ഡുപ്ലെസിയും മാക്സ്‌വെലും തകർത്തടിച്ചിട്ടും ചെന്നൈയെ വീഴ്ത്താനാകാതെ ബാംഗ്ലൂർ
- Published by:Anuraj GR
- news18-malayalam
Last Updated:
ഏറെ ആവേശം നിറഞ്ഞ മത്സരത്തിൽ എട്ട് റൺസിനാണ് ചെന്നൈ സൂപ്പർകിങ്സ് ആർസിബിയെ തോൽപ്പിച്ചത്
ഫാഫ് ഡു പ്ലെസിസിന്റെയും(61) ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും(76) അർധ സെഞ്ചുറികൾക്കും ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ തോൽവിയിൽനിന്ന് രക്ഷിക്കാനായില്ല. ഏറെ ആവേശം നിറഞ്ഞ മത്സരത്തിൽ എട്ട് റൺസിനാണ് ചെന്നൈ സൂപ്പർകിങ്സ് ആർസിബിയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ, ഡെവൺ കോൺവേയുടെയും ശിവം ദുബെയുടെയും അർദ്ധ സെഞ്ചുറികളുടെ കരുത്തിൽ ആറിന് 226 എന്ന സ്‌കോർ നേടി.
മറുപടി ബാറ്റിംഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വിരാട് കോഹ്‌ലിയെയും മഹിപാൽ ലൊമ്‌റോറിനെയും തുടക്കത്തിലേ നഷ്ടമായി. എന്നാൽ പിന്നീട് ക്രീസിൽ ഒത്തുചേർന്ന ഫാഫ് ഡു പ്ലെസിസും ഗ്ലെൻ മാക്‌സ്‌വെല്ലും ചേർന്ന് ആർസിബിയെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും റൺ ചേസിലേക്ക് എത്തിക്കുമെന്ന് തോന്നിച്ചു. ഇരുവരും ആഞ്ഞടിച്ച് നിലയുറപ്പിച്ചതോടെ ക്യാപ്റ്റൻ കൂൾ ധോണി പോലും കൂളല്ലാതായി.
36 പന്തിൽ 76 റൺസെടുത്ത മാക്സ്‌വെല്ലാണ് ചെന്നൈ ബോളർമാരെ തലങ്ങും വിലങ്ങും പായിച്ചത്. എട്ട് സിക്സറുകളും മൂന്ന് ഫോറും ഉൾപ്പെടുന്നതായിരുന്നു മാക്സ്‌വെല്ലിന്‍റെ ഇന്നിംഗ്സ്. എന്നാൽ പതിമൂന്നാമത്തെ ഓവറിലെ ആദ്യ പന്തിൽ മാക്സ്‌വെലിനെ പുറത്താക്കി തീക്ഷണ നിർണായകമായ ബ്രേക്ക് സമ്മാനിച്ചു. എന്നാൽ ഇതിനോടകം മാക്സ്വെൽ-ഡുപ്ലെസി സംഖ്യം 61 പന്തിൽ 144 റൺസ് വാരിക്കൂട്ടിയിരുന്നു. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി സിഎസ്കെ മത്സരം വരുതിയിലാക്കുകയായിരുന്നു. 33 പന്തിൽ 62 റൺസെടുത്ത ഡുപ്ലെസിയെ മൊയിൻ അലി പുറത്താക്കിയതോടെ ചെന്നൈ പിടിമുറുക്കി. ചെന്നൈയ്ക്കുവേണ്ടി തുഷാർ ദേശ്പാണ്ഡെ മൂന്നു വിക്കറ്റ് വീഴ്ത്തി.
advertisement
ടോസ് നേടിയ ആർസിബി ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് ടോസ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
റുതുരാജ് ഗെയ്‌ക്‌വാദ് നേരത്തെ പുറത്തായെങ്കിലും ഡെവൺ കോൺവെ 45 പന്തിൽ 83 റൺസെടുത്തു, അജിങ്ക്യ രഹാനെ 20 പന്തിൽ 37 റൺസും ശിവം ദുബെ 27 പന്തിൽ 52 റൺസും നേടി. അമ്പാട്ടി റായിഡു 6 പന്തിൽ 14 റൺസും മൊയീൻ അലി 19 റൺസുമായി പുറത്താകാതെനിന്നു. രവീന്ദ്ര ജഡേജ 8 പന്തിൽ 10 റൺസെടുത്തു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
April 18, 2023 6:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഡുപ്ലെസിയും മാക്സ്‌വെലും തകർത്തടിച്ചിട്ടും ചെന്നൈയെ വീഴ്ത്താനാകാതെ ബാംഗ്ലൂർ