തിരുവനന്തപുരം: ഒരിടവേളയ്ക്കുശേഷം തലസ്ഥാനത്ത് വിരുന്നെത്തിയ ക്രിക്കറ്റ് മാമാങ്കത്തിന് ആവേശച്ചോർച്ച. ആരാധകർ കൂട്ടത്തോടെ കളി കാണാൻ വരാത്തതാണ് മത്സരത്തിന്‍റെ ആവേശം കുറച്ചത്. ഒഴിഞ്ഞ കസേരകൾക്ക് മുന്നിലാണ് രോഹിതും സംഘവും ശ്രീലങ്കയെ നേരിടുന്നത്. മുൻ കാലങ്ങളിലെല്ലാം നിറഞ്ഞ ഗ്യാലറുകളുടെ ആവേശത്തിന് മുന്നിലാണ് ടീം ഇന്ത്യ കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കളിക്കാൻ ഇറങ്ങിയിട്ടുള്ളത്.
ടിക്കറ്റ് നിരക്കുവർദ്ധനവാണ് ഒട്ടനവധി ആരാധകരെ നേരിട്ട് കളി കാണുന്നതിൽനിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. 2000, 1000, വിദ്യാർഥികൾക്ക് 500 എന്നിങ്ങനെയാണ് കാര്യവട്ടം ഏകദിനത്തിന് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത്. ഇതു കൂടാതെ 30 ശതമാനം നികുതിയും ഈടാക്കുന്നുണ്ട്. 18 ശതമാനം ജി.എസ്.ടിക്കുപുറമെ കോർപറേഷൻ വിനോദനികുതി 12 ശതമാനമാക്കിയതാണ് വിവാദമായത്. മറ്റിടങ്ങളിൽ അഞ്ച് ശതമാനം മാത്രമാണ് വിനോദ നികുതി. ചിലയിടങ്ങളിൽ വിനോദനികുതി പൂർണമായി ഒഴിവാക്കി നൽകിയിട്ടുമുണ്ട്. ഏറ്റവും കുറഞ്ഞ 1000 രൂപയുടെ ടിക്കറ്റെടുക്കുന്നവർ 1445 രൂപ നൽകണം. അതായത് 445 രൂപ നികുതിയായി നൽകണം. 2000 രൂപയുടെ ടിക്കറ്റിന് നികുതി ഉൾപ്പടെ 2860 രൂപയാകും. രാജ്യത്തെ മറ്റ് സ്ഥലങ്ങളിൽനിന്ന് വ്യത്യസ്തമായി ഉയർന്ന നികുതി ഈടാക്കിയത് കാര്യവട്ടം ഏകദിനത്തിന്‍റെ ടിക്കറ്റ് നിരക്ക് ഗണ്യമായി ഉയരാൻ ഇടയാക്കിയതെന്നാണ് സൂചന.
അമിത നികുതി ഈടാക്കുന്നതിൽ വിമർശനം ഉയർന്നതിന് പിന്നാലെ കായികമന്ത്രി വി അബ്ദുറഹ്മാൻ നടത്തിയ പരാമർശം വിവാദമായിരുന്നു. പട്ടിണികിടക്കുന്നവര്‍ കളി കാണാൻ പോകേണ്ടെന്നായിരുന്നു വിനോദ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതിനെക്കുറിച്ച് മന്ത്രി പറഞ്ഞത്. ഇതിനെതിരെ പ്രതിപക്ഷവും ബിജെപിയും ഭരണകക്ഷിയിലെ സിപിഐയിൽനിന്നുള്ള പന്ന്യൻ രവീന്ദ്രൻ ഉൾപ്പടെയുള്ളനേതാക്കൾ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞതവണ കുറഞ്ഞ നികുതിയായിട്ടും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി കാണികൾക്ക് ഗുണം കിട്ടാതെ ബിസിസിഐയും കെസിഎയുമാണ് നേട്ടം കൊയ്തതെന്നാണ് വിവാദത്തിൽ കായികമന്ത്രി വിശദീകരിച്ചത്. കാര്യവട്ടത്ത് അവസാനം നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്‍റി 20യിൽ നികുതി ഉൾപ്പെടെ 1500ഉം 2750 രൂപയുമായിരുന്നു ടിക്കറ്റ് നിരക്ക്. ഇത്തവണ നികുതി വര്‍ദ്ധനകൊണ്ട് കാണികൾക്ക് അധിക ഭാരമില്ലെന്നും കായികമന്ത്രി പറഞ്ഞു. മത്സരം നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ വിനോദ നികുതി പൂര്‍ണമായും ഒഴിവാക്കി താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്ക് ഈടാക്കുമ്പോഴാണ് വരുമാനത്തെച്ചൊല്ലിയുള്ള സര്‍ക്കാര്‍-ബിസിസിഐ പോരെന്നതും ശ്രദ്ധേയമാണ്.
37000 ഇരിപ്പിടശേഷിയുള്ള കാര്യവട്ടം സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കുമ്പോഴും ഇരുപതിനായിരത്തിലേറെ ടിക്കറ്റുകൾ ബാക്കിയുണ്ടായിരുന്നു. ഇന്ന് കാര്യവട്ടത്ത് മത്സരം ആരംഭിച്ചശേഷവും ഗ്യാലറികളിലേറെയും ഒഴിഞ്ഞു കിടക്കുകയാണ്. കളി കാണാൻ ക്രിക്കറ്റ് പ്രേമികളെത്താത്തതിന് ടിക്കറ്റുനിരക്ക് വർദ്ധനവും ഒരു കാരണമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.