കേരള ബ്ലാസ്റ്റേഴ്സിന് പുതിയ 'ആശാൻ'; അങ്ങ് സ്വീഡനിൽ നിന്ന്
- Published by:Rajesh V
- news18-malayalam
Last Updated:
ഇവാൻ വുകോമനോവിച്ചിന്റെ പിൻഗാമിയായി സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേ ചുമതലയേൽക്കും
കൊച്ചി: സ്ഥാനമൊഴിഞ്ഞ മുഖ്യപരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ പിൻഗാമിയായി മിക്കേൽ സ്റ്റാറേയെ നിയമിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സി. സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേക്ക് 17 വർഷത്തോളം പരിശീലക അനുഭവ സമ്പത്തുണ്ട്. പ്രമുഖ ഫുട്ബാൾ ലീഗുകളിൽ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. 48 കാരനായ സ്റ്റാറേ 2026 വരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.
സ്വീഡിഷ് ക്ലബായ വാസ്‌ബി യൂണൈറ്റഡിലൂടെ പരിശീലക കുപ്പായം അണിഞ്ഞ സ്റ്റാറേ 2009ൽ സ്വീഡിഷ് ക്ലബായ എഐകെയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റു, എഐകെയ്‌ക്കൊപ്പം സ്വീഡിഷ് ലീഗ് ആയ ഓൾസ്വെൻസ്‌കാനും നേടിയിട്ടുണ്ട്.
നാനൂറോളം മത്സര സമ്പത്തുള്ള സ്റ്റാറേ സ്വീഡൻ, ചൈന,നോർവേ,അമേരിക്ക, തായ്‌ലൻഡ് എന്നിവിടങ്ങളിലായി എഐകെ, പാനിയോനിയോസ്, ഐഎഫ്‌കെ ഗോട്ടെബർഗ്, ഡാലിയൻ യിഫാംഗ്, ബികെ ഹാക്കൻ, സാൻ ജോസ് എർത്ത്‌ക്വേക്ക്‌സ്, സാർപ്‌സ്‌ബോർഗ് 08, സർപ്‌സ്‌ബോർഗ് 08 തുടങ്ങിയ പ്രമുഖ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി തായ് ലീഗിലെ ഉതൈ താനിയെയാണ് മിക്കേൽ സ്റ്റാറേ പരിശീലിപ്പിച്ചത്.
advertisement
A guiding light arrives! Mikael Stahre takes charge at Kerala Blasters 💼https://t.co/6LSNgxZaYY#MikaelStahre #KBFC #KeralaBlasters #SwagathamMikael #WelcomeHome pic.twitter.com/WHBmGByrf8
— Kerala Blasters FC (@KeralaBlasters) May 23, 2024
കേരള ബ്ലാസ്റ്റേഴ്സിൽ ചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മിക്കേൽ സ്റ്റാറേ പറഞ്ഞു. ഏഷ്യയിൽ കോച്ചിംഗ് കരിയർ തുടരാനും ഈ മനോഹരമായ ഭൂഖണ്ഡത്തിലെ മൂന്നാമത്തെ രാജ്യത്തിൽ എത്തിച്ചേരുവാനും സാധിച്ചതിൽ വളരെ അഭിമാനിക്കുന്നു. ഇന്ത്യയിൽ എത്തി എല്ലാവരെയും കാണാൻ ആഗ്രഹിക്കുന്നു കൂടാതെ ഒത്തൊരുമിച്ചു ചില മഹത്തായ കാര്യങ്ങൾ ചെയ്യുവാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു- സ്റ്റാറേ കൂട്ടിച്ചേർത്തു
advertisement
''പ്രചോദനം നിറയ്ക്കുന്ന ഒരു വ്യക്തിയാണ് മിക്കേൽ സ്റ്റാറേ. ഞങ്ങളുടെ പരിശീലകനിൽ ഞങ്ങൾ തിരയുന്ന എല്ലാ ഗുണങ്ങളും ഉള്ള ഒരാൾ. അപാരമായ അനുഭവസമ്പത്തും ശക്തമായ നേതൃത്വവും അദ്ദേഹത്തിനുണ്ട്. സ്റ്റാറേ കേരളാ ബ്ലാസ്റ്റേഴ്സിൽ ഞങ്ങളുടെ ഒപ്പം ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, അദ്ദേഹത്തിന് ഒപ്പം ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു''- കേരളാ ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
May 23, 2024 9:55 PM IST