• HOME
 • »
 • NEWS
 • »
 • sports
 • »
 • 'ലോഡ്‌സിൽ സെഞ്ചുറി നേടിയാൽ എല്ലാം ആയില്ല'; വിദേശത്ത് സെഞ്ചുറി നേട്ടം സ്വന്തമാക്കാൻ കാത്തിരിക്കുന്ന രോഹിത് ശർമയെ പിന്തുണച്ച് ഗവാസ്കർ

'ലോഡ്‌സിൽ സെഞ്ചുറി നേടിയാൽ എല്ലാം ആയില്ല'; വിദേശത്ത് സെഞ്ചുറി നേട്ടം സ്വന്തമാക്കാൻ കാത്തിരിക്കുന്ന രോഹിത് ശർമയെ പിന്തുണച്ച് ഗവാസ്കർ

ഒന്നാം ഇന്നിങ്സിൽ 126 റൺസ് കൂട്ടിച്ചേർത്ത ശേഷം 83 റൺസ് എടുത്ത് നിൽക്കെ ആൻഡേഴ്സന്റെ പന്തിലാണ് രോഹിത് പുറത്തായത്. ഇതോടെ വിദേശത്തെ തന്റെ ആദ്യ സെഞ്ചുറിക്കായുള്ള രോഹിതിന്റെ കാത്തിരിപ്പ് വീണ്ടും നീളുകയായിരുന്നു.

Rohit Sharma

Rohit Sharma

 • Last Updated :
 • Share this:
  ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ് അരങ്ങേറിയ ലോഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇംഗ്ലണ്ടിന് 151 റൺസിന് തോൽപ്പിച്ച ഇന്ത്യൻ സംഘം അവിസ്മരണീയ കൈക്കലാക്കി പരമ്പരയിൽ 1-0ന് മുന്നിലെത്തിയിരുന്നു. മത്സരത്തിൽ ഇന്ത്യയുടെ 11 പേരും ഒറ്റക്കെട്ടായി നിന്നതാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.

  ലോഡ്‌സ് ടെസ്റ്റിൽ ഇന്ത്യയുടെ ഓപ്പണർമാരായ രോഹിത് ശർമയും കെ എൽ രാഹുലും ചേർന്ന് നടത്തിയ ബാറ്റിംഗ് പ്രകടനം വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചാണ് ഇരുവരും മടങ്ങിയത്. ഇതിൽ കെ എൽ രാഹുൽ സെഞ്ചുറി നേടി ലോഡ്സിലെ ഓണേഴ്‌സ് ബോർഡിൽ ഇടം നേടിയപ്പോൾ മികച്ച രീതിയിൽ തന്നെ മുന്നേറിയ രോഹിത് ശർമ വിദേശ മണ്ണിലെ തന്റെ ആദ്യ സെഞ്ചുറിക്ക് 17 റൺസ് മാത്രമകലെയാണ് പുറത്തായത്.

  വിദേശ മണ്ണിൽ സെഞ്ചുറി നേടാനിയിട്ടുള്ള രോഹിതിന്റെ കാത്തിരിപ്പ് വീണ്ടും നീളുന്നതിനിടെ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടും ആദ്യ ഇന്നിങ്സിൽ താരം ബാറ്റ് ചെയ്ത രീതിയെ പ്രശംസിച്ച് കൊണ്ടും രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ഇതിഹാസവുമായ സുനിൽ ഗവാസ്കർ. ഒന്നാം ദിനത്തിൽ പിച്ചിന്റെ സ്വഭാവം എങ്ങനെയാകും എന്നത് പ്രവചിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ബാറ്റിങ്ങിന് ഇറങ്ങിയ രോഹിത് ശർമ ക്രീസിൽ എത്തിയതിന് ശേഷം നടത്തിയ മാനസികമായ ക്രമീകരണത്തെ പ്രശംസിച്ചുകൊണ്ടാണ് രോഹിതിനുള്ള പിന്തുണ ഗവാസ്കർ പ്രകടിപ്പിച്ചത്.

  'അ‌ഞ്ച് ദിനങ്ങളുടെ മത്സരമായ ടെസ്റ്റിലെ ആദ്യ ദിനത്തിൽ പിച്ചിന്റെ സ്വഭാവം എങ്ങനെയാകുമെന്ന് ആര്‍ക്കും പറയാനാവില്ല. പിച്ചിൽ നിന്നും പന്തിന് കൂടുതൽ സ്വിങ് ലഭിക്കുമോ, പന്ത് കൂടുതല്‍ ബൗണ്‍സ് ചെയ്യുമോ എന്നൊന്നും മനസിലാക്കാനാവില്ല. അതിന് കുറച്ച് സമയമെടുക്കും. അതിനായി എങ്ങനെ ഒരുക്കം നടത്തണമെന്ന് രോഹിത് കാണിച്ചുതന്നു. ഏതൊക്കെ ഷോട്ട് കളിക്കണം, കളിക്കരുത് എന്നതെല്ലാം വളരെ മനോഹരമായാണ് കാണിച്ചു തന്നത്. എത്ര ബോളാണ് രോഹിത് വിട്ടുകളഞ്ഞത് എന്ന് നോക്കുക. കൃത്യമായ മാനസിക ക്രമീകരണം താരം നടത്തി എന്നതിന്റെ തെളിവാണ് രോഹിതിന്റെ അന്നത്തെ പ്രകടനം.' ഗവാസ്കർ പറഞ്ഞു.

  ഒന്നാം ഇന്നിങ്സിൽ 126 റൺസ് കൂട്ടിച്ചേർത്ത ശേഷം 83 റൺസ് എടുത്ത് നിൽക്കെ ആൻഡേഴ്സന്റെ പന്തിലാണ് രോഹിത് പുറത്തായത്. ഇതോടെ വിദേശത്തെ തന്റെ ആദ്യ സെഞ്ചുറിക്കായുള്ള രോഹിതിന്റെ കാത്തിരിപ്പ് വീണ്ടും നീളുകയായിരുന്നു. രോഹിതിന്റെ സെഞ്ചുറി നഷ്ടത്തിൽ ഗവാസ്കർ പറഞ്ഞത്, ലോഡ്സിലെ ഓണേഴ്‌സ് ബോർഡിൽ പേര് വരുന്നതല്ല വലിയ കാര്യമെന്നും ടീമിന് വേണ്ടി നിരന്തരം റൺസ് നേടാൻ കഴിയുന്നതാണ് വലിയ കാര്യമെന്നാണ്.

  'ഇത്തരം ഇന്നിംഗ്‌സുകളിലൂടെയാണ് ഒരു താരം പ്രതീക്ഷ നല്‍കുന്നത്. ഒരിന്നിംഗ്‌സില്‍ 80 റണ്‍സ് ഉറപ്പായും നേടാൻ കഴിയുന്ന ഒരു താരം, ഈ പരമ്പര അവസാനിക്കുമ്പോഴേക്കും 450-500 റൺസ് നേടിയിരിക്കും. ടീമിനായി ഇത്രയും റൺസ് കണ്ടെത്തുന്ന ഒരു താരമുള്ളപ്പോൾ ഒരു ക്യാപ്റ്റന് ഇതിനുമുകളിലായി എന്താണ് വേണ്ടത്. ലോഡ്‌സില്‍ സെഞ്ചുറി നേടാന്‍ കഴിയാത്തതില്‍ രോഹിത് നിരാശനായിരിക്കാം. എന്നാല്‍ അവിടെ സെഞ്ചുറി നേടിയാല്‍ എല്ലാം സ്വന്തമാക്കി എന്ന അര്‍ഥമില്ല' ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

  'ഇന്ത്യക്ക് വേണ്ടി ലോകത്തിലെ ഏത് ഗ്രൗണ്ടിൽ സെഞ്ചുറി നേടിയാലും അത് വളരെ പ്രധാനപ്പെട്ട നേട്ടം തന്നെയാണ്, അതാണ് ഇവിടെ പ്രധാനം. നിലവിലെ രോഹിതിന്റെ ഫോം, അദ്ദേഹം ബാറ്റ് ചെയ്യുന്ന രീതി, കൂടാതെ മത്സരങ്ങളിൽ അദ്ദേഹം നേടിയെടുക്കുന്ന മുൻ‌തൂക്കം ഇവയെല്ലാം പരിഗണിക്കുമ്പോൾ രോഹിത് ശർമ വളരെയടുത്ത് തന്നെ ഒരു സെഞ്ചുറി നേടുമെന്ന് ഉറപ്പാണ്.' ഗവാസ്കർ കൂട്ടിച്ചേർത്തു.
  Published by:Naveen
  First published: