ആൺകുട്ടികൾക്കായി സർക്കാരിന്‍റെ 'കിക്ക് ഓഫ്'
Last Updated:
തിരുവനന്തപുരം: ഒരുകാലത്ത് ഇന്ത്യൻ ഫുട്ബോളിന് ഒരുപിടി നല്ല പ്രതിഭകളെ സമ്മാനിച്ച സംസ്ഥാനമാണ് കേരളം. ഐ.എം വിജയനും വി.പി സത്യനും കേരള പൊലീസ് ടീമുമൊക്കെ പിറവിയെടുത്ത കേരളത്തിൽ ഇന്ന് ഫുട്ബോളിന് പഴയ പ്രതാപമില്ലെന്ന് പറയാം. എഫ്.സി കൊച്ചിനെയും വിവ കേരളയെയും പോലുള്ള ക്ലബുകൾ മൺമറഞ്ഞുപോയി. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സും ഗോകുലം എഫ്.സിയുമാണ് കേരള ഫുട്ബോളിന് മേൽവിലാസം നൽകുന്നത്. എന്നാൽ ഇവിടെനിന്ന് പഴയതുപോലെ പ്രതിഭയുള്ള കളിക്കാർ ഉണ്ടാകുന്നില്ല. ഈ പ്രശ്നം പരിഹരിക്കാൻ പുതിയ പദ്ധതിയുമായി മുന്നോട്ടുവരികയാണ് സംസ്ഥാന സർക്കാർ. സ്കൂൾതലം മുതൽ പ്രതിഭയുള്ള കുട്ടികളെ കണ്ടെത്തി വളർത്തിയെടുക്കാൻ കിക്ക് ഓഫ് എന്ന പദ്ധതിയാണ് സർക്കാർ ആവിഷ്ക്കരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഓരോ ജില്ലയിൽനിന്നും 25 കുട്ടികളെ വീതം കണ്ടെത്തി വിദഗ്ദ്ധ പരിശീലനം നൽകും. 2007 ജനുവരി ഒന്നിനും 2008 ഡിസംബര്‍ 31 നും ഇടയില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്കാണ് അവസരം.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം
കുട്ടികളില്‍നിന്ന് ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി വിദഗ്ധ പരിശീലനം ലഭ്യമാക്കുന്നതാണ് പദ്ധതി. 'ഓരോ ജില്ലയിലും ചുരുങ്ങിയത് ഒരു പരിശീലനകേന്ദ്രമെങ്കിലും ഉണ്ടായിരിക്കും. ഒരു ജില്ലയില്‍ 25 പേര്‍ക്കാണ് പരിശീലനം. 18 കേന്ദ്രങ്ങളാണ് സംസ്ഥാനവ്യാപകമായി തുടങ്ങുക. ആദ്യഘട്ടത്തില്‍ എട്ടു സെന്ററുകളില്‍ പരിശീലനം ആരംഭിക്കും. 2007 ജനുവരി ഒന്നിനും 2008 ഡിസംബര്‍ 31 നും ഇടയില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്കാണ് അവസരം.
കോഴിക്കോട് കുറുവത്തൂര്‍ പായമ്പ്ര ജി.എച്ച്.എസ്.എസ്, കാസര്‍കോട് പടന്ന ജി.എഫ്.എച്ച്.എസ്.എസ്, തൃശൂര്‍ എരുമപ്പെട്ടി ജി.എച്ച്.എസ്.എസ്, കണ്ണൂര്‍ കല്യാശ്ശേരി കെ.പി.ആര്‍.എം.ജി.എച്ച്.എസ്.എസ്, പാലക്കാട് പട്ടാമ്പി ജി.എച്ച്.എസ്.എസ്, കണ്ണൂര്‍ കൂടാളി കെ.എച്ച്.എസ്.എസ്, മലപ്പുറം കോട്ടയ്ക്കല്‍ ജി.ആര്‍.എച്ച്.എസ്.എസ്, വയനാട് പനമരം ജി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിലാണ് ആദ്യഘട്ടം പരിശീലനം ആരംഭിക്കുക.
advertisement
കിക്ക് ഓഫ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ www.sportskeralakickoff.org ല്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥിക്ക് മൊബൈല്‍ ഫോണില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ എസ്.എം.എസ് ആയി ലഭിക്കും.
പദ്ധതിയുടെ ഭാഗമായി വിദേശ പരിശീലകരുടെ സാങ്കേതിക സഹായം, പരിശീലന മത്സരങ്ങള്‍, സ്‌പോര്‍ട്‌സ് കിറ്റ്, ഭക്ഷണം എന്നിവ ലഭ്യമാക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം ഒന്നരമണിക്കൂര്‍ വീതമാണ് ശാസ്ത്രീയ പരിശീലനം നല്‍കുക. പദ്ധതിയുടെ സുഖകരമായ നടത്തിപ്പിന് സംസ്ഥാനതലത്തില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റിയും സ്‌കൂളുകളില്‍ സ്ഥലം എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളുടെ മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിക്കും.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 25, 2018 9:54 PM IST