വീണ്ടും റെക്കോഡുമായി ഹിറ്റ്മാൻ; റാഞ്ചിയിൽ രോഹിതിന്‍റെ തോളിലേറി ഇന്ത്യ
Last Updated:
റാഞ്ചിയിൽ 40 റൺസിനിടെ 3 വിക്കറ്റ് നഷ്ടമായി ഇന്ത്യ തകർച്ചയെ നേരിടുമ്പോഴാണ് സെഞ്ച്വറിയുമായി ഹിറ്റ്മാൻ രക്ഷകനായത്...
ടെസ്റ്റിൽ ഓപ്പണറായുള്ള സ്ഥാനക്കയറ്റം ആഘോഷിക്കുകയാണ് രോഹിത് ശർമ. ടെസ്റ്റ് അരങ്ങേറ്റത്തിലെ ആദ്യ രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറി നേടിയ രോഹിത് ഒരു മത്സരത്തിന്റെ ഇടവേളക്ക് ശേഷം വീണ്ടും മൂന്നക്കം കണ്ടിരിക്കുന്നു. റാഞ്ചിയിൽ 40 റൺസിനിടെ 3 വിക്കറ്റ് നഷ്ടമായി ഇന്ത്യ തകർച്ചയെ നേരിടുമ്പോഴാണ് സെഞ്ച്വറിയുമായി ഹിറ്റ്മാൻ രക്ഷകനായത്. ഒരു ടെസ്റ്റ് സീരീസിൽ മൂന്നോ അതിലധികമോ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ഓപ്പണറാണ് രോഹിത്. ഇതിന് മുമ്പ് ഇതിഹാസതാരം സുനിൽ ഗാവസ്കർ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ള ഇന്ത്യൻ ഓപ്പണർ.
സെഞ്ച്വറി റെക്കോർഡുകൾ
ദക്ഷിണാഫ്രിക്കക്കെതിരെ ഒരു പരമ്പരയിൽ മൂന്ന് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരവുമായി രോഹിത് മാറി. ഈ കലണ്ടർ വർഷം രാജ്യാന്തര ക്രിക്കറ്റിൽ രോഹിതിന്റെ ഒമ്പതാം സെഞ്ച്വറിയാണ് റാഞ്ചിയിൽ സ്വന്തമാക്കിയത്. ഇതിന് മുമ്പ് സച്ചിൻ ടെൻഡുൽക്കർ, ഗ്രെയിം സ്മിത്ത്, ഡേവിഡ് വാർണർ എന്നിവർ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ള ഓപ്പണർമാർ.
സിക്സർ ഹിറ്റ്മാൻ
ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സറടിക്കുന്ന താരവുമായി രോഹിത്. പരമ്പരയിൽ ഇതുവരെ 17 സിക്സറാണ് രോഹിത് അടിച്ചു കൂട്ടിയത്. 15 സിക്സറെന്ന വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മയറുടെ റെക്കോർഡാണ് ഹിറ്റ്മാൻ മറികടന്നത്. റാഞ്ചിയിൽ ആദ്യ ദിനം നാല് സിക്സറാണ് രോഹിതിന്റെ ബാറ്റിൽ നിന്ന് പിറന്നത്. സെഞ്ച്വറി തികച്ചതും സിക്സറിലൂടെ. ഇത് രണ്ടാം തവണയാണ് സിക്സറിലൂടെ രോഹിത് ടെസ്റ്റ് സെഞ്ച്വറി തികക്കുന്നത്. ഗൗതം ഗംഭീറും രണ്ട് തവണ സിക്സറിലൂടെ സെഞ്ച്വറിയടിച്ചിട്ടുണ്ട്. 6 തവണ ഈ നേട്ടം കൈവരിച്ചിട്ടുള്ള സച്ചിൻ ടെൻഡുൽക്കർ മാത്രമാണ് ഇക്കാര്യത്തിൽ ഇവർക്ക് മുന്നിലുള്ളത്.
advertisement
സെഞ്ച്വറിയും സിക്സറുകളും; സച്ചിൻ ടെൻഡുൽക്കറിനൊപ്പമെത്തി രോഹിത്
ആദ്യ ദിനം വെളിച്ചക്കുറവ് മൂലം കളി നേരത്തെ നിർത്തുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 224 റൺസെന്ന നിലയിലാണ്. രോഹിതും (117) രഹാനെയും(83) ആണ് ക്രീസിൽ.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 19, 2019 6:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
വീണ്ടും റെക്കോഡുമായി ഹിറ്റ്മാൻ; റാഞ്ചിയിൽ രോഹിതിന്‍റെ തോളിലേറി ഇന്ത്യ