HOME /NEWS /Sports / ചുണ്ടത്ത് വിരല്‍ വെച്ചു കൊണ്ടുള്ള ആഘോഷം എന്തിന്? വെളിപ്പെടുത്തലുമായി മുഹമ്മദ് സിറാജ്

ചുണ്ടത്ത് വിരല്‍ വെച്ചു കൊണ്ടുള്ള ആഘോഷം എന്തിന്? വെളിപ്പെടുത്തലുമായി മുഹമ്മദ് സിറാജ്

News18

News18

ഈ ആഘോഷം തന്റെ വിമര്‍ശകര്‍ക്കുള്ള മറുപടിയാണെന്നാണ് താരം പറയുന്നത്. മത്സരശേഷം നടന്ന പത്രസമ്മേളനത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

  • Share this:

    ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിങ്‌സില്‍ കൂറ്റന്‍ ലീഡ് നേടുന്നതില്‍ നിന്നും ആതിഥേയരെ പിടിച്ചുനിര്‍ത്തിയത് സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ തകര്‍പ്പന്‍ ബൗളിംഗിന്റെ ബലത്തിലായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് 94 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ഇരട്ട പ്രഹരങ്ങളുമായി മുഹമ്മദ് സിറാജ് ഇംഗ്ലണ്ടിനെ 23/0 എന്ന നിലയില്‍ നിന്ന് 23/2 എന്ന നിലയിലേക്ക് പ്രതിരോധത്തിലാക്കിയിരുന്നു.

    താരം വിക്കറ്റ് നേടുമ്പോഴെല്ലാം ശ്രദ്ധിക്കപ്പെട്ടത് താരത്തിന്റെ പുതിയ ആഘോഷരീതി ആയിരുന്നു. ചുണ്ടത്ത് വിരല്‍ വെച്ചുകൊണ്ടായിരുന്നു താരം പലപ്പോഴും വിക്കറ്റ് നേട്ടം ആഘോഷിച്ചിരുന്നത്. ഇപ്പോഴിതാ ഇതിനു പിന്നിലെ കാരണവും വെളിപ്പെടുത്തിയിരിക്കുകയാണ് മുഹമ്മദ് സിറാജ്. ഈ ആഘോഷം തന്റെ വിമര്‍ശകര്‍ക്കുള്ള മറുപടിയാണെന്നാണ് താരം പറയുന്നത്. മത്സരശേഷം നടന്ന പത്രസമ്മേളനത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

    'ഈ ആഘോഷം എന്റെ വിമര്‍ശകര്‍ക്കുള്ളതാണ്. എന്തെന്നാല്‍ അവര്‍ എന്നെക്കുറിച്ച് കുറേ പറയുന്നുണ്ട്. എനിക്ക് ഇത് ചെയ്യാന്‍ കഴിയില്ല, അത് കഴിയില്ല എന്നൊക്കെ. അവര്‍ക്ക് വേണ്ടി ഞാന്‍ എന്റെ പന്തു കൊണ്ട് സംസാരിക്കുന്നു. അതുകൊണ്ട് ഇതാണ് എന്റെ പുതിയ ആഘോഷരീതി.'- സിറാജ് പറഞ്ഞു.

    കെ എല്‍ രാഹുലിന് നേരെ ഇംഗ്ലണ്ട് ആരാധകര്‍ ബോട്ടില്‍ കോര്‍ക്ക് എറിഞ്ഞതിനെക്കുറിച്ച് അത് താന്‍ ശ്രദ്ധിച്ചിരുന്നില്ലയെന്നും കാണികള്‍ മോശമായി ഒന്നും പറഞ്ഞിരുന്നില്ല എന്നും സിറാജ് പറഞ്ഞു.

    അതേസമയം ലോര്‍ഡ്സ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിങ്സില്‍ 27 റണ്‍സിന്റെ ലീഡ് നേടിയിരിക്കുകയാണ് ഇംഗ്ലണ്ട്. നായകന്‍ ജോ റൂട്ടിന്റെ തകര്‍പ്പന്‍ ഇന്നിങ്സാണ് ആതിഥേയര്‍ക്ക് മത്സരത്തില്‍ ലീഡ് നേടിക്കൊടുത്തത്. ജോണി ബൈര്‍സ്റ്റോയെയും(57) ജോസ് ബട്ലറെയും(23) നഷ്ടമായ ശേഷം റൂട്ട് മോയിന്‍ അലിയുടെയും(27) വാലറ്റത്തിനൊപ്പവും പൊരുതി നിന്നാണ് ഇംഗ്ലണ്ടിനെ ഈ സ്‌കോറിലേക്ക് നയിച്ചത്.

    വളരെ താഴെ തട്ടില്‍ നിന്നും ജീവിത പ്രതിസന്ധികളെ അതിജീവിച്ച് ക്രിക്കറ്റിലേക്ക് കടന്നുവന്ന താരമാണ് ഇന്ത്യന്‍ യുവ പേസര്‍ മുഹമ്മദ് സിറാജ്. ക്രിക്കറ്റ് കരിയറിന്റെ ആരംഭത്തില്‍ തന്റെ മോശം ഫോമിന് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് സിറാജ്. ഏതാണ്ട് രണ്ട് വര്‍ഷം മുമ്പ് വരെ മുഹമ്മദ് സിറാജിന് തന്റെ കരിയറിലെ മോശം സമയമായിരുന്നു. ഈയിടെ ഓസ്‌ട്രേലിയക്കെതിരെ നടന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോഴും താരത്തിന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ തുടര്‍ച്ചയായി രണ്ടാം തവണയും ഇന്ത്യ, ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ മുത്തമിട്ടപ്പോള്‍ അതേ വിമര്‍ശകരെക്കൊണ്ട് കൈയടിപ്പിക്കാനും സിറാജിന് കഴിഞ്ഞു.

    ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സീനിയര്‍ ബൗളര്‍മാരുടെ അഭാവത്തില്‍ ഇന്ത്യന്‍ പേസ് ബൗളിംഗ് യൂണിറ്റിനെ നയിച്ചത് സിറാജ് ആയിരുന്നു. നിര്‍ണായകമായ അവസാന ടെസ്റ്റ് നടന്നത് 32 വര്‍ഷമായി ഓസ്‌ട്രേലിയന്‍ ടീം തോല്‍വി അറിയാത്ത ഗാബ്ബയിലും. എന്നാല്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാരെ മുട്ട്കുത്തിച്ചുകൊണ്ട് ഇന്ത്യന്‍ ടീം ചരിത്രവിജയം സ്വന്തമാക്കിയപ്പോള്‍ അഞ്ച് വിക്കറ്റുകള്‍ നേടിക്കൊണ്ട് സിറാജ് വിമര്‍ശകരെ പോലും ആരാധകരാക്കി മാറ്റുകയായിരുന്നു.

    First published:

    Tags: Cricket news England tour, India vs England 2nd Test, Indian pacer Mohammed Siraj