HOME » NEWS » Sports » LEICESTER CITY CROWNED FA CUP CHAMPIONS BY DEFEATING CHELSEA AFTER LATE VAR DRAMA INT NAV

ചരിത്രം കുറിച്ച് ലെസ്റ്റർ സിറ്റി; ചെൽസിയെ വീഴ്ത്തി എഫ് എ കപ്പ് കിരീടം നേടി

ചരിത്രത്തിൽ ആദ്യമായാണ് ലെസ്റ്റർ സിറ്റി എഫ് എ കപ്പ് നേടുന്നത്.

News18 Malayalam | news18-malayalam
Updated: May 16, 2021, 10:32 AM IST
ചരിത്രം കുറിച്ച് ലെസ്റ്റർ സിറ്റി; ചെൽസിയെ വീഴ്ത്തി എഫ് എ കപ്പ് കിരീടം നേടി
Leicester City
  • Share this:
എഫ് എ കപ്പില്‍ ചരിത്രം കുറിച്ച് ലെസ്റ്റര്‍സിറ്റി. വെംബ്ലിയിലെ ഇരുപതിനായിരത്തിലധികം വരുന്ന കാണികളെ സാക്ഷിയാക്കി കൊണ്ട് ചെൽസിയെ പരാജയപ്പെടുത്തിയാണ് ലെസ്റ്റർ സിറ്റി എഫ് എ കപ്പ് കിരീടത്തിൽ മുത്തമിട്ടത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ലെസ്റ്റർ സിറ്റിയുടെ വിജയം. ചരിത്രത്തിൽ ആദ്യമായാണ് ലെസ്റ്റർ സിറ്റി എഫ് എ കപ്പ് നേടുന്നത്. 2016ൽ പ്രീമിയർ ലീഗ് കിരീടം നേടിയ ശേഷമുള്ള ക്ലബിന്റെ ആദ്യ കിരീടവുമാണിത്. വെംബ്ലിയിലെ ഫൈനലില്‍ രണ്ടാം പകുതിയില്‍ ചെല്‍സി പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് യൂറി ടെലെമാന്‍സാണ് വിജയഗോള്‍ നേടിയത്.

ഫൈനൽ മത്സരത്തിൽ മികച്ച രീതിയിൽ തുടങ്ങിയ ചെൽസി മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിലും കൂടുതൽ നേരം പന്ത് കയ്യിൽ വക്കുന്നതിലും മുന്നിട്ടു നിന്നു. മത്സരത്തിന്റെ മുക്കാൽ പങ്കും പന്ത് കയ്യിൽ വച്ച അവർക്ക് പക്ഷേ ഗോൾ നേടാൻ മാത്രം കഴിഞ്ഞില്ല. മറുവശത്ത് ലെസ്റ്റർ ആവട്ടെ കിട്ടിയ ഒരു അവസരം ശരിക്കും മുതലെടുക്കുകയും ചെയ്തു. ആദ്യ പകുതി കളി സമനിലയിൽ പിരിഞ്ഞതിന് ശേഷം രണ്ടാം പകുതിയിൽ 63ാം മിനുട്ടിലാണ് ലെസ്റ്റർ ഗോൾ നേടിയത്. ചെൽസി ഗോളിനായി ഉറച്ച് പൊരുതിയെങ്കിലും ലെസ്റ്റർ ഗോളി കാസ്പർ ഷ്മൈക്കലിന്റെ തകർപ്പൻ സേവുകൾക്ക് മുന്നിൽ ചെൽസിയുടെ ആക്രമണങ്ങൾ എല്ലാം നിഷ്പ്രഭമായി. 88ാം മിനുട്ടിൽ ചിലവെല്ലിലൂടെ ചെൽസി ഗോൾ മടക്കിയെങ്കിലും വാർ പരിശോധനയിൽ താരം ഓഫ് സൈഡായിരുന്നു. ഇതോടെ ചെല്‍സിയുടെ പോരാട്ടവീര്യവും ചോര്‍ന്നു. ഇതോടെ നേരത്തെ നേടിയ ഗോളിൽ ലെസ്റ്ററിന് കിരീടത്തിൽ മുത്തമിടാൻ സാധിക്കുകയും ചെയ്തു.

Also Read- പന്തു ചുരണ്ടല്‍ വിവാദത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ വീണ്ടും പ്രതിസന്ധിയില്‍

നേരത്തെ, മത്സരത്തിലെ രണ്ടാം പകുതിയിലാണ് ലെസ്റ്റർ സിറ്റിയുടെ വിജയ ഗോൾ വന്നത്. 63ാം മിനുട്ടിൽ യൂറി ടൈലമൻസ് 25 വാരെ അകലെ നിന്ന് തൊടുത്ത ഷോട്ട് ചെൽസി ഗോളി കെപയെ മറികടന്ന് ഗോൾവല തുളച്ചു കയറുകയായിരുന്നു. ഗോൾ വീണതിനു ശേഷം ഹവേർട്സിനെയും പുലിസിചിനെയും ജിറൂഡിനെയും ഒക്കെ ഇറക്കി ചെൽസി ആക്രമണത്തിലേക്ക് തിരിഞ്ഞെങ്കിലും ലെസ്റ്റർ ഗോളി കാസ്പർ ഷ്മൈക്കൽ ലെസ്റ്ററിന്റെ രക്ഷകനായി അവരുടെ പോസ്റ്റ് ഭദ്രമായി കാത്തു.

അതേസമയം, സ്‌കോട്ടിഷ് എഫ് എ കപ്പിന് പിന്നാലെ ഇംഗ്ലീഷ് എഫ് എ കപ്പും നേടിയ ലെസ്റ്റർ പരിശീലകൻ ബ്രണ്ടൻ റോജേഴ്‌സ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു. നാല് തവണ എഫ് എ കപ്പ് ഫൈനലില്‍ പരാജയപ്പെട്ട ലെസ്റ്റര്‍ സിറ്റിക്ക് ഒടുവില്‍ കിരീടം നേടാനായത് റോജേഴ്‌സിന്റെ തന്ത്രങ്ങളിലൂടെയായി. മറുവശത്ത്, ചെല്‍സിയാകട്ടെ, തുടരെ രണ്ട് എഫ് എ കപ്പ് ഫൈനലുകള്‍ തോറ്റതിന്റെ ഞെട്ടലിലാണ്. 1998, 1999 സീസണില്‍ ന്യൂകാസിലായിരുന്നു ഇതുപോലെ തുടരെ തോറ്റത്, അതിന് ശേഷം ഇപ്പോള്‍ ചെല്‍സിയും തുടരെ രണ്ട് വർഷം എഫ് എ കപ്പ് ഫൈനലിൽ തോൽവി രുചിച്ചിരിക്കുന്നു.

Also Read- ശ്രീലങ്കയിലും കോവിഡ് പിടിമുറുക്കുന്നു; ഇന്ത്യയുടെ ലങ്കൻ പര്യടനം മുടങ്ങിയേക്കും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയേക്കാള്‍ രണ്ട് പോയിന്റ് മുകളിലായി, മൂന്നാം സ്ഥാനത്താണ് ലെസ്റ്റര്‍ സിറ്റി. 1969ന് ശേഷം ആദ്യമായിട്ടാണ് എഫ് എ കപ്പ് ഫൈനല്‍ കളിച്ചത്. എഫ് എ കപ്പ് ഉയര്‍ത്താത്ത ടീമുകളില്‍ കൂടുതല്‍ തവണ ഫൈനല്‍ കളിച്ചവര്‍ എന്ന ദുഷ്‌പേരും പേറി ചെല്‍സിയെ നേരിട്ട റോജേഴ്‌സിന്റെ ടീം അങ്ങനെ ആ പേരുദോഷവും തീർത്തു.

ചെല്‍സി ഒമ്പതാം കിരീടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങിയത്. 2018 ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചു കൊണ്ടായിരുന്നു അവർ കഴിഞ്ഞ കിരീടം നേടിയത്. കഴിഞ്ഞ വര്‍ഷവും ഫൈനലിൽ കളിച്ച ചെൽസി, ആഴ്‌സണലിനോട് തോറ്റിരുന്നു. അഞ്ച് വര്‍ഷത്തിനിടെ എഫ് എ കപ്പില്‍ ചെല്‍സിയുടെ നാലാമത്തെ ഫൈനലാണിത്. അതില്‍, തുടരെ രണ്ട് ഫൈനലുകളില്‍ തോറ്റെന്ന ചരിത്രം ഇനി നീലപ്പടയെ വേട്ടയാടും. ഇതിന് ആശ്വാസം കണ്ടെത്താൻ അവർക്ക് ചാമ്പ്യന്‍സ് ലീഗ് നേടിയേ തീരൂ. ഈ മാസം 29ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റര്‍ സിറ്റിയാണ് അവരുടെ എതിരാളി.
Published by: Rajesh V
First published: May 16, 2021, 10:32 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories