സൂര്യകുമാറിനും രാഹുലിനും അർധ സെഞ്ചുറി; സിംബാബ്‌വെക്ക് 187 റൺസ് വിജയലക്ഷ്യം
- Published by:Rajesh V
- news18-malayalam
Last Updated:
സൂര്യകുമാർ യാദവ് പുറത്താകാതെ 25 പന്തിൽ നിന്ന് 61 റൺസെടുത്തു. അവസാന അഞ്ചോവറിൽ സിംബാബ് വെ ബൗളർമാരെ നിലംപരിശാക്കുന്ന പ്രകടനമാണ് സൂര്യകുമാർ പുറത്തെടുത്തത്
മെല്‍ബണ്‍: ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ 12 ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. മികച്ച ഫോം തുടരുന്ന സൂര്യകുമാർ യാദവിന്റെയും ഓപ്പണർ കെ എൽ രാഹുലിന്റെയും അർധ സെഞ്ചുറിയുടെ അകമ്പടിയോടെ നിശ്ചിത 20 ഓവറിൽ ഇന്ത്യ ഉയർത്തിയത് 5 വിക്കറ്റിന് 186 റൺസ് എന്ന ടോട്ടൽ.
സൂര്യകുമാർ യാദവ് പുറത്താകാതെ 25 പന്തിൽ നിന്ന് 61 റൺസെടുത്തു. അവസാന അഞ്ചോവറിൽ സിംബാബ് വെ ബൗളർമാരെ നിലംപരിശാക്കുന്ന പ്രകടനമാണ് സൂര്യകുമാർ പുറത്തെടുത്തത്. നാല് സിക്സുകളും ആറ് ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. കെ എൽ രാഹുൽ 35 പന്തിൽ 51 റൺസെടുത്തു (മൂന്നു വീതം സിക്സും ഫോറും). സിംബാബ് വെക്കായി സീൻ വില്യംസ് രണ്ട് വിക്കറ്റ് നേടി. റിച്ചാർഡ് ന്ഗാർവ, ബ്ലെസ്സിംഗ് മസാകട്സ, സിക്കന്തർ റാസ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
advertisement
Also Read- ടി20 ലോകകപ്പ് സെമിയിലെത്തുന്ന നാലാമത്തെ ടീമായി പാകിസ്ഥാൻ; ബംഗ്ലാദേശിനെ 5 വിക്കറ്റിന് തോൽപിച്ചു
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തെരഞ്ഞെടുത്തു. ഒരുവശത്ത് രാഹുൽ മികച്ച രീതിയിൽ കളിച്ചപ്പോൾ മറുവശത്ത് തുടർച്ചയായി വിക്കറ്റുകൾ വീണു. നാലാം ഓവറിൽ തന്നെ രോഹിത്തിന്റെ വിക്കറ്റ് നഷ്ടമായി. 13 പന്തിൽ 15 റൺസായിരുന്നു രോഹിത്തിന്റെ സംഭാവന. മികച്ച ഫോമിൽ തുടരുന്ന വിരാട് കോഹ്ലി 25 പന്തിൽ 26 റൺസെടുത്ത് 12ാം ഓവറിൽ പുറത്തായി. തുടർന്നെത്തിയ സൂര്യകുമാർ രാഹുലിനൊപ്പം ചേർന്ന് സ്കോർ ഉയർത്താൻ ശ്രമിച്ചു. എന്നാൽ 13 ാം ഓവറിൽ അർധ സെഞ്ചുറിപിന്നിട്ടതിന് പിന്നാലെ കെ എൽ രാഹുലും പുറത്തായി. ദിനേശ് കാർത്തിക്കിന് പകരം ടീമിലെത്തിയ ഋഷഭ് പന്തിന്റേതായിരുന്നു അടുത്ത ഊഴം. എന്നാൽ 5 പന്തിൽ 3 റൺസുമായി പന്ത് വന്നയുടൻ പവലിയനിലേക്ക് മടങ്ങി. പിന്നീടെത്തിയ ഹാർദിക് പാണ്ഡ്യ 18 പന്തിൽ 18 റൺസെടുത്തു. അക്സർ പട്ടേർ റണ്ണൊന്നും നേടാതെ പുറത്താകാതെ നിന്നു.
advertisement
ഇന്ന് ആദ്യം നടന്ന മത്സരത്തിൽ നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെ ഇന്ത്യ സെമിഫൈനൽ ഉറപ്പിച്ചിരുന്നു. ബംഗ്ലാദേശിനെ തകർത്ത് പാകിസ്ഥാനും സെമിയിൽ കടന്നതോടെ സിംബാബ്‍വെ ലോകകപ്പിൽനിന്നു പുറത്തായി.
എന്നാൽ ഈ മത്സരത്തിൽ ജയിച്ചെങ്കിൽ മാത്രമേ ഇന്ത്യയ്ക്ക് ഗ്രൂപ്പ് ചാംപ്യന്മാരാനാകൂ. അല്ലെങ്കിൽ നെറ്റ് റൺറേറ്റിൽ മുൻപിലുള്ള പാക്കിസ്ഥാൻ ഗ്രൂപ്പ് ചാംപ്യന്മാരാകും. ഇന്ന് ജയിച്ചാൽ സെമിഫൈനലിൽ ഇംഗ്ലണ്ടുമായാണ് ഇന്ത്യയുടെ മത്സരം. അഡ്‌ലെയ്ഡിൽ പത്തിനാണ് മത്സരം. ഗ്രൂപ്പിൽ രണ്ടാംസ്ഥാനക്കാരായാൽ ഗ്രൂപ്പ് ഒന്നിലെ ജേതാക്കളായ ന്യൂസിലൻഡാകും ഇന്ത്യയുടെ സെമി എതിരാളികൾ.
advertisement
ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നു കളത്തിലിറങ്ങുന്നത്. വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കിനു പകരം ഋഷഭ് പന്ത് പ്ലെയിങ് ഇലവനിൽ സ്ഥാനംപിടിച്ചു. ഈ ലോകകപ്പിൽ പന്തിന്റെ ആദ്യ മത്സരമാണിത്. ലോകകപ്പിൽ ഇതുവരെ പരിശീലന മത്സരങ്ങളിൽ പോലും പന്തിന് അവസരം ലഭിച്ചിരുന്നില്ല.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 06, 2022 3:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
സൂര്യകുമാറിനും രാഹുലിനും അർധ സെഞ്ചുറി; സിംബാബ്‌വെക്ക് 187 റൺസ് വിജയലക്ഷ്യം