തിളങ്ങാനാകാതെ മെസി; പി.എസ്.ജി മാഴ്സെയോട് തോറ്റു
- Published by:Anuraj GR
- news18-malayalam
Last Updated:
പരിക്കേറ്റ എംബാപ്പെ കളിക്കാതിരുന്ന മത്സരത്തിൽ മെസി, നെയ്മർ ഉൾപ്പടെയുള്ളവർക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല
ലയണൽ മെസി തീർത്തും അപ്രസക്തനായി മാറിയ കൂപ്പെ ഡി ഫ്രാൻസ് മത്സരത്തിൽ പി.എസ്.ജി കരുത്തരായ മാഴ്സെയോട് തോറ്റു. ക്ലാസിക് പോരാട്ടത്തിൽ പി.എസ്.ജി 1-2നാണ് തോറ്റത്. പരിക്കേറ്റ കീലിയൻ എംബാപ്പെ ഇല്ലാതെ ഇറങ്ങിയ പി.എസ്.ജിയ്ക്ക് മെസിയുടെ മോശം ഫോം കനത്ത തിരിച്ചടിയായി മാറി.
ആദ്യ 30 മിനിറ്റുകളിൽ ഭൂരിഭാഗവും ഹോം ടീമായ മാഴ്സെയാണ് ആധിപത്യം പുലർത്തിയത്, സെർജിയോ റാമോസിന്റെ ഒരു വിചിത്രമായ ഫൗളിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് അലക്സിസ് സാഞ്ചസ് മാഴ്സയെ മുന്നിലെത്തിച്ചു. എന്നാൽ ആദ്യപകുതിയിലെ ഇഞ്ച്വറി ടൈമിൽ പ്രായശ്ചിത്തം ചെയ്ത് റാമോസ് പി.എസ്.ജിയ്ക്ക് സമനില നേടിക്കൊടുത്തു. നെയ്മർ എടുത്ത കോർണർ കിക്ക് ഹെഡ് ചെയ്താണ് റാമോസ് ലക്ഷ്യം കണ്ടത്.
എന്നാൽ പി.എസ്.ജി ക്യാംപിന്‍റെ സന്തോഷം അധികം നീണ്ടില്ല. രണ്ടാം പകുതിയിൽ പി.എസ്.ജി പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് റുസ്ലാൻ മാലിനോവ്സ്കി മാഴ്സെയ്ക്ക് വീണ്ടും ലീഡ് നൽകി. പി.എസ്.ജി ഗോളി ഡോണാരുമ്മയെ കാഴ്ചക്കാരനാക്കിയാണ് മാലിനോവ്സ്കി ലക്ഷ്യം കണ്ടത്.
advertisement
തുടർന്ന് ഒരു സമനില ഗോളിനായി പി.എസ്.ജി കിണഞ്ഞു ശ്രമിച്ചെങ്കിലും ശക്തമായിത്തന്നെ മാഴ്സെ പ്രതിരോധിക്കുകയായിരുന്നു. എംബാപ്പെയുടെ അഭാവം നിഴലിച്ച മത്സരത്തിൽ മെസി, നെയ്മർ ഉൾപ്പടെയുള്ളവർക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 09, 2023 6:43 AM IST