ഇന്ത്യന് ജേഴ്സിയില് അവസരം ലഭിക്കുമ്പോഴെല്ലാം പ്രതീക്ഷക്കൊത്ത് ഉയരാന് കഴിയുന്നില്ലയെങ്കിലും ഐ പി എല്ലില് തകര്പ്പന് ഫോമിലാണ് മലയാളി താരം സഞ്ജു വി സാംസണ്. രാജസ്ഥാന് റോയല്സ് ടീമിന്റെ ക്യാപ്റ്റന് കൂടിയാണ് സഞ്ജു. ഇന്ത്യന് ജേഴ്സിയില് തിളങ്ങുവാന് സാധിക്കാത്തത് ആരാധകരെ നിരാശപ്പെടുത്തുന്നുണ്ടെങ്കിലും അടുത്ത മാസം ആരംഭിക്കുന്ന ഐ പി എല് രണ്ടാം പാദ മത്സരങ്ങളിലൂടെ ഒരു തിരിച്ചു വരവിനാണ് സഞ്ജു തയ്യാറെടുക്കുന്നത്.
മലയാളത്തിലുള്ള പോസ്റ്റുകള് കൊണ്ട് ഏറെ ശ്രദ്ധ നേടിയിട്ടുള്ള രാജസ്ഥാന് റോയല്സിന്റെ ട്വിറ്റര് അക്കൗണ്ടില് വന്നിരിക്കുന്ന ഫോട്ടോസാണ് ഇപ്പോള് ശ്രദ്ധ നേടുന്നത്. രാജസ്ഥാന് റോയല്സ് ക്യാമ്പില് കേരളത്തിന്റെ സ്വന്തം ഐ എസ് എല് ടീമായ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി ധരിച്ചുള്ള സഞ്ജുവിന്റെ ഫോട്ടോസാണ് അവര് പങ്ക് വെച്ചിരിക്കുന്നത്.
'റോയല്സ് ക്യാമ്പില് ഒരു കേരള ബ്ലാസ്റ്റേഴ്സ് ആരാധകന് എത്തിയിട്ടുണ്ട്. നായകന് സ്വാഗതം' എന്ന അടിക്കുറിപ്പോട് കൂടിയാണ് രാജസ്ഥാന് റോയല്സ് ചിത്രം ട്വീറ്റ് ചെയ്തത്. 'പെര്ഫെക്ട് ഓക്കേ' എന്ന ക്യാപ്ഷനോടെ കേരളാ ബ്ലാസ്റ്റേഴ്സും ട്വിറ്ററില് ചിത്രങ്ങള് ഷെയര് ചെയ്തിട്ടുണ്ട്.
ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില് ഏറ്റവും പ്രതീക്ഷ വെച്ചിരുന്ന താരമായിരുന്നു സഞ്ജു സാംസണ്. മികച്ച പ്രകടനം നടത്തി ടി20 ലോകകപ്പ് ടീമിലിടം നേടുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും പരമ്പരയിലെ ഏറ്റവും നിരാശപ്പെടുത്തിയ താരമായി സഞ്ജു മാറി. ശ്രീലങ്കന് പരമ്പരയില് തിളങ്ങാന് സാധിച്ചിരുന്നെങ്കില് തീര്ച്ചയായും ഇന്ത്യയുടെ ലോകകപ്പ് ടീമില് ഇടം പിടിക്കാന് സഞ്ജുവിന് സാധിക്കുമായിരുന്നു. എന്നാല് മികച്ച അവസരം നഷ്ടപ്പെടുത്തിയതോടെ ഇന്ത്യന് ടീമിലേക്ക് മടങ്ങിവരവ് പോലും ഇനി അദ്ദേഹത്തിന് പ്രയാസമായിരിക്കുകയാണ്. ഐ പി എല്ലില് രാജസ്ഥാന് റോയല്സ് പോലൊരു മികച്ച ടീമിന്റെ നായകനായ സഞ്ജുവിന് ദേശീയ ടീമിലെത്തുമ്പോള് നിരന്തരം കാലിടറുന്നത് തുടര്ക്കഥയാവുകയാണ്.
ഇന്ത്യന് പ്രീമിയര് ലീഗിന്റെ രണ്ടാം പാദം യുഎഇയില് ആരംഭിക്കാന് പോവുകയാണ്. സെപ്തംബര് 19 മുതല് ഒക്ടോബര് 15വരെയാണ് ടൂര്ണമെന്റ് നടക്കുന്നത്. ഇന്ത്യയില് നടന്ന ആദ്യ പാദം ആവേശകരമായി പുരോഗമിക്കവെയാണ് താരങ്ങളിലേക്ക് കോവിഡ് വ്യാപനം പടര്ന്നുപിടിച്ചതും പാതി വഴിയില് ടൂര്ണമെന്റ് നിര്ത്തിവെക്കേണ്ടി വന്നതും. ആദ്യ പാദത്തില് നിരവധി മികച്ച പ്രകടനങ്ങള്ക്ക് ടൂര്ണമെന്റ് സാക്ഷ്യം വഹിച്ചിരുന്നു.
യു എ ഈയില് നടക്കുന്ന ഐ പി എല് രണ്ടാം പാദത്തിന്റെ മത്സരക്രമം ഈയിടെ ബി സി സി ഐ പുറത്തുവിട്ടിരുന്നു. ബി സി സി ഐ പുറത്തുവിട്ട മത്സരക്രമം പ്രകാരം ടൂര്ണമെന്റിലെ ബാക്കിയുള്ള മത്സരങ്ങള് സെപ്റ്റംബര് 19ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശര്മ നയിക്കുന്ന മുംബൈ ഇന്ത്യന്സും എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര് കിങ്സും തമ്മിലാണ് രണ്ടാം പാദത്തിലെ ആദ്യ മത്സരം. ഒക്ടോബര് 15നാണ് ഫൈനല്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.