്കുന്ന മാഞ്ചസ്റ്റർ ടെസ്റ്റിനെ മാത്രമല്ല, ഇംഗ്ലണ്ട് പരമ്പരയ്ക്ക് അഞ്ച് ദിവസങ്ങൾക്ക് ശേഷം സെപ്റ്റംബർ 19ന് ആരംഭിക്കുന്ന ഐ പി എല്ലിന്റെ രണ്ടാം പാദത്തെയും ബാധിക്കും. നിലവിലെ തീരുമാന പ്രകാരം ഐ പി എല്ലിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ താരങ്ങൾ സെപ്റ്റംബർ 15നാകും മാഞ്ചസ്റ്ററിൽ നിന്നും ദുബായിലേക്ക് തിരിക്കുക.
ഇന്ത്യൻ ക്യാമ്പിൽ ഭീഷണി ഉയർത്തുന്ന കോവിഡ് ആദ്യം സ്ഥിരീകരിച്ചത് ഇന്ത്യയുടെ മുഖ്യ പരിശീലകനായ രവി ശാസ്ത്രിക്ക് ആയിരുന്നു. ഇംഗ്ലണ്ടിന് എതിരെ 157 റൺസിന്റെ വിജയുവുമായി ഇന്ത്യ തിളങ്ങിയ ഓവല്‍ ടെസ്റ്റിന്‍റെ നാലാം ദിനത്തിലാണ് രവി ശാസ്ത്രിയുടെ കോവിഡ് ബാധ ബിസിസിഐ സ്ഥിരീകരിച്ചത്. ന്നാലെ ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധനയില്‍ കോവിഡ് ബാധ കണ്ടെത്തിയിരുന്നു. ഇപ്പോൾ ഒരു സപ്പോര്‍ട്ട് സ്റ്റാഫിന് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യന്‍ ക്യാമ്പിലെ കോവിഡ് ബാധിതരുടെ എണ്ണം നാലായി.
ഓവൽ ടെസ്റ്റ് ജയിച്ച് പരമ്പരയിൽ 2-1ന് മുന്നിലെത്തിയ ഇന്ത്യ 2007ന് ശേഷം ഇംഗ്ലണ്ട് മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര ജയത്തിനായാണ് കാത്തിരിക്കുന്നത്. പരമ്പരയിൽ മുന്നിലാണെന്ന ആത്മവിശ്വാസം ഇന്ത്യക്ക് തുണയായുണ്ടെങ്കിലും മാഞ്ചസ്റ്ററിൽ ഇന്ത്യയുടെ റെക്കോർഡ് അത്ര മികച്ചതല്ല എന്നത് വിരാട് കോഹ്‌ലിക്കും സംഘത്തിനും അത്ര സന്തോഷം നൽകുന്ന കാര്യമല്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.