സ്കൂൾ ഒളിമ്പിക്സ് തിരുവനന്തപുരത്ത്; സഞ്ജു സാംസൺ ബ്രാൻഡ് അംബാസിഡർ

Last Updated:

തിരുവനന്തപുരം നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും 12 സ്റ്റേഡിയങ്ങളിലായി പകലും രാത്രിയുമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്

ഒക്ടോബര്‍ 21 മുതല്‍ 28 വരെ തിരുവനന്തപുരത്ത്
ഒക്ടോബര്‍ 21 മുതല്‍ 28 വരെ തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന കേരള സ്കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഒക്ടോബര്‍ 21 മുതല്‍ 28 വരെ തിരുവനന്തപുരത്താണ് കായികമേള നടക്കുന്നത്. സ്‌കൂള്‍ ഒളിമ്പിക്‌സിന്റെ പ്രോമോ വീഡിയോ മന്ത്രി ജി ആര്‍ അനില്‍ പ്രകാശനം ചെയ്തു.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മാതൃകയിൽ കായിക പ്രതിഭകള്‍ക്കും സ്വർണക്കപ്പ് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഏറ്റവും കൂടുതൽ പോയിൻറ് നേടി മുന്നിലെത്തുന്ന ജില്ലയ്ക്ക് 117. 5 പവനുള്ള സ്വർണക്കപ്പ് നൽകാനാണ് തീരുമാനം. നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർക്കാർ അനുമതി നൽകി ഉത്തരവിറക്കി.
ജേതാക്കൾക്ക് സമ്മാനമായി സ്വർണ്ണക്കപ്പ് നൽകുന്നത് കായികമേളയെ കൂടുതൽ ആവേശകരവും ശ്രദ്ധേയവുമാക്കുമെന്ന നിഗമനത്തിലാണ് ഈ തീരുമാനം. ഇതിനായി നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൈവശമുള്ള തുക ഉപയോഗപ്പെടുത്താനും ബാക്കി ആവശ്യമായി വരുന്ന തുക കായികമേളയ്ക്ക് വേണ്ടി സമാഹരിക്കുന്ന സ്‌പോണ്‍സര്‍ഷിപ്പ് തുകയില്‍ നിന്ന് കണ്ടെത്താനുമാണ് തീരുമാനം.
advertisement
ഒളിമ്പിക്സ് മാതൃകയില്‍ തിരുവനന്തപുരത്ത് നടക്കുന്ന കേരള സ്കൂള്‍ കായിക മേളയില്‍ അണ്ടര്‍ 14, 17, 19 കാറ്റഗറികളിലും അതോടൊപ്പം സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളും ഉള്‍പ്പെടെ ഇരുപതിനായിരത്തോളം കായിക പ്രതിഭകള്‍ ഒരുമിക്കുന്നു. സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ദേശീയ സ്കൂള്‍ മീറ്റ് ഷെഡ്യൂളിന് അനുസൃതമായി 39 സ്കൂള്‍ സ്പോര്‍ട്സ്, ഗെയിംസ് മത്സരങ്ങളുടെ ഷെഡ്യൂള്‍ തയ്യാറാക്കുകയും ഗ്രൂപ്പ് വണ്‍ ആന്‍റ് ടു മത്സരങ്ങള്‍ കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗ്രൂപ്പ് ത്രീ ആന്‍റ് ഫോര്‍ മത്സരങ്ങള്‍ പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ വരും ദിവസങ്ങളില്‍ പൂര്‍ത്തിയാകും. ഈ മത്സരങ്ങളുടെ നാഷണല്‍ മത്സരങ്ങള്‍ സ്കൂള്‍ ഒളിമ്പിക്സിന് മുന്‍പ് നടത്താന്‍ എസ്ജിഎഫ്ഐ തീരുമാനിച്ചത് കൊണ്ടാണ് ഇവ നേരത്തെ നടത്തേണ്ടി വന്നത്.
advertisement
12 സ്റ്റേഡിയങ്ങൾ
തിരുവനന്തപുരം നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും 12 സ്റ്റേഡിയങ്ങളിലായി പകലും രാത്രിയുമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം നഗരമധ്യത്തിലെ സെന്‍ട്രല്‍ സ്റ്റേഡിയമാണ് നിലവില്‍ പ്രധാന വേദിയായി നിശ്ചയിച്ചിട്ടുള്ളത്. ഈ സ്റ്റേഡിയത്തില്‍ താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ ജര്‍മ്മന്‍ ഹാങ്ങര്‍ പന്തല്‍ ഉപയോഗിച്ച് നിര്‍മിച്ച് ജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ പോപ്പുലര്‍ ആയിട്ടുള്ള 12 ഓളം കായിക ഇനങ്ങള്‍ ഒരുമിച്ച് സംഘടിപ്പിക്കുന്നു. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംവിധാനം ഒരുങ്ങുന്നത്. ഏകദേശം ആറായിരത്തിലധികം കുട്ടികളെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ഈ വേദിയില്‍ പ്രതീക്ഷിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഇത്തവണയും മത്സരങ്ങള്‍ ദേശീയ നിലവാരത്തിലുള്ള കളിസ്ഥലങ്ങളിലാണ് സംഘടിപ്പിക്കുന്നത്.
advertisement
ദീപശിഖാ പ്രയാണം
ഒളിമ്പിക്സ് മാതൃകയില്‍ രണ്ടാമത് സംഘടിപ്പിക്കുന്ന അറുപത്തി ഏഴാമത് സ്കൂള്‍ കായികമേളയുടെ ഭാഗമായി വിവിധ പരിപാടികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്നത്. വര്‍ണ്ണശബളമായ വിളംബര ഘോഷയാത്ര ഒരാഴ്ച മുമ്പ് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. കൂടാതെ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങ്, കായിക പ്രതിഭകള്‍ സംഗമിക്കുന്ന മാര്‍ച്ച് പാസ്റ്റ്, രാജ്യാന്തര കായിക താരങ്ങളും കായിക പ്രതിഭകളും സംഗമിക്കുന്ന ദീപശിഖാ പ്രയാണം എന്നിവയും ഈ കായിക മാമാങ്കത്തിനു മാറ്റുകൂട്ടും.
മുന്‍ സ്കൂള്‍ ഒളിമ്പിക്സ് വേദിയായ മഹാരാജാസ് ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച് ഈ വര്‍ഷത്തെ പ്രധാന വേദിയില്‍ സമാപിക്കുന്ന രീതിയില്‍ ആകും ദീപശിഖാ പ്രയാണം സംഘടിപ്പിക്കുന്നത്. സ്കൂള്‍ ഒളിമ്പിക്സ് ലോഗോ, ഫ്ളാഗ് ഹോസ്റ്റിങ്, ഒളിമ്പിക്സ് തീം സോങ്, ബ്രാന്‍ഡ് അംബാസിഡര്‍, ഗുഡ്വില്‍ അംബാസിഡര്‍, പ്രോമോ വീഡിയോ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്. ഇത്തവണ കുട്ടികളില്‍ നിന്നാണ് ഒളിമ്പിക്സ് തീം സോംഗ് തെരഞ്ഞെടുക്കുന്നത്. ഒളിമ്പിക്സ്, ഏഷ്യാഡ് തുടങ്ങിയ അന്താരാഷ്ട്ര സ്പോര്‍ട്സ് മേളകളില്‍ അതത് രാജ്യങ്ങളുടെ സംസ്കാരം വിളിച്ചോതുന്ന പരിപാടികളാണ് ഉദ്ഘാടന വേളയില്‍ സംഘടിപ്പിക്കാറുള്ളത്. ഇതു പോലെയായിരിക്കും സംസ്ഥാന സ്കൂള്‍ കായികമേളയുടെയും ഉദ്ഘാടന ചടങ്ങും.
advertisement
ഉദ്ഘാടന ചടങ്ങ്
ഉദ്ഘാടന ചടങ്ങിനൊപ്പമുള്ള മാര്‍ച്ച് പാസ്റ്റില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ ഉള്‍പ്പെടെ നാലായിരത്തി അഞ്ഞൂറ് പേര്‍ പങ്കെടുക്കും. കൂടാതെ എസ്.പി.സി., എന്‍.സി.സി. ബാന്‍ഡ്, മാസ് ഡ്രില്‍ എന്നിവയുടെ അകമ്പടിയും ഉണ്ടാകും. സ്വര്‍ണ്ണകപ്പ് ഘോഷയാത്ര, ദീപ ശിഖാ പ്രയാണം എന്നിവയ്ക്ക് ഒപ്പം തെരുവു നാടകങ്ങള്‍, ഫ്ളാഷ് മോബുകള്‍ എന്നിവയും നടത്തുന്നതാണ്.
അതോടൊപ്പം കലാ സന്ധ്യകള്‍, സാഹസിക കായിക ഇനങ്ങളുടെ പ്രദര്‍ശനം, സ്പോര്‍ട്സ് സ്റ്റാളുകള്‍, ഫുഡ് ഫെസ്റ്റിവലുകള്‍, നൈറ്റ് ബാന്‍ഡ് എന്നിവ കൂടി സംഘടിപ്പിക്കുന്നതാണ്. മത്സരങ്ങളുടെ പൂര്‍ണ്ണമായ ലൈവ് ടെലക്കാസ്റ്റ് കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി ഉണ്ടായിരിക്കും. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി എണ്ണൂറോളം ഒഫിഷ്യല്‍സ്, മുന്നൂറ്റി അമ്പതോളം സെലക്ടര്‍മാര്‍, രണ്ടായിരത്തോളം വോളണ്ടിയേഴ്സ്, ഇരുന്നൂറ് സാങ്കേതിക വിദഗ്ധര്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നു. നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട എഴുപത്തിയഞ്ചോളം സ്കൂളുകളില്‍ പതിനെട്ടായിരത്തി അഞ്ഞൂറോളം കുട്ടികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
advertisement
യാത്ര, താമസം, ഭക്ഷണം
ഈ സ്കൂളുകളിലെയും ആവശ്യമെങ്കില്‍ മറ്റ് സ്കൂളുകളിലെയും ബസ്സുകള്‍ കുട്ടികളുടെ ഗതാഗത സൗകര്യത്തിനായി ഉപയോഗപ്പെടുത്തുന്നതാണ്. ഗതാഗത സൗകര്യത്തിനായി ഇരുന്നൂറോളം ബസ്സുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കും മറ്റ് ഒഫിഷ്യലുകള്‍ക്കുമായി വിപുലമായ ഭക്ഷണ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
നഗരം കേന്ദ്രീകരിച്ചുള്ള വേദികളിലെ കുട്ടികള്‍ക്ക് ഭക്ഷണത്തിനായി തൈക്കാട് പോലീസ് മൈതാനത്തില്‍ വമ്പന്‍ അടുക്കളയും ഭോജന ശാലയും ഒരുങ്ങും. കൂടാതെ ജി വി രാജാ സ്കൂള്‍, പിരപ്പന്‍കോട്, തുമ്പ സെന്‍റ് സേവിയേഴ്സ്, കാലടി തുടങ്ങി 4 സ്ഥലങ്ങളില്‍ കൂടി ഭക്ഷണ ശാലകള്‍ പ്രവര്‍ത്തിപ്പിക്കും. വെള്ളായണി കാര്‍ഷിക കോളേജില്‍ കാലടിയിലെ ഭക്ഷണശാലയില്‍ നിന്നാകും ഭക്ഷണം ലഭ്യമാക്കുക. എല്ലാ വേദികളിലും കൃത്യസമയത്ത് ഭക്ഷണം, വെള്ളം മറ്റു സൗകര്യങ്ങള്‍ എന്നിവ സമയബന്ധിതമായി ലഭ്യമാകുവാന്‍ വേണ്ട നടപടി സ്വീകരിച്ചുവെന്ന് അധികൃതർ അറിയിച്ചു.
advertisement
മത്സരത്തിന്‍റെ സുഗമമായ നടത്തിപ്പിന് വിപുലമായ സംഘാടക സമിതിയും പതിനാറ് സബ് കമ്മിറ്റികളും രൂപീകരിക്കുകയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. തമ്പാനൂര്‍ മഞ്ഞാലിക്കുളത്തെ ശിക്ഷക് സദനില്‍ സ്കൂള്‍ കായികമേളയുടെ സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മത്സരത്തിന്‍റെ വിജയകരമായ നടത്തിപ്പിന് സംസ്ഥാന സര്‍ക്കാരിന്‍റെ എല്ലാ വകുപ്പുകളുടെയും സംസ്ഥാന ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍, ട്രിഡ, തിരുവനന്തപുരം കോര്‍പ്പറേഷന്‍, സായി, തിരുവനന്തപുരം ജില്ലാ ഭരണകൂടം തുടങ്ങിയവയുടെ സഹകരണവും ഏകോപനവും ആവശ്യമാണ്.
ഭിന്നശേഷി കുട്ടികള്‍‌
2025 ഒക്ടോബര്‍ 21 മുതല്‍ തിരുവനന്തപുരം ജില്ലയില്‍ വച്ച് സംഘടിപ്പിക്കുന്ന അറുപത്തി ഏഴാമത് സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സിലും ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇന്‍ക്ലൂസീവ് സ്പോര്‍ട്സില്‍ ഇത്തവണ ആണ്‍കുട്ടികള്‍ക്കായി ക്രിക്കറ്റ്, പെണ്‍കുട്ടികള്‍ക്കായി ബോസെ എന്നിങ്ങനെ രണ്ട് കായിക ഇനങ്ങള്‍ കൂടി ഇന്‍ക്ലൂസീവ് സ്പോര്‍ട്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭിന്നശേഷിക്കാരായ കുട്ടികളുടെ അത്ലറ്റിക്സ് മത്സരങ്ങള്‍ ചന്ദ്രശേഖരന്‍ നായര്‍ മൈതാനത്തിലും ഫുട്ബാള്‍ മത്സരം യുണിവേഴ്സിറ്റി മൈതാനത്തിലും ബാഡ്മിന്‍റണ്‍ മത്സരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ക്രിക്കറ്റ് മത്സരം മെഡിക്കല്‍കോളേജ് ഗ്രൗണ്ടിലും ഹാന്‍ഡ് ബോള്‍ വെള്ളായണി കാര്‍ഷിക കോളേജ് മൈതാനത്തിലും ബോസെ മത്സരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലും നടക്കും. മുന്‍ വര്‍ഷത്തില്‍ നിന്നും കൂടുതല്‍ സുഗമമായും കുട്ടികള്‍ക്ക് യാതൊരു വിധത്തിലും ഉള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതെയും ഈ മെഗാ ഈവന്‍റ് സംഘടിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് തുടക്കം കുറിച്ച് കഴിഞ്ഞു. വ്യത്യസ്ത കഴിവുകള്‍ ഉള്ള ഈ കുട്ടികള്‍ക്ക് ഇത്തവണയും യാതൊരു വിധത്തിലുമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതെ ഒളിമ്പിക്സ് മാതൃകയിലെ സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ സാധിക്കും.
കേരള സംസ്ഥാന സിലബസ് പ്രകാരം യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ ഏഴ് സ്കൂളുകളിലായി പഠിക്കുന്ന കുട്ടികളെ കഴിഞ്ഞ വര്‍ഷത്തെ ഒളിമ്പിക്സ് മാതൃകയിലെ സ്കൂള്‍ കായിക മേളയില്‍ പങ്കെടുപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആണ്‍കുട്ടികള്‍ മാത്രമാണ് പങ്കെടുത്തിരുന്നത് എങ്കില്‍ ഇത്തവണ പെണ്‍കുട്ടികള്‍ കൂടി പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. യു.എ.ഇയിലെ കേരള സിലബസില്‍ പഠിക്കുന്ന കുട്ടികളിലെ സ്കൂള്‍ വിജയികളെ ഉള്‍പ്പെടുത്തി അവര്‍ക്കിടയില്‍ ഒരു ക്ലസ്റ്റര്‍ മത്സരം നടത്തുകയും വിജയികളെ സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ പങ്കെടുപ്പിക്കുന്നതിനുള്ള നടപടികള്‍ ഇതിനോടകം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
ഭാഗ്യചിഹ്നം
സ്കൂള്‍ ഒളിമ്പിക്സിന്‍റെ ഭാഗ്യചിഹ്നം തങ്കു എന്ന മുയല്‍ ആണ്. തങ്കുവിന്‍റെ പ്രകാശനവും മീഡിയ റൂമിന്‍റെ ഉദ്ഘാടനവും തിരുവനന്തപുരത്ത് നടന്നു. സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സിന്‍റെ പ്രമോ വീഡിയോ മന്ത്രി ജി ആര്‍ അനില്‍ പ്രകാശനം ചെയ്തു. സ്കൂള്‍ ഒളിമ്പിക്സിന്‍റെ ഭാഗ്യചിഹ്നം തങ്കുവിന്‍റെ പ്രമോ വീഡിയോ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ്‌ ഐ എ എസ് പ്രകാശനം ചെയ്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
സ്കൂൾ ഒളിമ്പിക്സ് തിരുവനന്തപുരത്ത്; സഞ്ജു സാംസൺ ബ്രാൻഡ് അംബാസിഡർ
Next Article
advertisement
'ശബരിമല സ്വർണക്കൊള്ള തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചില്ല; തിരുവനന്തപുരത്ത് BJP-UDF നീക്കുപോക്ക്': മുഖ്യമന്ത്രി
'ശബരിമല സ്വർണക്കൊള്ള തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചില്ല; തിരുവനന്തപുരത്ത് BJP-UDF നീക്കുപോക്ക്': മുഖ്യമന്ത്രി
  • ശബരിമല സ്വർണക്കൊള്ള തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

  • പത്തനംതിട്ടയിൽ ബിജെപിക്ക് നേട്ടമില്ലാതിരുന്നത് ശബരിമല വിഷയത്തിന്റെ സ്വാധീനം ഇല്ലെന്ന് കാണിക്കുന്നു.

  • തിരഞ്ഞെടുപ്പിൽ താത്കാലിക നേട്ടത്തിനായി ബിജെപി-യുഡിഎഫ് നീക്കുപോക്ക് നടന്നതായി മുഖ്യമന്ത്രി ആരോപിച്ചു

View All
advertisement