HOME » NEWS » Sports » SHANE WARNE WARNS THE AUSTRALIAN PLAYERS WHO WITHDREW FROM NATIONAL TEAM FOR PLAYING IPL

പണത്തിന് വേണ്ടി ഐ പി എല്‍ കളിക്കാന്‍ പോയാല്‍ പിന്നീടൊരിക്കലും അവരെ ദേശീയ ടീമില്‍ പരിഗണിക്കരുത്: ഷെയ്ന്‍ വോണ്‍

'ദേശിയ ടീമിന് വേണ്ടി കളിക്കണം എന്ന ആഗ്രഹം ഉള്ളപ്പോഴും പണത്തിന് വേണ്ടി ഐ പി എല്ലിന് മുന്‍തൂക്കം നല്‍കിയാല്‍ പിന്നെ നിങ്ങള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ യോഗ്യരല്ല.'

News18 Malayalam | news18-malayalam
Updated: June 26, 2021, 3:48 PM IST
പണത്തിന് വേണ്ടി ഐ പി എല്‍ കളിക്കാന്‍ പോയാല്‍ പിന്നീടൊരിക്കലും അവരെ ദേശീയ ടീമില്‍ പരിഗണിക്കരുത്: ഷെയ്ന്‍ വോണ്‍
Shane Warne
  • Share this:
ദേശീയ ടീമില്‍ നിന്നും വിട്ട് നിന്ന് ഐ പി എല്ലിന്റെ രണ്ടാം പാദത്തില്‍ കളിക്കാന്‍ തയ്യാറെടുക്കുന്ന ഓസിസ് താരങ്ങള്‍ക്കെതിരെ ഇതിഹാസ സ്പിന്‍ ബൗളര്‍ ഷെയ്ന്‍ വോണ്‍ രംഗത്ത്. ഇത്തവണത്തെ ഐ പി എല്ലിന്റെ ബാക്കിയുള്ള മത്സരങ്ങളില്‍ പങ്കെടുക്കാനായി ഓസ്ട്രേലിയന്‍ ടീമിന്റെ മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറായ കളിക്കാര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് നായകന്‍ ആരോണ്‍ ഫിഞ്ച് ഈയിടെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വോണിന്റെ പ്രതികരണം. ആഷസ് പോഡ്കാസ്റ്റില്‍ സംസാരിക്കുന്നതിനിടെയാണ് വോണ്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ബംഗ്ലാദേശിനും വെസ്റ്റ് ഇന്‍ഡീസിനും എതിരായ പരിമിത ഓവര്‍ പരമ്പരകള്‍ക്കുള്ള സ്‌ക്വാഡിനെ പ്രമുഖ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് ക്രിക്കറ്റ് ഓസ്‌ട്രേലിയ ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഡേവിഡ് വാര്‍ണര്‍, പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്‌സ്വെല്‍, ജൈ റിച്ചാര്‍ഡ്‌സണ്‍, കെയിന്‍ റിച്ചാര്‍ഡ്‌സണ്‍, ഡാനിയേല്‍ സാംസ്, മാര്‍ക്കസ് സ്റ്റോയിനിസ്, സ്റ്റീവ് സ്മിത്ത് എന്നിവര്‍ അതിനുശേഷം മത്സരത്തില്‍ നിന്നും പിന്മാറ്റം അറിയിക്കുകയായിരുന്നു. സ്മിത്തിനെ കൈമുട്ടിലെ പരിക്കിനെത്തുടര്‍ന്നാണ് ഒഴിവാക്കിയത്. എന്നാല്‍ മറ്റ് ആറ് താരങ്ങളും വിവിധ കാരണങ്ങളാള്‍ ഈ പരമ്പരകളില്‍ കളിക്കാനാവില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയെ അറിയിക്കുകയായിരുന്നു.

ദേശീയ ടീമില്‍ നിന്നും പിന്മാറ്റം അറിയിച്ചിട്ടുള്ള താരങ്ങള്‍ സെപ്റ്റംബറില്‍ യുഎ ഇയില്‍ നടക്കുന്ന ഐ പി എല്ലില്‍ കളിച്ചേക്കുമെന്നും അതിനു വേണ്ടിയാണ് ടീമില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ താരങ്ങള്‍ക്കെതിരെ ഷെയ്ന്‍ വോണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ രംഗത്തെത്തിയത്. 'എനിക്ക് ഈ കളിക്കാരോട് അതൃപ്തിയൊന്നുമില്ല. അവര്‍ക്ക് പണമുണ്ടാക്കണം എന്നാണെങ്കില്‍ അവര്‍ അങ്ങനെ ചെയ്യട്ടെ. എന്നാല്‍ നിങ്ങള്‍ക്ക് ദേശിയ ടീമിന് വേണ്ടി കളിക്കണം എന്ന ആഗ്രഹം ഉള്ളപ്പോഴും പണത്തിന് വേണ്ടി ഐ പി എല്ലിന് മുന്‍തൂക്കം നല്‍കിയാല്‍ പിന്നെ നിങ്ങള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ യോഗ്യരല്ല. സ്വയം മൂല്യം കല്‍പ്പിക്കുന്ന ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ ഏറ്റവും മികച്ച കളിക്കാര്‍ക്കെതിരെ നിങ്ങള്‍ക്ക് കളിച്ച് കഴിവ് തെളിയിക്കണം എന്നുണ്ടെങ്കില്‍ അതിന് രാജ്യാന്തര ക്രിക്കറ്റ് എന്നൊരു വേദി മാത്രമേയുള്ളൂ'- വോണ്‍ തുറന്നു പറഞ്ഞു.

ദേശിയ ടീമിന്റെ താല്‍പ്പര്യത്തേക്കാള്‍ ഐ പി എല്ലിന് പ്രാധാന്യം നല്‍കി ടൂര്‍ണമെന്റ് കളിക്കാനായി പോവുമ്പോള്‍ അത് ന്യായീകരിക്കാന്‍ കളിക്കാര്‍ വല്ലാതെ പ്രയാസപ്പെടുമെന്ന് നായകന്‍ ആരോണ്‍ ഫിഞ്ച് വ്യക്തമാക്കിയിരുന്നു. വിന്‍ഡീസിനും ബംഗ്ലാദേശിനും എതിരായ പരമ്പരകള്‍ പ്രധാനപ്പെട്ടവയാണെന്നും അദ്ദേഹം പറഞ്ഞു. 'ടീമില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള അവരുടെ തീരുമാനം ശെരിക്കും ഞെട്ടിച്ചു. ഇവരുടെ അഭാവത്തില്‍ പല യുവ കളിക്കാര്‍ക്കും ടീമിലേക്ക് എത്താനായിട്ടുണ്ട്. ഇനി വരുന്ന പരമ്പരകളില്‍ മികവ് കാണിച്ചാല്‍ ടി20 ലോകകപ്പിലേക്ക് ഇവരെയാവും പരിഗണിക്കുക'- ഫിഞ്ച് കൂട്ടിച്ചേര്‍ത്തു. ഇത്രയും കളിക്കാര്‍ ഒരുമിച്ച് പിന്‍മാറിയത് നിരാശാജനകമാണെങ്കിലും കളിക്കാരുടെ തീരുമാനത്തെ മാനിക്കുന്നുവെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ ട്രെവര്‍ ഹോണ്‍സ് അറിയിച്ചിരുന്നു.
Published by: Sarath Mohanan
First published: June 26, 2021, 3:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories