രണ്ട് റെഡ് കാർഡ്; മൂന്ന് പെനാൽട്ടി; അഞ്ച് ഗോൾ: ഇറ്റാലിയൻ ലീഗിലെ ആവേശപ്പോരിൽ ഇന്റർ മിലാനെ മറികടന്ന് യുവന്റസ്
- Published by:Rajesh V
- news18-malayalam
Last Updated:
ജയത്തോടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകളും സജീവമാക്കി നിർത്താൻ യുവന്റസിനായി.
ഇറ്റാലിയൻ ലീഗിലെ ആവേശപ്പോരിൽ ഇന്‍റർ മിലാനെതിരെ യുവന്‍റസിന് ജയം. ആവേശം അവസാന മിനുട്ട് വരെ വീണ്ടു നിന്ന പോരാട്ടത്തിൽ ഇന്റർ മിലാനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് യുവന്‍റസ് വീഴ്ത്തിയത്. ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ യുവന്റസിന് ജയം അനിവാര്യമായിരുന്നു. മൂന്ന് പെനാൽട്ടികളും അഞ്ച് ഗോളുകളും രണ്ട് ചുവപ്പ് കാർഡുകളും കൊണ്ട് ആവേശകരമായ മത്സരത്തിലാണ് ഈ വർഷത്തെ ലീഗ് ചാമ്പ്യൻമാരെ യുവന്റസ് മലർത്തിയടിച്ചത്.
തങ്ങളുടെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ യുവന്റസാണ് ആദ്യം മുന്നിലെത്തിയത്. മത്സരത്തിന്റെ 24ാം മിനുട്ടിൽ യുവന്റസ് പ്രതിരോധനിര താരം കില്ലെനിയെ ഇന്റർ താരം ബോക്സിനുള്ളിൽ വീഴ്ത്തിയതിന് റഫറി വാർ പരിശോധനക്ക് ശേഷം പെനാൾട്ടി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഷോട്ട് ഇന്റർ ഗോൾകീപ്പർ രക്ഷപെടുത്തിയെങ്കിലും റീ ബൗണ്ടിൽ നിന്ന് ഗോൾ നേടി താരം തന്റെ ടീമിനെ മുന്നിലെത്തിച്ചു. 10 മിനുട്ടുകൾക്ക് ശേഷം മറ്റൊരു പെനാൽട്ടിയിലൂടെ ഇന്റർ തിരിച്ചടിച്ചു. ഇന്റർ താരം ലുവതാരോ മാർട്ടിനസിനെ ഡിലൈറ്റ് ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി, പിഴവുകളില്ലാതെ വലയിലെത്തിച്ച ലുക്കാക്കുവാണ് ഇന്ററിന് മത്സരത്തിൽ സമനില സമ്മാനിച്ചത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ കുവാഡ്രാഡോ നേടിയ മനോഹരമായ ഗോളിൽ യുവന്റസ് മത്സരത്തിൽ വീണ്ടും ലീഡെടുത്തു.
advertisement
രണ്ടാം പകുതി തുടങ്ങി പത്ത് മിനുട്ട് പിന്നിട്ടപ്പോഴേക്കും യുവന്റസിന് വീണ്ടും തിരിച്ചടി കിട്ടി. മത്സരത്തിൽ രണ്ടാം മഞ്ഞക്കാർഡും അതിലൂടെ ചുവപ്പ് കാർഡും കണ്ട് യുവന്റസ് താരം ബെന്റാകൂർ കളത്തിൽ നിന്നും പുറത്ത് പോകേണ്ടിവന്നു. ഇതോടെ പത്ത് പേരായി ചുരുങ്ങിയെങ്കിലും യുവന്റസിന്റെ പോരാട്ട വീര്യത്തെ ബാധിച്ചില്ല. ഇരുടീമുകളും വാശിയോടെ പോരാട്ടം തുടർന്നെങ്കിലും വീണ്ടുമൊരു ഗോൾ പിറന്നത് 83ാം മിനുട്ടിലായിരുന്നു. യുവന്റസ് താരം കില്ലെനിയുടെ സെൽഫ് ഗോൾ. നാടകീയ നിമിഷങ്ങൾക്കൊടുവിൽ വാർ പരിശോധനക്ക് ശേഷമാണ് റഫറി ആ ഗോൾ ഇന്ററിന് അനുവദിച്ചത്. എതിർ ടീമിന്റെ ദാനമായി കിട്ടിയ ഗോൾ മത്സരത്തിൽ ഒപ്പമെത്താൻ ഇന്ററിനെ സഹായിച്ചു.
advertisement
എന്നാൽ ഇന്ററിന്റെ സന്തോഷത്തിന് മൂന്ന് മിനുട്ടിന്റെ ദൈർഘ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്റർ ഗോൾ നേടി മൂന്ന് മിനിട്ടുകൾക്ക് ശേഷം മത്സരത്തിൽ വീണ്ടുമൊരു പെനാൽട്ടി കൂടി സംഭവിച്ചു. കുവാഡ്രാഡോയെ ബോക്സിനുള്ളിൽ വെച്ച് പെരിസിച്ച് ഫൗൾ ചെയ്തതിന് യുവന്റസിന് അനുകൂലമായിട്ടായിരുന്നു ഈ പെനാൽട്ടി. കിക്കെടുക്കാനെത്തിയത് കുവാഡ്രോ തന്നെയായിരുന്നു. നിർണായക നിമിഷത്തിൽ ലഭിച്ച പെനാൽട്ടി യാതൊരു സമ്മർദ്ദവുമില്ലാതെ ലക്ഷ്യത്തിലെത്തിച്ച താരം യുവന്റസിന്റെ വിജയവും ഉറപ്പാക്കി. ഇഞ്ചുറി സമയത്ത് മത്സരത്തിലെ തന്റെ രണ്ടാം മഞ്ഞക്കാർഡും അത് വഴി ചുവപ്പ് കാർഡും വാങ്ങി ബ്രോസോവിച്ച് പുറത്തായതോടെ ഇന്ററും പത്തു പേരുമായാണ് മത്സരം അവസാനിപ്പിച്ചത്.
advertisement
ഇത്തവണത്തെ സീരി എ ജേതാക്കളായ ഇന്റർ മിലാനെതിരെ നേടിയ ഈ വിജയം ലീഗിലെ പോയിന്റ് പട്ടികയിൽ യുവന്റസിനെ നാലാം സ്ഥാനത്തേക്ക് എത്തിച്ചു. ജയത്തോടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകളും സജീവമാക്കി നിർത്താൻ യുവന്റസിനായി. ബോളോഗ്നക്കെതിരായ അവസാന ലീഗ് മത്സരത്തിൽ വിജയം നേടുകയും മറ്റു ടീമുകളുടെ മത്സരഫലങ്ങൾ അനുകൂലമാവുകയും ചെയ്താൽ ഇക്കുറിയും ക്ലബ്ബിന് ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാനാകും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 16, 2021 11:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
രണ്ട് റെഡ് കാർഡ്; മൂന്ന് പെനാൽട്ടി; അഞ്ച് ഗോൾ: ഇറ്റാലിയൻ ലീഗിലെ ആവേശപ്പോരിൽ ഇന്റർ മിലാനെ മറികടന്ന് യുവന്റസ്



