ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഓവലിൽ നടന്ന നാലാം ടെസ്റ്റിലെ ജയത്തോടൊപ്പം ചരിത്രനേട്ടം കൂടി സ്വന്തമാക്കി ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് വീഴ്‌ത്തുന്ന ഇന്ത്യൻ പേസ് ബൗളർ എന്ന റെക്കോർഡാണ് ബുംറ നാലാം ടെസ്റ്റിനിടെ സ്വന്തം പേരിലേക്ക് എഴുതിച്ചേർത്തത്.
മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ കപിൽ ദേവിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ബുംറ തകർത്തത്. 25 ടെസ്റ്റുകളിൽ നിന്നും കപിൽ ദേവ് 100 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അദ്ദേഹത്തെക്കാൾ ഒരു ടെസ്റ്റ് കുറവ് കളിച്ച് 24 ടെസ്റ്റുകളിൽ നിന്നുമായാണ് ബുംറ 100 വിക്കറ്റ് നേട്ടത്തിൽ എത്തിയത്.
നാലാം ടെസ്റ്റിന്റെ അവസാന ദിനമായ ഇന്നലെ ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 65ാ൦ ഓവറിൽ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ഒലി പോപ്പിനെ പുറത്താക്കിയാണ് ബുംറ ഈ റെക്കോർഡ് സ്വന്തമാക്കിയത്. ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് നേട്ടത്തിൽ എത്തിയതിനൊപ്പം മറ്റൊരു റെക്കോർഡ് കൂടി താരം ഇതിനോടൊപ്പം സ്വന്തമാക്കി. മികച്ച ശരാശരിയിൽ 100 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഇന്ത്യൻ ബൗളർ എന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. 22.45 ആണ് ബുംറയുടെ ശരാശരി.
അതേസമയം, ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ബൗളർ സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ്. വെറും 18 ടെസ്റ്റുകളില്‍ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 16 ടെസ്റ്റുകളില്‍ നിന്നും 100 വിക്കറ്റ് നേടിയ ഇംഗ്ലണ്ടിന്റെ ജോര്‍ജ് ലോമാനാണ് ലോകത്തിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തിയത്.
ഇന്ത്യയുടെ പ്രധാന ബൗളർമാരിൽ ഒരാളായ ബുംറ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇതുവരെ 18 വിക്കറ്റുകളാണ് നേടിയത്. ക്രിക്കറ്റിൽ അരങ്ങേറി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ടീമിൽ സ്ഥാനം നേടിയെടുത്ത ബുംറ ബൗളിങ്ങിൽ ക്യാപ്റ്റൻ കോഹ്‌ലിയുടെ വജ്രായുധമാണ്. 24 ടെസ്റ്റുകൾ കളിച്ച താരംത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം 27 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയതാണ്. 86 റണ്‍സ് വിട്ടുകൊടുത്ത് ഒമ്പത് വിക്കറ്റ് വീഴ്ത്തിയതാണ് മത്സരത്തിലെ മികച്ച പ്രകടനം. ആറ് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുള്ള ബുംറ ആറ് തവണയും വിദേശ പിച്ചിലാണ് ഈ നേട്ടം സ്വന്തമാക്കിയതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. വിദേശ പിച്ചുകളിൽ നിന്നുമാണ് താരം കൂടുതൽ വിക്കറ്റുകൾ നേടിയിട്ടുള്ളത്.
Also read- IND vs ENG |കത്തിക്കയറി ബൗളര്‍മാര്‍; ഓവലില്‍ ഇന്ത്യക്ക് ചരിത്ര ജയം; പരമ്പരയില്‍ 2-1ന് മുന്നില്ടി20 ലോകകപ്പ് വരാനിരിക്കെ ബുംറയുടെ ഫോം ഇന്ത്യക്ക് വലിയ പ്രതീക്ഷകളാണ് നൽകുന്നത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിന് വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങളിലൂടെയാണ് ബുംറ ദേശീയ ടീമിലേക്ക് എത്തിയത്. ഐപിഎല്ലിലെ മികച്ച പ്രകടനങ്ങൾ ദേശീയ ടീമിലും തുടർന്നതോടെ ടീമിലെ സ്ഥിര സാന്നിധ്യമായി മാറുകയായിരുന്നു താരം. ടെസ്റ്റിലെ 100 വിക്കറ്റുകൾക്ക് പുറമെ, 67 ഏകദിനങ്ങളില്‍ നിന്ന് 108 വിക്കറ്റും 49 ടി20കളില്‍ നിന്ന് 59 വിക്കറ്റും ബുംറ വീഴ്ത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.