ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് (India vs West Indies) ടി20 പരമ്പരയിലെ (T20 series) രണ്ടാം മത്സരത്തിലും ഇന്ത്യക്ക് ജയം. ആവേശം അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ എട്ട് റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി.
ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ വിന്‍ഡീസ് ബാറ്റിംഗ് നിരയ്ക്ക് നിശ്ചിത 20 ഓവറില്‍ 178 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്ണോയി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നിക്കോളാസ് പുരാന്റെയും റോവ്മാന്‍ പവലിന്റെയും തകര്‍പ്പന്‍ ഇന്നിങ്സുകള്‍ വിന്‍ഡീസ് ജയമൊരുക്കുമെന്ന ഘട്ടത്തിലാണ് ഇന്ത്യ കളി തിരികെ പിടിച്ചത്. പുരാന് 41 പന്തില്‍ നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 62 റണ്‍സെടുത്തപ്പോള്‍ പവല്‍ 36 പന്തില്‍ നിന്ന് അഞ്ച് സിക്സും നാല് ഫോറുമടക്കം 68 റണ്‍സോടെ പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ഒടുവില്‍ 19ആം ഓവറില്‍ പുരാനെ മടക്കി ഭുവനേശ്വര്‍ കുമാറാണ് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി തിരിച്ചത്. അവസാന ഓവറില്‍ ജയിക്കാന്‍ 25 റണ്‍സ് വേണ്ടിയിരുന്ന വിന്‍ഡീസിന് ഹര്‍ഷല്‍ പട്ടേലിന്റെ ഓവറില്‍ നേടാനായത് 16 റണ്‍സ് മാത്രം.
187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് ആറാം ഓവറില്‍ തന്നെ ഓപ്പണര്‍ കൈല്‍ മയേഴ്സിനെ (9) നഷ്ടമായിരുന്നു. യുസ്വേന്ദ്ര ചാഹലിനായിരുന്നു വിക്കറ്റ്. പിന്നാലെ ഒമ്പതാം ഓവറില്‍ ബ്രണ്ടന്‍ കിങ്ങിനെ (22) രവി ബിഷ്ണോയിയും മടക്കി. എന്നാല്‍ അവിടെ നിന്നും പുരന് - പവല്‍ സഖ്യം ഇന്ത്യന്‍ ബൗളിങ്ങിനെ കടന്നാക്രമിക്കുകയായിരുന്നു.
നേരത്തെ ടോസ്സ് നഷ്ടപ്പെട്ട് ബാറ്റിഗിനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് നേടിയത്. വിരാട് കോഹ്ലി, റിഷഭ് പന്ത് എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.
റിഷഭ് പന്ത് വെറും 28 പന്തില്‍ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 52 റണ്‍സോടെ പുറത്താകാതെ നിന്നു. വിരാട് കോലി 41 പന്തുകള്‍ നേരിട്ട് ഒരു സിക്സും ഏഴ് ഫോറുമടക്കം 52 റണ്‍സെടുത്തു.
മത്സരത്തിന്റെ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഇഷാന് കിഷനെ (2) നഷ്ടമായ ഇന്ത്യയ്ക്കായി രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ - വിരാട് കോഹ്ലി സഖ്യം 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
18 പന്തില്‍ നിന്ന് ഒരു സിക്സും രണ്ട് ഫോറുമടക്കം 19 റണ്‍സെടുത്ത രോഹിത്തിനെ മടക്കി റോസ്റ്റന്‍ ചേസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവിന് (8) ഇന്ന് തിളങ്ങാന്‍ കഴിഞ്ഞില്ല. ഈ വിക്കറ്റും റോസ്റ്റന്‍ ചേസിനായിരുന്നു. തുടര്‍ന്ന് 14-ാം ഓവറില്‍ കോഹ്ലിയുടെ കുറ്റി തെറിപ്പിച്ച് ചേസ് ഇന്ത്യയെ പ്രതിരോധത്തിലാക്കി.
എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ക്രീസിലൊരുമിച്ച റിഷഭ് പന്ത് - വെങ്കടേഷ് അയ്യര്‍ കൂട്ടുകെട്ട് ഇന്ത്യന്‍ ഇന്നിങ്സ് ടോപ് ഗിയറിലാക്കി. ഇരുവരും ചേര്‍ന്ന് 76 റണ്‍സാണ് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തത്. 18 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത വെങ്കടേഷ് അയ്യര്‍ അവസാന ഓവറിലാണ് പുറത്തായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.