ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ കേപ് ടൗണിലെ സാന്‍ഡ് പേപ്പര്‍ വിവാദത്തില്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ക്കും പങ്കുണ്ടെന്ന് സൂചന നല്കി പന്ത് ചുരണ്ടലില്‍ പങ്കാളിയായതിനു അച്ചടക്ക നടപടി നേരിട്ട ഓസ്ട്രേലിയന്‍ താരം കാമറോണ്‍ ബാന്‍ക്രോഫ്റ്റ്. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സംഭവത്തില്‍ ടീമിലെ ബൗളര്‍മാര്‍ക്കും അറിവുണ്ടായിരുന്നുവെന്ന സൂചന ബാന്‍ക്രോഫ്റ്റ് നല്‍കിയത്. ക്രിക്കറ്റ് ഓസ്ട്രേലിയ തുടരന്വേഷണത്തിന് ഉത്തരവിട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബാന്‍ക്രോഫ്റ്റിന് പുറമെ ഈ വിവാദത്തില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ തുടങ്ങിയവരും ശിക്ഷിക്കപ്പെട്ടിരുന്നു.
2018ല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് വിവാദത്തിന് ആസ്പദമായ സംഭവം. പന്തില്‍ കൃത്രിമം കാട്ടി ഓസീസ് താരങ്ങള്‍ മത്സരം വരുതിയിലാക്കാന്‍ ശ്രമിച്ചത്. സംഭവം കയ്യോടെ പിടിക്കപ്പെട്ടത് ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് വന്‍ നാണക്കേടായി മാറിയിരുന്നു. തുടര്‍ന്ന് മൂവര്‍ക്കും ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസവും, സ്മിത്ത്, വാര്‍ണര്‍ എന്നിവര്‍ക്ക് 12 മാസവും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിട്ടിരുന്നു. വിലക്കു കാലാവധി പിന്നിട്ട് മൂവരും പിന്നീട് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
സ്മിത്തിന് 2 വര്‍ഷത്തേക്ക് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും വിലക്ക് നേരിടേണ്ടി വന്നിരുന്നു. വിലക്കിന് ശേഷം ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ഏകദിന ലോകകപ്പിലും ബാന്‍ക്രോഫ്റ്റ് ആഷസ് പരമ്പരയോടെയും ടീമില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ മോശം ഫോമിനെ തുടര്‍ന്ന് ബാന്‍ക്രോഫ്റ്റ് ടീമില്‍ നിന്നും പുറത്താക്കപെട്ടു.
എന്നാല്‍ ഇപ്പോള്‍ ബാന്‍ക്രോഫ്റ്റ് നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ഓസ്ട്രേലിയയെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
'എന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റുകളുടെയും പ്രവൃത്തികളുടെയും പൂര്‍ണ ഉത്തരവാദിത്വം എനിക്ക് തന്നെയാണ്. തീര്‍ച്ചയായും ഞാന്‍ ചെയ്തത് ബൗളര്‍മാര്‍ക്ക് ഗുണകരമായ കാര്യമാണ്, അതില്‍ അവര്‍ക്ക് അറിവുണ്ടായിരുന്നോ എന്നത് നിങ്ങള്‍ സ്വയം വ്യാഖ്യാനിക്കണം. മികച്ച അവബോധം എനിക്കുണ്ടായിന്നെങ്കില്‍ ശരിയായ തീരുമാനമെടുക്കാന്‍ എനിക്ക് സാധിക്കുമായിരുന്നു'- ബാന്‍ക്രോഫ്റ്റ് പറഞ്ഞു.
'ബൗളര്‍മാര്‍ക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നോ' എന്ന ചോദ്യത്തിന് ഉത്തരം അതില്‍ നിന്നു തന്നെ വ്യക്തമാണല്ലോ എന്നാണ് താരം പ്രതികരിച്ചത്. മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍, മിച്ചെല്‍ മാര്‍ഷ് എന്നിവരായിരുന്നു അന്നു ഓസീസ് ടീമിലെ ബൗളര്‍മാര്‍.
പന്ത് ചുരണ്ടല്‍ വിവാദം തന്റെ കരിയറിന് കനത്ത തിരിച്ചടിയായെന്നും ബാന്‍ക്രോഫ്റ്റ് കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയക്ക് വേണ്ടി 10 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ബാന്‍ക്രോഫ്റ്റ് 26.3 ശരാശരിയില്‍ മൂന്ന് ഫിഫ്റ്റിയടക്കം 446 റണ്‍സ് കരിയറില്‍ നേടിയിട്ടുണ്ട്. നിലവില്‍ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ ഡര്‍ഹാം ടീമിനു വേണ്ടി കളിക്കുകയാണ് 28 കാരനായ താരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.