IPL 2019: പൊള്ളാർഡ് തകർത്തടിച്ചു; അവസാന പന്തിൽ മുംബൈക്ക് ജയം
Last Updated:
പഞ്ചാബിനായി കെ എൽ രാഹുൽ നേടിയ സെഞ്ചുറി പാഴായി
മുംബൈ: 31 പന്തിൽ 83 റൺസുമായി നായകൻ കീറൺ പൊള്ളാർഡ് തകർത്തടിച്ചപ്പോൾ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് 3 വിക്കറ്റിന്റെ ആവേശ ജയം. ആവേശം അവസാന പന്ത് വരെ നീണ്ട മത്സരത്തിലാണ് പഞ്ചാബ് ഉയർത്തിയ 198 റൺസ് വിജയ ലക്ഷ്യം മുംബൈ മറികടന്നത്. പഞ്ചാബിനായി കെ എൽ രാഹുൽ നേടിയ സെഞ്ചുറിയും പൊള്ളാർഡിന്റെ വെടിക്കെട്ടിന് മുന്നിൽ നിഷ്പ്രഭമായി. 31 പന്തിൽ 3 ബൗണ്ടറികളും 10 സിക്സറുകളുമടക്കമാണ് മുംബൈയുടെ താൽക്കാലിക നായകനായ പൊള്ളാർഡ് ഇന്നലെ ബാറ്റിംഗ് വിസ്ഫോടനം നടത്തിയത്. അവസാന 8 ഓവറിൽ 104 റൺസായിരുന്നു മുംബൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത്.
ഓപ്പണർ കെ.എൽ. രാഹുലിന്റെ കന്നി ഐപിഎൽ സെഞ്ചുറിയുടെ (100*) കരുത്തിൽ പഞ്ചാബ് പടുത്തുയർത്തിയ റൺമല പൊള്ളാർഡിന്റെ തോളിലേറി മുംബൈ എത്തിപ്പിടിച്ചു. 10 ഓവറിൽ 3 വിക്കറ്റിന് 65 റൺസ് എന്ന നിലയിൽ തപ്പിത്തടഞ്ഞ മുംബൈയെ ഉജ്വല ഇന്നിങ്സിലൂടെ വിജയത്തിനു തൊട്ടരികിലെത്തിച്ച പൊള്ളാർഡ് മടങ്ങുമ്പോൾ 3 പന്തിൽ 4 റൺസാണു ആതിഥേയർക്കു വേണ്ടിയിരുന്നത്. കരുതലോടെ കളിച്ച അൽസരി ജോസഫ് (13 പന്തിൽ 15 നോട്ടൗട്ട്) അവസാന പന്തിൽ ബൗണ്ടറിക്കു ശ്രമിക്കാതെ ഡബിൾ നേടി മുംബൈയെ വിജയത്തിലെത്തിച്ചു.
advertisement
നേരത്തേ ക്രിസ് ഗെയ്‌ലിന്റെ ബാറ്റിങ്ങിൽ 63 (36) കൂറ്റൻ സ്കോറിലേക്കു കുതിച്ച പഞ്ചാബിനെ മധ്യ ഓവറുകളിൽ തിരിച്ചടിച്ച മുംബൈ പിടിച്ച നിർത്തിയതാണ്. അതിവേഗം സ്കോർ ചെയ്ത രാഹുൽ– ഗെയ്‌ൽ സഖ്യം ഓപ്പണിങ് വിക്കറ്റിൽ 116 റൺസ് ചേർത്തതിനുശേഷമാണു വേർപിരിഞ്ഞത്. എന്നാൽ പിന്നീടു മില്ലർ (7), കരുൺ (5), കുറൻ (8) എന്നിവരെ പെട്ടെന്നു മടക്കി മുംബൈ കരുത്തുകാട്ടിയെങ്കിലും അവസാന ഓവറുകളിൽ രാഹുൽ തകർത്തടിച്ചു. ഹാർദിക് പാണ്ഡ്യ എറിഞ്ഞ 19ാം ഓവറിൽ 3 സിക്സും ഒരു ഫോറുമടക്കം 25 റൺസാണു രാഹുൽ നേടിയത്. 20ാം ഓവറിലെ ആദ്യ പന്തിൽ ബുമ്രയെ സിക്സടിച്ചു വരവേറ്റ രാഹുൽ നാലാം പന്തിൽ ഡബിൾ നേടി സെഞ്ചുറിയും തികച്ചു.
advertisement
നേരത്തെ രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ച കീറണ്‍ പൊള്ളാര്‍ഡ് ടോസ് നേടിയപ്പോള്‍ പഞ്ചാബിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഗെയ്‌ലും രാഹുലും ചേര്‍ന്ന് പഞ്ചാബിന് നല്‍കിയത്. 12.5 ഓവറില്‍ 116 റണ്‍സിന്റെ കൂട്ടുകെട്ട് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തി. 63 റണ്‍സെടുത്ത ഗെയ്‌ലിനെ പുറത്താക്കി ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫാണ് കൂട്ടുകെട്ട് പൊളിച്ചത്. മുംബൈ ഇന്നിങ്സിൽ നാലാമനായി ഇറങ്ങിയ പൊള്ളാർഡ് ഒറ്റക്ക് തന്നെ മുംബൈയെ വിജയതീരത്തേക്ക് എത്തിക്കുകയായിരുന്നു. എട്ടാം ഓവറിലായിരുന്നു പൊള്ളാർഡ് ക്രീസിലെത്തിയത്. മുംബൈക്കായി അരങ്ങേറ്റക്കാരൻ സിദ്ദേഷ് ലാഡ് ഇന്നിങ്സിന്റെ ആദ്യ പന്തില്‍ സിക്സറും രണ്ടാം പന്തിൽ ഫോറും നേടി.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 11, 2019 9:49 AM IST